പാട്ടുകേട്ടുറങ്ങാന്‍ ഇനി കമലയില്ല

Posted on: 01 Jun 2009


കൊച്ചി: 'എന്നെ കേരളം മറന്നുവല്ലേ? ഈ കമലയെ കൈവിട്ടുവല്ലേ?' വിഹ്വലമായ കണ്ണുകള്‍ ഉയര്‍ത്തി കമല സുരയ്യ ചോദിച്ചു. ചോദ്യത്തിനു മുന്നില്‍ ശാരദ ഒട്ടും പകച്ചില്ല. അരികിലെത്തി കൈകള്‍ ചേര്‍ത്തുപിടിച്ച് പറഞ്ഞു 'ഇല്ല. ഞങ്ങളെല്ലാം അമ്മയെ വളരെ സ്‌നേഹിക്കുന്നു' മറുപടി ആ കണ്ണുകളിലുണ്ടാക്കിയ തിളക്കം ശാരദയുടെ മനസ്സില്‍ ഇന്നുമുണ്ട്.

പത്രപ്രവര്‍ത്തക ലീലാ മേനോനും മനഃശാസ്ത്ര വിദഗ്ദ്ധയും അധ്യാപികയുമായ ഡോ. ശാരദാ രാജീവനും കഴിഞ്ഞ മാര്‍ച്ചിലാണ് കമല സുരയ്യയെ കാണാന്‍ പുണെയിലെത്തിയത്. മൂന്ന് ദിവസം അവിടെ താമസിച്ചു. കിടക്കയില്‍ സ്വയം തിരിഞ്ഞ് കിടക്കാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു കമല സുരയ്യ അന്നെന്ന് ലീലാ മേനോന്‍ 'ഗൃഹലക്ഷ്മി'യില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പില്‍ അനുസ്മരിക്കുന്നു. സഹായികളായി അമ്മുവും അയിഷാ മാസി എന്ന മൗസിയുമാണ് പുണെയിലെ ഫ്‌ളാറ്റിലുണ്ടായിരുന്നത്. ഭക്ഷണം കഴിപ്പിക്കുന്നതും മരുന്ന് കൊടുക്കുന്നതുമെല്ലാം അമ്മുവും മൗസിയും ചേര്‍ന്നുതന്നെ.

എല്ലാ ദിവസവും പാട്ടുകേള്‍ക്കാന്‍ അമ്മയ്ക്ക് ഇഷ്ടമായിരുന്നെന്ന് ശാരദാ രാജീവന്‍ ഓര്‍ക്കുന്നു. 'വാസവദത്ത'യിലെ 'വ്യാളിമുഖം വച്ച് തീര്‍ത്ത....' ആയിരുന്നു ഇഷ്ടഗാനം. പുണെയില്‍ നിന്ന് മടങ്ങുന്നതിന് മുന്‍പ് അമ്മുവിനെ ആ പാട്ട് കാണാതെ പഠിപ്പിച്ചു ശാരദ. അമ്മുവിന്റെ ശബ്ദത്തില്‍ 'വ്യാളീമുഖം...' കേട്ടാണ് അമ്മ അവസാനമായി കണ്ണടച്ചതെന്നും ശാരദ പറയുന്നു.

മാര്‍ച്ചിലെ യാത്രയ്ക്കു ശേഷം ശാരദ ഒരിക്കല്‍ കൂടി പൂണെയില്‍ പോയിരുന്നു. അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ട വറ്റലുകളും നൈറ്റിയുമെല്ലാമായി. മൂന്നാമത്തെ യാത്ര മുന്‍ നിശ്ചയിച്ച പ്രകാരം നടന്നെങ്കില്‍ ശനിയാഴ്ച ശാരദ പുണെയിലായിരുന്നേനെ. പാര്‍വതി പവനനും ഒരുമിച്ചാണ് ഈ യാത്ര ആസൂത്രണം ചെയ്തിരുന്നത്. എങ്കില്‍ അമ്മയ്ക്ക് ശാരദയുടെ ശബ്ദത്തില്‍ തന്നെ വ്യാളീമുഖം കേള്‍ക്കാമായിരുന്നു. പക്ഷേ പനിയാണ് എല്ലാം മുടക്കിയത്. ശാരദ ഇപ്പോള്‍ കരയുന്നതും നടക്കാതെപോയ ഈ യാത്രയെ കുറിച്ചോര്‍ത്താണ്.




MathrubhumiMatrimonial