NagaraPazhama

മരണവാറണ്ടുകള്‍

Posted on: 05 Feb 2014

അഡ്വ. ടി.ബി. സെലുരാജ്, seluraj@yahoo.com



വധശിക്ഷ വേണമോ വേണ്ടയോ എന്ന ചര്‍ച്ചയിലാണല്ലോ നാമിപ്പോള്‍. വേണ്ട എന്നുപറയാന്‍ മനുഷ്യാവകാശ സംഘടനകള്‍ ഒട്ടേറെയുണ്ടുതാനും. പാവം രാമനോ മൊയമ്മദോ വധശിക്ഷയ്ക്കിരയായാല്‍ ഇക്കൂട്ടരെ കണ്ടെത്തുക പ്രയാസം. വിദേശബന്ധമുള്ള ഭീകരവാദികളോ സംഘടിതശക്തികളുടെ വക്താക്കളോ വധശിക്ഷയ്ക്കിരയായെന്ന് വിചാരിക്കുക. അപ്പോള്‍ നമുക്കീ മനുഷ്യാവകാശ സംഘടനകളുടെ ശബ്ദം കേള്‍ക്കാം. പണത്തിനുമീതേ മനുഷ്യാവകാശ സംഘടനകളും പറക്കില്ലെന്നതാകട്ടെ പഴമൊഴി.

മനുഷ്യാവകാശം വേട്ടക്കാരന് മാത്രമല്ല, ഇരകള്‍ക്കും ഉണ്ടെന്നത് ഇക്കൂട്ടര്‍ മറന്നുപോകുന്നു. ചുരുക്കത്തില്‍ ഇരകള്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ആരുമില്ലെന്നതാണ് ദുഃഖകരമായ അവസ്ഥ. കുറ്റം ചെയ്യുന്നവന്‍ ശിക്ഷിക്കപ്പെടും-മുത്തശ്ശിക്കഥകളും നാടോടിക്കഥകളുമൊക്കെ കുഞ്ഞുനാളില്‍ നമ്മെ പഠിപ്പിച്ച പാഠമാണിത്. ഉപ്പുതിന്നുന്നവന്‍ വെള്ളം കുടിക്കും എന്നും നാം പിന്നീട് കേട്ടറിഞ്ഞു. ഇന്ത്യന്‍ പീനല്‍ കോഡും ഓരോ കുറ്റങ്ങള്‍ക്കും തക്കതായ ശിക്ഷയെക്കുറിച്ച് പറയുന്നു. കേരളത്തിലിപ്പോള്‍ അനുദിനം കുറ്റകൃത്യങ്ങള്‍ പെരുകുകയാണ്. വാടകക്കൊലയാളികള്‍ എന്നൊരു തൊഴില്‍വിഭാഗംതന്നെ ഉടലെടുത്തിരിക്കുന്നു. തലതൊട്ടപ്പന്മാരാകട്ടെ രാഷ്ട്രീയക്കാരും.

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നു എന്നതാണ് 21-ാം നൂറ്റാണ്ടിന്റെ ശാപം. എല്ലാം തെളിവില്ലെന്ന പേരില്‍ത്തന്നെ. സാക്ഷികള്‍ക്ക് നിര്‍ഭയമായി മൊഴികൊടുക്കാന്‍ പറ്റാത്ത രീതിയിലാണ് സംഘടിതശക്തികളുടെ പടപ്പുറപ്പാട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ വധശിക്ഷ കൊടുക്കാമെന്നാണ് നമ്മുടെ നിയമം അനുശാസിക്കുന്നത്. കീഴ്‌ക്കോടതിയുടെ വധശിക്ഷയെ ഹൈക്കോടതിയും സുപ്രീംകോടതിയും സസൂക്ഷ്മം വിലയിരുത്തിയശേഷമേ അപ്പീലില്‍ ശരിവെക്കാറുള്ളൂ. എന്നാല്‍, നമ്മള്‍ ഈ വധശിക്ഷ നടപ്പാക്കാറുണ്ടോ? ദയാഹര്‍ജി എന്നതാണ് അടുത്ത കടമ്പ. ഒന്നോ രണ്ടോ ദിവസംകൊണ്ട്, അല്ലെങ്കില്‍ ഒന്നോ രണ്ടോ ആഴ്ചകൊണ്ട്, അതുമല്ലെങ്കില്‍ ഒന്നോ രണ്ടോ മാസംകൊണ്ട് ദയാഹര്‍ജിയില്‍ തീര്‍പ്പുകല്പിക്കാന്‍ പ്രസിഡന്റിന് കഴിയും, കഴിയണം.

