കമല സുരയ്യ പ്രതിഭയുടെ പ്രോജ്വലത

Posted on: 01 Jun 2009

ഡോ. എം. ലീലാവതി



ഭാഷയില്‍ വിദഗ്ദ്ധമായ ശിക്ഷണം ലഭിക്കാതെ സാഹിത്യ രചനയില്‍ അത്യുന്നത സ്ഥാനം നേടിയ പ്രതിഭാശാലികളുടെ ഉന്നത നിരയിലാണ് മലയാള ചെറുകഥകള്‍ രചിച്ച മാധവിക്കുട്ടിയുടെയും ഇംഗ്ലീഷ് കവിതകള്‍ രചിച്ച കമലാദാസിന്റെയുംസ്ഥാനം. കൊല്‍ക്കത്തയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഘട്ടമുണ്ടായതെന്നതിനാല്‍ മലയാള ഭാഷയില്‍ ഔപചാരികമായ ശിക്ഷണം ഉണ്ടായില്ല. സ്‌കൂള്‍തലം വിട്ട് ഉപരിവിദ്യാഭ്യാസമുണ്ടായില്ലെന്നതിനാല്‍ ഇംഗ്ലീഷ്ഭാഷയിലും സാഹിത്യരചനയ്ക്ക് വേണ്ടിടത്തോളം ശിക്ഷണം ലഭിച്ചില്ല. എന്നിട്ടും മലയാളത്തിലെ സമകാലിക ചെറുകഥാ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിനിയായി മാധവിക്കുട്ടി ഉയര്‍ന്നു.

സമകാലിക ഇന്തോ-ആംഗ്ലിയന്‍ കവിതാ സാമ്രാജ്യത്തിലും അതുപോലെ അഗ്രഗണ്യയായി. അത്യത്ഭുതകരം എന്നു വിശേഷിപ്പിക്കാവുന്നതാണ് ഈ രണ്ട് പ്രതിഭാസങ്ങളും. മനോഹരമായ ഇംഗ്ലീഷില്‍ പ്രഭാഷണം ചെയ്യാനും സാമൂഹിക-രാഷ്ട്രീയ സംഭവങ്ങളെപ്പറ്റിയും അവസ്ഥാവിശേഷങ്ങളെപ്പറ്റിയും ലേഖന പരമ്പരകള്‍ രചിക്കാനും അവര്‍ക്കു കഴിഞ്ഞിരുന്നു. ലോകത്തിലെ പ്രശസ്തരായ ധിഷണാശാലികളും പ്രൊഫസര്‍മാരും ബുദ്ധിജീവികളും സശ്രദ്ധം കേട്ടുകൊണ്ടിരിക്കത്തക്കവണ്ണം അര്‍ഥപൂര്‍ണവും മൗലികാശയ നിര്‍ഭരവുമായ പ്രഭാഷണങ്ങള്‍; രാഷ്ട്രീയ പ്രവര്‍ത്തകരും സാമൂഹിക ചിന്തകരും വായിച്ചഭിനന്ദിച്ചിരുന്ന ശൈലീസുന്ദരവും ഫലിതപൂര്‍ണവുമായ ലേഖനങ്ങള്‍. രണ്ടിലും ആഴമേറിയ ജീവിത നിരീക്ഷണങ്ങള്‍ കൊണ്ടുള്ള ഗൗരവം അപ്രതിമം. യൂണിവേഴ്‌സിറ്റികളെപ്പറ്റി വിദ്യാഭ്യാസകാലത്ത് കേട്ടറിവുമാത്രമുള്ള കമലാദാസിന്റെ ഇംഗ്ലീഷ് കവിതകള്‍ എത്രയോ വിദേശ യൂണിവേഴ്‌സിറ്റികളില്‍ പാഠ്യഗ്രന്ഥങ്ങളാണ്. അവരുടെ കവിതയെപ്പറ്റി ഗവേഷണ പ്രബന്ധങ്ങള്‍ രചിച്ച് ഡോക്ടറേറ്റ് നേടിയ പലരുണ്ട്. അതുപോലെ മലയാള ചെറുകഥകളെ ആസ്​പദമാക്കി രചിച്ച മലയാള ഗവേഷണ പ്രബന്ധങ്ങളുമുണ്ട്. പ്രതിഭ അഥവാ സഹജസിദ്ധിയാണ്, ശിക്ഷണമല്ല ആ ഉന്നതതലങ്ങളിലേക്ക് അവരെ എത്തിച്ചത്. അവരുടെ ഇന്തോ-ആംഗ്ലിയന്‍ കവിതയുടെ പേരില്‍ ഏറ്റവും സമുന്നതമായ അന്താരാഷ്ട്ര പുരസ്‌കാരം ലഭിക്കാന്‍ അവര്‍ക്ക് അര്‍ഹത ഉണ്ടായിരുന്നു.

