സാംസ്‌കാരിക കേരളത്തിന്റെ ആദരാഞ്ജലി

Posted on: 31 May 2009


തിരുവനന്തപുരം: കമലാ സുരയ്യുടെ വേര്‍പാടില്‍ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രശസ്തര്‍ അനുശോചിച്ചു.

കമലാ സുരയ്യയുടെ വേര്‍പാട് ഇന്ത്യന്‍ സാഹിത്യത്തിനും പ്രത്യേകിച്ച് സാംസ്‌കാരിക കേരളത്തിനും കനത്ത നഷ് ടമാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സ്‌നേഹത്തിന്റെ കഥാകാരി ആയിരുന്നു അവര്‍. സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സന്ദേശമായിരുന്നു അവരുടെ കൃതികളെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

സ്വന്തം കുടുംബാംഗം നഷ് ടപ്പെട്ട വേദനയാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു. ആദ്യകാലങ്ങളിലെ കേരളം വിട്ടുള്ള യാത്രകളില്‍ നിരവധി സഹായങ്ങള്‍ കമല സുരയ്യുടെ കുടുംബം നല്‍കിയിട്ടുണ്ട്. മുംബൈ വഴിയുള്ള ഡല്‍ഹി യാത്രകളില്‍ പലതവണ അവരുടെ കുടുംബത്തിന്റെ സഹായങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആന്റണി പറഞ്ഞു.

കമലാ സുരയ്യയെ ഭാഷയും സാഹിത്യവും നിലനില്‍ക്കുന്നിടത്തോളം കാലം ഓര്‍മ്മിക്കപ്പെടുമെന്ന് സാംസ്‌കാരികമന്ത്രി എം.എ.ബേബി പറഞ്ഞു. അതിപ്രശസ്തയായ എഴുത്തുകാരി ആയിരുന്നു അവര്‍. കഥയും, കവിതയും, ഓര്‍മ്മക്കുറിപ്പുകളുമെല്ലാം നന്നായി വഴങ്ങുമെന്ന് അവര്‍ തെളിയിച്ചുവെന്ന് എം.എ.ബേബി അനുസ്മരിച്ചു.

ലളിതമായ ശൈലിയുടെ ഉടമയായിരുന്നു കമല സുരയ്യയെന്ന് കേന്ദ്ര കൃഷി, പൊതുവിതരണ സഹമന്ത്രി കെ.വി.തോമസ് പറഞ്ഞു. എല്ലാം തുറന്നു പറയുന്ന ഏവര്‍ക്കും ആസ്വദിക്കാവുന്ന കൃതികളായിരുന്നു അവരുടേതെന്ന് അദ്ദേഹം പറഞ്ഞു.

കമല സുരയ്യയുടെ മറണവാര്‍ത്ത തനിക്ക് വലിയ ആഘാതമുണ്ടാക്കിയെന്ന് എം.ടി.വാസുദേവന്‍നായര്‍ പറഞ്ഞു. വ്യക്തിപരമായി തനിക്ക് വളരെ അടുത്ത അടുപ്പം അവരുമായി ഉണ്ടായിരുന്നു. അസുഖം ഉണ്ടായിരുന്നുവെന്ന് അറിയാമായിരുന്നെങ്കിലും ഉടന്‍ അവസാനം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍ദ്രതയുടെയും സുതാര്യതയുടെയും സന്ദേശമായി ജീവിക്കാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്ന് കെ.ജി.ശങ്കരപ്പിള്ള പറഞ്ഞു. ഓരോ മരത്തിലും ഇരുന്ന് അവര്‍ സ്‌നേഹത്തെക്കുറിച്ച് പാടി. അവരുടെ കൃതികള്‍ വായിച്ച മലയാളികള്‍ ജീവിതത്തെ കൂടുതല്‍ സ്‌നേഹിച്ചു. അവരുടെ കഥകളും കവിതകളും ഓര്‍മ്മക്കുറിപ്പുകളും എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് അദ്ദേഹം അനുസ്മരുച്ചു.

ഹൃദയത്തിലേക്ക് നയിക്കുന്ന കൃതികളായിരുന്നു കമലാ സുരയ്യയുടേതെന്ന് സുകുമാര്‍ അഴീക്കോട് അനുസ്മരിച്ചു. എല്ലാ കൃതികളും ഒരു ശൃംഖല പോലെ ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.



മലയാള സാഹിത്യത്തിന് നിരവധി സംഭാവനകള്‍ കമലാ സുരയ്യ നല്‍കിയെന്ന് സുഗതകുമാരി അനുസ്മരിച്ചു. മലയാള സാഹിത്യത്തിന് അവര്‍ വാരിക്കോരി നല്‍കി. അവര്‍ നല്‍കിയ സംഭാവനകള്‍ക്ക് മലയാളികള്‍ എക്കാലത്തും നന്ദിയുള്ളവര്‍ ആയിരിക്കുമെന്ന് അവര്‍ പറഞ്ഞു.

കമല സുരയ്യ സ്‌നേഹത്തില്‍ തീര്‍ത്ത സരസ്വതീദേവിയാണെന്ന് കഥാകൃത്ത് അക്ബര്‍ കക്കട്ടില്‍ പറഞ്ഞു. മൂന്നു പതിറ്റാണ്ടായി അവരുമായി അടുത്ത ബന്ധമുണ്ട്. രണ്ടുമാസം മുന്‍പാണ് ഒടുവില്‍ കണ്ടത്. അനാരോഗ്യം ഏറെ അലട്ടിയിരുന്നെങ്കിലും അവര്‍ ഉടന്‍ വിട്ടുപിരിയുമെന്ന് കരുതിയിരുന്നില്ല. സാഹിത്യത്തിലും വ്യക്തിജീവിതത്തിലും ഏറെ അടുപ്പമുണ്ടായിരുന്ന അവരുടെ വേര്‍പാട് തന്നെയും കുടുംബത്തെയും ദു:ഖത്തിലാഴ്ത്തിയെന്ന് അദ്ദേഹം പറഞ്ഞു.



MathrubhumiMatrimonial