goodnews head

പുകവലി വര്‍ജിച്ച് കൂളിമാട് ഗ്രാമം

Posted on: 01 Jun 2009


ഒന്നര പതിറ്റാണ്ടായി പുകവലിയും പുകയില ഉപയോഗവും ഒഴിവാക്കിയ ആരോഗ്യസംരക്ഷകരായാണ് കൂളിമാട്ടുകാരെ പുറംലോകം അറിയുന്നത്. വിജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് ഈ ഗ്രാമത്തെ കൈപിടിച്ചെത്തിക്കാന്‍ നാട്ടിലെ ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്നു നടത്തിയ കൂടിയാലോചനയുടെ ഫലമായിരുന്നു അക്ഷര വായനശാല. അക്ഷരയുടെ ഒരു യോഗത്തില്‍ അന്നത്തെ അക്ഷര പ്രസിഡന്റ് കൂടിയായിരുന്ന തിരുത്തില്‍ അബ്ദുള്‍ മജീദാണ് പുകവലി വിരുദ്ധ പ്രചാരണത്തിന്റെ ആശയം മുന്നോട്ടു വെച്ചത്. പുകവലിക്കുകയോ അതിഷ്ടപ്പെടുകയോ ചെയ്യാത്ത അബ്ദുള്‍ മജീദിന്റെ ഈ ആശയത്തിന്റെ പിന്നില്‍ പുകവലിക്കടിപ്പെട്ട് ശ്വാസകോശാര്‍ബുദത്താല്‍ മരണപ്പെട്ട തന്റെ പിതാവിന്റെ ഓര്‍മയായിരുന്നു.

യോഗത്തിലിരുന്ന രണ്ടുമൂന്ന് പേര്‍ ഈ ചര്‍ച്ചയ്ക്കിടയിലും പുകവലിക്കുന്നുണ്ടായിരുന്നു. മജീദിന്റെ പിതാവിന്റെ മരണത്തോടടുപ്പിച്ചും അതിനുശേഷവുമെല്ലാം നാട്ടില്‍ നടന്ന മരണത്തിന്റെ കഥകള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. തൊണ്ണൂറുശതമാനം മരണവും പുകവലിമൂലവും പുകയില ഉപയോഗം മൂലവുമുണ്ടായതായിരുന്നുവെന്ന് യോഗം കണ്ടെത്തി. ഈ യോഗത്തില്‍ തന്നെ കൂളിമാട് ഗ്രാമത്തെ പുകയില വിരുദ്ധ ഗ്രാമമായി പ്രഖ്യാപിക്കാനുള്ള ചരിത്രദൗത്യം 'അക്ഷര' ഏറ്റെടുത്തു.

മുന്നൂറ്റമ്പതോളം വീടുകളുള്ള ഈ ഗ്രാമത്തെ ഒന്നടങ്കം ഗ്രസിച്ചിരുന്ന പുകയില ആഭിമുഖ്യം നിരന്തരമായ ബോധവത്കരണത്തിലുള്ള അക്ഷര പ്രവര്‍ത്തകര്‍ മാറ്റിയെടുക്കുകയായിരുന്നു. നെഹ്രു യുവകേന്ദ്രയുടെ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ജോര്‍ജ് വര്‍ഗീസ്, കോഴിക്കോട് ചെസ്റ്റ് ഹോസ്​പിറ്റല്‍ ഡോക്ടര്‍മാരായ അബ്ദുള്‍ ഖാദര്‍, ഡോ. അബ്ദുള്‍ നാസര്‍ തുടങ്ങിയവര്‍ അക്ഷര പ്രവര്‍ത്തകര്‍ക്ക് എല്ലാവിധ ഉപദേശ നിര്‍ദേശങ്ങളും നല്‍കി സഹായിച്ചു.

