
മുക്തിനാഥ്
Posted on: 02 Jun 2009
രഞ്ജന നായര്‍

യാത്രാ സംഘാടകരോട്, ഞങ്ങള്‍ ആറ്‌പേര്‍ മുക്തിനാഥ് യാത്രയെ പറ്റി പ്രത്യേകം പറഞ്ഞിരുന്നു. 37 പേരടങ്ങിയതായിരുന്നു യാത്രാ സംഘം. സംഘാടകര്‍ നിശ്ചയിച്ച പരിപാടിയില്‍ ഞങ്ങള്‍ക്കായി, ഞങ്ങള്‍ മാത്രം വരുത്തിയമാറ്റമായിരുന്നു മുക്തിനാഥ് യാത്ര. യാത്രാ തീയതി അടുത്തു വന്നു.... പോകുന്നതിന്റെ തൊട്ട് തലേന്ന് സംഘാടകരുടെ വിളിവന്നു, മുക്തിനാഥ് യാത്ര സാധ്യമല്ല, അങ്ങോട്ടേക്കുള്ള വിമാന സര്‍വ്വീസുകളെല്ലാം നിര്‍ത്തി വെച്ചിരിക്കുന്നു... യാത്ര കാന്‍സല്‍ ചെയ്യാനാണ് ആദ്യം വിചാരിച്ചത്. പിന്നെ ഒരു ഉള്‍വിളി, അഥവ പോകുവാന്‍ പറ്റിയാലോ..! റെയില്‍ യാത്രയുടെ അവസാനമായി. താമസം ഏര്‍പ്പെടുത്തിയിരുന്ന ഹോട്ടലിലേക്കുള്ള സവാരിക്കിടയില്‍ യാത്ര സാഹായിയോട് ഒരിക്കല്‍ കൂടി ചോദിച്ചു..' മുക്തിനാഥിലേക്ക് പോകുവാന്‍ കഴിയില്ലേ..?' യാതൊരു ദാക്ഷിണ്യവുമില്ലാതെ മറുപടി വന്നു.. ഇല്ലാ...
താമസിക്കാനുള്ള മുറികളുടെ താക്കോല്‍ തിരികയാണ് യാത്രാ സഹായി. അപ്പോള്‍ തൊട്ട് മുന്‍പില്‍ നിന്നും ഒരു അഭിവാദ്യം 'നമസ്‌തേ ജി....' ഞങ്ങളെ മൂന്നു തവണയും കൈലാസയാത്രയില്‍ സഹായിച്ച സത്യം എന്ന ട്രാവല്‍സിന്റെ ഉടമയാണ്. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ദിനേഷ് പാണ്ഡേയെ കണ്ടതില്‍ സന്തോഷം തോന്നി. കുശലപ്രശ്‌നങ്ങള്‍ക്കിടയില്‍ മുക്തിനാഥ് യാത്രയെക്കുറിച്ചും അത് കാന്‍സല്‍ ചെയ്തതില്‍ ഉളള വിഷമവും പറഞ്ഞു. 'നിങ്ങള്‍ക്ക് പോകണോ.. എത്ര ആളുണ്ട്.. പേര് തരു... വേണ്ട കാര്യങ്ങള്‍ ഞാന്‍ ചെയ്യാം'. പെട്ടന്ന് ഏതോ മായികവലയത്തില്‍പ്പെട്ടപോലെ തോന്നി. ഭഗവാന്‍ തന്നെ അവസരമൊരുക്കിയിരിക്കുന്നു!
അങ്ങനെ പിറ്റേന്നു രാവിലെ 8.30 നുള്ള വിമാനത്തില്‍ ജോംസോം എന്ന സ്ഥലത്തേക്കു വിമാനം പുറപ്പെട്ടു. 'യതി' എന്ന നേപ്പാളിലെ വിമാന കമ്പനിയുടെ വിമാനത്തിലാണ് യാത്ര... ഇതില്‍ അധികവും മുക്തിനാഥിലേക്കുള്ള യാത്രികരാണ്. പിന്നെ മലനിരകളില്‍ ട്രെക്കിങിനായെത്തിയ കുറച്ചു പാശ്ചാത്യരും. ചെറിയ വിമാനമാണ്, 24 പേര്‍ക്കെ യാത്ര ചെയ്യാനാകു. നേപ്പാളി വേഷത്തില്‍ വിമാന സുന്ദരി കുറച്ച് മിഠായിയും, ചെവിയില്‍ തിരുകാന്‍ അല്‍പ്പം പഞ്ഞിയുമായി അരികിലെത്തി. കുറച്ച് കഴിഞ്ഞപ്പോഴാണ് പൈലറ്റും പെണ്‍കുട്ടിയാണെന്നത് മനസ്സിലായത്. കോ-പൈലറ്റ് അല്‍പ്പം വയസ്സു ചെന്ന ഒരാളും.