എന്നാല്‍, നമ്മുടെ രാജ്യത്ത് ദയാഹര്‍ജികള്‍ പ്രസിഡന്റിന്റെ കോള്‍ഡ്‌സ്റ്റോറേജില്‍ എട്ടും പത്തും വര്‍ഷം വിശ്രമിക്കാറാണ് പതിവ്. ദയാഹര്‍ജിക്ക് ഇങ്ങനെ കാലതാമസം വരികയാണെങ്കില്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കാമെന്ന് ഈയടുത്ത കാലത്ത് സുപ്രീംകോടതി പറയുകയുണ്ടായി. ഇവിടെയാണ് ഇരകളുടെ ഒരു ചോദ്യം നമ്മെ അലോസരപ്പെടുത്തുന്നത്. മൂന്ന് കോടതികളിലും വിദ്യാസമ്പന്നരായ ജഡ്ജിമാര്‍ ഒരേ സ്വരത്തില്‍ തീര്‍പ്പുകല്പിച്ചതിനെതിരെ പ്രസിഡന്റിന്റെ മുന്നില്‍ ദയാഹര്‍ജി കൊടുക്കാമെന്ന വേട്ടക്കാരന്റെ അവകാശത്തിന് എന്താണ് പ്രസക്തി? തീര്‍ച്ചയായും നമ്മെ അലോസരപ്പെടുത്തുന്നതാണീ ചോദ്യം.

ബ്രിട്ടീഷ് ഭരണകാലത്തും വധശിക്ഷ നിലനിന്നിരുന്നു. പൈശാചികമായ കുറ്റകൃത്യങ്ങള്‍ക്കുതന്നെയാണ് വധശിക്ഷ കൊടുത്തിരുന്നത്. അപ്പീല്‍ കോടതിയായ ഫൗജിദാര്‍ അദാലത്ത് കോടതി, കീഴ്‌ക്കോടതിയുടെ വധശിക്ഷ ശരിവെച്ചാല്‍ ഒരു മാസത്തിനുള്ളിലാണ് വിധി നടപ്പാക്കിയിരുന്നത്. പ്രതിയെ തൂക്കിക്കൊന്നിരുന്നത് കുറ്റകൃത്യം നടന്ന സ്ഥലത്തുവെച്ചായിരുന്നു. പ്രതിയുടെ മൃതശരീരം പൊതുസ്ഥലത്ത് ചങ്ങലയില്‍ തൂക്കിയിട്ട് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. രണ്ട് മരണവാറണ്ടിന്റെ പിന്‍ബലത്തോടെ നാം ആ വിവരങ്ങളിലേക്ക് ഒരന്വേഷണം നടത്തുകയാണിവിടെ.

''1823 സെപ്തംബര്‍ 24ന് മലബാര്‍ ജില്ലാ ആക്ടിങ് ക്രിമിനല്‍ ജഡ്ജിനെ സെക്കന്റ് സെഷന്‍സ് ജഡ്ജ് തന്റെ കൈയൊപ്പോടും മുദ്രയോടുംകൂടി അറിയിക്കുന്ന മരണ വാറണ്ട്. പള്ളിക്കര തെയ്യുണ്ണി എന്നയാള്‍ നടത്തിയ കൊലപാതകത്തെത്തുടര്‍ന്ന് കീഴ്‌ക്കോടതിയായ സര്‍ക്യൂട്ട് കോടതിയില്‍ വിചാരണയ്ക്ക് വിധേയനാവുകയും പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടതിനെത്തുടര്‍ന്ന് ഫൗജിദാര്‍ കോടതിയില്‍ (മേല്‍ക്കോടതി) അപ്പീല്‍ വരികയും 1824 നവംബര്‍ 4-ന് വധശിക്ഷ ശരിവെക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ താങ്കള്‍ കൊലപാതകംനടന്ന സ്ഥലത്തോ പരിസരത്തോ ഒരു സ്ഥലം കണ്ടെത്തി അവിടെയൊരു കഴുമരം നാട്ടി തെയ്യുണ്ണിയെ മരണംവരെ തൂക്കിലേറ്റേണ്ടതും ശവം ചങ്ങലയില്‍ തൂക്കി പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. വാറണ്ട് കൈപ്പറ്റിയ ഉടനെ എത്രയും പെട്ടെന്ന് താങ്കള്‍ ഈ കൃത്യം നിര്‍വഹിക്കുകയും കൃത്യനിര്‍വഹണത്തിന്റെ ഒരു റിപ്പോര്‍ട്ട്‌സഹിതം വാറണ്ട് മടക്കിയയയ്ക്കുകയും വേണം.'' വാറണ്ട് കിട്ടി ഒരു മാസത്തിനുള്ളില്‍ത്തന്നെ തൂക്കിക്കൊല്ലുകയും ചെയ്തു.

