AnnaChandam Head

സുജയ്, വിജയ്-ആനപ്പിറവിയിലെ ഇരട്ടകള്‍

Posted on: 25 May 2009

-ശ്രീകുമാര്‍ അരൂക്കുറ്റി



ആനപ്പിറവിയിലെ അപൂര്‍വതകളില്‍ അപൂര്‍വമായ ഇരട്ടകളെക്കുറിച്ച്.....

കരയിലെ ഏറ്റവും വലിയ ജീവികളായ ആനകളും സസ്തനികളാണ്; കുഞ്ഞുങ്ങളെ പ്രസവിച്ച് മുലയൂട്ടി വളര്‍ത്തുന്ന ജീവികള്‍. ആനകളുടെ എടുപ്പും നടപ്പും എന്നപോലെ, ആനപ്രസവത്തിനും ഉണ്ട് അതിന്റേതായ സവിശേഷതകള്‍. ഇരുപത് മുതല്‍ ഇരുപത്തിരണ്ട് മാസം വരെയാണ് ആനകളുടെ ഗര്‍ഭകാലം. രണ്ട് പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേളയും ദൈര്‍ഘ്യമേറിയതാണ്. ശാസ്ത്രീയമായി വലിയ അടിസ്ഥാനമുള്ളതല്ലെങ്കിലും, പന്തീരാണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ആനപ്രസവം നടക്കാറുള്ളതെന്ന ഒരു പഴയ വിശ്വാസവും നമുക്കിടയില്‍ എങ്ങനെയോ പ്രചരിച്ചിരിക്കുന്നു. (മുതുമല ആനക്യാമ്പിലെ രതി ഉള്‍പ്പടെയുള്ള ചില 'ഉദാരമനസ്‌കര്‍' എട്ടും ഒമ്പതും തവണ പ്രസവിച്ച് കുടുംബാസൂത്രണ പ്രചാരകരെ ആട്ടിപ്പായിച്ചിട്ടുണ്ടെന്നത് സമീപകാല ചരിത്രം).

ആനകള്‍ നാട്ടില്‍ പ്രസവിക്കുന്നത് അത്ര ശുഭകരമല്ലെന്ന വിശ്വാസം കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും പ്രചരിച്ചിരുന്നു. രണ്ടുവര്‍ഷം നീളുന്ന ഗര്‍ഭകാലത്തും, പ്രസവാനന്തരം തള്ളയെയും കുട്ടിയെയും പരിചരിക്കുന്നതിനും വര്‍ഷങ്ങളോളം ഒരു പിടിയാനയെ ചുമ്മാ വീട്ടില്‍നിര്‍ത്തി തീറ്റകൊടുത്താല്‍ കുടുംബം കുളംതോണ്ടുമെന്ന ചിന്താഗതിയാവാം, കുടുംബങ്ങളില്‍ ആനപ്രസവം നിരുത്സാഹപ്പെടുത്തുന്ന നിലപാടെടുക്കാന്‍ മലയാളികളെ പ്രേരിപ്പിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍, ഒരു ആനക്കുഞ്ഞിക്കാല് കാണുകയെന്നത് അത്ര നിസ്സാരമല്ലെന്ന് വ്യക്തം.

അനേകവര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളമണ്ണില്‍ അടുത്തയിടെ രണ്ട് നാട്ടാന പ്രസവങ്ങള്‍ നടന്നത്. ആനപ്രേമികള്‍ അത് ശരിക്ക് ആഘോഷിക്കുകയും ചെയ്തു. കാത്തുകാത്തിരുന്ന് അപൂര്‍വമായി സംഭവിക്കുന്ന ആനപ്രസവങ്ങള്‍ ഏറെ വിലപിടിച്ചതും വാര്‍ത്താപ്രധാന്യമുള്ളതുമായി മാറുന്ന ഒരു നാട്ടില്‍, അപ്പോള്‍ ആനപ്രസവത്തിലെ ഇരട്ടക്കുട്ടികളെക്കുറിച്ച് കേട്ടാലോ! അതെ, ഒറ്റ പ്രസവത്തില്‍ ഒരുമിച്ച് പിറന്ന ആനക്കുട്ടികളാണ് സുജയ്, വിജയ് എന്നിവര്‍; പ്രായം മുപ്പത്തിയാറ് തികഞ്ഞ ഇരട്ടക്കുട്ടികള്‍! തമിഴ്‌നാട്ടില്‍ ഗൂഡല്ലൂരിനടുത്തുള്ള മുതുമല തെപ്പേക്കാട് ആനക്യാമ്പാണ് കഥാനയകന്മാരുടെ തറവാട്. മുതുമല മൂര്‍ത്തിയപ്പോലെ, ഇവരും മുതുമല ക്യാമ്പിലെ സുവര്‍ണതാരങ്ങള്‍.


