NagaraPazhama

പൂക്കോടും പരിസരവും നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌

Posted on: 29 Nov 2013

അഡ്വ. ടി.ബി. സെലുരാജ്‌



വയനാടിന്റെ ടൂറിസം മാപ്പില്‍ ഇടംപിടിച്ച മനോഹരമായ സ്ഥലമാണ് പൂക്കോട് തടാകവും പരിസരവും. വയനാട് ചുരത്തിന്റെ മനോഹാരിത ആവോളം ആസ്വദിച്ചുവേണം ഇവിടെ എത്തിച്ചേരാന്‍. ചുരം കയറിയാല്‍ നിങ്ങള്‍ ലക്കിടിയിലെത്തും. പൂക്കോട് തടാകംതന്നെയാണ് വയനാടിന്റെ ഭംഗിയിലേക്ക് ആദ്യം നിങ്ങളെ എത്തിക്കുക.

നന്നേ ചെറുപ്പത്തില്‍ അച്ഛനോടൊപ്പമാണ് ഈ ചുരം താണ്ടിയത്. കോട എന്ന അദ്ഭുതപ്രതിഭാസത്തെ ആദ്യമായി ദര്‍ശിച്ചതും ഈ വേളയില്‍ത്തന്നെ. എവിടെനിന്നോ വരികയും എങ്ങോട്ടോ അപ്രത്യക്ഷമാവുകയും ചെയ്യുന്ന കോട തെല്ലൊന്നുമല്ല അദ്ഭുതപ്പെടുത്തിയത്. ഒരു മാന്‍പേടയെയോ മയിലിനെയോ കണ്ടെത്താനുള്ള വെമ്പലിലായിരുന്നു എന്റെ കുഞ്ഞിക്കണ്ണുകള്‍. മനുഷ്യന്റെ കടന്നാക്രമണത്തില്‍ ഇവയെല്ലാം നഷ്ടമായിരിക്കുന്നെന്ന് അച്ഛന്‍ പറഞ്ഞുതന്നു.

ഇരുപത്തൊന്നാം നൂറ്റാണ്ടിലും മൃഗങ്ങളുടെ ആവാസകേന്ദ്രങ്ങളിലേക്ക് നാം നുഴഞ്ഞുകയറുകയും കാടിനെത്തന്നെ ഇല്ലാതാക്കുകയുമാണ് ചെയ്തുവരുന്നത്. ക്വാറികളാണത്രെ ഇന്നിപ്പോള്‍ കോടികളുടെ വരുമാനം പ്രദാനം ചെയ്യുന്ന ആകര്‍ഷണം. മാറിമാറി വരുന്ന രാഷ്ട്രീയ സര്‍ക്കാറുകള്‍ ഇന്നിപ്പോള്‍ ഒരു സമവാക്യംതന്നെ ഉണ്ടാക്കിയിരിക്കുന്നു. ''എന്റെ ഭരണത്തില്‍ നിന്നെ ഞാന്‍ കുറ്റവിമുക്തനാക്കാം, നിന്റെ ഭരണത്തില്‍ എന്നെയും. ആമേന്‍'' ഈ നൂതന ബൈബിള്‍വചനത്തിന്റെ മറവില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ വനനശീകരണം നടത്തുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ഒന്നു വായിക്കാന്‍പോലും മെനക്കെടാതെ കൂട്ടംതെറ്റി മേയുന്ന ചില മതാധ്യക്ഷന്മാരും ഇക്കാര്യത്തില്‍ മുന്നില്‍ത്തന്നെ. ഇതിനെല്ലാമെതിരെ പ്രതികരിക്കേണ്ട യുവത്വമാകട്ടെ ആലസ്യത്തിലും.

