
അന്ന് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ എത്തിയാല്‍ പ്രധാനവിനോദം ആനവേട്ട
Posted on: 21 Nov 2013

തന്റെ പൂര്‍വികര്‍ അടക്കിവാണിരുന്ന ഇന്ത്യയിലെ തെക്കേയറ്റത്ത് വേര്‍തിരിഞ്ഞുകിടന്നിരുന്ന പ്രദേശങ്ങളില്‍ ബ്രിട്ടനിലെ ഭാവിരാജാവായ ചാള്‍സ് രാജകുമാരന്‍ എത്തിയത് ചരിത്രത്തിന്റെ മറ്റൊരു നാഴികക്കല്ലാണ്. കാരണം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഇന്നില്ല. ഇന്ത്യ ഇന്ന് പരമാധികാര റിപ്പബ്ലിക്കും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമാണ്. മൂന്നായി വേര്‍തിരിഞ്ഞുകിടന്ന മലയാളക്കര ഇന്ന് ഇന്ത്യന്‍ യൂണിയന്റെ തെക്കേയറ്റത്തുള്ള ഏറ്റവും പുരോഗതി കൈവരിച്ച സംസ്ഥാനമാണ്. അവിടെയാണ് ചാള്‍സ് രാജകുമാരന്‍ 65-ാം പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയത്. അധികാരവും സാമ്രാജ്യങ്ങളും ചെങ്കോലും കിരീടവും ഒന്നും ശാശ്വതമല്ലെന്നും കാലപ്രവാഹത്തില്‍ അതെല്ലാം മാറിമറിയുമെന്ന സത്യമാണ് ചാള്‍സിന്റെ സന്ദര്‍ശനത്തിലൂടെ ചരിത്രം നല്‍കുന്നത്.
ടിപ്പുസുല്‍ത്താന്റെ മലയാളക്കരയിലെ ആക്രമണമാണ് ഇവിടത്തെ രാജക്കന്മാരെ ഇംഗ്ലീഷുകാരുമായി കൂടുതല്‍ അടുപ്പിച്ചത്. ടിപ്പുവിന്റെ മൈസൂര്‍ സൈന്യത്തെ നേരിടാന്‍ ഇംഗ്ലീഷുകാര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്ന് മലയാളക്കരയിലെ രാജാക്കന്മാര്‍ വിശ്വസിച്ചു. ചതിയും തന്ത്രങ്ങളുമായി കഴിഞ്ഞിരുന്ന ഇംഗ്ലീഷുകാര്‍ ഈ അവസരം ശരിക്കും ഉപയോഗിച്ചു. അവര്‍ ടിപ്പുവിനെതിരെ പടനയിച്ചു. മൂന്നാം മൈസൂര്‍ യുദ്ധത്തിന്റെ അവസാനമുണ്ടാക്കിയ കരാറുപ്രകാരം വയനാട് ഒഴികെയുള്ള മലബാര്‍ പ്രദേശങ്ങള്‍ ടിപ്പു ഇംഗ്ലീഷുകാര്‍ക്ക് നല്‍കി. അവിടത്തെ രാജാക്കന്മാരെ മൂലയിലിരുത്തിയശേഷം മലബാര്‍ പ്രദേശം ഒറ്റ പ്രവിശ്യയാക്കി ഇംഗ്ലീഷുകാര്‍ നേരിട്ട് ഭരിച്ചു. അതാണ് 'ബ്രിട്ടീഷ് മലബാര്‍'. തിരുവിതാംകൂറിനെയും കൊച്ചിയെയും ഉടമ്പടിവഴി ഇംഗ്ലീഷുകാര്‍ അവരുടെ മേല്‍ക്കോയ്മ അംഗീകരിപ്പിച്ചു.
അങ്ങനെ കേരളം മുഴുവന്‍ കടലിനക്കരെയുള്ള ചെറുരാജ്യമായ ബ്രിട്ടന്റെ കീഴിലായി. സ്വാതന്ത്ര്യലബ്ധിവരെ ആ സ്ഥിതിയാണ് തുടര്‍ന്നത്.
