കമലദളം കൊഴിഞ്ഞു

Posted on: 01 Jun 2009


വിശ്വകഥാകാരിക്ക് അശ്രുപൂജ

പുണെ: ദേശകാലാതീതമായ എഴുത്തും ജീവിതവും താണ്ടിയ കമലാ സുരയ്യയെന്ന വിശ്വകഥാകാരിയുടെ അന്ത്യവിശ്രമം തിരുവനന്തപുരത്ത്. കമലാദാസും മാധവിക്കുട്ടിയും സുരയ്യയുമൊക്കെയായി ഓരോ മലയാളിയുടെയും മനസ്സിനെ അനുഭൂതിസാന്ദ്രമാക്കിയ കഥാകാരിയുടെ കബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് പാളയം ജുമാഅത്ത് പള്ളി കബര്‍സ്താനില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

എണ്ണമറ്റ ആരാധകര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ അവരുടെ മൃതദേഹം തൃശ്ശൂരിലും എറണാകുളത്തും ആലപ്പുഴയിലും കൊല്ലത്തും തിരുവനന്തപുരത്തും പൊതുദര്‍ശനത്തിന് വെക്കും.

ഞായറാഴ്ച പുലര്‍ച്ചെ 1.55ന് പുണെയിലെ ജഹാംഗീര്‍ ആസ്​പത്രിയില്‍ അന്തരിച്ച കമലാസുരയ്യ (75)യുടെ മൃതദേഹം ഞായറാഴ്ച വൈകിട്ട് മുംബൈയിലെ കേരളഹൗസിലും അവിടെനിന്ന് വിമാനത്താവളത്തിലും എത്തിച്ചു. സുരയ്യയുടെ മൂത്ത മകന്‍ എം.ഡി. നാലപ്പാടും ഭാര്യ ലക്ഷ്മി നാലപ്പാടും മൃതദേഹത്തെ അനുഗമിച്ചു. കുടുംബ സുഹൃത്തായ ശ്രീധറും ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം സെക്രട്ടറി എന്‍.എം. അബ്ദുറഹിമാനും വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് കാരക്കുന്നും ഒപ്പമുണ്ടായിരുന്നു. മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി പോയ വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയും മുംബൈയിലെത്തിയിരുന്നു.

തിങ്കളാഴ്ച രാവിലെ 7.30ന് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. അവിടെനിന്ന് മന്ത്രി കെ.പി. രാജേന്ദ്രന്‍ മൃതദേഹം ഏറ്റുവാങ്ങും. 8.30ന് വിലാപയാത്രയായി തൃശ്ശൂരിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം കേരളത്തിന്റെ അക്ഷരക്കളരിയായ കേരള സാഹിത്യ അക്കാദമി ഹാളില്‍ ഒമ്പതു മുതല്‍ പത്തര വരെ പൊതുദര്‍ശനത്തിനു വെക്കും. 12.15ന് വിലാപയാത്ര എറണാകുളത്തെത്തുകയും ഒരുമണി വരെ എറണാകുളം ടൗണ്‍ഹാളിലും 3.30 മുതല്‍ നാലു വരെ ആലപ്പുഴ ടൗണ്‍ഹാളിലും 5.30 മുതല്‍ ആറുവരെ കൊല്ലം കളക്ടറേറ്റിലെ ടി.എം. വര്‍ഗീസ് സ്മാരക ഹാളിലും അന്ത്യാഞ്ജലിക്കായി വെക്കും.

തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ തിരുവനന്തപുരത്ത് വിലാപയാത്ര എത്തിച്ചേരും. പ്രിയപ്പെട്ട എഴുത്തുകാരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സെനറ്റ് ഹാളില്‍ ചൊവ്വാഴ്ച പുലര്‍ച്ചവരെ തലസ്ഥാനവാസികള്‍ക്ക് അവസരമുണ്ടാകും.

ഏപ്രില്‍ പതിനെട്ടിനാണ് ശ്വാസംമുട്ടല്‍ കടുത്തതിനെത്തുടര്‍ന്ന് കമലാ സുരയ്യയെ പുണെയിലെ ജഹാംഗീര്‍ ആസ്​പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുഗലീക്കര്‍, ഡോ. ഋഷികേശ് എന്നിവരുടെ പരിചരണത്തില്‍ ഒരുമാസത്തിലേറെ വെന്റിലേറ്ററിലായിരുന്നു അവര്‍. ഞായറാഴ്ച പുലര്‍ച്ചെ രോഗം മൂര്‍ച്ഛിച്ച് അവര്‍ അന്ത്യശാസം വലിക്കുമ്പോള്‍ മകന്‍ ജയസൂര്യയും ഭാര്യ ദേവിയും അടുത്തുതന്നെയുണ്ടായിരുന്നു.