1995 ജനവരി 11ന് അന്നത്തെ ജില്ലാ കളക്ടര്‍ യു.കെ.എസ്. ചൗഹാന്റെ പ്രതിനിധിയായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പുത്തൂര്‍മഠം ചന്ദ്രന്‍ കൂളിമാടിനെ പുകവലി വിരുദ്ധഗ്രാമമായി പ്രഖ്യാപിച്ചു. ചടങ്ങില്‍ ഗ്രാമത്തിലെ മുഴുവന്‍ പേരുടെയും പുകയില, പുകവലി വര്‍ജ്യ പ്രതിജ്ഞാപത്രം കോഴിമണ്ണില്‍ മുഹമ്മദില്‍ നിന്ന് പ്രതീകാത്മകമായി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സ്വീകരിച്ചു.

ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ ബൂസ്റ്റര്‍ ഡോസ് എന്ന പോലെ വീടുകള്‍ കയറി ബോധവത്കരണം നടത്തി. വര്‍ഷംതോറും ലഘുലേഖകളും നോട്ടീസുകളും പോസ്റ്ററുകളും വിതരണം ചെയ്ത് പുകവലി മുക്തഗ്രാമമായതിന്റെ ഓര്‍മ പുതുക്കുന്നു. ഒന്നര പതിറ്റാണ്ടിനിടയില്‍ കൂളിമാട് ഗ്രാമം ലോകശ്രദ്ധയാകര്‍ഷിക്കപ്പെട്ടു. വാര്‍ത്താ മാധ്യമങ്ങളും ചാനലുകളും കൂളിമാട് ഗ്രാമത്തിന് ലോകഭൂപടത്തില്‍ മികച്ച സ്ഥാനം നല്‍കി.

2000-ാമാണ്ടില്‍ ജപ്പാനില്‍ നിന്ന് ഒയിസ്‌കാ ഇന്റര്‍നാഷണലിന്റെ പ്രതിനിധി കൂളിമാട് സന്ദര്‍ശിച്ചു. ഗ്രാമവാസികളെയും അക്ഷരയെയും പ്രശംസിച്ചു. 2007-ല്‍ കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ പുകവലിമുക്ത ആരോഗ്യഗ്രാമമെന്ന അംഗീകാരം കൂളിമാടിന് ലഭിച്ചു. ഇന്ത്യയിലെയും ലോകത്തിലെയും 'നോസ' തുടങ്ങിയ പുകവലി, പുകയില വിരുദ്ധ സംഘടനകളുടെ പ്രശംസയും മറ്റും കൂളിമാടിന് ലഭിച്ചത് അക്ഷര പ്രവര്‍ത്തകരെ കൂടുതല്‍ ഉത്സാഹികളാക്കുകയായിരുന്നു.

എല്ലാം കണ്ടു നിന്ന വെസ്റ്റ് മണാശ്ശേരി, എടവണ്ണ, കാരശ്ശേരി ഗ്രാമങ്ങള്‍ കൂളിമാടിനെയും അക്ഷരയെയും മാതൃകയാക്കി പ്രവര്‍ത്തനം നടത്തിവരുന്നുണ്ടെങ്കിലും ഈ ഗ്രാമത്തിലെ പുകവലി വിരുദ്ധ പ്രവര്‍ത്തനങ്ങളോട് കിടപിടിക്കാനായിട്ടില്ല. ഒന്നര പതിറ്റാണ്ട് പിന്നിട്ടപ്പോഴും അക്ഷരയുടെ ദൗത്യം ഭംഗം കൂടാതെ നടക്കുന്നുണ്ടെങ്കിലും പുതിയ തലമുറയിലെ ചിലര്‍ ഒളിഞ്ഞും തെളിഞ്ഞും പുകയില ഉപയോഗിക്കുന്നുണ്ട്. ഈ ശ്രമം നിരന്തരവും കഠിനവുമായ ബോധവത്കരണത്തിലൂടെ മാറ്റിയെടുക്കാനാണ് അക്ഷരയുടെ ഇപ്പോഴത്തെ സാരഥികളുടെ ശ്രമം.

 

 




MathrubhumiMatrimonial