ഇനി നമുക്ക് മറ്റൊരു വാറണ്ടുകൂടി നോക്കാം. ''ക്രിമിനല്‍ ജഡ്ജ് മലബാര്‍ ജില്ലയെ സെക്കന്‍ഡ് സെഷന്‍സ് ജഡ്ജ് എഴുതി അറിയിക്കുന്നതെന്തെന്നാല്‍ ചെറിയ ശാമുപ്പട്ടര്‍, വടക്കാഞ്ചേരി രായപ്പ മേനോന്‍ എന്നിവരെ കൊലപാതകക്കുറ്റത്തിന് കീഴ്‌ക്കോടതിയായ സര്‍ക്യൂട്ട് കോടതി വിചാരണനടത്തി കുറ്റക്കാരെന്ന് കണ്ടെത്തുകയും ചെയ്തിരിക്കുന്നു. ഫൗജി അദാലത്ത് കോടതി പ്രസ്തുത ശിക്ഷ ശരിവെച്ചുകൊണ്ട് ഇവരെ മരണംവരെ തൂക്കിലേറ്റാന്‍ കല്പിച്ചിരിക്കുന്നു. താങ്കള്‍ അതിനാല്‍ ഈ മരണവാറണ്ട് കൈപ്പറ്റിയാലുടനെ കൊലപാതകംനടന്ന സ്ഥലത്തോ പരിസരത്തോ ഒരു കഴുമരം നാട്ടി പ്രസ്തുതകര്‍മം നടപ്പാക്കേണ്ടതുണ്ട്. പ്രതികളെ തൂക്കിലേറ്റിക്കഴിഞ്ഞാല്‍ ഈ വാറണ്ട് താങ്കളുടെ കൈയൊപ്പോടും മുദ്രയോടുംകൂടി മടക്കി അയയ്ക്കുക.

എവിടെ, എപ്പോള്‍, എങ്ങനെയാണ് തൂക്കിലേറ്റിയത് എന്നുള്ള വിവരം മരണവാറണ്ട് മടക്കി അയയ്ക്കുന്നതിനോടൊപ്പമുണ്ടായിരിക്കണം. പ്രതികളുടെ മൃതദേഹങ്ങള്‍ ഒരു ഇരുമ്പ് ചങ്ങലയില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.''

