വേലുപ്പിള്ള പ്രഭാകരന്‍ - ചോരചിന്തിയ നാള്‍വഴി

Posted on: 18 May 2009


തമിഴ് പുലികളുടെ തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടതോടെ മൂന്ന് ദശാബ്ദം നീണ്ടുനിന്ന രക്തരൂക്ഷിത പോരാട്ടത്തിന് വിരാമമായി. പ്രത്യേക തമിഴ് രാഷ്ട്രത്തിനുവേണ്ടി പ്രഭാകരന്‍ നയിച്ച സായുധ പോരാട്ടത്തില്‍ പിടഞ്ഞു മരിച്ചത് നിരവധി പേര്‍. ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്ന രാജീവ്ഗാന്ധി അടക്കമുള്ള നേതാക്കളെ വധിച്ചത് ആഗോള തലത്തില്‍ എല്‍.ടി.ടി.ഇ യെ ഒറ്റപ്പെടുത്തി. പുലിത്തലവന്‍ പ്രഭാകരന്റെയും ഒപ്പം തമിഴ്പുലികളുടെയും ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ ഇവയാണ്.

1954 നവംബര്‍ 26 - ജാഫ്‌നയിലെ ഒരു ഇടത്തരം ഹൈന്ദവ കുടുംബത്തില്‍ ജനനം.

196070 കള്‍- സൈന്യത്തില്‍ ചേരുകയും ചെറിയ അക്രമ, സമര സംഭവങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു.

1972- തമിഴ് ന്യൂ ടൈഗേഴ്‌സ് (ടി.എന്‍.ടി) രൂപവത്ക്കരിച്ചു.

1975 - ജാഫ്‌ന മേയര്‍ ആല്‍ഫ്രഡ് ഡുരിയാപ്പയെ ഒരു ഹൈന്ദവക്ഷേത്രത്തില്‍ വെച്ച് വധിച്ചു.

1976 - ടി.എന്‍.ടി. എന്ന സംഘടന 'ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം'(എല്‍.ടി.ടി.ഇ) ആയി മാറി.

1978 - എല്‍.ടി.ടി.ഇ. ആദ്യ പത്രപ്രസ്താവന പുറപ്പെടുവിച്ചു.

1982 - ഏതിരാളിയുമായുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് ചെന്നൈയില്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. ജാമ്യത്തിലിറങ്ങി ശ്രീലങ്കയിലേക്ക് രക്ഷപ്പെട്ടു.

1983 - സൈന്യത്തിനെതിരെ ആദ്യ ആക്രമണം. ജാഫ്‌നയില്‍ ഒളിയാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് കൊളംബോയില്‍ തമിഴ് വംശജര്‍ക്കെതിരെ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ നൂറുകണക്കിന് തമിഴര്‍ മരിച്ചു. തമിഴ് ചെറുത്തുനില്‍പ്പിന് ഇതോടെ തുടക്കമായി.

1983 (സപ്തംബര്‍)- തമിഴ്‌നാട്ടിലേക്ക് താവളം മാറ്റി, ചെന്നൈയില്‍ താമസമുറപ്പിച്ചു. തമിഴ്‌നാട്ടില്‍ എല്‍.ടി.ടി.ഇ. പരിശീലനക്യാമ്പുകള്‍ നിലവില്‍ വരുന്നു.

1984 - തമിഴ്‌നാട് മുഖ്യമന്ത്രി എം.ജി.രാമചന്ദ്രനെ കണ്ട് പിന്തുണ തേടുന്നു. ജാഫ്‌ന സര്‍വകലാശാലയിലെ വിദ്യാര്‍ഥിയെ വിവാഹം കഴിക്കുന്നു. ആ ദാമ്പത്യത്തില്‍ രണ്ട് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയും ജനിച്ചു.

1985 (മെയ്)- ശ്രീലങ്കയിലെ ബുദ്ധമതക്കാരുടെ വിശുദ്ധകേന്ദ്രമായ അനുരാധപുരയില്‍ ബുദ്ധമതക്കാരുടെ കൂട്ടക്കൊലക്ക് ഉത്തരവിടുന്നു.

1986 -എതിര്‍ഗ്രൂപ്പായ ടെലോയിലെ പ്രവര്‍ത്തകരെ കൊലചെയ്യാന്‍ ഉത്തരവിടുന്നു.

1987 (ജനവരി)-തന്നെ വധിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ച് ഇന്ത്യ വിട്ടു.

