
പ്രണയത്തിന്റെ രാജ്ഞി
Posted on: 01 Jun 2009
ദിനേശന്‍ കരിപ്പള്ളി

സ്നേഹത്തെ അഥവാ, പ്രണയത്തെക്കുറിച്ച് ഇത്രമാത്രം എഴുതുകയും സംസാരിക്കുകയും ചെയ്ത മറ്റൊരാള്‍ മലയാളഭാഷയില്‍ എന്നല്ല, ഇന്ത്യന്‍ ഭാഷകളില്‍ത്തന്നെ അധികമുണ്ടെന്ന് തോന്നുന്നില്ല.
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വെള്ളം, വായു, വെളിച്ചം തുടങ്ങിയ ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങളെക്കുറിച്ച് നമുക്കറിയാം.
മാധവിക്കുട്ടിയെ സംബന്ധിച്ച് ഇവയ്‌ക്കൊപ്പം അത്യാവശ്യമായി ചേര്‍ക്കേണ്ട മറ്റൊരു അടിസ്ഥാനാ വശ്യംകൂടിയുണ്ട്. അത് സ്നേഹമാണ്. അഥവാ, പ്രണയം. ''സ്നേഹം തപസ്സാണ്. തപസ്സിന്റെ അന്ത്യമായ സായുജ്യവും അതുതന്നെ'' എന്ന് വിവാദമുയര്‍ത്തിയ 'എന്റെ കഥ'യില്‍ അവര്‍ പഞ്ഞിട്ടുണ്ട്. ''സ്നേഹം ഭ്രാന്താണെന്നും ദീനമാണെന്നും വേദനയാണെന്നും ഒരു തപസ്യയാണെന്നും ഞാന്‍ മനസ്സിലാക്കി'' ('വെറുമൊരു ലഹരി') എന്നും അവര്‍ എഴുതുകയുണ്ടായി.
പുരുഷനോടുമാത്രം തോന്നിയ ഒരു വികാരമായിരുന്നില്ല, മാധവിക്കുട്ടിക്ക് പ്രണയം. പകിട്ടേറിയ വസ്ത്രങ്ങളെ, കമനീയമായ ആഭരണങ്ങളെ, വര്‍ണച്ചാര്‍ത്തണിഞ്ഞ പ്രകൃതിയെ അവര്‍ പ്രണയിച്ചു. സ്ത്രീക്ക് സ്ത്രീയോടു തോന്നിയ ഉത്കട പ്രണയത്തെ കലാസൗഭഗമാര്‍ന്ന 'ചന്ദനമരങ്ങളാ'യി മാധവിക്കുട്ടി മലയാളക്കരയില്‍ നട്ടുവളര്‍ത്തി.
നിതാന്തമായ സ്നേഹം തേടിയുള്ള യാത്രകള്‍ക്കിടയിലാണ് മാധവിക്കുട്ടി പ്രണയത്തിന്റെ വഴിയമ്പലങ്ങളില്‍ ചെന്നെത്തിയത്.
''സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്‍ ഇലയും ശിഖരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണെ''ന്നും ''സ്നേഹിച്ചു സ്നേഹിച്ച് ലോകം മുന്നോട്ടുപോകു''മെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.
പ്രണയോത്സവങ്ങളില്‍ മുഴുകി മുറിവേറ്റു നോവുമ്പോഴാവണം, മാധവിക്കുട്ടി കഥകളും കമലാദാസ് കവിതകളുമെഴുതിയത്.
''അതൃപ്തമായ ഈ പ്രേമത്തിന്റെ വിലാപകാവ്യങ്ങള്‍ രചിക്കുകയാണ് എന്റെ മനസ്സ്. എന്നെ നീ മനസ്സിലാക്കിയില്ല'' എന്ന് 'പ്രേമത്തിന്റെ വിലാപകാവ്യം' എന്ന കഥയില്‍.
പരസ്പരം മനസ്സിലാക്കുന്ന, യഥാര്‍ഥസ്നേഹം തേടിയുള്ള വ്രണിതതീര്‍ഥാടനങ്ങളാണ് മാധവിക്കുട്ടിയുടെ ഓരോ രചനയും. അടുത്തെത്തുമ്പോള്‍ അകന്നേ പോവുന്ന മരീചികയാണ് യഥാര്‍ഥ സ്നേഹമെന്ന ഉള്ളുലയ്ക്കുന്ന അറിവിലെത്തിച്ചേരുമ്പോഴും അവര്‍ അതിനെ തള്ളിപ്പറയുന്നില്ല.
''പ്രേമം മരുപ്പച്ചയാണ്, മരീചിക. അതിന്റെ ഹരിതഭംഗി നിങ്ങളെ ചതിക്കും'' ('ലോകത്തിന്റെ മുഖച്ഛായക്ക് എന്തുപറ്റി') എന്നു പറയുന്ന മാധവിക്കുട്ടിതന്നെയാണ് ''പ്രേമിച്ചുതുടങ്ങിയാലേ മുഖം നന്നാവൂ'' ('ജീവിതം തകര്‍ക്കുന്ന കത്തുകള്‍') എന്നും ''സ്നേഹിക്കാത്തവര്‍ സ്വര്‍ഗത്തില്‍ പോവുമെന്ന് എനിക്കു തോന്നുന്നില്ല'' ('കാമഭ്രാന്ത്') എന്നുമെഴുതിയത്.
