പ്രധാനമന്ത്രി അനുശോചിച്ചു

Posted on: 02 Jun 2009


ന്യൂഡല്‍ഹി: പ്രശസ്ത കവയിത്രിയും എഴുത്തുകാരിയുമായ കമലാദാസിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ദുഃഖം രേഖപ്പെടുത്തി.
സ്ത്രീത്വം, സ്ത്രീവിമോചനം എന്നിവയിലധിഷ്ഠിതമായ കമലാദാസിന്റെ കവിതകള്‍ അവര്‍ക്ക് ആധുനിക ഇന്ത്യന്‍ കവിതകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സ്ഥാനം നേടിക്കൊടുത്തതായി പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 'ദി ഡിസെന്‍ഡന്റ്', 'ഒണ്‍ലി ദി സോള്‍ നോസ് ഹൗ ടു സിങ്' എന്നീ കവിതാസമാഹാരങ്ങള്‍ പരക്കെ വായിക്കപ്പെട്ടവയും അവയുടെ മനുഷ്യത്വപരമായ സംവേദനത്തിന് പ്രകീര്‍ത്തിക്കപ്പെട്ടവയുമാണ്. കമലാദാസിന്റെ നേട്ടങ്ങള്‍ കവിതകള്‍ക്കും അതീതമാണെന്നും പ്രധാനമന്ത്രി അനുശോചനത്തില്‍ അഭിപ്രായപ്പെട്ടു. പെയിന്റിങ്, കാല്പനികത എന്നിവയ്ക്ക് പുറമെ, സിന്‍ഡിക്കേറ്റഡ് കോളംനിസ്റ്റ് എന്ന നിലയിലും കമലാദാസ് വ്യക്തിമുദ്ര പതിപ്പിച്ചു. കമലാദാസിന്റെ കുടുംബാംഗങ്ങളോട് പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.




MathrubhumiMatrimonial