
സ്‌നേഹം ആവാഹിച്ച രുദ്രാക്ഷം
Posted on: 01 Jun 2009
പുനത്തില്‍ കുഞ്ഞബ്ദുള്ള
വലിയൊരു വടവൃക്ഷം പോലെ മനസ്സില്‍ പടര്‍ന്നു നില്ക്കുകയാണ് എന്റെ
പ്രിയപ്പെട്ട കഥാകാരിയെക്കുറിച്ചുള്ള ഓര്‍മകള്‍
പ്രിയപ്പെട്ട കഥാകാരിയെക്കുറിച്ചുള്ള ഓര്‍മകള്‍
പതിനാലോ പതിനഞ്ചോ വയസ്സുള്ളപ്പോഴാണ് മാധവിക്കുട്ടിയുടെ കഥകള്‍ വായിച്ചു തുടങ്ങുന്നത്. 1950കളുടെ മധ്യകാലം. തകഴിയെയും കേശവദേവിനെയും പോലുള്ളവരുടെ കഥകളാണ് വായിച്ചു പരിചയമുള്ളത്. കാമ്പുള്ള കഥകള്‍ക്കിടയിലേക്ക് കഥയില്ലാത്ത കഥകള്‍ കടന്നുവന്നപ്പോള്‍ അമ്പരപ്പാണുണ്ടായത്. ഇതെന്തു കഥ ? എന്നായി സന്ദേഹം.
പിന്നീട് കോളേജിലെത്തിക്കഴിഞ്ഞ് രണ്ടാമതും വായിച്ചപ്പോഴാണ് കഥയില്ലാത്ത കഥകളിലെ യഥാര്‍ത്ഥ കഥ തിരിച്ചറിയാനായത്. പിന്നെ രണ്ട് കരകളിലും അലയടിച്ചൊഴുകുന്ന ആ കഥാനദിയില്‍ മുങ്ങി ആനന്ദം കൊണ്ടു. അക്ഷരാര്‍ത്ഥത്തില്‍ ഒരു മഹാനദിപോലെയായിരുന്നു അവരുടെ കഥകള്‍. രാജ്യത്തിന്റെ ഒരറ്റത്തുനിന്ന് ഒഴുകി മറ്റേ അറ്റത്തേയ്ക്ക് വളവുതിരിവുകള്‍ കഴിഞ്ഞ് ഒഴുകിയെത്തുന്ന നദീപ്രവാഹം.
തന്റെ കഥകളില്‍ കല്ലുവെച്ച നുണകളാണുള്ളതെന്ന് ചേച്ചി പറയുമായിരുന്നു. ആ നുണകളില്‍ സത്യത്തിന്റെ അംശമുണ്ടായിരുന്നു. നമുക്ക് സഫലീകരിക്കാന്‍ പറ്റാത്ത ആഗ്രഹങ്ങളാവും സ്വപ്നങ്ങളില്‍ കടന്നുവരുന്നത്. സഫലമാകാത്ത ചില സ്വപ്നങ്ങളുടെ സഫലീകരണമായാണ് എന്റെ കഥ. ഒരു പക്ഷേ, യാഥാര്‍ത്ഥ്യങ്ങളെ അയഥാര്‍ത്ഥ്യമാക്കിയതാകാം, അല്ലെങ്കില്‍ അയഥാര്‍ത്ഥ്യങ്ങളെ യാഥാര്‍ത്ഥ്യമാക്കിയതാകാം.
കഥകള്‍ വായിച്ചുള്ള പരിചയത്തില്‍ ഒരു കത്തയച്ചു. നേരിട്ട് പരിചയം സ്ഥാപിക്കാന്‍ വേണ്ടി. 'പ്രിയപ്പെട്ട ആമി' എന്നായിരുന്നു ഞാന്‍ അഭിസംബോധന ചെയ്തിരുന്നത്. അത് ചേച്ചിക്ക് ഒട്ടും ഇഷ്ടമായില്ല. 'ആമി എന്നു വിളിക്കാന്‍ നിന്റെ മടിയിലിരുത്തിയാണോ എനിക്ക് പേരിട്ടത്' എന്നായിരുന്നു മറുപടി. പിന്നീട് കണ്ടപ്പോള്‍ ഇതേക്കുറിച്ച് സംസാരിച്ചു. ആദ്യകാഴ്ചയില്‍ത്തന്നെ സ്‌നേഹത്തിന്റെ നിറകുടമായി മാറിയ അനുഭവമായിരുന്നു ആ കൂടിക്കാഴ്ച.
ദാസേട്ടന്‍ തിരുവനന്തപുരത്ത് ആസ്പത്രിക്കിടക്കയിലായിരുന്ന സമയത്ത് കാണാന്‍ ചെന്നത് ഓര്‍ക്കുന്നു. ദാസേട്ടന്റെ ആവശ്യപ്രകാരം ഞാന്‍ അദ്ദേഹത്തിന്റെ പള്‍സ് പരിശോധിച്ചു.
എന്റെ വിരല്‍ത്തുമ്പിലെ ചൈതന്യമാണ് പള്‍സ് നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഹൃദയതാളത്തിനോടു ചേരുന്നതെന്നായിരുന്നു മാധവിക്കുട്ടിയുടെ അഭിപ്രായം. ആ ചൈതന്യം ദാസേട്ടന് ആശ്വാസം നല്‍കുമെന്ന വിശ്വാസം. അതിന്റെ സന്തോഷമായി ഒരു രുദ്രാക്ഷം എനിക്ക് സമ്മാനമായി തന്നു. പരിശോധനയ്ക്കുള്ള ഫീസ് ആകട്ടെ എന്ന നിര്‍ദേശവും.
നാലപ്പാട്ടു തറവാട്ടിലെ വലിയ സ്വത്താണെന്നു പറഞ്ഞ് എനിക്ക് സമ്മാനിച്ച ആ രുദ്രാക്ഷം കറുത്ത ചരടില്‍ ക്കെട്ടി കുറേക്കാലം കഴുത്തിലണിഞ്ഞിരുന്നു.
ഇപ്പോഴും എന്റെ പെട്ടിയില്‍ ആ രുദ്രാക്ഷം സൂക്ഷിച്ചിരിക്കുന്നു. ദാനം ജീവിതവ്രതമാക്കിയ ഒരു വലിയ കഥാകാരിയുടെ സ്നേഹസ്പര്‍ശം നേരിട്ടാവാഹിച്ച ഒരു അമൂല്യനിധിപോലെ. മറക്കാനാകാത്ത ഒരു പാട് നല്ല അനുഭവങ്ങളുടെ സ്‌നേഹം നിറയുന്ന ഒരു മുത്ത്.
