സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം-മുഖ്യമന്ത്രി

Posted on: 01 Jun 2009


തിരുവനന്തപുരം: ഇന്ത്യന്‍ സാഹിത്യത്തിന് പൊതുവിലും സാംസ്‌കാരിക കേരളത്തിനും തീരാനഷ്ടമാണ് കമലാ സുരയ്യയുടെ നിര്യാണത്തിലൂടെ ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു.
''ഇംഗ്ലീഷ് കവിതകളിലൂടെ ലോക പ്രശസ്തയായി തുടരുമ്പോഴും മലയാളത്തില്‍ അവര്‍ നിറസാന്നിധ്യമായിരുന്നു. കവിതയായാലും ചെറുകഥയായാലും ആത്മകഥയായാലും മാധവിക്കുട്ടിയുടെ ഭാഷയൊന്നായിരുന്നു; സ്‌നേഹത്തിന്റെ ഭാഷ. സ്ത്രീ അബലയോ അടിമയോ അല്ലെന്നും പുരുഷന് തുല്യയാണെന്നുമുള്ള ധീരമായ പ്രഖ്യാപനം അവര്‍ നടത്തി''-വി.എസ്. പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് കേരളം വിട്ടുപോവുമ്പോള്‍ എറണാകുളത്തെ ഫ്‌ളാറ്റില്‍ പോയി താന്‍ മാധവിക്കുട്ടിയെ സന്ദര്‍ശിച്ച കാര്യം വി.എസ്. അനുസ്മരിച്ചു. ''കേരളം കമലയെ അങ്ങേയറ്റം സ്‌നേഹിക്കുന്നുവെന്നും ഇവിടെ നിന്ന് പോകരുതെ''ന്നും അന്ന് ഞാന്‍ പറഞ്ഞു. പോയാലും തിരികെയെത്തുമെന്ന് അവര്‍ വാക്കുതന്നു. പക്ഷേ ആ വാക്ക് പാലിക്കാതെ അവര്‍ വിടവാങ്ങി.
സ്‌നേഹത്തിന്റെ അവസ്ഥ സ്വന്തം അനുഭവകഥകളിലൂടെ
പറഞ്ഞുതന്ന, മാധവിക്കുട്ടി എന്ന കമലാദാസ് എന്ന കമലാ സുരയ്യയുടെ നിര്യാണത്തില്‍ ഞാന്‍ അനുശോചിക്കുന്നു-വി.എസ്. പറഞ്ഞു.

ഗവര്‍ണര്‍ അനുശോചിച്ചു

തിരുവനന്തപുരം: കമലാസുരയ്യ(മാധവിക്കുട്ടി) യുടെ വിയോഗം തന്നെ നടുക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തതായി കേരള ഗവര്‍ണര്‍ ആര്‍.എസ്. ഗവായ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഗദ്യവും കവിതയും അനായാസം വഴങ്ങിയ കമലാസുരയ്യ സ്‌നേഹത്തിന്റെയും കാത്തിരിപ്പിന്റെയും കഥകള്‍ പറഞ്ഞ് എല്ലാ തലമുറയിലുള്ളവരുടെയും സ്‌നേഹം ഏറ്റുവാങ്ങി. മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള അവരുടെ സുധീരവും മികവുറ്റതുമായ വെളിപ്പെടുത്തലുകള്‍ എക്കാലവും സ്മരിക്കപ്പെടും - ഗവര്‍ണര്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു.

