
സ്‌നേഹപ്രപഞ്ചം -വീരേന്ദ്രകുമാര്‍
Posted on: 01 Jun 2009
മലയാളകഥാലോകത്തിലെ നിത്യവസന്തമായിരുന്നു കമലാസുരയ്യ. അവരുടെ കഥകളിലും കവിതകളിലും വിസ്തൃതമായ ഒരു സ്‌നേഹപ്രപഞ്ചത്തിന്റെ നിഴലും നിലാവും വ്യാപിച്ചുകിടക്കുന്നു. എല്ലാ വിലക്കുകളും ലംഘിച്ച പടവാളാണ് തന്റെ തൂലികയെന്ന് ഈ കഥാകാരിതന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സ്വന്തം അനുഭവങ്ങളുടെ തീക്ഷ്ണമായ ലോകമാണ് അവരുടെ രചനകളില്‍ കാണുന്നത്. ജീവിതത്തില്‍ അവര്‍ സ്വീകരിച്ച പല തീരുമാനങ്ങളും ഈ അനുഭവങ്ങളില്‍നിന്ന് ഊറിക്കൂടിയതാണ്. മറ്റ് എഴുത്തുകാരില്‍നിന്ന് വ്യത്യസ്തമായി കഥാകാരിയുടെ അനുഭവലോകത്തെ അതേ തീവ്രതയില്‍ വായനക്കാരും സാത്മീകരിച്ചു. ആ കഥകളില്‍ സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും നിര്‍ണ്ണയിക്കപ്പെട്ട വരമ്പുകള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഭാവപൂര്‍ണ്ണമായ ആ രചനകള്‍, വിശ്വസാഹിത്യത്തില്‍ ഇടംകണ്ടെത്തി.'മാതൃഭൂമി'യിലൂടെയാണ് കമലാസുരയ്യ എഴുതിത്തുടങ്ങിയത്. മാതൃഭൂമിയുമായുള്ള ആത്മബന്ധം അവര്‍ എല്ലായ്‌പ്പോഴും എടുത്തുപറഞ്ഞിട്ടുണ്ട്. 'മാതൃഭൂമി' അവരുടെ കുടുംബമായിരുന്നു. കഥയിലും കവിതയിലും ഒരുപോലെ കൃതഹസ്തയായ ഈ വലിയ എഴുത്തുകാരിയുടെ വേര്‍പാട് വിശ്വസാഹിത്യത്തിനുതന്നെ വലിയനഷ്ടമാണ്.
പി.വി. ചന്ദ്രന്‍
കമലാസുരയ്യ എന്ന മാധവിക്കുട്ടിയുടെ വേര്‍പാട് മലയാളത്തിനു മാത്രമല്ല ലോകസാഹിത്യത്തിനുതന്നെ തീരാനഷ്ടമാണ്. തന്റെ സൃഷ്ടികളിലൂടെ, സ്‌നേഹത്തിന്റെ വലിയൊരു കാവലാളായി എഴുത്തുകാരി മാറി. കവിതയിലും കഥയിലും ഒരുപോലെ പ്രാഗല്ഭ്യം പ്രകടിപ്പിച്ചിട്ടുള്ള ഈ കഥാകാരി സ്ത്രീലോകങ്ങളെക്കുറിച്ച് പ്രത്യേകമായൊരു ഉള്‍ക്കാഴ്ചയോടെ എഴുതി.മാതൃഭൂമിയുമായുള്ള ഈ എഴുത്തുകാരിയുടെ ബന്ധം സുദൃഢമായിരുന്നു. അവരുടെ ഏറ്റവും മികച്ച രചനകള്‍ പ്രത്യക്ഷപ്പെട്ടത് മാതൃഭൂമിയിലൂടെയാണ്. ഈ നിര്യാണംമൂലം സാംസ്‌കാരികലോകത്തിനും സാഹിത്യത്തിനും സംഭവിച്ചിട്ടുള്ള നഷ്ടം നികത്താനാവാത്തതാണ്.
ഉണ്ണികൃഷ്ണന്‍ പുതൂര്‍
സാഹിത്യരചനയില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച ഒരു മഹാമാന്ത്രികയായിരുന്നു മാധവിക്കുട്ടി എന്ന കമലാസുരയ്യ. പ്രണയത്തിനും സ്‌നേഹത്തിനുംവേണ്ടി ജീവിച്ച ഈ കവയിത്രിയെ ഒരിക്കല്‍ പരിചയപ്പെട്ടവര്‍ക്കാര്‍ക്കും മറക്കാന്‍ പറ്റുകയില്ല. അസാധാരണവ്യക്തിത്വമായിരുന്നു അവരുടേത്. സര്‍ഗ്ഗാത്മകതയെ ആത്മാവിന്റെ ഈണങ്ങളോട് അടുപ്പിച്ച ഈ സാഹിത്യകാരിയെ മലയാളികള്‍ക്ക് അത്രവേഗത്തിലൊന്നും മറക്കാന്‍ പറ്റുകയില്ല. ആ ഹൃദയവിശാലതയ്ക്കും സ്‌നേഹവായ്പിനും മുമ്പില്‍ തലകുനിക്കുന്നു. അവര്‍ക്ക് നിത്യശാന്തി നേരുന്നു.