ഇരട്ടകളാണെങ്കിലും ഒറ്റനോട്ടത്തില്‍ ഇവര് തമ്മില്‍ അത്ര വലിയ സമാനതകള്‍ തോന്നിയെന്ന് വരില്ല. ഏതാനും മണിക്കൂറുകള്‍ മാത്രം ഇളയവനായ വിജയിനാണ് കൂടുതല്‍ ഉയരവും തലയെടുപ്പും. തലയെടുപ്പിലെന്നപോലെ തലക്കനത്തിന്റെ കാര്യത്തിലും 'ചിന്നത്തമ്പി' തന്നെ കേമന്‍. എന്നുവെച്ചാല്‍, ആളിത്തിരി മുന്‍കോപിയാണെന്ന് ചുരുക്കം. അണ്ണന്‍തമ്പിയായ സുജയ് ആകട്ടെ പൊതുവെ ധര്‍മപുത്രരും! മദപ്പാട് കാലത്ത് ക്യാമ്പിലെ മറ്റുള്ള ആനകളുടെ നേര്‍ക്കെല്ലാം കൊമ്പുംകുലുക്കി വമ്പത്തം കാട്ടാന്‍ മടിക്കാത്ത വിജയ് പക്ഷേ, അപ്പോഴും അണ്ണന്‍തമ്പിയെ കാണുമ്പോള്‍ അനുസരണയുള്ള കുഞ്ഞനിയനാവുന്നത് രക്തബന്ധത്തിന്റെ ഉള്‍വിളിയല്ലാതെ മറ്റെന്ത്? ഭക്ഷണകാര്യത്തില്‍, പാപ്പാന്‍മാരോടുള്ള ഇടപാടുകളില്‍, ഉറക്കകാര്യത്തില്‍, നടപ്പില്‍, ഓട്ടത്തില്‍.... അങ്ങനെയങ്ങനെ ഒട്ടേറെ മേഖലകളില്‍ ഈ 'രെട്ടൈകുഴന്തൈ'കള്‍ക്ക് ഇത്തിരി സമാനതകളും അതിനേക്കാള്‍ ഏറെ വൈജാത്യങ്ങളുമുണ്ട്.

ആനക്യാമ്പില്‍ ഒരുകാലത്ത് 'ഒട്ടേറെ വീരപുരുഷന്‍മാരു'ടെ മോഹവല്ലരിയായിരുന്ന ദേവകിയാണ് ഈ ഇരട്ടകളുടെ അമ്മ. പിതാവിന്റെ കാര്യത്തില്‍ ആരും ഉറപ്പ് പറയുന്നില്ലെങ്കിലും, ഒട്ടേറെ പെണ്‍മനസ്സുകളിലൂടെ വിജയകരമായി പടയോട്ടങ്ങള്‍ നയിച്ചിട്ടുള്ള ഒരു 'ടിപ്പുസുല്‍ത്താന്‍' ആയിരിക്കാനാണ് ഏറെ സാധ്യതയെന്ന് പഴയ പാപ്പാന്‍മാരുടെ സാക്ഷ്യപത്രം. എപ്പോഴെങ്കിലും മുതുമല ആനക്യാമ്പ് സന്ദര്‍ശിക്കുവാന്‍ അവസരം ലഭിച്ചാല്‍, ഈ കൂടെപ്പിറപ്പുകളെ കാണാന്‍ മറക്കാതിരിക്കുക. കാരണം, ഈ ഇരട്ടപ്പിറവികള്‍, നമ്മള്‍ മനുഷ്യരെ സംബന്ധിച്ചിടത്തോളം അപൂര്‍വതകളില്‍ അത്യപൂര്‍വത തന്നെയാണ്. (അടുത്ത ലക്കം: കാഞ്ഞിരക്കാട് ശേഖരന്‍).

-sreekumararookutty@gmail.com

Tags:   Elephant, Anachantham, Sujay, Vijay



MathrubhumiMatrimonial