വനനശീകരണത്തെക്കുറിച്ച് ഇത്രയും എഴുതാന്‍ ഒരു കാരണമുണ്ട്. എന്റെ മുന്നിലിരിക്കുന്ന രേഖകള്‍ 1856-ല്‍ എന്തായിരുന്നു ലക്കിടിയും പരിസരവുമെന്ന് നമ്മോട് പറയുന്നു. എസ്റ്റേറ്റ് ഉടമയായ ഫര്‍ഗൂസന്‍ സായിപ്പും പൂക്കോട് എസ്റ്റേറ്റ് ഉടമയായ എലിസണും തമ്മില്‍ ഒരു റോഡ് നിര്‍മാണത്തെത്തുടര്‍ന്നുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് ഈ ചരിത്രം നമ്മുടെ മുന്നിലേക്കെത്തിക്കുന്നത്.

വൈത്തിരി എസ്റ്റേറ്റ് ഉടമ എലിസണ്‍ മലബാര്‍ കളക്ടറായിരുന്ന ക്ലര്‍ക്കിന് 1856 ആഗസ്ത് 15-ന് എഴുതിയ ഒരു കത്താണിത്. 'താങ്കള്‍ ഈ പ്രദേശത്ത് തികച്ചും അപരിചിതനായതുകൊണ്ട് ഞാന്‍ വിശദമായിത്തന്നെ ഈ പ്രദേശത്തെക്കുറിച്ച് ഈ കത്തിലൂടെ ഒരു വിവരണം തരട്ടെ. ഫര്‍ഗൂസന്റെ വാദഗതികളോട് ഞാന്‍ തീര്‍ത്തും വിയോജിക്കുന്നു. ഫര്‍ഗൂസന്‍ പറയുന്ന റോഡ് പത്തുവര്‍ഷമായി നിലവിലുള്ളതാണെന്ന് പറയുന്നതിനോട് യോജിക്കാന്‍ പറ്റുന്നില്ല. 1846-ല്‍ പൂക്കോട് എസ്റ്റേറ്റ് സ്ഥിതിചെയ്യുന്ന ഭാഗം ഭയാനകമായ ഒരു വനമായിരുന്നു. ആനകളും പുലികളും ധാരാളമായി മേഞ്ഞുനടക്കുന്ന ഒരു സ്ഥലം. ആദിവാസികള്‍ പോലും ഇതിനകത്തേക്ക് കടന്നുവരാന്‍ ഭയപ്പെട്ടിരുന്നു. ഇതിനൊരു കാരണം ഈ വനത്തിന്റെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന തടാകത്തിനോടുള്ള ഭയഭക്തി കാരണമാണ്. ഈ തടാകത്തെ ആദിവാസികള്‍ അവരുടേതായ ചില അന്ധവിശ്വാസങ്ങള്‍കാരണം ഭയഭക്തിയോടെയാണ് നോക്കിക്കണ്ടിരുന്നത്. ഞാനൊഴിച്ച് മാറ്റാരുംതന്നെ ഇങ്ങോട്ട് കടന്നുവന്നിരുന്നില്ല. ഇവിടെ നിന്ന് ആറ് മൈല്‍ ദൂരെയുള്ള കല്പുട്ടി (കല്പറ്റ?) വരെ മാത്രമാണ് ലാവലിന്‍ സായിപ്പ് പോലും വന്നിരുന്നത്. 1847-ല്‍ മാത്രമാണ് കെന്നഡി ഈ സ്ഥലത്തെത്തുന്നത്. അദ്ദേഹം വന്നെത്തുകയും ആയിടെ തുറന്ന പൂക്കോട് എസ്റ്റേറ്റിന്റെ ചുമതല എന്നില്‍നിന്ന് ഏറ്റെടുക്കുകയും ചെയ്തു. 1848-ല്‍ വെല്‍ഡ് എത്തുകയും കെന്നഡിയില്‍നിന്ന് പൂക്കോട് എസ്റ്റേറ്റിന്റെ ചുമതല ഏറ്റുവാങ്ങുകയും ചെയ്തു. ഇപ്പോള്‍ ഇവിടെ കാണുന്ന മാന്യന്മാരൊക്കെത്തന്നെ മൂന്നോ നാലോ വര്‍ഷംമുമ്പ് മാത്രമാണ് പൂക്കോട് എന്ന ഈ സ്ഥലത്തെത്തിയിട്ടുള്ളത്.