21-01-1825-നാണ് ഈ വാറണ്ട് അയച്ചുകൊടുത്തതായി കാണുന്നത്. ക്രിമിനല്‍ ജഡ്ജാകട്ടെ, നമ്മുടെ പ്രസിഡന്റുമാരുടെ മുമ്പിലെ ദയാഹര്‍ജിപോലെ വര്‍ഷങ്ങളോളം വാറണ്ട് കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ചില്ല. 1825 ഫിബ്രവരി 2-ാം തീയതി മലബാറിലെ മജിസ്‌ട്രേറ്റിന് ക്രിമിനല്‍ ജഡ്ജ് എഴുതിയ കത്തിങ്ങനെ: ''സെക്കന്റ് സെഷന്‍സ് ജഡ്ജില്‍നിന്നും കൈപ്പറ്റിയ മരണവാറണ്ട് ഇതോടൊപ്പം അയയ്ക്കുന്നു. ഉടനടി വേഗത്തില്‍ കൊലപാതകം നടന്ന സ്ഥലത്തൊരു കഴുമരം (ംഹയയവറ) നാട്ടുക. മരക്കാഞ്ചേരി രാമമേനോന്‍ എന്ന വ്യക്തിയെയാണ് പ്രതികള്‍ കൊലപ്പെടുത്തിയിരിക്കുന്നത്. കൊലപാതകം നടന്നത് 01-03-1823 പെരുവമ്പ്രം ഹൊബ്ലി പൊല്‍പുള്ളി താലൂക്ക്, പാലക്കാട്ട് വെച്ചായിരുന്നു. കുറ്റവാളികളെ ഫെബ്രുവരി 4-ന് കോഴിക്കോട്ടെ ജയിലില്‍നിന്ന് പാലക്കാട്ട് ജയിലിലേക്ക് കൊണ്ടുവരും. ഫെബ്രുവരി 11-ണ് നാം ഇവരെ തൂക്കിലേറ്റുന്നത്.'' ഫിബ്രവരി 7-ാം തീയതി അദ്ദേഹം മലബാറിലെ മജിസ്‌ട്രേറ്റിന് ഇങ്ങനെ കത്തെഴുതിയതായി കാണുന്നു: ''ഈ മാസം 11-ാം തീയതിയാണ് ചെറിയ ശാമുപ്പട്ടരെയും വടക്കാഞ്ചേരി രായപ്പ മേനോനെയും തൂക്കിക്കൊല്ലുവാനായി നിശ്ചയിച്ചിട്ടുള്ളത്. അന്നേ ദിവസം പാലക്കാട് തഹസില്‍ദാരോടും പോലീസിനോടും സ്ഥലത്ത് ഹാജരാകുവാന്‍ നിര്‍ദേശിക്കുക. കോഴിക്കോട്ടുനിന്നും പാലക്കാട്ടേക്ക് എനിക്ക് യാത്ര ചെയ്യുവാനായി പല്ലക്കും അമാലന്മാരെയും തയ്യാറാക്കി വെക്കുക.'' അതായത് ഒരു മാസംകൊണ്ടാണ് വിധി നടപ്പാക്കിയതെന്ന് സാരം.

കഴുമരം നിര്‍മിക്കാനുള്ള ചെലവിനെക്കുറിച്ചും മറ്റുചില രേഖകളില്‍നിന്ന് അറിയാനിടയായി. അതിങ്ങനെ: വെട്ടത്തുനാട്ടിലേക്ക് രണ്ട് കഴുമരം നിര്‍മിക്കുവാനുള്ള ചിലവ് താഴെ കൊടുക്കുന്നു. ആശാരിക്ക് ചിലവ് - 1 ഉറുപ്പിക 14 അണ 0 പ, കഴുമരം നാട്ടുവാന്‍ കുന്നിന്‍പുറത്തേക്ക് കൊണ്ടുവന്ന കൂലിക്കാര്‍ക്ക് 1-2-8, പൊന്നാനിയില്‍ നാല് കഴുമരമുണ്ടാക്കിയതിന്റെ ചിലവ് ആശാരിക്ക് 1-4-7, വള്ളുവനാട്ടിലെത്തിക്കാന്‍ തോണിച്ചിലവും കൂലിക്കാരുടെ ചിലവും 11-5-0. ഇരുമ്പ് ചങ്ങലയുടെ ചിലവ് ഇങ്ങനെ കൊടുത്തതായി കാണുന്നു: 10 മൗണ്ട് ഇരുമ്പ് 8-9-2, 35 കൊട്ട കരിയുടെ വില 2-9-2, കൊല്ലന് കൂലി 3-2-3.

കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ കൊടുക്കുകതന്നെ വേണം. കുടുംബം എന്നത് വേട്ടക്കാര്‍ക്ക് മാത്രല്ല, ഇരകള്‍ക്കുമുണ്ടെന്നത് സമൂഹം മറന്നുകൂടാ.
ീവാുിമളഛള്‍മസ്്.ര്ൗ
*



MathrubhumiMatrimonial