
ഒരു നല്ല അയല്‍ക്കാരി; പാവം സ്ത്രീ
Posted on: 01 Jun 2009
എസ്.എന്‍.ജയപ്രകാശ്

കമലാസുരയ്യ വേര്‍പിരിഞ്ഞ ദിവസം അതൊക്കെ ഓര്‍ക്കുമ്പോള്‍ ഈ വീട്ടമ്മയുടെ കണ്ണുകള്‍ നിറയുന്നു. ഒപ്പം ആ നല്ല അയല്‍ക്കാരി പകര്‍ന്ന നന്മകളാല്‍ ഒരിക്കല്‍ കൂടി മനസ്സും നിറയുന്നു.
കുറവന്‍കോണം വിക്രമപുരം ഹില്‍സിലെ ദേവീവിലാസ് വീട്ടില്‍ ഒമ്പതുവര്‍ഷമാണ് കമലാസുരയ്യ വാടകയ്ക്ക് താമസിച്ചിരുന്നത്. എണ്‍പതുകളുടെ ആദ്യദശകത്തിലായിരുന്നു അത്. അന്നവര്‍ മാധവിക്കുട്ടിയും കമലാദാസും ആമിയുമൊക്കെയായിരുന്നു. അവരുടെ അയല്‍പക്കമായിരുന്ന 'ഗീതാഞ്ജലി'യിലെ ഗൃഹനാഥയാണ് രാജേശ്വരിതമ്പി. പരേതനായ എം.എസ്. തമ്പിയുടെ ഭാര്യ. ഈ കുടുംബത്തിന്‍േറതാണ് ദേവീവിലാസ് വീടും.
ഒരു പാവം സ്ത്രീ. കളങ്കമില്ലാത്തവര്‍. അല്പം വാശിക്കാരിയെങ്കിലും നല്ല മനസ്സുള്ളവര്‍-രാജേശ്വരിതമ്പിക്ക് മാധവിക്കുട്ടിയെപ്പറ്റി നല്ലതേ പറയാനുള്ളൂ. വളരെയേറ മുന്നോട്ട് ചിന്തിച്ചാണ് അവര്‍ എഴുതിയതും ജീവിച്ചതും. ഇവിടെയുള്ളവര്‍ക്ക് അതൊന്നും മനസ്സിലാവില്ല. രാജേശ്വരി തമ്പിയുടെ മകന്‍ ഗ്രാസ്‌ഹോപ്പര്‍ ഹോളിഡെയ്‌സ് മാനേജിങ് പാര്‍ട്ണര്‍ സുരേഷ്തമ്പിക്കും ഇതേ പറയാനുള്ളൂ-അവര്‍ നമ്മളെക്കാള്‍ എത്രയോ മുന്നിലായിരുന്നു.
നല്ല അടുപ്പമായിരുന്നു ഇരു കുടുംബങ്ങളും തമ്മില്‍. മാധവിക്കുട്ടിയുടെ മൂത്തമകന്‍ എം.ഡി. നാലപ്പാട് തിരുവിതാംകൂര്‍ കൊട്ടാരത്തില്‍നിന്ന് കല്യാണം കഴിച്ചെത്തിയപ്പോള്‍ വധുവിനെ വിളക്കുകത്തിച്ച് വരവേറ്റത് താനായിരുന്നുവെന്നും രാജേശ്വരിതമ്പി ഓര്‍ക്കുന്നു.
വിശാലമായ നടുമുറ്റമുള്ള, പഴയ നാലുകെട്ടുപോലെ തോന്നിക്കുന്ന ഓടുമേഞ്ഞ ദേവീവിലാസ് മാധവിക്കുട്ടിക്ക് ഏറെ ഇഷ്ടമായിരുന്നു. ഈ വീടിന്റെ മുറ്റത്തെ അടിതൊട്ട് മുടിയോളം കായ്ക്കുന്ന പ്ലാവും അവര്‍ക്ക് ഏറെ പ്രിയമായിരുന്നു. ആ പ്ലാവിന്റെ തണലില്‍ മാധവിക്കുട്ടിയിരിക്കുന്ന ചിത്രങ്ങള്‍ പല തവണ പത്രങ്ങളില്‍ വന്നിട്ടുണ്ട്. ആ പ്ലാവ് ഇന്നില്ല.