ഞാനാദ്യം പൂക്കോട് എസ്റ്റേറ്റ് തുറന്നപ്പോള്‍ ഈ പ്രദേശത്ത് റോഡുണ്ടായിരുന്നില്ല. സ്ഥലമുടമയായിരുന്ന അള്ളിയില്‍ നായരുടെ വീട്ടില്‍നിന്ന് പൂക്കോട് വരെ പോകുന്ന ഒരൊറ്റയടിപ്പാത മാത്രമാണുണ്ടായിരുന്നത്. ചില ആദിവാസികളും പൂക്കോട് എത്താനായി ഈ ഒറ്റയടിപ്പാത ഉപയോഗിച്ചിരുന്നു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ഉപയോഗിക്കുന്ന ഒറ്റയടിപ്പാത. ഇത്തരം നടപ്പാതകള്‍ ഇവിടെയുള്ള മേച്ചില്‍സ്ഥലങ്ങളില്‍ പലയിടത്തും കാണാം. ഇത്തരം വഴികള്‍ കാട്ടില്‍നിന്ന് ഏലം ശേഖരിക്കാനാണ് ആദിവാസികളുപയോഗിച്ചിരുന്നത്. 1846 ല്‍ ഒക്ടോബറിലോ നവംബറിലോ പൂക്കോടുനിന്ന് പ്രധാന റോഡിലേക്ക് ഞാനൊരു റോഡുണ്ടാക്കി. പതിനാറടി വീതിയിലാണ് ഈ റോഡുണ്ടാക്കിയത്. വന്യമായ കാട്ടില്‍ക്കൂടിയായിരുന്നു ഈ പാത പോയിരുന്നത്. പൂക്കോട് എസ്റ്റേറ്റിന്റെ മാനേജര്‍മാരുടെ അലംഭാവംനിമിത്തം ഈ റോഡ് ഇപ്പോള്‍ കാടുപിടിച്ച് കിടക്കുകയാണ്. പൂക്കോട് എസ്റ്റേറ്റിന്റെ അടുത്തുതന്നെയാണ് ഫര്‍ഗൂസന്റെ എസ്റ്റേറ്റ് നില്ക്കുന്നത്. ഈ ഭാഗത്ത് റോഡുകളൊന്നും നിലവിലില്ല. എന്റെ എസ്റ്റേറ്റില്‍നിന്ന് ഫര്‍ഗൂസന്റെ എസ്റ്റേറ്റിലേക്ക് ആകെ പോയത് മുന്‍ കളക്ടറായ കനോലി മാത്രമാണ്. അദ്ദേഹം എന്നോട് ഈ റോഡിന്റെ ദുഃസ്ഥിതിയെക്കുറിച്ച് പറഞ്ഞിരുന്നുതാനും.

ഞാനീ മലകള്‍ ഉപയോഗിക്കുന്നത് എന്റെ ഫാമിലെ കന്നുകാലികളെ മേയ്ക്കാനാണ്. ഞാനായിട്ട് ഇവിടങ്ങളില്‍ പോകാറില്ല. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഒരു സന്ദര്‍ശനം നടത്തും. കോഴിക്കോട്ടുവെച്ച് മറ്റൊരാളില്‍നിന്നാണ് ഫര്‍ഗൂസന്‍ ഉണ്ടാക്കുന്ന പുതിയ റോഡിനെക്കുറിച്ച് അറിഞ്ഞത്. എന്റെ അനുവാദം ചോദിക്കാതെ ആദ്യം റോഡുണ്ടാക്കുകയും പിന്നീട് ഒരു ഏറ്റുമുട്ടലിലൂടെ റോഡ് നിലനിര്‍ത്തുകയുമാണ് ഫര്‍ഗൂസന്‍ ഉദ്ദേശിക്കുന്നത്. ഞാനയാള്‍ക്ക് സമ്മതം കൊടുക്കുകയില്ലെന്ന് നല്ലതുപോലെ അറിയാം. അയാളൊരു കോക്കസ്സിലും പെടുന്നില്ല എന്നാണയാളുടെ വാദം. എന്നാല്‍ കെന്നഡി, മെര്‍ലി, യങ് എന്നിവരോടൊപ്പം കൂട്ടുചേര്‍ന്നാണ് കനോലി ഉണ്ടാക്കാന്‍ ശ്രമിച്ച റോഡിനെ ഇവര്‍ തടസ്സപ്പെടുത്തിയിരുന്നത്. ഇക്കാര്യം ഫര്‍ഗൂസന്‍ സൗകര്യപൂര്‍വം മറന്നുപോകുന്നു.