മുക്തിനാഥില്‍ ഏറ്റവും അധികം ദര്‍ശനം നടത്തുന്നത് തെക്കേ ഇന്ത്യക്കാരാണ് വടക്കെ ഇന്ത്യക്കാര്‍ ഇങ്ങോട്ട് വരാറില്ല. വിമാനമാര്‍ഗ്ഗം അല്ലാതെ കാല്‍നടയായി നാലുദിവസത്തെ യാത്രയ്ക്ക് ശേഷം ക്ഷേത്ര ദര്‍ശനം നടത്തുന്നവരും ഉണ്ട്. ആദ്യം ഈ ക്ഷേത്രത്തിന്റെ അടുത്തു വരെ വിമാനം വരുമായിരുന്നു, യാത്രികര്‍ക്ക് പൂജയും മറ്റും കഴിച്ച് അന്നു തന്നെ മടങ്ങാനും കഴിഞ്ഞിരുന്നു. പിന്നീടെപ്പോഴോ ക്ഷേത്രത്തിന്റെ നടത്തിപ്പുകാരും ഗവര്‍ണ്‍മെന്റും തമ്മിലുള്ള എന്തോ പ്രശ്‌നത്തില്‍ ആ സൗകര്യം എടുത്തു കളഞ്ഞു.
വിമാനത്താവളമായ ജോംസോമില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രമേ മുക്തിനാഥ് ക്ഷേത്രത്തിലേക്കുള്ളു. എന്നാല്‍ ആ യാത്ര കഴിഞ്ഞപ്പോഴാണ് അവിടുത്തെ ജനങ്ങളുടെ ജീവിതം ശരിക്കും മനസ്സിലായത്. ജോംസോം വിമാനത്താവളത്തില്‍ നിന്നുമൊരു വീതി കുറഞ്ഞൊരു മരപ്പാലം വരെ ജീപ്പ്. അതു കഴിഞ്ഞ് എകാലിഭട് എന്ന സ്ഥലം വരെ മോട്ടോര്‍ സൈക്കിള്‍. പിന്നെ അന്നപുര ക്രാങ്യാ ജാര്‍കോട്, കാലി ഖണ്ഡകിയുടെ ഉത്ഭവസ്ഥാനം, മുക്തിനാഥ് അങ്ങിനെയാണ് വഴി. ഈ 20 കിലോമീറ്ററില്‍ അഞ്ച് കിലോമീറ്റര്‍ ദൂരം നടന്നോ അല്ലെങ്കില്‍ ഇരുചക്രവാഹനത്തില്‍ മാത്രമോ ആണ് യാത്ര ചെയ്യാന്‍ സാധിക്കുക. ഞങ്ങള്‍ ആറുപേരും മോട്ടോര്‍ സൈക്കിളിന്റെ പുറകിലിരുന്നാണ് അത്രയും ദൂരം പോയതും മടങ്ങിയതും. വണ്ടി ഓടിച്ചിരുന്ന ചെറുപ്പക്കാര്‍ തങ്ങള്‍ ഓരോരുത്തരും ജാക്കിചാന്റെയോ ബ്രൂസിലിയുടെയോ ആളുകളാണെന്നമട്ടിലാണ് ബൈക്കുകള്‍ പറപ്പിച്ചത്. പടവുകള്‍ക്കു മുകളലൂടെ പോലും ഇവര്‍ ആര്‍പ്പുവിളികളോടെ വണ്ടി ഓടിച്ചു കയറ്റിയപ്പോള്‍, ശ്വാസം അടക്കി, എല്ലാം ഭഗവാന് വിട്ടുകൊടുത്ത് നിശബ്ദരായി ഇരിക്കുകയായിരുന്നു ഞങ്ങള്‍. അത്രയ്ക്ക് സാഹസികമായിരുന്നു അവരുടെ ചെയ്തികള്‍.