1987 (ജൂലായ്)- പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ന്യൂ ഡല്‍ഹിയിലെത്തി കാണുന്നു. ശ്രീലങ്കയിലെ തമിഴ് വിവേചനം അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചുണ്ടാക്കിയ ഇന്ത്യ-ശ്രീലങ്ക കരാര്‍ അംഗീകരിക്കുന്നതായി പ്രസ്താവിക്കുന്നു.

1987 (ഒക്ടോബര്‍)- ശ്രീലങ്കയുടെ വടക്കുകിഴക്ക് വിന്യസിച്ച ഇന്ത്യന്‍ സൈന്യത്തിനെതിരെ യുദ്ധം തുടങ്ങുന്നു.

1989 (ഏപ്രില്‍, മെയ്)- ശ്രലങ്ക പ്രസിഡന്റ് റണസിംഗെ പ്രേമദാസയുമായി സമാധാന ചര്‍ച്ച. ഇന്ത്യന്‍സേന രാജ്യം വിടണമെന്ന് പ്രമദാസ ആവശ്യപ്പെടുന്നു.

1989 (ജൂലായ്)- തമിഴ് രാഷ്ട്രീയ നേതാക്കളായ എ.അമൃതലിംഗം, വി.യോഗേശ്വരന്‍ എന്നിവരെ കൊളംബോയില്‍ വെച്ച് എല്‍.ടി.ടി.ഇ. വധിക്കുന്നു.

1990 (ഏപ്രില്‍) - ജാഫ്‌നയുടെ നിയന്ത്രണം ഏറ്റെടുക്കുന്നു, മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.

1990 (ജൂണ്‍)- തമിഴ് ഈഴത്തിനായി ശ്രീലങ്കയ്‌ക്കെതിരെ യുദ്ധം പുനരാരംഭിക്കുന്നു. ജാഫ്‌നയിലെ ഒരുലക്ഷത്തോളം മുസ്‌ലീങ്ങളോട് അവിടം വിടാന്‍ ആവശ്യപ്പെട്ടു. ഏതിര്‍ വിഭാഗത്തില്‍ പെട്ട കെ. പത്മനാഭയും സഹായികളും ചെന്നെയില്‍ കൊല്ലപ്പെടുന്നു.

1991 (മാര്‍ച്ച്)-ശ്രീലങ്ക പ്രതിരോധമന്ത്രി രഞ്ജന്‍ വിജയരത്‌ന കാര്‍ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.

1991 (മെയ്)- ചെന്നൈയ്ക്ക് സമീപം ശ്രീപെരുമ്പത്തൂരില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ എല്‍.ടി.ടി.ഇ.യുടെ വനിതാചാവേര്‍ വധിക്കുന്നു.

1992 (ആഗസ്ത്)-ശ്രീലങ്കയുടെ വടക്കന്‍ സൈനിക കമാന്‍ഡ് ഉന്‍മൂലനം ചെയ്തു.

1992 (നവംബര്‍)- മോട്ടോര്‍ സൈക്കിളിലെത്തിയ എല്‍.ടി.ടി.ഇ. ചാവേര്‍ പോരാളി ശ്രീലങ്ക നാവിക മേധാവി ക്ലാന്‍സി ഫെര്‍ണാന്‍ഡോയെ വധിക്കുന്നു.

1993 -മെയ്ദിന റാലിക്കിടെ ശ്രീലങ്ക പ്രസിഡന്റ് പ്രേമദാസ കൊല്ലപ്പെടുന്നു.

1993 (ആഗസ്ത്)- ഇന്ത്യന്‍ ചാരനെന്നാരോപിച്ച് എല്‍.ടി.ടി.ഇ.രണ്ടാമന്‍ മഹത്തയ്യയെ അറസ്റ്റുചെയ്തു. 1994 ഡിസംബറില്‍ വധിച്ചു.

1994 - പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിക്കുന്നു. പോരാട്ടത്തിന് താത്ക്കാലിക വിരാമം.

1995- ശ്രീലങ്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഗാമിനി ദിസനായകെ കൊല്ലപ്പെട്ടു. പ്രത്യേക തമിഴ് രാഷ് ട്രത്തിനു വേണ്ടിയുള്ള പോരാട്ടം പുലികള്‍ തുടരുന്നു.

1995 ഡിസംബര്‍- ജാഫ്‌ന പുലികള്‍ പിടിച്ചെടുത്തു.

1996 ജൂലായ്- ശ്രീലങ്കയിലെ സൈനിക ക്യാമ്പില്‍ കടന്ന് 1,200 ഓളം സൈനികരെയും പോലീസുകാരെയും എല്‍.ടി.ടി.ഇ വധിച്ചു.