ലഭിച്ചില്ല എന്നത് ഇന്ത്യയുടെയും കേരളത്തിന്റെയും നഷ്ടം. രവീന്ദ്രനാഥ ടാഗോറിനു ശേഷം, ഇതുപോലെ വിദേശ ഭാഷയിലും മാതൃഭാഷയിലും സര്‍ഗാത്മക രചനകള്‍ തുല്യ ഗൗരവത്തോടെ നിര്‍വഹിക്കാന്‍ കഴിഞ്ഞിട്ടുള്ള മറ്റൊരു ഭാരതപുത്രനോ പുത്രിയോ ഉണ്ടോ? ഇല്ല എന്നാണെന്റെ തോന്നല്‍. എന്നിട്ടും ഈ അസാധാരണ പ്രതിഭാസത്തെ വേണ്ടപോലെ അംഗീകരിക്കാന്‍ ഭാരതത്തിനു കഴിഞ്ഞുവോ? രണ്ടു ഭാഷകളില്‍ ഒരുപോലെ പ്രാവീണ്യമുണ്ടാകുന്നതിന്‍പേരില്‍ ഇരട്ടി സമാദരം നല്‍കുകയാണ് വേണ്ടത്. എന്നാല്‍ ഇംഗ്ലീഷില്‍ പുരസ്‌കാരം നല്‍കിക്കഴിഞ്ഞതിനാല്‍ മലയാളത്തിലുള്ള അവരുടെ രചനകള്‍ പരിഗണിക്കേണ്ടതില്ല എന്ന ഒരു സമീപനമാണ് കേന്ദ്ര സാഹിത്യ അക്കാദമിക്കുണ്ടായിരുന്നത്. അല്ലായ്കില്‍ മാധവിക്കുട്ടിയുടെ ചെറുകഥകള്‍ പുരസ്‌കാരാര്‍ഹമല്ല എന്ന നിഗമനം ഉണ്ടാവാനിടയില്ലല്ലോ. ഇരട്ടിച്ച വൈദഗ്ദ്ധ്യത്തിന് പാതിപ്പെട്ട അംഗീകാരം എന്ന വൈരുധ്യം അങ്ങനെ സംഭവിച്ചു. ഇന്തോ-ആംഗ്ലിയന്‍ കവിതകളിലൂടെ ഇന്ത്യയുടെ അഭിമാനം വളര്‍ത്തിയ കമലാദാസിന് സാംസ്‌കാരിക രംഗത്തെ അത്യുന്നതര്‍ക്ക് നല്‍കിപ്പോരാറുള്ള ബഹുമതികളും നല്‍കപ്പെടുകയുണ്ടായില്ല. പ്രശസ്തരായ നടീനടന്മാര്‍ക്കും മറ്റും രാജ്യസഭാംഗത്വം നല്‍കപ്പെടുമ്പോള്‍ എഴുത്തുകാരിലെ സമുന്നതര്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

ചെറുകഥാകര്‍ത്ത്രി എന്ന നിലയ്ക്കും സ്മൃതിപരമ്പരകളിലൂടെയുള്ള ആത്മകഥാ കര്‍ത്ത്രി എന്ന നിലയ്ക്കും മലയാളത്തില്‍ മാധവിക്കുട്ടിക്കുള്ള സ്ഥാനം അപ്രതിമമാണ്. ചെറുകഥകളില്‍ സംഭവ ചിത്രണം, സമൂഹവിമര്‍ശം, മാനുഷികാവസ്ഥകളുടെ ചിത്രണം എന്ന പല വിഭാഗങ്ങളുമുണ്ട്. ഏതു വകുപ്പില്‍പ്പെട്ടവയായാലും വാച്യമായ പ്രസ്താവനകളോ ആക്രോശങ്ങളോ പ്രഖ്യാപനങ്ങളോ തീരെയില്ലാതെ ഭാവധ്വനനം കൊണ്ടു മാത്രം രചനയെ ഹൃദയസ്​പര്‍ശിയാക്കുന്ന രീതിയാണുള്ളത്. നെയ്പായസം, രുഗ്മിണിക്കൊരു പാവക്കുട്ടി, മാധവിയുടെ മകള്‍, കല്യാണി, പക്ഷിയുടെ മണം മുതലായ കഥകള്‍ ഓരോന്നും വിഭിന്നമായ ഭാവതലങ്ങളുള്ളവയാണ് - ഒരു ദൈന്യം നിറഞ്ഞ അവസ്ഥാവിശേഷം, സാമൂഹികമായി ദുഷിച്ചുപോയ ജീവിതഘടനയില്‍ നിരാലംബയായ ഒരു പെണ്‍കുട്ടിയുടെ നിഷ്‌കളങ്കതയ്ക്കുള്ള ഓജസ്സ്, ദാരിദ്ര്യത്തിന്റെ കെടുതി, പുരുഷന്മാരുടെ ബോധപൂര്‍വമായ സ്ത്രീചൂഷണം, വിഭ്രാമകമായ അന്തരീക്ഷ സൃഷ്ടിയിലൂടെ ഉണ്ടാക്കുന്ന ഭയനിര്‍ഭരത... ഇങ്ങനെ അവയുടെ വൈകാരികതലങ്ങള്‍ വിഭിന്നങ്ങളാണ്. ഓരോന്നും ഭാവധ്വനന തന്ത്രത്തിന്റെ മികവുകൊണ്ടാണ് മികച്ച കലാസൃഷ്ടിയാകുന്നത്. സ്മൃതിപരമ്പരകളില്‍ കഥാപാത്രങ്ങളുടെ വ്യക്തിഭാഷ യഥാതഥമായി അവതരിപ്പിക്കുന്നതിലൂടെ ഒരു നവലോകം സൃഷ്ടിക്കാന്‍ കഴിഞ്ഞിരിക്കുന്നു. ഏതു നിലയ്ക്കും പ്രതിഭയുടെ പ്രകാശംതന്നെയാണ് മാധവിക്കുട്ടിയുടെ രചനകളെ കാലദേശങ്ങള്‍ക്ക് അതീതമായ മഹനീയ കലാസൃഷ്ടികളാക്കുന്നത്.





MathrubhumiMatrimonial