ഭഗവാന് വിഷ്ണുവിന്റെ പ്രിയപ്പെട്ട സാളഗ്രാമങ്ങള്‍ എറ്റവും അധികം കാണപ്പെടുന്നത് കാലിഖണ്ഡഖി നദിയിലാണു. കറുത്തതോ തവിട്ടു നിറത്തിലോ ആയ കല്ലുകള്‍ പൊട്ടിച്ചു നോക്കിയാല്‍ മാത്രമേ ഇതിനുളളില്‍ എന്തു രൂപമാണെന്ന് അറിയാന്‍ കഴിയു. നദിയുടെ ഉത്ഭവസ്ഥാനത്ത് ധാരാളം ടിബറ്റുകാര്‍ നദിയിലിറങ്ങി പരതുന്നത് കാണാമായിരുന്നു. ഒരു സാളഗ്രാമിന് 50 മുതല്‍ 300 രൂപവരെ വിലയുണ്ട്.
യാത്രയില്‍ കാലീഖണ്ഡഖി ഇടതു ഭാഗത്ത് സന്തതസഹചാരിയായി തുടര്‍ന്നു. ഒന്നര കിലോമീറ്ററെങ്കിലും ഈ നദിക്കു വീതിയുണ്ട്. ജലമാകട്ടെ കരികലക്കിയ നിറത്തിലും. പര്‍വ്വതങ്ങളുടെ ചെരിവുകളിലൂടെയും, ചില സ്ഥലങ്ങളില്‍ നദിക്കരയിലൂടെയുമായിരുന്നു യാത്ര. ആടി ഉലഞ്ഞു...പൊടിയില്‍ ആസകലം മുങ്ങി, പേടിപ്പെടുത്തുന്നതരത്തില്‍ വാഹനം നീങ്ങി. ഇപ്പോള്‍ അടര്‍ന്ന് നിലംപതിക്കും എന്നു തോന്നിപ്പിക്കുന്ന വിധം, പിളര്‍ന്നു നില്‍ക്കുന്ന മലഞ്ചെരിവുകളിലൂടെയും കൂറ്റന്‍ പാറക്കല്ലുകള്‍ നിറഞ്ഞ നദീതടത്തിലൂടെയും ജീപ്പിന്റെ ആവേഗം ഏറിയും കുറഞ്ഞും പോയി.
ജോംസോമില്‍ നിന്നും മുക്തിനാഥിലേക്കുള്ള വഴി, ദിശ എല്ലാം കൈലാസത്തേയും ദിറാപുക് വരെയുള്ള ഭൂപ്രകൃതിയേയുമാണ് ഓര്‍മ്മിപ്പിച്ചത്. ഈ വഴികളില്‍ മണ്ണ് തീരെ കുറവാണ്. ചരലും, ഉരുളന്‍കല്ലുകളുമാണ്. സസ്യജാലങ്ങള്‍ പര്‍വ്വതചെരുവില്‍ തീരെ ഇല്ലെന്നു പറയാം. യാത്രയുടെ ചിലസ്ഥലത്ത് വളരെ മനോഹരമായ കൊച്ചു കൊച്ചു ഗ്രാമങ്ങള്‍ ്കാണാം. ഏറിയാല്‍ 30 ആളുകള്‍ മാത്രം... അവരുടെ കൊച്ചു വീടുകളും കൃഷിയിടങ്ങളും, നദിയുടെ ചിലയിടങ്ങളില്‍ അക്കരെ ബന്ധിക്കുന്ന തൂക്കു പാലവും.
