എഴുത്തകത്ത് കമലയെ കാണാന്‍ വന്‍ ജനാവലി

Posted on: 02 Jun 2009

ഇ.ജി.രതീഷ്‌



തൃശ്ശൂര്‍: എഴുത്തിലും ജീവിതത്തിലും കാപട്യങ്ങള്‍ ഇല്ലാതിരുന്ന കമലയെ കാത്ത് വന്‍ജനാവലിയാണ് കേരള സാഹിത്യ അക്കാദമി വളപ്പില്‍ എത്തിയത്. ഭൗതികശരീരമടങ്ങുന്ന പേടകത്തില്‍ ഒന്നുതൊട്ട് പ്രണാമമര്‍പ്പിക്കാനും പൂക്കള്‍ ചൊരിയാനും അവര്‍ തിക്കിത്തിരക്കി.

നിലത്ത് വെള്ളവിരിപ്പില്‍ അരളിപ്പൂക്കള്‍ വിതറി അതിന്‍മേലാണ് കമലസുരയ്യയുടെ മൃതദേഹം കിടത്തിയത്. നെടുമ്പാശ്ശേരിയില്‍നിന്നു മന്ത്രി കെ.പി.രാജേന്ദ്രനും തൃശ്ശൂര്‍ ജില്ലാകളക്ടര്‍ ഡോ.വി.കെ.ബേബിയും അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടിയും കവി രാവുണ്ണിയും മൃതദേഹത്തെ അനുഗമിച്ചിരുന്നു. കമലയുടെ മകന്‍ എം.ഡി.നാലപ്പാടും ഭാര്യ ലക്ഷ്മിയും ഒപ്പമുണ്ടായിരുന്നു. സ്​പീക്കര്‍ കെ.രാധാകൃഷ്ണന്‍, മന്ത്രി പി. കെ. ഗുരുദാസന്‍, ഡെപ്യൂട്ടി സ്​പീക്കര്‍ ജോസ്‌ബേബി എന്നിവര്‍ ആദ്യം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ലളിതാംബിക അന്തര്‍ജനവും തകഴിയും ദേവും ചിരി തൂകുന്ന ചുമരിനു താഴെ മാധവിക്കുട്ടിയെ അവസാനമായി കാണാന്‍ സാഹിത്യലോകം കൂപ്പുകൈകളോടെ നിരന്നു. പാര്‍വതി പവനന്‍ വിങ്ങിപ്പൊട്ടി. ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ എഴുത്തുകാരിയെ ഒരു നോക്കുകാണാനെത്തി. ചുവന്ന റോസപുഷ്പങ്ങളുമായി അധ്യാപികമാരും കുട്ടികളും അക്കൂട്ടത്തിലുണ്ടായിരുന്നു. മുമ്പൊരിക്കലും കാണാനാവാത്തവിധം പുറത്ത് പാലസ്‌റോഡിലേയ്ക്ക് നിര നീണ്ടു.

പ്രതിരോധമന്ത്രി എ.കെ.ആന്റണിക്കു വേണ്ടി കളക്ടര്‍ ഡോ.വി.കെ.ബേബി പുഷ്പചക്രം അര്‍പ്പിച്ചു. 'മാതൃഭൂമി' ഡയറക്ടര്‍ പി.വി.ഗംഗാധരന്‍ ആദരാജ്ഞലിയര്‍പ്പിച്ചു. മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍, മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍, ക്ലബ്ബ് എഫ്.എം.104.8 എന്നിവര്‍ക്കു വേണ്ടിയും പുഷ്പചക്രങ്ങള്‍ വെച്ചു. സാറാജോസഫ്, അജിത, ലളിതലെനിന്‍, എം.എന്‍.കാരശ്ശേരി, ഡോ.കെ.ജി.പൗലോസ്, എന്‍.ആര്‍.ഗ്രാമപ്രകാശ്, കെ.കെ.ഹിരണ്യന്‍, ഡോ.കെ.കെ.രാഹുലന്‍, മധുപാല്‍, കെ.ഇ.എന്‍., പി.കെ.പോക്കര്‍, സംവിധായകന്‍ രവീന്ദ്രന്‍, കെ.ജി.സത്താര്‍, ആര്‍.ഐ.ഷംസുദ്ദീന്‍, പി.വി.കൃഷ്ണന്‍നായര്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, ജയരാജ് വാര്യര്‍, ഊര്‍മ്മിളഉണ്ണി, കെ.പി.സുധീര, സംയുക്തവര്‍മ്മ, ഇര്‍ഷാദ്, സുന്ദര്‍ദാസ്, പി.ടി.കുഞ്ഞുമുഹമ്മദ്, രമാദേവി, കൃപ തുടങ്ങി സാഹിത്യ-സാംസ്‌കാരിക-ചലച്ചിത്രമേഖലകളിലെ പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

തൃശ്ശൂര്‍ മേയര്‍ ആര്‍.ബിന്ദു, എം.എല്‍.എ.മാരായ കെ.ടി.ജലീല്‍, പ്രൊഫ.സി.രവീന്ദ്രനാഥ്, തേറമ്പില്‍ രാമകൃഷ്ണന്‍, എ.സി.മൊയ്തീന്‍, ബാബു എം.പാലിശ്ശേരി, കെ.വി.അബ്ദുള്‍ഖാദര്‍, വി.എസ്.സുനില്‍കുമാര്‍, വിവിധ സംഘടനാ നേതാക്കളായ മീനാക്ഷിതമ്പാന്‍, ബേബിജോണ്‍, കെ.പി.വിശ്വനാഥന്‍, ടി.വി.ചന്ദ്രമോഹന്‍, സി.എച്ച്.റഷീദ്, ടി.വി.രാജേഷ്, കെ.ഐ.ഷെബീര്‍ തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ടോംയാസിനു വേണ്ടി തോമസ് പാവറട്ടിയും പി.സി.ചാക്കോ എം.പി.യ്ക്കായി സി.എസ്.ശ്രീനിവാസും റീത്ത് സമര്‍പ്പിച്ചു. മാതൃഭൂമി സ്റ്റഡിസര്‍ക്കിള്‍, ഗൃഹലക്ഷ്മിവേദി ഭാരവാഹികളും പുഷ്പചക്രങ്ങള്‍ സമര്‍പ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി നേതാക്കളായ ഷേഖ് മുഹമ്മദ് കാരക്കുന്ന്, എന്‍.എം.അബ്ദുള്‍റഹ്മാന്‍, പി.കെ.റഹിം എന്നിവരും ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.

എസ്​പി ടി.വിക്രം, ഡിവൈഎസ്​പി ടി.സി.വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയശേഷം മൃതദേഹം ആംബുലന്‍സിലേക്ക് കയറ്റി.



MathrubhumiMatrimonial