വഴിമാറിപ്പോയ വിമോചനപ്പോരാട്ടം

Posted on: 19 May 2009


വിമോചനമാണ് തമിഴ് ജനതയ്ക്ക് പ്രഭാകരന്‍ വാഗ്ദാനം ചെയ്തത്. സമ്മാനിച്ചത് കൊടുംദുരിതവും. ഫലം, വഴിതെറ്റിപ്പോകുന്ന ഏതൊരു പോരാളിയെയും കാത്തിരിക്കുന്ന അനിവാര്യമായ പതനം

കടുത്ത അവഗണനയ്ക്കും വിവേചനത്തിനുമെതിരെ ഉയരുന്ന ചെറുപ്രതിഷേധങ്ങളാണ് പിന്നീട് പ്രതികാരസ്വഭാവം കൈവരിച്ച് തീവ്രവാദമായും ഭീകരപ്രവര്‍ത്തനമായും വളരുന്നത്. ശ്രീലങ്കയില്‍ 30 വര്‍ഷത്തോളമായി തുടര്‍ന്ന ആഭ്യന്തരയുദ്ധത്തിനും കടുത്ത വിവേചനത്തിന്റെ കഥയാണ് പറയാനുള്ളത്.

രാജ്യത്തെ സിംഹള ഭൂരിപക്ഷവും തമിഴ് ന്യൂനപക്ഷവും തമ്മിലുണ്ടായ വംശീയ തര്‍ക്കങ്ങളാണ് 70,000ത്തോളം പേരുടെ മരണത്തിനിടയാക്കിയ ആഭ്യന്തരയുദ്ധമായി പരിണമിച്ചത്.

ശ്രീലങ്ക ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് തോട്ടങ്ങളിലെ പണിക്കാരായി ഇന്ത്യയില്‍ നിന്ന് കുടിയേറിയ തമിഴരെ അതിനു മുമ്പേ അവിടെയുള്ള സിംഹളര്‍ രണ്ടാംകിട പൗരന്മാരായാണ് കണ്ടിരുന്നത്. 1948ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോളും തമിഴ് ജനതയ്ക്ക് അര്‍ഹമായ പ്രാതിനിധ്യമോ നീതിയോ ലഭിച്ചില്ല.

പ്രധാനമന്ത്രി എസ്.ഡബ്ല്യു.ആര്‍.ഡി. ഭണ്ഡാരനായകെ സിംഹള ഭാഷ ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചതോടെ കാലങ്ങളായി തുടര്‍ന്നു വന്ന അസ്വാരസ്യം മൂര്‍ധന്യത്തിലെത്തി. സിംഹള മേല്‍ക്കോയ്മ ക്കെതിരെയും ഭാഷാ സ്വാതന്ത്ര്യത്തിനു വേണ്ടിയും തമിഴര്‍ ആരംഭിച്ച പ്രക്ഷോഭങ്ങള്‍ കലാപങ്ങളായി മാറി. നൂറുകണക്കിന് തമിഴര്‍ മരിച്ചുവീണു.

അഹിംസാവാദികളായ ബുദ്ധമതാനുയായികളുടെ നാട് ക്രൂരമായ വംശീയ കലാപത്തിലേക്ക് വഴിമാറുന്നത് അങ്ങനെയാണ്.
തമിഴ് ജനതയുടെപ്രശ്‌നങ്ങള്‍ സമാധാന മാര്‍ഗത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച തമിഴ് യുണൈറ്റഡ് ലിബറേഷന്‍ ഫ്രന്റ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് തമിഴര്‍ക്കിടയില്‍ സ്വാധീനം നഷ്ടപ്പെട്ടതാണ് ഈ ദ്വീപുരാഷ്ട്രത്തിന്റെ ഗതി മാറ്റിമറിച്ചത്.

മിതവാദികളായ നേതാക്കള്‍ക്ക് പ്രശ്‌നപരിഹാരത്തിന് കഴിവില്ലെന്ന തോന്നല്‍ തമിഴര്‍ക്കിടയില്‍ വര്‍ധിച്ചുവന്നു; പ്രത്യേകിച്ചും യുവാക്കള്‍ക്കിടയില്‍. വിമോചന സ്വപ്‌നങ്ങളാല്‍ ആവേശിതരായ തമിഴ്‌യുവത്വം ചെറുഗ്രൂപ്പുകളായി സംഘടിക്കാന്‍ തുടങ്ങി.

