കമലയും പോയി... സുഭദ്ര ടീച്ചര്‍ വീണ്ടും ഏകയായി

Posted on: 01 Jun 2009


അങ്ങാടിപ്പുറം: ഏകാന്തമായ തന്റെ ജീവിതത്തില്‍ സുഭദ്രടീച്ചര്‍ക്ക് കൂട്ടായിരുന്നത് കവയിത്രി ബാലാമണിയമ്മയുടെയും മകള്‍ മാധവിക്കുട്ടിയുടെയും കത്തുകളും ഓര്‍മ്മകളുമായിരുന്നു. ബാലാമണിയമ്മയ്ക്കുശേഷം ഇപ്പോള്‍ മാധവിക്കുട്ടിയും പോയതോടെ ടീച്ചര്‍ വീണ്ടും തനിച്ചായി.

പതിറ്റാണ്ടുകളുടെ പഴക്കമുള്ളതായിരുന്നു പെരിന്തല്‍മണ്ണ 'പദ്മാലയ'ത്തിലെ സുഭദ്രയുടെയും ബാലാമണിയമ്മയുടെയും അക്ഷരസൗഹൃദം. ഒരിക്കല്‍ അവര്‍ക്ക് അപരിചിതമായ ഒരു കത്ത് കിട്ടി. അതിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. 'ഞാന്‍ കമല, 14 വയസ്സ്, ഒമ്പതാംക്ലാസ്സില്‍ പഠിക്കുന്നു, സുഭദ്രേടത്തി അമ്മയ്ക്ക് എഴുതുന്ന കത്തുകള്‍ ഞാനും വായിക്കാറുണ്ട്. അപ്പോള്‍ തോന്നിയതാണ് സുഭദ്രേടത്തിക്ക് എഴുതാന്‍'. സ്‌കൂളില്‍ കോപ്പി എഴുതുംപോലെ വടിവൊത്ത ആ എഴുത്തായിരുന്നു ഇഴയടുപ്പമുള്ള ഈ ബന്ധത്തിന്റെ തുടക്കം. പിന്നീട് എത്രയോ കത്തുകള്‍ പരസ്​പരം എഴുതി. പല കത്തുകളും നഷ്ടപ്പെട്ടെങ്കിലും ചുരുക്കം ചില കത്തുകള്‍ ഇപ്പോഴും സുഭദ്രടീച്ചര്‍ തന്റെ പെട്ടിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
അധ്യാപികയായിരുന്ന സുഭദ്രടീച്ചര്‍ അവിവാഹിതയാണ്. ഇപ്പോള്‍ 80 വയസ്സായി. സ്വന്തം വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. സഹോദരിയും കുടുംബവും അടുത്ത വീട്ടില്‍ തന്നെയുണ്ട്. എഴുത്തുകാരിയായിരുന്ന ടീച്ചര്‍ ഏകാന്തതയെ സ്‌നേഹിക്കുന്നു. ഈ ഏകാന്തതയാണ് കത്തുകളിലൂടെ ബാലാമണിയമ്മയെയും മാധവിക്കുട്ടിയെയും ബന്ധപ്പെടുത്തിയത്. വിവാഹശേഷം കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കിയപ്പോഴും മാധവിക്കുട്ടി സുഭദ്രേടത്തിക്ക് കത്തുകളയക്കാന്‍ മറന്നില്ല. കളിയാക്കലും പരിഹാസവും പരിഭവവും നിറഞ്ഞ കത്തുകളിലുടനീളം നിറഞ്ഞുനിന്നത് സ്‌നേഹസ്​പര്‍ശം മാത്രമായിരുന്നു.

സ്‌നേഹത്തിന്റെ വറ്റാത്ത ഉറവയായിരുന്നു കമല. വലിയ എഴുത്തുകാരിയായിട്ടും പലപ്പോഴും കമലയ്ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന പരിഭവം എല്ലാ കത്തിലും ഉണ്ടായിരുന്നതായി സുഭദ്രടീച്ചര്‍ അനുസ്മരിച്ചു.
10 വര്‍ഷംമുമ്പ് പൂന്താനം സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു മാധവിക്കുട്ടിയുടെയും സി.പി. സുഭദ്രയുടെയും അവസാന കൂടിച്ചേരല്‍. പെരിന്തല്‍മണ്ണയില്‍ എത്തിയ മാധവിക്കുട്ടി തന്റെ സുഭദ്രേടത്തിയെ അന്വേഷിച്ച് എത്തി.



MathrubhumiMatrimonial