ഫര്‍ഗൂസന്‍ തന്റെ എസ്റ്റേറ്റിലേക്ക് വഴിയൊന്നുമില്ലെന്നാണ് പറയുന്നത്. സഞ്ചാരസ്വാതന്ത്ര്യം അയാളുടെ അവകാശമാണെന്നും പറയുന്നു. നാലടി വീതിയുള്ള ഒരു നടവഴി ഇപ്പോഴയാള്‍ക്കുണ്ട്. അത് കുതിരവണ്ടി റോഡാക്കണമെന്ന് വാശിപിടിക്കുന്നതില്‍ അര്‍ഥമൊന്നുമില്ല. കെന്നഡിയുടെ എസ്റ്റേറ്റ് വഴി പോകുന്ന അരമുല്ല റോഡ് മെയിന്‍റോഡ് വരെ എത്തിക്കും. ഈ റോഡ് പൂക്കോട് എസ്റ്റേറ്റ് കെന്നഡിക്ക് കൊടുക്കുന്നതിനുമുമ്പ് ഞാനുണ്ടാക്കിയതാണ്. സര്‍ക്കാറിന്റെ പണംകൊണ്ടാണ് 1846-ല്‍ ഈ റോഡുണ്ടാക്കിയത്. കനോലി താമരശ്ശേരിയിലേക്ക് മഞ്ചല്‍ വഴി ഇതിലൂടെയാണ് പോയിട്ടുള്ളത്. താങ്കള്‍ നിര്‍ദേശിക്കുന്നപക്ഷം ഫര്‍ഗൂസന്റെ റോഡ് പൂക്കോട് റോഡിലൂടെ കടന്നുപോകുന്നതിന് ഞാനെതിര്‍പ്പ് പറയുകയില്ല. എന്റെ മേച്ചില്‍ മൈതാനത്തുകൂടിയാണ് പൂക്കോട് റോഡ് കടന്നുപോകുന്നത്. എന്റെ കന്നുകാലികള്‍ക്ക് ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കും. ഇംഗ്ലണ്ടില്‍നിന്ന് കൊണ്ടുവന്ന എന്റെ ഇംഗ്ലീഷ് കാളയ്ക്ക് ബ്രിട്ടീഷുകാരെ കണ്ടാല്‍ കലിയാണ്. നാട്ടുകാരോട് മാത്രമേ ഇത് ഇണങ്ങാറുള്ളൂ. അതുമൊരു പ്രശ്‌നമുണ്ടാക്കിയേക്കാം. അതിനാല്‍ ഫര്‍ഗൂസന്റെ ഈ റോഡിനോട് എനിക്ക് പ്രതിപത്തിയൊന്നുമില്ല.'

പൂക്കോടും പരിസരവും വന്യമൃഗങ്ങളാല്‍ സമ്പുഷ്ടമായ വനനിബിഡമായിരുന്നു എന്ന് കാണിക്കാനാണ് ഈ കത്തിവിടെ പ്രതിപാദിച്ചിരിക്കുന്നത്.

ഇന്നിപ്പോള്‍ നാം കാട് കാണണമെങ്കില്‍ സുല്‍ത്താന്‍ ബത്തേരിയിലെ റിസര്‍വ് ഫോറസ്റ്റില്‍തന്നെ എത്തിച്ചേരണമല്ലോ. ക്വാറികളുടെ കടന്നാക്രമണംകാരണം ഈ കാടും നമുക്ക് ഭാവിയില്‍ നഷ്ടപ്പെടാം. ഇവിടെയാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പ്രസക്തി.
ീവാുിമളഛള്‍മസ്്.ര്ൗ



MathrubhumiMatrimonial