ഈ ഗ്രാമങ്ങള്‍ കഴിഞ്ഞാല്‍ വിജനതയാണ്. കാറ്റ് അലറിവിളിക്കുന്നത് വണ്ടിക്കുള്ളില്‍ പോലും അറിയുന്നു. ഉരുണ്ട പാറക്കല്ലുകള്‍ നിറഞ്ഞ ഖണ്ഡകി നദി വിശാലമായി ഒഴുകുന്നണ്ടായിരുന്നു. ചില സ്ഥലത്ത് ധാരാളം വെള്ളമുണ്ട്. 18 കിലോമീറ്റര്‍ പിന്നിട്ട് ലക്ഷ്യസ്ഥാനത്തെത്താന്‍ രണ്ടര മണിക്കൂര്‍ എടുത്തു എന്നു പറയുമ്പോള്‍ തന്നെ യാത്രയുടെ കാഠിന്യം മനസ്സിലാക്കമല്ലോ. ഇനിയുള്ള രണ്ടു കിലോമീറ്റര്‍ മോട്ടോര്‍ സൈക്കിളില്‍ പോകണം. എത്രയും പെട്ടന്ന് ദര്‍ശനം കഴിഞ്ഞു മടങ്ങേണ്ടതിന്റെ ആവശ്യകത രാജുപാണ്ഡേ സൂചിപ്പിച്ചപ്പോള്‍, പേടി മാറ്റിവെച്ച് ബൈക്കില്‍ കയറി. ആദ്യത്തെ ആളുകള്‍ ജാക്കി ചാന്റെ ആള്‍ക്കാരായിരുന്നെങ്കില്‍, ഇവര്‍ അതിനും മീതെയാണെന്ന് തെളിയിച്ചു. വഴിയിലി നല്ല സ്പീഡില്‍ ഇറങ്ങി വന്ന ഒരു വണ്ടി ഒരു കല്‍കൂനയില്‍ ഇടിച്ചു നില്‍ക്കുന്നത് കണ്ടു....വരാനുള്ളത് വഴിയില്‍തങ്ങില്ലെന്ന് മനസ്സില്‍ ഉരുവിട്ട് ഇരുന്നു. അവസാനം വണ്ടി നിര്‍ത്തിയപ്പോള്‍ അല്‍പ്പം അതിശയത്തോടെ തന്നെ ആണ് ചുറ്റും നോക്കിയത്..എത്തിയോ!!!
പടികള്‍ കയറി എത്തുന്നത് മുക്തിനാഥന്റെ സന്നിധിയിലേക്കാണ്. ഒരു നേപ്പാളി പുരോഹിതന്‍, പുറത്തിരുന്ന് മന്ത്രം ചൊല്ലിക്കൊണ്ട് അര്‍ച്ചന പ്രസാദം കൊടുക്കുന്നു. ഞങ്ങള്‍ എത്തുമ്പോള്‍ ആന്ധ്രയില്‍ നിന്നും, ചെന്നൈയില്‍ നിന്നും എത്തിയ ഒരു കൂട്ടം ഭക്തര്‍ ഉണ്ടായിരുന്നു. അവര്‍ സ്വന്തം പുരോഹിതരേയും കൊണ്ടുവന്നിരുന്നു. നമുക്ക് ശ്രീകോവിലിനുള്ളിലേക്ക് കടക്കാം, ഭഗവാന്റെ കാലു തൊടാം. ഇവിടെ നാരായണനു ബുദ്ധന്റെ ഛായയാണ്. നീണ്ടു കിടക്കുന്ന കാതില്‍ കുണ്ഡലങ്ങള്‍, അര്‍ദ്ധ നിമീലിതങ്ങളായ നയനങ്ങള്‍, ഇരുവശങ്ങളിലായി ശ്രീദേവിയും ഭൂദേവിയും. ഭഗവാനെ തൊട്ടുകൊണ്ടു തന്നെ വലം വെയ്ക്കാം. നന്നേ ഇടുങ്ങിയ സ്ഥലം, ചെരിഞ്ഞു വേണം നടക്കുവാന്‍. ഞങ്ങള്‍ കൊണ്ടു പോയിരുന്ന പട്ടും അവിലും കൊട്ട തേങ്ങയും തുടങ്ങി എല്ലാം സമര്‍പ്പിച്ചു. നന്നായി തൊഴുതു. സ്വച്ഛമായ മനസ്സോടെ മടക്കയാത്ര തുടങ്ങി.