1984-ല്‍ ഇവിടെ താമസിക്കുമ്പോഴാണ് മാധവിക്കുട്ടി തിരുവനന്തപുരം സീറ്റില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചത്. ചുറ്റുമുള്ളവരെയൊന്നും പരിചയമില്ല. വിക്രമപുരം ഹില്‍സിലെ വനിതാസമാജത്തിന്റെ യോഗത്തില്‍ സ്ത്രീകളെ പരിചയപ്പെടാന്‍ വന്നു. ചേരിപ്രദേശങ്ങളിലും മറ്റും കണ്ട സ്ത്രീകളുടെ കഷ്ടപ്പാട് വിവരിച്ചു. അവര്‍ക്കുവേണ്ടി ആഭരണങ്ങളൊക്കെ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞു. കുറേക്കാലം ആഭരണമില്ലാതെ നടന്നു. ഇലക്ഷന് തോറ്റപ്പോള്‍ വീണ്ടും ആഭരണങ്ങള്‍ അണിഞ്ഞു. 'അവര്‍ക്ക് എന്നെ വേണ്ടെങ്കില്‍ പിന്നെ എനിക്ക് അവരെയെന്തിന്?' എന്നായിരുന്നു മാധവിക്കുട്ടിയുടെ ചോദ്യം. തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ അവര്‍ ആത്മാര്‍ഥമായി വ്യസനിക്കുകയും ചെയ്തു.
വേലക്കാരോടും ആശ്രിതരോടും നിറഞ്ഞ കരുണയായിരുന്നു മാധവിക്കുട്ടിക്ക്. ചിലയവസരത്തില്‍ എന്തും കൊടുക്കും. രാജേശ്വരിതമ്പിയുടെ വീട്ടുവേലക്കാരിയായ ലീല കുറേക്കാലം മാധവിക്കുട്ടിയുടെ വീട്ടിലും ജോലിചെയ്തു. ലീലയ്ക്ക് സ്റ്റഫ് ചെയ്ത പട്ടിയുള്‍പ്പെടെ ഒട്ടേറെ സമ്മാനങ്ങളാണ് മാധവിക്കുട്ടി നല്‍കിയത്. ഒരു ഡ്രൈവറുണ്ടായിരുന്നു. പ്രദീപെന്നോ മറ്റോ പേര്. അയാള്‍ ഇപ്പോള്‍ ഓട്ടോ ഡ്രൈവറാണ്. അടുത്തിടെ നഗരത്തില്‍വെച്ചുകണ്ടു. അമ്മ (മാധവിക്കുട്ടി) എന്നെ ഒരുപാട് സഹായിച്ചെന്ന് അയാള്‍ പറഞ്ഞു.
ഒരുദിവസം മാധവിക്കുട്ടി ഗീതാഞ്ജലിയിലേക്കും കൊടുത്തയച്ചു ഒരു സമ്മാനം, രാജേശ്വരിതമ്പിയുടെ ഇളയമകന്‍ ഗിരീഷ്തമ്പിക്ക്. ഒരു കൂട നിറയെ പൂച്ചക്കുഞ്ഞുങ്ങള്‍. മകന്‍ മോനുവിന്റെ പൂജപ്പുരയിലെ വീട്ടില്‍ നിന്ന് കൊണ്ടുവന്നത്-അതിലൊരു കുറിപ്പുമുണ്ടായിരുന്നു. 'ലെറ്റസ് ഗിവ് അസ് സം സ്‌പെയ്‌സ്' (ഞങ്ങള്‍ക്ക് കുറച്ചിടം തരൂ) എന്നായിരുന്നു ആ കുറിപ്പ്. ഇവിടെ പൂച്ചകളെ വേണ്ടെന്ന് രാജേശ്വരിതമ്പി ഉറപ്പിച്ചുപറഞ്ഞു. അവയെ തിരിച്ചുകൊടുത്തുവിട്ടു. പിന്നീടവര്‍ ഗിരീഷനോട് പറഞ്ഞു. : 'ഗിരീ നിന്റെയമ്മ പറഞ്ഞതുകേട്ട് ആ പൂച്ചകള്‍ക്ക് എന്തൊരു സങ്കടമായിരുന്നെന്നോ?' എസ്.ബി.ഐ. ലൈഫിന്റെ സൗത്ത് കേരള മാനേജരാണിപ്പോള്‍ ഗിരീഷ്തമ്പി. ഡോബര്‍മാന്‍ ഇനത്തില്‍പ്പെട്ട സ്വന്തം വളര്‍ത്തുനായയ്ക്ക് മാധവിക്കുട്ടി സ്വര്‍ണമാലയണിയിച്ചു. ചോദിച്ചവരോടൊക്കെപ്പറഞ്ഞു 'ഇതെന്റെ മകളാണ്'. കുട്ടിത്തം വിട്ടുമാറാത്ത പ്രകൃതക്കാരിയായിരുന്നു അവര്‍.