കുടുംബാംഗം നഷ്ടമായ വേദന -ആന്റണി

മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിയാണ് കമലാ സുരയ്യയെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും ലക്ഷോപലക്ഷം ആരാധകരെ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഒരുപക്ഷേ, മലയാള എഴുത്തുകാരില്‍ ലോകവ്യാപകമായി അറിയപ്പെടാന്‍ സുരയ്യയെപ്പോലെ മറ്റാര്‍ക്കും കഴിഞ്ഞിട്ടുണ്ടാകില്ല. തന്നെ സംബന്ധിച്ചിടത്തോളം ഒരു കുടുംബാംഗം നഷ്ടപ്പെട്ട വേദനയാണുള്ളത്. തുടക്കത്തില്‍ കേരളം വിട്ടുള്ള തന്റെ യാത്രകളില്‍ വളരെ സഹായം ചെയ്തിട്ടുള്ള കുടുംബമാണ് അവരുടേത്.
ബോംബെ വഴി ഡല്‍ഹിക്ക് വരുന്ന അവസരത്തില്‍ കയറിക്കിടക്കാന്‍ അവസരം നല്‍കിയത് ദാസേട്ടനും സുരയ്യയുമാണ് -ആന്റണി അനുസ്മരിച്ചു.


അവസാനമായി കാണാന്‍ കഴിഞ്ഞില്ല - വയലാര്‍ രവി

കൊച്ചി: സ്വന്തം ചേച്ചിതന്നെയായിരുന്നു കമല സുരയ്യ തനിക്കെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി അനുസ്മരിച്ചു. 'ആമിയേടത്തി'യുടെ നിര്യാണത്തില്‍ എന്റെ ദുഃഖം പറഞ്ഞറിയിക്കാനാവില്ല.
പുണെയില്‍ പോയി കാണണമെന്നു തീരുമാനിച്ചിരുന്നതാണ്. പക്ഷേ നടന്നില്ല. അത് ഒരു വലിയ നഷ്ടമായി അവശേഷിക്കുന്നു - വയലാര്‍ രവി പറഞ്ഞു.


വസന്തം പൊലിഞ്ഞു - മുല്ലപ്പള്ളി

കമലാ സുരയ്യയുടെ മരണത്തോടെ സാഹിത്യലോകത്ത് ഒരു വസന്തമാണ് നഷ്ടമായിരിക്കുന്നതെന്ന് ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അവരുടെ കഥകളും രചനകളും ആര്‍ത്തിയോടെ വായിച്ച ഒരു ആരാധകനാണ് ഞാന്‍. ഇതുപോലെ സ്‌നേഹത്തിന്റെ തീവ്രതയെക്കുറിച്ച് സ്‌നേഹനിരാസത്തിന്റെ അഗാധദുഃഖത്തെക്കുറിച്ച് ഇത്രയും മനോഹരമായി കഥകള്‍ എഴുതിയിട്ടുള്ള കഥാകൃത്തുക്കള്‍ നമുക്ക് വിരളമാണ്. ഞാന്‍ ഏറെ സ്‌നേഹിക്കുന്ന കഥാകൃത്തുക്കളില്‍ മുന്‍നിരയില്‍തന്നെയാണ് മാധവിക്കുട്ടിയുടെ സ്ഥാനം -മുല്ലപ്പള്ളി പറഞ്ഞു.

ഉമ്മന്‍ചാണ്ടി അനുശോചിച്ചു


ആലപ്പുഴ: കമല സുരയ്യയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി അനുശോചിച്ചു. കമല സുരയ്യ സാഹിത്യ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ മലയാളികള്‍ ഒരിക്കലും മറക്കില്ല. കേരളത്തിനുണ്ടായത് തീരാനഷ്ടമാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


ലോകനിലവാരത്തിലെത്തിച്ചു -ചെന്നിത്തല

കമലാ സുരയ്യ തന്റെ സാഹിത്യത്തിലൂടെ കൊച്ചുകേരളത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുകയായിരുന്നുവെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.

