
സഹസ്രമുഖിയാം വാക്കേ നിനക്കര്‍ച്ചനം!
Posted on: 02 Jun 2009

ഷെഹനായിയുടെ നാദത്തിന്റെ വിതുമ്പുന്ന പശ്ചാത്തലത്തില്‍ ആരാധകര്‍ അര്‍പ്പിച്ച പൂക്കള്‍ ഉടലിലേറ്റു കിടന്നപ്പോള്‍ മലയാളത്തിന്റെ പ്രിയപ്പെട്ട മാധവിക്കുട്ടി അറിഞ്ഞിട്ടുണ്ടാവില്ല, എണ്ണമറ്റ വായനക്കാരുടെ മനസ്സില്‍ താന്‍ നിത്യശൂന്യത സൃഷ്ടിച്ച് കടന്നുപോവുകയാണെന്ന്.
മുഖ്യമന്ത്രി മുതല്‍ സാധാരണ സ്ത്രീകള്‍ വരെ സെനറ്റ് ഹാളിലെ വേദിയിലേക്ക് മാധവിക്കുട്ടിക്ക് ബാഷ്പാഞ്ജലിഅര്‍പ്പിക്കാന്‍ തിരക്കിയെത്തി. തിങ്കളാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് കമലാസുരയ്യയുടെ ഭൗതിക ശരീരം പുഷ്പാലംകൃതമായ ശയ്യയില്‍ യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചത്.
എഴുത്തുകാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, വൈസ് ചാന്‍സലര്‍, മന്ത്രിമാര്‍, പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ടി. ജെ. എസ്. ജോര്‍ജ് തുടങ്ങി നിരവധി പേര്‍ വരിനിന്ന് വാക്കിന്റെ മഹാരാജ്ഞിക്ക് യാത്രാമൊഴി നേര്‍ന്നു.
ശീതീകരിച്ച ശവപേടകത്തില്‍ വെള്ളപുതച്ച് കിടക്കുമ്പോള്‍ മലയാളിയുടെ ആമി ഒരു പ്രിയപ്പെട്ട പക്ഷിയെപ്പോലെ തോന്നിച്ചു. പക്ഷേ ഉയര്‍ന്നുപൊങ്ങിയത് പക്ഷിയുടെ മണമായിരുന്നില്ല. ആരാധകര്‍ അര്‍പ്പിച്ച പൂക്കളുടെ മണമായിരുന്നു.
എം. ഹരികുമാര്‍
