
തീര്‍ഥയാത്ര പോയ കഥയുടെ രാജകുമാരി...
Posted on: 02 Jun 2009

കണ്ണീരും തേങ്ങലും നിറഞ്ഞ വിലാപയാത്രയല്ല കേരളത്തിലൂടെ തിങ്കളാഴ്ച കടന്നുപോയത്. മലയാളത്തിന്റെ മനസ്സുതൊട്ട രാജകുമാരിയുടെ തീര്‍ഥയാത്രയായിരുന്നു. മറ്റൊരു നാട്ടിലെ മഹാനഗരത്തില്‍ ജീവിക്കുമ്പോഴും സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തിടുക്കപ്പെട്ട കമലയുടെ യാത്ര.
ആംബുലന്‍സിലെ തണുപ്പില്‍ പുതഞ്ഞ് കിടന്ന കഥാകാരിക്ക് ചുറ്റും നിറയെ പൂക്കള്‍, പ്രിയപ്പെട്ടവര്‍, ആരാധകര്‍... മലയാളത്തിന്റെ പ്രണാമമായിരുന്നു ആ ശാന്തിയാത്ര.
മുംബൈയില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊണ്ടുവന്ന മൃതദേഹം ആംബുലന്‍സില്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമിയിലെത്തിയപ്പോള്‍ സമയം രാവിലെ 10 കഴിഞ്ഞു. അവിടെ, മുമ്പേ കടന്നുപോയ എഴുത്തുകാരുടെ ചിത്രങ്ങള്‍ക്ക് കീഴെ കിടന്ന കമലയ്ക്ക് പൂക്കളര്‍പ്പിച്ച് യാത്ര പറയാന്‍ അനേകംപേര്‍.
തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ ആംബുലന്‍സിലുണ്ടായിരുന്നവര്‍ക്ക് നിരന്തരം ഫോണ്‍വിളി. മലപ്പുറത്തുനിന്നും കോഴിക്കോട്ടുനിന്നും കണ്ണൂരുനിന്നുമുള്ളവര്‍. ഒരുനോക്ക് കാണാന്‍ എവിടെ എത്തണമെന്നായിരുന്നു അന്വേഷണം. പലരോടും കൊല്ലത്തെത്താന്‍ പറഞ്ഞു.
സാഹിത്യ അക്കാദമിയില്‍നിന്ന് യാത്ര പുറപ്പെടുന്നതിനിടെ പലരും പരിഭവിച്ചു. ക്യൂവില്‍പിന്നിലായ അവര്‍ക്ക് കാണാനായിരുന്നില്ല. എങ്കിലും സ്ത്രീകളും കുട്ടികളും എഴുത്തിന്റെ കാരണവന്‍മാരും പുതുമുറക്കാരും കണ്ടും കേട്ടും സ്നേഹിച്ചവരും കഥാകാരിയോട് യാത്ര പറഞ്ഞു. അങ്ങനെ മഴ മാറി നിന്ന പകലിലൂടെ കമല സഞ്ചരിച്ചു.
യാത്രയില്‍ മകന്‍ എം.ഡി. നാലപ്പാടും അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയും അമ്മയ്ക്ക് കൂട്ടുണ്ടായിരുന്നു. ഒപ്പം മന്ത്രി എം.എ. ബേബിയുടെ സെക്രട്ടറി ബാബുജോണും കവി രാവുണ്ണിയും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന വൈസ്പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന്, സെക്രട്ടറി എന്‍.എം. അബ്ദുറഹിമാന്‍ എന്നിവരും കൂടെ സഞ്ചരിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി തൊട്ടുമുന്നിലെ വാഹനത്തിലും. വഴിനീളെ ചെറിയ ആള്‍ക്കൂട്ടങ്ങള്‍ കൂപ്പുകൈയോടെ കാത്തുനിന്നു.
എറണാകുളം ടൗണ്‍ഹാളില്‍ എത്തുമ്പോള്‍ സമയം ഒന്നരയാവാറായി. അവിടെ ധനമന്ത്രി തോമസ് ഐസക് എത്തി. പുഷ്പചക്രങ്ങളുമായി രാഷ്ട്രീയ, സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരുടെ തിരക്ക്. പിന്നെ ആലപ്പുഴയിലേക്ക്. കളക്ടറേറ്റില്‍ കാണാനെത്തിയവരില്‍ കൂടുതലും സ്ത്രീകള്‍. സമയം തീരാറായിട്ടും ജനക്കൂട്ടം പിരിയുന്നില്ല. ആംബുലന്‍സ് പോകുന്നത് 70 കി.മീറ്ററിലേറെ വേഗത്തിലാണ്. പോലീസ് ജീപ്പുകള്‍ അകമ്പടിയുണ്ട്. എങ്കിലും നിശ്ചിത സമയത്ത് ദൂരങ്ങള്‍ പിന്നിടാനാവുന്നില്ല. അതിനിടയിലും അമ്പലപ്പുഴയില്‍ വാഹനം നിര്‍ത്തി. ഇവിടെ മറിയ മോണ്ടിസ്സോറി സെന്‍ട്രല്‍ സ്‌കൂള്‍ . 1992ല്‍ മാധവിക്കുട്ടിയാണ് ഈ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തത്. പിന്നീട് വരാമെന്നു പറഞ്ഞ് പോയതാണ് അവര്‍. ഇപ്പോഴിതാ ഇങ്ങനെയൊരു യാത്രയ്ക്കിടയില്‍... കറുത്ത ബാഡ്ജ് ധരിച്ച് വിദ്യാര്‍ഥികള്‍, അധ്യാപകര്‍. ഒരുമിനിറ്റുകൊണ്ട് കുറേപ്പേര്‍ ഒരു നോക്കുകണ്ടു. കായംകുളത്ത് കല്ലുമ്മൂട് കെ.പി.എ.സി.ക്കു മുന്നിലും ഒരുനിമിഷം വാഹനം നിര്‍ത്തി.
കൊല്ലത്ത് കോര്‍പ്പറേഷന്റെ ടി.എം. വര്‍ഗീസ് ഹാളില്‍ എത്തിയപ്പോള്‍ വൈകുന്നേരം 5.45 ഏറെനേരം കാത്തുനിന്ന ജനക്കൂട്ടം വരികളായി മാറി. ഒരരികില്‍ നിന്ന് പതിയെ സ്ത്രീകളുടെ ഖുര്‍ആന്‍ പാരായണം തിരക്കില്‍പ്പെട്ട കുട്ടികളെ പോലീസ് തന്നെ ഉയര്‍ത്തിയെടുത്ത് അവസാന കാഴ്ചയ്ക്ക് അവസരമുണ്ടാക്കി. മൊബൈല്‍ ഫോണിലും ക്യാമറകളിലും ഫോട്ടോയെടുക്കുന്നവരുടെ തിരക്ക് തീരുന്നില്ല. തണല്‍ വിരിച്ചുനിന്ന നാട്ടുമാവിന്റെ ചുവട്ടിലൂടെ വീണ്ടും യാത്ര തുടങ്ങി. തിരുവനന്തപുരത്തേക്ക്.
അവിടെ യാത്രയവസാനിക്കുകയാണ്- പാളയം പള്ളിയില്‍. രാത്രിയായി പകല്‍ മുഴുവന്‍ നീണ്ട ദീര്‍ഘയാത്ര... അതിനൊടുവില്‍ കമല ഉറങ്ങാന്‍ കിടന്നു.
എം.കെ. കൃഷ്‌നകുമാര്‍
