goodnews head

അശരണര്‍ക്ക് ആശ്വാസവുമായി വിദേശ ഡോക്ടര്‍മാരെത്തി

Posted on: 20 Feb 2008


മേലാറ്റൂര്‍: രോഗവിവരമന്വേഷിച്ചും ആശ്വാസവാക്കുകളോതിയും സ്നേഹനിര്‍ഭരമായ തലോടലോടെ അവരെത്തിയത് മാറാരോഗവുമായി മല്ലടിക്കുന്ന രോഗികള്‍ക്ക് ആശ്വാസമേകി. 'പാലിയേറ്റീവ് പരിചരണത്തില്‍ സാമൂഹികപങ്കാളിത്തം' എന്ന അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കാന്‍ മഞ്ചേരിയിലെത്തിയ വിദേശ പ്രതിനിധികളും ഡോക്ടര്‍മാരുമായ എത്യോപയിലെ ആഡിസ് അബാബയിലെ ഡോ. നാര്‍ ഡോസ് ജോര്‍ജ്, ഡോ ബൊഗാന്‍ സോളമന്‍ എന്നിവരാണ് മേലാറ്റൂര്‍ പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിനുകീഴില്‍ പരിചരണത്തില്‍ കഴിയുന്ന രോഗികളെ സന്ദര്‍ശിക്കാന്‍ എത്തിയത്.

ഒലിപ്പുഴയിലെ ഉണ്ണിപ്പെരവന്‍, എടപ്പറ്റയിലെ കുഞ്ഞിമൊയ്തീന്‍, ഫാത്തിമ, മുഹമ്മദ്, ബുഷ്‌റ എന്നിവരുടെ വീടുകളാണ് വിദേശ പ്രതിനിധികളായ ഡോക്ടര്‍മാര്‍ സന്ദര്‍ശിച്ചത്.

രോഗംമൂലം ദുരിതമനുഭവിക്കുന്നവരെ പരിചരിക്കാന്‍ കെയര്‍ ക്ലിനിക്ക് കാഴ്ചവെക്കുന്ന നിസ്തുലമായ സേവനങ്ങളെയും പ്രവര്‍ത്തനത്തെയും സംഘാംഗങ്ങള്‍ പ്രശംസിച്ചു.

രാവിലെ 10മണിയോടെ ചന്തപ്പടിയിലുള്ള കെയര്‍ ക്ലിനിക്കില്‍ എത്തിയ ഇരുവരും ഭവനസന്ദര്‍ശനത്തിനുശേഷം വൈകീട്ട് അഞ്ചുമണിയോടെ മഞ്ചേരിയിലേക്ക് മടങ്ങി. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ. സൈറുഫിലിപ്പ്, മേലാറ്റൂര്‍ പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് ചെയര്‍മാന്‍ എ. റസാഖ്, വളണ്ടിയര്‍മാരായ കെ.എച്ച്. സലാഹുദ്ദീന്‍, ഒ. സമീര്‍, പി.കെ. ലുഖ്മാന്‍, പി.കെ. സുലൈമാന്‍, കെ.വി. അബ്ദുനൂര്‍, എ. സുലൈമാന്‍ എന്നിവര്‍ വിദേശ ഡോക്ടര്‍മാര്‍ക്കൊപ്പം ഭവന സന്ദര്‍ശനത്തിനുണ്ടായിരുന്നു.

 

 




MathrubhumiMatrimonial