വൈകീട്ട് ആറ്മണിയോടെയാണ് ജോംസോമിലേക്ക് തിരിച്ചെത്തിയത്. പിറ്റേന്നു രാവിലെ ആണ് വിമാനം. കൊച്ചു വിമാനത്താവളത്തിലേക്കുള്ള യാത്രയിക്കിടയില്‍ അങ്ങ് ദൂരെ ധൗളഗിരിയുടെ മുകളില്‍ ഇനിയും ഉദിച്ചുയര്‍ന്നിട്ടില്ല. ഒരു സമയത്ത് ഒരു വിമാനത്തിന് മാത്രം ഇറങ്ങാനേ ഇവിടെ സാധിക്കു. അവിടെ എത്തിയപ്പോഴാണ് വിമാനം അരമണിക്കൂര്‍ താമസിച്ചേ എത്തു എന്നറിഞ്ഞത്. പുറത്ത് പോയി ഭക്ഷണം കഴിച്ചുവരാന്‍ അധികൃതര്‍ അനുമതി നല്‍കി. എന്നാല്‍ ഭക്ഷണം കഴിഞ്ഞു വന്നപ്പോഴാണ് ഇന്നിനി ഒരു വിമാനവുമില്ലെന്ന കാര്യം അറിഞ്ഞത്. പൊക്കറയില്‍ നിന്നും ജോംസോമിലേക്കുളള വിമാനങ്ങള്‍ രണ്ടു പര്‍വ്വതങ്ങള്‍ക്കിടിയില്‍ ഉളള സ്ഥലത്തുകൂടെ (പാസ്) വേണം വരാന്‍. കാറ്റിന്റെ ഗതിക്ക് കാര്യമായ വ്യതിയാനം വന്നാല്‍ വിമാനം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് വരും. ശക്തമായ കാറ്റാണ് വിമാനം പറക്കുന്നതിന് തടസ്സമെന്നറിയാന്‍ കഴിഞ്ഞത്. വീണ്ടും ഹോട്ടലിലേക്കു തന്നെ മടങ്ങി. 159 കിലോമീറ്റര്‍ ദൂരം മാത്രമാണ് ഞങ്ങള്‍ക്ക് പോകേണ്ട സ്ഥലത്തേക്കുള്ളു. എന്നാല്‍ വഴി വളരെ മോശമായതിനാലാണ് വിമാനത്തെ ആശ്രയിക്കുന്നത്. ഞങ്ങള്‍ക്ക് അന്ന് തന്നെ തിരികെ എത്തേണ്ടതിനാല്‍ ജീപ്പിലാകാം യാത്ര എന്ന് തീരുമാനിച്ചു. 14 പേരുണ്ടായിരുന്നു പൊക്കറയിലേക്കുള്ള സംഘത്തില്‍. മത്തി അടുക്കി വെച്ചപോലെ ജീപ്പില്‍. ചില സ്ഥലങ്ങളില്‍ വഴി തന്നെ ഇല്ല. വഴിയില്‍ പലേയിടത്തും മലയിടിഞ്ഞു വീണതിന്റെയും പുതിയ വെളളച്ചാലുകള്‍ രൂപപ്പെട്ടതിന്റെയും ദൃശ്യങ്ങള്‍ കാണാം. ചില സ്ഥലങ്ങളില്‍ കാല്‍നട പാത പോലെ വീതികുറഞ്ഞ വഴികളാണ്. പാറക്കെട്ടുകള്‍ക്കടിയിലൂടെ പോയപ്പോള്‍ പേടി തോന്നി. ഒട്ടകപക്ഷിയുടെ സൂത്രമെടുത്തു. കണ്ണുമടച്ചങ്ങിരുന്നു. ജീപ്പിന്റെ വഴി അവസാനിച്ചിടത്തുനിന്നും ബസ്സ് എന്നു വിളിക്കാവുന്ന ഒരു വാഹനത്തിലായി യാത്ര. എഴുന്നേറ്റുനിന്നാല്‍ തലമുകളില്‍ മുട്ടുന്ന ആ വാഹനത്തിലാണ് പൊക്കറ വരെ എത്തിയത്. എല്ലാവരും തന്നെ അവശരായി പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ.
Text & photos: രഞ്ജന നായര്‍