''ജീവിതത്തിന് അവസാനമുണ്ടെങ്കിലും സ്നേഹത്തിന് ഒരവസാനം വേണമെന്നില്ല'' എന്നു മനസ്സിലാക്കുന്ന കഥാപാത്രമുണ്ട്, 'മെറിന്‍ഡ്രൈവ്' എന്ന കഥയില്‍. ''പ്രേമത്തിന് അവസാനമില്ലെന്ന് വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു''വെന്ന് 'നീര്‍മാതളം പൂത്ത കാല'ത്തില്‍ മാധവിക്കുട്ടി എഴുതി.
'നിലാവിന്റെ മറ്റൊരിഴ'യില്‍ ഇങ്ങനെ:
''പ്രേമമെന്ന രാവിന്ന്
പുലര്‍ക്കാലമെത്തില്ല
ധ്യാനിക്കും നിശ്ശബ്ദതയില്‍
കോഴികള്‍ കൂവുകയില്ല...''
സ്നേഹത്തെപ്പറ്റിയുള്ള വര്‍ധിച്ച ആകുലതകള്‍ക്കിടയില്‍ പെട്ടുലയുമ്പോഴാണ് ''സ്നേഹം പണംപോലെയാണെന്നും അത് ചെലവായിച്ചെലവായി തീരുന്നു''വെന്നും നിരീക്ഷിക്കുന്നത്.
നൊമ്പരങ്ങള്‍ക്കും വിഹ്വലതകള്‍ക്കും ഇത്തിരിപ്പോന്ന നിര്‍വൃതികള്‍ക്കുമിടയില്‍ ''സ്നേഹം മനസ്സില്‍നിന്നു മായുമ്പോള്‍ സമാധാനം കിട്ടുന്നു''വെന്ന് അധികമാരും ശ്രദ്ധിക്കാത്ത, സ്നേഹത്തിന്റെ മറ്റൊരു പരമസത്യവും അവര്‍ കുറിച്ചിടുന്നു.
''പ്രേമികള്‍ക്ക് പ്രേമം മാത്രം മതം'' എന്നു പറഞ്ഞ മാധവിക്കുട്ടി, പ്രേമം എന്ന മതത്തിന്റെ താത്പര്യസംരക്ഷണത്തിനുവേണ്ടിയാണ് ചങ്കൂറ്റത്തോടെ കമലാസുരയ്യയായി പരിവര്‍ത്തനം ചെയ്തത്.
പ്രണയം എന്നാല്‍ ദൈവം
പ്രണയം എന്നാല്‍ ദൈവം തന്നെയാണെന്ന ഖലീല്‍ ജിബ്രാന്റെ മൊഴി ഓര്‍മിപ്പിച്ചുകൊണ്ട് പ്രണയത്തിലൂടെ മാധവിക്കുട്ടി ദൈവത്തെ തേടുകയായിരുന്നു. ''സ്ത്രീക്ക് തന്റെ പുരുഷന്‍ ഈശ്വരനാണ്, ശ്രീകൃഷ്ണനാണ്. അയാളിലുള്ള ശ്രീകൃഷ്ണനെയാണ് അവള്‍ സ്നേഹിക്കുന്നത്...''
('എന്റെ കഥ')
ഭൗതികജീവിതത്തില്‍ ഭര്‍ത്താവിനോടുള്ള സ്നേഹവും മാനസികജീവിതത്തില്‍ കാമുകനോടുള്ള പ്രണയവും സമന്വയിക്കാനുള്ള ശ്രമത്തില്‍ ആത്മസംഘര്‍ഷത്തില്‍പ്പെട്ട് ഉഴലുന്നവരാണ് മാധവിക്കുട്ടിയുടെ നായികമാരില്‍ ഏറിയ പങ്കും. സമൂഹം അടിച്ചേല്പിക്കുന്ന വിവാഹം എന്ന സ്ഥാപനത്തെ നിഷേധിക്കുകയും പ്രകൃതി അനുശാസിക്കുന്ന പ്രണയം എന്ന വികാരത്തെ കൈനീട്ടി സ്വീകരിക്കുകയുമാണ് അവര്‍.
പ്രണയത്തിലെ കൊള്ളലും കൊടുക്കലും നന്നായി അറിയുന്നവരാണ് മാധവിക്കുട്ടിയുടെ പ്രണയിനികള്‍. സ്നേഹം, സ്വീകരിക്കുന്നതോടൊപ്പം ഇരട്ടിയായി തിരിച്ചുകൊടുക്കുന്നതില്‍ അപാരമായ നിര്‍വൃതി നുകരുന്ന തറവാടിയായ ഒരു വീട്ടമ്മ ആ കാമുകിമാരുടെ നെഞ്ചകങ്ങളില്‍ ജീവിച്ചു; മലയാളിമനസ്സുകളില്‍ അവര്‍ക്ക് മരണമില്ല.
