TravelBlogue

പൈന്‍മരങ്ങളുടെ താഴ്‌വരയില്‍

Posted on: 28 May 2009

ആശാവിധുപൈന്‍മരക്കൂട്ടങ്ങളതിരിടുന്ന വിശാലമായ പച്ചപുതച്ച താഴ്‌വരകളും, തണുപ്പിന്റെ കട്ടിക്കമ്പളങ്ങള്‍ക്കിടയിലൂടെ അരിച്ചെത്തുന്ന തിളക്കമാര്‍ന്ന പ്രഭാതരശ്മികളും ചേര്‍ന്നൊരുക്കുന്ന മാന്ത്രികദൃശ്യങ്ങള്‍....
ശൈത്യമേഖലയിലെ വിദേശരാജ്യങ്ങളിലൂടെയുള്ള യാത്രാ വിവരണങ്ങള്‍ വായിച്ച് പലപ്പോഴും മനസ്സ് കൊതിച്ചിരുന്നു, അത്തരമൊരു യാത്രയ്ക്കായി. എന്നാല്‍ വിദേശത്തേക്കൊന്നും പോകാതെ അത്തരമൊരു യാത്ര യാഥാര്‍ത്ഥ്യമായി. ഹിമാചലിലെ ഡല്‍ഹൗസിയിലേക്കും അവിടെ നിന്നും ഖജ്ജ്യാര്‍ താഴ്‌വരയിലേക്കുമുളള യാത്രയിലൂടെ.

ഹിമാചല്‍ പ്രദേശിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ഡല്‍ഹൗസി. ബ്രിട്ടീഷ് പട്ടാളത്തിന്റെ ഹില്‍സ്‌റ്റേഷന്‍ കന്റോണ്‍മെന്റുകളിലൊന്നായിരുന്നു ഒരു കാലത്ത് ഇവിടം. ഇന്നും ഇന്ത്യന്‍ ആര്‍മിയുടെ തന്ത്രപ്രധാനമായ ആസ്ഥാനങ്ങളിലൊന്ന്. പഞ്ചാബ്-ഹിമാചല്‍ ബോര്‍ഡറിലെ പത്താന്‍കോട്ട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് പ്രകൃതിരമണീയമായ റോഡിലൂടെ 75 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 2036 മീറ്റര്‍ ഉയരത്തിലുളള 'ചമ്പ' ജില്ലയിലെ ഡല്‍ഹൗസിയായി. മഞ്ഞു പുതച്ചു കിടക്കുന്ന ഹിമാലയന്‍ മലനിരകളുടെ വിദൂരദൃശ്യവും ചെങ്കുത്തായ കുന്നിന്‍ ചെരുവുകളില്‍ കൂട്ടം കൂട്ടമായി നിര്‍മ്മിച്ചിരിക്കുന്ന ഹിമാചലി ഗ്രാമങ്ങളിലെ വീടുകളും. ആ വീടുകള്‍ക്ക് മുന്നില്‍ വെയില്‍ കാഞ്ഞിരിക്കുന്ന ഗ്രാമീണരും യാത്രയിലെ സുന്ദരദൃശ്യങ്ങള്‍...

വീതികുറഞ്ഞ മലമ്പാതകളും വശങ്ങളിലെ അഗാധഗര്‍ത്തങ്ങളും ഡല്‍ഹൗസിയില്‍ നിന്ന് ഖജ്ജ്യാര്‍ താഴ്‌വരയിലേക്കുമുള്ള 25 കിലോമീറ്റര്‍ യാത്രയ്ക്ക് സാഹസീകതയുടെ 'ടച്ച്' നല്‍കി. കൊച്ച് കൊച്ച് വെള്ളച്ചാട്ടങ്ങള്‍ അതിരിടുന്ന കാനന പാതയിലൂടെയുള്ള യാത്രയ്ക്കിടയില്‍ അങ്ങു ദൂരെ താഴ്‌വരയുടെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ എത്രയും വേഗം അങ്ങോട്ടെത്താന്‍ മനസ്സു കൊതിക്കും. അത്രയ്രക്ക് ശാന്തസുന്ദരമാണ് ഖജ്ജ്യാര്‍ താഴ്‌വര.

ഖജ്ജ്യാര്‍ താഴ്‌വരയിലെത്തിയാല്‍ പണം വാങ്ങാതെ സന്ദര്‍ശകരുടെ ഭാവി പ്രവചിക്കുന്ന മിസ്സിസ് ഖന്നയുടെതുള്‍പ്പടെ ഏതാനും കൊച്ചു കടകളും ഭക്ഷണശാലകളും കാണാം. താഴ്‌വരയ്ക്ക് ചുറ്റും കുതിരസവാരിയൊരുക്കി കാത്തിരിക്കുന്നവര്‍, ഹിന്ദി സിനിമാ നടന്‍മാരുടെ പേരുകളാണ് കുതിരകള്‍ക്ക്. ഹിമാചലിലെ പരമ്പരാഗത വേഷമണിയിച്ച് സന്ദര്‍ശകരുടെ ഫോട്ടോയെടുത്ത് നല്‍കുന്ന ഫോട്ടോഗ്രാഫര്‍മാരും, കൂറ്റന്‍ ബലൂണിനുള്ളില്‍ സീറ്റ് ബെല്‍റ്റിട്ടിരുത്തി താഴ്‌വരയിലേക്കുരുട്ടി വിടര്‍ന്ന ബലൂണ്‍കാരുമൊക്കെയാണ് നമ്മെ വരവേല്‍ക്കുക. 'ഋത്വിക്് റോഷന്റെയോ', 'സല്‍മാന്‍ഖാന്റെയോ' പുറത്തേറി താഴ്‌വര ചുറ്റാം. മണിക്കൂറിന് എഴുപത് മുതല്‍ നൂറ് രൂപവരെയാണ് ചെലവ്. ബലൂണ്‍യാത്രയ്ക്കും ഏതാണ്ടാതേ ചെലവാണ്. സഹസികതയില്‍ താത്പര്യമുള്ളവര്‍ക്ക് താഴ്‌വരയുടെ മുകളിലൂടെ പാരാസെയ്‌ലിങിനും അവസരമുണ്ട്. താഴ്‌വരയുടെ 'ബ്യൂട്ടി സ്‌പോട്ടായി' ഒത്ത നടുവില്‍ ഒരു തടാകവും ഉണ്ട്.