കമലാസുരയ്യയുടെ ശവസംസ്‌കാരം സംബന്ധിച്ച ആശങ്കകള്‍ ആ സമയത്തും മാറിയിരുന്നില്ല. മൂത്ത മകന്‍ എം.ഡി. നാലപ്പാട് പുണെയില്‍ എത്തിയതിനുശേഷമേ മറ്റു കാര്യങ്ങള്‍ തീരുമാനിക്കൂവെന്നാണ് ജയസൂര്യ അറിയിച്ചത്. പുലര്‍ച്ചെ ആറു മണിയോടെ സുരയ്യയുടെ മരണവിവരമറിഞ്ഞ് പുണെയിലെ മലയാളി സംഘടനാനേതാക്കള്‍ ആസ്​പത്രിയിലെത്തി. പുണെ കേരള മുസ്‌ലിം ജമാഅത്ത് രക്ഷാധികാരികളും ബി.ജെ.പി. നേതാക്കളും അവരില്‍പ്പെടുന്നു. ആസ്​പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ആരെയും കാണാന്‍ അനുവദിച്ചിരുന്നില്ല.

ഒമ്പതുമണിയോടെ എം.ഡി. നാലപ്പാടിന്റെ ഭാര്യ ലക്ഷ്മി നാലപ്പാട് ആസ്​പത്രിയിലെത്തി. അതിനുശേഷമാണ് അമ്മയുടെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകാന്‍ ജയസൂര്യ സമ്മതിച്ചത്. മൃതദേഹം ബി.ജെ. മെഡിക്കല്‍ കോളേജില്‍ എംബാം ചെയ്ത് വൈകിട്ട് നാലു മണിയോടെ വീണ്ടും ജഹാംഗീര്‍ ആസ്​പത്രിയില്‍ കൊണ്ടുവന്നു. അപ്പോഴേക്കും നൂറുകണക്കിന് ആരാധകര്‍ ആസ്​പത്രിയിലെത്തിയിരുന്നു. മകന്‍ എം.ഡി. നാലപ്പാടിന്റെ അനുവാദത്തോടെ അവരുടെ മൃതദേഹം ആംബുലന്‍സില്‍ത്തന്നെ പൊതുദര്‍ശനത്തിനുവെച്ചു.

തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരിയെ കണ്ടും കരഞ്ഞും തൊഴുതും നമസ്‌കരിച്ചും അവര്‍ സമ്മിശ്രവികാരങ്ങള്‍ പങ്കുവെച്ചു. സുരയ്യയുടെ സന്തതസഹചാരിയായി പുണെയിലെത്തിയ അമ്മുവിന്റെ ഹൃദയഭേദകമായ പൊട്ടിക്കരച്ചില്‍ അവിടെയുണ്ടായിരുന്നവരെയെല്ലാം കരയിച്ചു. ആംബുലന്‍സിനടുത്തുതന്നെ മലയാളി സംഘടനകളുടെ വക അനുശോചനയോഗവും ചേര്‍ന്നു.

അമ്മ ഒടുവില്‍ സ്വീകരിച്ച മതവിശ്വാസപ്രകാരം അന്ത്യകര്‍മങ്ങള്‍ നടത്താനാണ് തങ്ങളുടെ ആഗ്രഹമെന്ന് മക്കള്‍ അറിയിച്ചു. അവരുടെ അന്ത്യവിശ്രമം മലയാളത്തിന്റെ മണ്ണില്‍ത്തന്നെ വേണമെന്ന മോഹവും അവര്‍ പങ്കുവെച്ചു. ഇതേത്തുടര്‍ന്ന് ജയസൂര്യയും നാലപ്പാടും ദേവിയും ലക്ഷ്മിയും ആംബുലന്‍സിനെ അനുഗമിച്ച് മുംബൈയിലേക്ക് പോയി. തങ്ങള്‍ നേരിട്ട് തിരുവനന്തപുരത്തെത്തി കബറടക്കത്തില്‍ പങ്കെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജയസൂര്യ പറഞ്ഞു.

കെ.വി. രാജശേഖരന്‍






MathrubhumiMatrimonial