മന്ത്രിമാരായ പി.കെ. ശ്രീമതി, കെ.പി. രാജേന്ദ്രന്‍ എന്നിവരും ജനതാദള്‍ (എസ്) ദേശീയ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ., ടി.എം. ജേക്കബ്, വി.എസ്. ശിവകുമാര്‍, തലേക്കുന്നില്‍ ബഷീര്‍, കെ.സി. വേണുഗോപാല്‍ എം.പി., പന്തളം സുധാകരന്‍, ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി വി.പി. രാമകൃഷ്ണപിള്ള, ആര്‍.എസ്.പി-ബി. ജനറല്‍സെക്രട്ടറി പ്രൊഫ. എ.വി. താമരാക്ഷന്‍ എന്നിവരും അനുശോചിച്ചു.
സി.പി.ഐ. സംസ്ഥാന കൗണ്‍സിലില്‍, എ.കെ.ജി.സി.ടി. സംസ്ഥാനകമ്മിറ്റി എന്നിവയും അനുശോചിച്ചു.


വേറിട്ട ശബ്ദം-സ്​പീക്കര്‍

സാഹിത്യത്തില്‍ വേറിട്ട ശബ്ദമായിരുന്നു കമലാ സുരയ്യയുടേതെന്ന് സ്​പീക്കര്‍ കെ. രാധാകൃഷ്ണന്‍ അനുസ്മരിച്ചു.


സാഹിത്യത്തിലെ ധീരവനിത -പിണറായി

ആലുവ: സാഹിത്യത്തിലെ ധീരവനിതയായിരുന്നു കമലസുരയ്യയെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ അനുസ്മരിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള കൃതികളിലൂടെ വിശ്വസാഹിത്യത്തിലും ഇടംനേടിയ സാഹിത്യകാരിയുടെ വിയോഗം മലയാളികള്‍ക്കൊക്കെ നഷ്ടമാണെന്നും പിണറായി പറഞ്ഞു.


നിര്‍ഭയയായ എഴുത്തുകാരി -പി.വി. ഗംഗാധരന്‍


മനോഹരമായ കഥകളിലൂടെയും കവിതകളിലൂടെയും സാഹിത്യലോകത്ത് നവീന ഭാവുകത്വം സൃഷ്ടിച്ച കമലാ സുരയ്യ എക്കാലത്തെയും മികച്ച എഴുത്തുകാരിയാണെന്ന് ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഫസ്റ്റ് വൈസ് പ്രസിഡന്റ് പി.വി. ഗംഗാധരന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

നീര്‍മാതളഭൂമി ആത്മാര്‍ഥതയുടെ പ്രതീകം -സാഹിത്യ അക്കാദമി


തൃശ്ശൂര്‍:സാഹിത്യ അക്കാദമിക്ക് കമലാ സുരയ്യ സംഭാവന നല്കിയ നീര്‍മാതളഭൂമി സാഹിത്യത്തോടും ഭാഷയോടും അവര്‍ക്കുള്ള സ്‌നേഹത്തിന്റെയും ആത്മാര്‍ഥതയുടെയും പ്രതീകമാണെന്ന് കേരള സാഹിത്യഅക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ അക്കാദമിയില്‍ മാധവിക്കുട്ടിയുടെ ശരീരം പൊതുദര്‍ശനത്തിനു വെയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരി -കാക്കനാടന്‍


കൊല്ലം: താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന എഴുത്തുകാരിയാണ് മാധവിക്കുട്ടിയെന്ന് കാക്കനാടന്‍ പറഞ്ഞു. അവരുടെ ആദ്യകാലംമുതലുള്ള എല്ലാ കൃതികളും വായിച്ചിട്ടുണ്ട്.

