TravelBlogue

നെല്ലിയാമ്പതിയുടെ മാന്‍പാറ

Posted on: 28 May 2009

മണിലാല്‍



ലോകത്തിന്റെ തുഞ്ചത്തെത്തി എന്നൊരു തോന്നലാണ് ഇവിടെ നില്‍ക്കുമ്പോള്‍. കൃഷിയില്‍ നിന്നും കൃഷിക്കാരന്‍ നടുനിവര്‍ത്തുന്നത് പോലെ പാലക്കാടിന്റെ കാര്‍ഷിക ഭൂമിയില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന കൂട്ടമല. നെന്‍മാറയില്‍ നിന്നും ഒരു മണിക്കൂര്‍ കൊണ്ട് പുലയമ്പാറയിലെത്താം. അവിടെ നിന്ന് ജീപ്പ് മാര്‍ഗ്ഗം മാന്‍പാറയിലേക്കും.

വീണ്ടും ഒരുമണിക്കൂറില്‍ താഴെ സമയമെടുത്ത്.
ഏതൊരു പ്രദേശവും അതിന്റെതായ ഒരു നിഗൂഢഭംഗി ഒളിപ്പിച്ച് വെച്ചിരിക്കും, മനുഷ്യരെപോലെ. അതു പോലൊന്നാണ് നെല്ലിയുടെ മാന്‍പാറ. വഴികള്‍ ആപത്ത് നിറഞ്ഞതാണെന്ന് പറയാം, അങ്ങനെ തോന്നിപ്പിക്കാം. പക്ഷെ സര്‍ക്കസ്സുകാരെക്കാള്‍ വഴക്കം നേടിയ ജീപ്പ് ഡ്രൈവര്‍മാര്‍ നമ്മെ നിസ്സാരമെന്ന് തോന്നിപ്പിക്കുന്ന യാത്രയിലൂടെ മാന്‍പാറയിലെത്തിച്ച്, സ്വകാര്യമായി നെടുവീര്‍പ്പിടും.

അവസാനത്തെ ചെങ്കുത്തായ കയറ്റം ശ്വാസം നിലപ്പിച്ചെ നമുക്ക് നേരിടാനാകു. മുകളില്‍ നമ്മെ കാത്ത് തണുത്ത കാറ്റ് ചുറ്റിയടിക്കുന്നുണ്ടാകും. ഒരു വലിയ കുന്നും പിന്നെ കൂര്‍ത്ത പാറക്കെട്ടും. ഇവിടെ നിന്ന് നമുക്ക് പാലക്കാടിനെയും കേരളത്തെയും ശുദ്ധവായുവില്‍ ശ്വസിക്കാം. രാത്രിയില്‍ ഇവിടെ മൃഗങ്ങളുടെ കേളിയാണ്. അതിന്റെ അവശിഷ്ടങ്ങളില്‍ നമുക്കവയുടെ കാനന ജീവിതം ഓര്‍മ്മിക്കാം. പെട്ടെന്നൊരു വലിയ കാറ്റെങ്ങാനും നമ്മെ താഴേക്ക് വലിച്ചിടാം.

പക്ഷെ ഈ മുകളിന്റെ ഏകാന്തതയില്‍ നമുക്ക് നമ്മെ തിരിച്ചറിയുകയും തിരിച്ചിടുകയും ചെയ്യാം. പലപ്പോഴും യാത്രയില്‍ സംഭവിക്കുന്നത് ഇതൊക്കെ തന്നെ.



MathrubhumiMatrimonial