ദേവീവിലാസില്‍ എഴുത്തുകാരൊക്കെ വരും. പലപ്പോഴും സാഹിത്യചര്‍ച്ചകളൊക്കെ കാണും. അന്നേരം മാധവിക്കുട്ടി രാജേശ്വരിതമ്പിയുടെ അമ്മ ലക്ഷ്മിക്കുട്ടിയമ്മയെ കൂട്ടിന് വിളിക്കും. അവരുടെയിടയിലിരിക്കാന്‍ പേടിയുണ്ടെന്ന് പറയും. അതൊക്കെ വെറും നമ്പരായിരുന്നുവെന്ന് രാജേശ്വരി മനസ്സിലാക്കിയിട്ടുണ്ട്. അമ്മയോട് സംസാരിച്ചിരിക്കണം. അത്രയേയുള്ളൂ ആവശ്യം. സ്വന്തം കഥ 'രുക്മിണിക്കൊരു പാവക്കുട്ടി' സിനിമയായപ്പോള്‍ ആദ്യപ്രദര്‍ശനത്തിന് തന്നെയും കൊണ്ടുപോയിരുന്നു. കഥകളൊക്കെ വിവാദമായപ്പോള്‍ അതേപ്പറ്റിയും അവരോട് ചോദിച്ചു: 'ഞാനെഴുതുന്നതൊക്കെ നന്നായിട്ടല്ലേ വായനക്കാര്‍ എന്നെ പ്രോത്സാഹിപ്പിക്കുന്നത്. അതുകൊണ്ട് വീണ്ടുമെഴുതുന്നു. ഞാനെല്ലാം തുറന്നെഴുതി. മോശമെങ്കില്‍ എന്തിനവര്‍ അത് വായിച്ചു?' എന്നായിരുന്നു മാധവിക്കുട്ടിയുടെ ചോദ്യം. പിന്നീട് ശാസ്തമംഗലത്തുള്ള സ്ഥാണുവിലാസത്തിലും അവര്‍ കുറച്ചുകാലം താമസിച്ചു.
മാധവിക്കുട്ടി പലപ്പോഴും പറയുമായിരുന്നു 'രാജീ, എനിക്കും നിങ്ങള്‍ക്കും ആണ്‍മക്കള്‍ മാത്രമേയുള്ളൂ, വയസ്സുകാലത്ത് ആണ്‍മക്കള്‍ നമ്മളെ നോക്കിയില്ലെങ്കില്‍ നമുക്കൊരുമിച്ച് താമസിക്കാം'.
ഒരുമിച്ച് താമസിക്കാനിരുന്നവര്‍ നേരത്തെപോയി. ദേവീവിലാസത്തില്‍നിന്ന് താമസം മാറിയശേഷം ഇവര്‍ക്ക് പിന്നീട് കാണാനായില്ല. 'പറ്റുമെങ്കില്‍ അവസാനമായൊന്ന് കാണണം'-രാജേശ്വരി തമ്പിയുടെ കണ്ണുകള്‍ നിറഞ്ഞു.