നാലുമണിക്കും നട്ടുച്ചവെയിലിന്റെ തിളക്കമാണിവിടെ. നേര്‍ത്ത സുഖകരമായ ചൂടാണാ വെയിലിന്. ഒരു പകല്‍ മുഴുവന്‍ അവിടെ ചെലവഴിച്ച് ഡല്‍ഹൗസിയിലേക്ക് മടങ്ങുമ്പോള്‍ ഖജ്ജ്യാറിന്റെ മനോഹാരിതയും സുഖശീതളമായ ഓര്‍മ്മകളും ഒരായുഷ്‌ക്കാലം മുഴുവന്‍ മായത്ത ഓര്‍മ്മകളായി മനസ്സില്‍ നിറഞ്ഞു നില്‍ക്കും.

ചെങ്കുത്തായ മലഞ്ചെരുവില്‍ തട്ടുകളായി തിരിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഡല്‍ഹൗസി പബ്ലിക്ക് സ്‌കൂളിന്റെ കളിക്കളങ്ങളും കെട്ടിടങ്ങളും ഒരത്ഭുതക്കാഴ്ച്ച തന്നെയാണ്. ടൂറിസ്റ്റുകളോടുളള ലോക്കല്‍ പോലീസിന്റെ പെരുമാറ്റം ഡല്‍ഹൗസിയിലെ കാലാവസ്ഥ പോലെത്തന്നെ മനസ്സിനു കുളിരേകി. സൗത്ത് ഇന്ത്യന്‍ ഉള്‍പ്പടെ എല്ലാവിധ ഭക്ഷണവും ലഭിക്കുന്ന നല്ല ഹോട്ടലുകളും വിവിധ നിലവാരത്തിലുളള താമസസൗകര്യവും ഡല്‍ഹൗസിയില്‍ ലഭിക്കും. ടിബറ്റന്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിച്ചിരിക്കുന്ന മലഞ്ചെരുവിലെ കടകളില്‍ നിന്നും സാധനങ്ങള്‍ വിലപേശി വാങ്ങാം.

പെട്ടന്ന് വന്ന കാലാവസ്ഥ വ്യതിയാനം മൂലം തലേദിവസംവരെയുണ്ടായിരുന്ന മഞ്ഞുവീഴ്ച്ച അനുഭവിക്കാനുളള ഭാഗ്യം ലഭിച്ചില്ല. എങ്കില്‍ത്തന്നെയും നമ്മുടെ ഹില്‍സ്റ്റേഷനുകളിലെങ്ങും അനുഭവിക്കാന്‍ കഴിയാത്ത ഹിമാലയന്‍ ശൈത്യത്തിന്റെ സുഖമറിഞ്ഞുറങ്ങാനായി. ഉറക്കമുണരുമ്പോള്‍ ജനലിന് പുറത്തെ തണുപ്പില്‍ വെയിലു കാഞ്ഞിരുന്ന കുരങ്ങന്‍മാരോടും ഇന്നുവരെ കാണാത്തതരം പക്ഷികളോടും അസുയതോന്നി. ഈ മനോഹരദൃശ്യങ്ങളും കാലാവസ്ഥയുമെല്ലാം അവര്‍ക്കെന്നും സ്വന്തമല്ലേ.

പനീര്‍ പറാത്തയും കട്ടിത്തൈരും, പഞ്ചസാരയും ഇഞ്ചി ചേര്‍ത്ത ചൂടുചായയും ചേര്‍ന്ന ഹിമാചലി പ്രഭാതഭക്ഷണത്തിന്റെ രുചിയറിഞ്ഞ്, ഇനിയൊരിക്കല്‍ക്കൂടി ഇവിടെയെത്താനാവുമോയെന്ന ഉത്തരമില്ലാത്ത ചോദ്യവുമായി മലയിറങ്ങുമ്പോള്‍ മനസ്സില്‍ നിറഞ്ഞത് സുഖകരമായൊരു അനുഭൂതി.

Travel info
Location: State- Himachal Pradesh, District-Chamba, Delhousie Hill Station & Khajjiar Valley.
By rail: Nearest rail head is Pathankot/Chakki Bank. Jammu Tawi Exp. From kerala and all trains to Jammu, stop over these stations.
By road: Pathankot-Delhousie-75km, Delhousie-Khajjiar- 25km.MathrubhumiMatrimonial