1997- 99- വടക്കു കിഴക്കന്‍ ശ്രീലങ്കയിലെ നിരവധി മേഖലകള്‍ തമിഴ് പുലികളുടെ നിയന്ത്രണത്തിലായി.

1999 ഡിസംബര്‍: പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗ വധശ്രമത്തില്‍നിന്ന് രക്ഷപെട്ടു. വധശ്രമത്തില്‍ അവരുടെ ഒരു കണ്ണ് നഷ് ടമായി.

2000- 01- സമാധാന ശ്രമങ്ങള്‍ക്കായി ശ്രീലങ്ക സര്‍ക്കാര്‍ നോര്‍വെയുടെ സഹായം തേടി.

2001- ശ്രീലങ്കയിലെ അന്താരാഷ് ട്ര വിമാനത്താവളത്തില്‍ പുലികള്‍ ആക്രമണം നടത്തി. 13 വിമാനങ്ങള്‍ തകര്‍ത്തു.

2002 ഫിബ്രവരി- നോര്‍വെയുടെ മധ്യസ്ഥതയില്‍ പുലികളും സര്‍ക്കാരും തമ്മില്‍ സമാധാനക്കരാര്‍ ഒപ്പുവച്ചു.

2002 ഏപ്രില്‍- പ്രത്യേക തമിഴ് രാഷ് ട്രമെന്ന ആവശ്യത്തില്‍നിന്ന് ഒരിക്കലും പിന്മാറില്ലെന്ന് പ്രഭാകരന്‍ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു.

2003- നോര്‍വെയുടെ മധ്യസ്ഥതയിലുള്ള സമാധാന ശ്രമങ്ങളില്‍നിന്ന് എല്‍.ടി.ടി.ഇ പിന്മാറുന്നു.

2004- എല്‍.ടി.ടി.ഇ യില്‍ വിമത സ്വരം ഉയരുന്നു. കിഴക്കന്‍ മേഖലാ കമാന്‍ഡര്‍ ആയിരുന്ന കരുണയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പുലികള്‍ പ്രഭാകരനെതിരെ ശബ്ദമുയര്‍ത്തി.

2005 ആഗസ് ത്: ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ലക്ഷ് മണ്‍ കദിര്‍ഗമര്‍ എല്‍.ടി.ടി.ഇ പോരാളിയുടെ വെടിയേറ്റു മരിച്ചു.

2006 ഏപ്രില്‍- സൈനിക മേധാവി ശരത് ഫൊണ്‍സേകയ്ക്ക് വനിതാ ചാവേര്‍ പോരാളി നടത്തിയ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റു.

2006- പ്രതിരോധ സെക്രട്ടറി ഗോതഭയ രാജപാക് സെയും സഹോദരന്‍ മഹീന്ദ രാജപാക് സെയും വധശ്രമത്തില്‍നിന്ന് രക്ഷപെട്ടു.

2007- കൊളംബോയില്‍ തമിഴ് പുലികള്‍ ആദ്യമായി വ്യോമാക്രമണം നടത്തുന്നു. ലങ്കയുടെ കിഴക്കന്‍ മേഖലയുടെ നിയന്ത്രണം പുലികള്‍ക്ക് നഷ് ടമായി. പോരാട്ടത്തിലൂടെ മേഖല തിരിച്ചു പിടിക്കുമെന്ന് പ്രഭാകരന്‍ പ്രഖ്യാപിച്ചു.

2008 (ജനവരി)- തമിഴ് പുലികള്‍ വെടിനിര്‍ത്തല്‍ കരാര്‍ തള്ളിക്കളഞ്ഞു. വടക്കന്‍ മേഖലയുടെ നിയന്ത്രണം എല്‍.ടി.ടി.ഇയ്ക്ക് നഷ് ടമായി തുടങ്ങി.

2009 (ജനവരി)- പുലികളുടെ തലസ്ഥാനമായി അറിയപ്പെട്ടിരുന്ന കിള്ളിനോച്ചി സൈന്യം പിടിച്ചെടുത്തു. പുലികള്‍ മുല്ലൈത്തീവ് മേഖലയിലേക്ക് പിന്മാറി.

2009 മെയ് 17- പരാജയം സമ്മതിച്ചതായും ആയുധം വച്ച് കീഴടങ്ങുന്നതായും പുലികള്‍ പ്രഖ്യാപിച്ചു.

2009 മെയ് 18- പ്രഭാകരന്‍ കൊല്ലപ്പെട്ടു.



MathrubhumiMatrimonial