സിംഹള ഭൂരിപക്ഷത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ സമരം നയിക്കാന്‍ പുതുനേതൃത്വത്തെ തിരഞ്ഞ യുവാക്കള്‍ക്ക് തമിഴ് ഈഴം വിമോചന സംഘടന (ടി.ഇ.എല്‍.ഒ.) നേതാവ് സബരത്‌നനം, പീപ്പിള്‍സ് ലിബറേഷന്‍ ഓഫ് തമിഴ് ഈഴം (പി.എല്‍.ഒ.ടി.ഇ.) നേതാവ് ഉമാമഹേശ്വര്‍, ഇ.പി.ആര്‍.എല്‍.എഫിന്റെ കെ.പത്മനാഭന്‍ എന്നിവര്‍ക്കൊപ്പം വേലുപ്പിള്ള പ്രഭാകരനും ധീരനായകനായി. സിംഹളര്‍ക്കൊപ്പം മിതവാദികളായ തമിഴ്‌നേതാക്കളും പുതുതലമുറ നേതാക്കളുടെ ശത്രുപക്ഷത്തായി.

തമിഴ് ജനതയുടെ ക്ഷേമത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച അപ്പാപ്പിള്ള അമൃതലിംഗം, നീലന്‍ തിരുശെല്‍വന്‍ തുടങ്ങിയ നേതാക്കളെ കൊലപ്പെടുത്തിയാണ് തീവ്രവാദികള്‍ തമിഴരുടെ നേതൃത്വമേറ്റെടുക്കുന്നത്. തമിഴരുടെ പ്രശ്‌നപരിഹാരത്തിനു പകരം തീവ്രവാദ സംഘടനകളെ നേരിടേണ്ടതെങ്ങനെയെന്ന് ശ്രീലങ്കന്‍ സര്‍ക്കാറുകളുടെ അജന്‍ഡ വഴിമാറുന്നതാണ് പിന്നീട് കണ്ടത്.

അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെ ആയുധവും സമ്പത്തും സ്വന്തമാക്കി കരുത്താര്‍ജിച്ച എല്‍.ടി.ടി.ഇ.ക്ക് ഇതര തമിഴ് ഗ്രൂപ്പുകളെ വിഴുങ്ങാനെളുപ്പമായി. മറ്റ് തമിഴ് സംഘടനകളുടെ നേതാക്കളെ ഒന്നൊന്നായി കൊന്നൊടുക്കിക്കൊണ്ടാണ് എല്‍.ടി.ടി.ഇ. ആധിപത്യം ഉറപ്പാക്കുന്നത്. തമിഴരെ പ്രതിനിധാനം ചെയ്യുന്ന ഏക സംഘടനയെന്ന പ്രതീതിയുണ്ടാക്കാന്‍ കഴിഞ്ഞത് പ്രഭാകരന്റെ വിജയമായിരുന്നു.

എന്നാല്‍ തമിഴ് ജനതയുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കാണുക എന്നതില്‍ നിന്നു മാറി വരാനിരിക്കുന്ന തമിഴ് രാഷ്ട്രത്തിന്റെ ഏക ഛത്രാധിപതിയായി മാറി വാഴുക എന്നതായിരുന്നു അപ്പോഴേക്കും പ്രഭാകരന്റെ സ്വപ്‌നം. പുലി നിയന്ത്രിത മേഖലകളില്‍ തമിഴര്‍ക്ക് ജനാധിപത്യാവകാശങ്ങള്‍ അനുവദിച്ചുനല്‍കാന്‍ പ്രഭാകരന്‍ തയ്യാറായിട്ടില്ല എന്നത് അതിന്റെ തെളിവാണ്.

അന്തിമപോരാട്ടത്തില്‍ സ്വരക്ഷയ്ക്ക് തമിഴ്ജനതയെ കവചമായി ഉപയോഗിച്ചതെങ്ങനെയാണോ അതേ രീതിയില്‍ തന്റെ താത്പര്യ സംരക്ഷണത്തിനായി തമിഴ്ജനതയുടെ വിമോചനാഭിലാഷങ്ങള്‍ പ്രഭാകരന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അനുരഞ്ജനത്തിനും സമാധാനത്തിനുമുള്ള അവസരങ്ങളൊക്കെയും കളഞ്ഞുകുളിച്ച് തമിഴ്പ്രശ്‌നപരിഹാരം നീട്ടിക്കൊണ്ടുപോവുകയാണ് യഥാര്‍ഥത്തില്‍ പ്രഭാകരന്‍ ചെയ്തത്.