ലോകസാഹിത്യത്തിന് മലയാളത്തിന്റെ സംഭാവന -അക്കിത്തം


ആനക്കര: ലോകസാഹിത്യത്തിന് മലയാളക്കര നല്കിയ സംഭാവനയാണ് മാധവിക്കുട്ടിയെന്ന് മഹാകവി അക്കിത്തം പറഞ്ഞു. പുന്നയൂര്‍കുളത്തെ തൊടിയില്‍ പൂത്ത നീര്‍മാതളത്തിന്റെ സുഗന്ധം കടലുകള്‍കടന്നത് ഈ മനസ്വിനിയുടെ മഹത്വത്തിന് ഉദാഹരണമാണ്. 'എന്റെ കഥ'യുടെ പേരില്‍ മാധവിക്കുട്ടിക്ക് ഏറെ പഴി കേള്‍ക്കേണ്ടിവന്നു. പക്ഷേ, അതെല്ലാം സാങ്കല്പികസത്യങ്ങളായിരുന്നു. കഥകളെ ജീവിതമായി വായിച്ചതാണ് തെറ്റ്. വയസ്സുകൊണ്ട് തന്നെക്കാള്‍ എട്ടുകൊല്ലം ഇളയതാണ് മാധവിക്കുട്ടിയെങ്കിലും രചനകളുടെ മഹത്വം കൊണ്ടും പ്രസിദ്ധികൊണ്ടും അവര്‍ തന്നേക്കാള്‍ നൂറ്റാണ്ടുകള്‍ മുന്നിലാണെന്നാണ് തോന്നല്‍. ഹൃദയത്തോട് ചേര്‍ത്തുവെക്കാവുന്നവയാണ് ആമിയുടെ രചനകള്‍. 'ഓണ്‍ലി ദി സോള്‍ നോസ് ഹൗ ടു സിങ്' എന്ന അവരുടെ ഇംഗ്ലീഷ് രചന ഉദാത്തകൃതികളുടെ ഉന്നതിയില്‍ വിരാചിക്കുന്നു -അക്കിത്തം പറഞ്ഞു.

മലയാളത്തിന്റെ മികച്ച കഥാകൃത്ത് - പ്രൊഫ. എം.കെ. സാനു


കൊച്ചി: കമല സുരയ്യയുടെ മരണത്തോടെ ഏറ്റവും മികച്ച കഥാകൃത്തുക്കളില്‍ ഒരാളെയാണ് മലയാളത്തിന് നഷ്ടമായതെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു.ലോക സാഹിത്യത്തിന്റെ നിലവാരത്തിലുള്ള മൂന്നു കഥകള്‍ മലയാളത്തില്‍ നിന്നു തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ തിരഞ്ഞെടുക്കുന്നതില്‍ ഒന്ന് മാധവിക്കുട്ടിയുടെ 'പക്ഷിയുടെ മണം' ആയിരിക്കും, അദ്ദേഹം പറഞ്ഞു.സ്‌നേഹപൂര്‍ണമായ സാന്ത്വനത്തിന്റെ ഒട്ടേറെ ഓര്‍മകള്‍ കമല സുരയ്യയുമായി ബന്ധപ്പെട്ടുണ്ട്. അവര്‍ എനിക്ക് സഹോദരിയെപ്പോലെയായിരുന്നു. 1959-ല്‍ മലയാളത്തിലെ രണ്ടു കഥാകാരികളെക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു. നാലപ്പാട്ട് കമല, സരസ്വതിയമ്മ എന്നിവരെക്കുറിച്ചാണ് അന്ന് എഴുതിയത്. കാല്‍ നൂറ്റാണ്ടിനു ശേഷമാണ് കമലയെ നേരില്‍ കാണുന്നത്. തമാശകളും സാഹിത്യവുമെല്ലാം ഒരേപോലെ ചര്‍ച്ച ചെയ്യാനാകുമായിരുന്നു കമല സുരയ്യയുമായി. ഒരിക്കല്‍ പരാലിസിസ് ബാധിച്ച സുഹൃത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഞങ്ങള്‍. 'അങ്ങനെയൊരവസ്ഥ വന്നാല്‍ വല്ല സയനൈഡും കഴിച്ച് മരിക്കണം' എന്നൊരു തമാശ പറഞ്ഞു ഞാന്‍. 'എനിക്കൊരാള്‍ രണ്ട് സയനൈഡ് ഗുളിക തരാമെന്നേറ്റിട്ടുണ്ട്; ഒരെണ്ണം മാഷിന് തരാം' എന്നായിരുന്നു മറുപടി' - സാനു മാഷ് ഓര്‍മിക്കുന്നു.




MathrubhumiMatrimonial