1987 ജൂലായിലെ ഇന്ത്യശ്രീലങ്ക അനുരഞ്ജനക്കരാറില്‍ തമിഴര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്ന ഫെഡറല്‍ സംവിധാനത്തിനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.

സിംഹളമേധാവിത്വവാദികള്‍ക്കൊപ്പം എല്‍.ടി.ടി.ഇ.യും ഇതിന് തുരങ്കം വെക്കുകയാണുണ്ടായത്. വലിയൊരവസരമാണ് ശ്രീലങ്കയിലെ തമിഴര്‍ക്ക് അതോടെ നഷ്ടമായത്.

1994ല്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെ വംശീയ വിടവ് പരിഹരിക്കാനാവശ്യമായ നിര്‍ദേശങ്ങളുമായി മുന്നോട്ടുവന്നെങ്കിലും 'സ്വതന്ത്ര തമിഴ് രാഷ്ട്രം' എന്ന ആവശ്യത്തില്‍ കുറഞ്ഞതൊന്നും പ്രഭാകരന് സ്വീകാര്യമായിരുന്നില്ല. 2002ല്‍ നോര്‍വേയുടെ മധ്യസ്ഥതയില്‍ ഉണ്ടായ വെടിനിര്‍ത്തല്‍ കരാറില്‍നിന്ന് ആദ്യം പിന്‍മാറിയതും പ്രഭാകരനായിരുന്നു.

തമിഴ്ഭൂരിപക്ഷ പ്രദേശങ്ങളായ വടക്കന്‍, കിഴക്കന്‍ പ്രവിശ്യകളുടെ ഏകീകരണമെന്ന തമിഴരുടെ ദീര്‍ഘകാല ആവശ്യത്തിന് തിരിച്ചടി ഉണ്ടായതും ഇക്കാലത്താണ്. പ്രവിശ്യാ ഏകീകരണം നിയമ വിരുദ്ധമാണെന്ന 2006ലെ സുപ്രീംകോടതി വിധി പ്രശ്‌നപരിഹാരം വിദൂരമാക്കി.

പ്രഭാകരന്റെ ഏകാധിപത്യനീക്കങ്ങള്‍ അനുയായികളെത്തന്നെ അകറ്റി. രഹസ്യങ്ങളുടെ കാവല്‍ക്കാരനായിരുന്ന കേണല്‍ കരുണ കൂറുമാറിയത് എല്‍.ടി.ടി.ഇ.യുടെ പതനത്തിന് ആക്കം കൂട്ടി. തീവ്ര നിലപാടുകളുള്ള പ്രസിഡന്റ് മഹിന്ദ രാജപക്‌സെ എല്‍.ടി.ടി.ഇ.യുടെ തകര്‍ച്ച പ്രഖ്യാപിതനയമാക്കുകയും ചെയ്തു. അപ്പോഴും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാഞ്ഞ പ്രഭാകരന്‍ തമിഴ് ജനതയുടെ ദുരിതങ്ങളുടെ ആക്കം കൂട്ടി.

രക്ഷപ്പെടാന്‍ പഴുതുകിട്ടിയപ്പോള്‍ ചെറുഭാണ്ഡത്തില്‍ ജീവിതസമ്പാദ്യമൊക്കെയും നിറച്ച് കാടും കായലും താണ്ടി സൈന്യമൊരുക്കിയ രക്ഷാകേന്ദ്രത്തില്‍ അഭയം തേടുന്ന തമിഴ്ജനതയുടെ ചിത്രം വെളിവാക്കുന്നത് പ്രഭാകരനെന്ന 'അനിഷേധ്യ' നേതാവിന്റെ പതനംതന്നെയാണ്.എല്‍.ടി.ടി.ഇ.യുടെ തകര്‍ച്ച കൊണ്ടു മാത്രം പക്ഷേ, ശ്രീലങ്കയില്‍ സമാധാനം പുലരില്ല.

മുറിപ്പാടുകള്‍ പേറി ജീവിക്കുന്ന തമിഴ് ജനങ്ങള്‍ പുതിയ ചാവേറുകളായി മാറും.തമിഴ്‌സ്വത്വത്തിനും സാംസ്‌കാരികതയ്ക്കും അര്‍ഹമായ ഇടം നല്‍കി ഭരണസംവിധാനം പൊളിച്ചെഴുതുന്നതിലൂടെ മാത്രമേ നിസ്സഹായരായ തമിഴ്ജനതയെ ശ്രീലങ്കന്‍ സര്‍ക്കാറിന് ആശ്വസിപ്പിക്കാനാവൂ.

കെ.വി. കല





MathrubhumiMatrimonial