1857ല്‍ ഉത്തരേന്ത്യയില്‍ ഇംഗ്ലീഷുകാര്‍ക്ക് എതിരെ കലാപം (ആദ്യ സ്വാതന്ത്ര്യസമരം) ഉണ്ടാകുന്നതുവരെ ഇന്ത്യ ബ്രിട്ടീഷ് പാര്‍ലമെന്റിന് വിധേയമായ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഭരിച്ചിരുന്നത്. എന്നാല്‍ കലാപത്തിനുശേഷം ഇന്ത്യന്‍ ഭരണം ഇംഗ്ലീഷ് സര്‍ക്കാര്‍ ഏറ്റെടുത്തു. അതിനുമുമ്പും പിമ്പും തിരുവിതാംകൂറില്‍ ഇംഗ്ലണ്ടിലെ രാജകുടുംബാംഗങ്ങളോട് ബന്ധമുള്ള ധാരാളംപേര്‍ ഇവിടെ എത്തിയിട്ടുണ്ട്. അവരെയെല്ലാം ഭയത്തോടും ബഹുമാനത്തോടുമാണ് രാജാക്കന്മാര്‍ സ്വീകരിച്ചിട്ടുള്ളത്.
സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് 1830 ആഗസ്തില്‍ മദ്രാസ് ഗവര്‍ണറായിരുന്ന ലൂഷിങ്ടണ്‍ തിരുവിതാംകൂര്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തെ കൊല്ലത്ത് ചെന്നാണ് സ്വാതിതിരുനാള്‍ സന്ദര്‍ശിച്ചത്. ഇതിനുശേഷം എത്രയോ ഗവര്‍ണര്‍മാരും സര്‍വസൈന്യാധിപന്മാരും ഗവര്‍ണര്‍ ജനറല്‍മാരും വൈസ്‌റോയിമാരും രാജകുടുംബാംഗങ്ങളും തിരുവിതാംകൂര്‍ സന്ദര്‍ശിച്ചു. അന്നൊക്കെ അവരുടെ പ്രധാന വിനോദം മൃഗവേട്ടയായിരുന്നു. ആനയേയും മറ്റുമൃഗങ്ങളേയും വേട്ടയാടി അവര്‍ രസിച്ചു.
ഉത്രാടംതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് മദ്രാസ് ഗവര്‍ണറുടെ മകനായ ഗിഫോഡ് പ്രഭു തിരുവനന്തപുരം സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ വലിയ ആഗ്രഹം ആനവേട്ട നടത്തണമെന്നതായിരുന്നു.
ഇതിനുവേണ്ടി തിരഞ്ഞെടുത്തത് നെടുമങ്ങാട് കുന്നുകളായിരുന്നു. നായര്‍ ബ്രിഗേഡിയറിലെ കമാന്‍ഡറായ മേജര്‍ ഷിറഫിനോടും മറ്റ് പ്രമുഖരോടുംകൂടി ഗിഫോഡ് പ്രഭു ആനവേട്ടയ്ക്ക് നെടുമങ്ങാട്ടേക്കുപോയി. അവിടെ ദിവസങ്ങളോളം മൃഗവേട്ടയില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹം പല ആനകളെയും വെടിവെച്ചുവീഴ്ത്തി അവയുടെ കൊമ്പെടുത്തു.
മുമ്പ് രാജകുടുംബാംഗങ്ങളോ ഉന്നത ഉദ്യോഗസ്ഥരോ എത്തുമ്പോള്‍ തിരുമല, നെടുമങ്ങാട് എന്നീ കാടുകളില്‍ നിന്ന് പലതരം പക്ഷികളേയും മുയല്‍ തുടങ്ങിയവയേയും പിടികൂടി സ്വാദിഷ്ടമായ മാംസഭക്ഷണം ഉണ്ടാക്കിയതായി രേഖ ഉണ്ട്. അന്ന് തിരുമല ഭാഗവും കാടായിരുന്നു. ശ്രീമൂലം തിരുനാളിന്റെ കാലത്ത് 1889ല്‍ ഇംഗ്ലണ്ടിലെ ആല്‍ബര്‍ട്ട് വിക്ടര്‍ രാജകുമാരന്‍ തിരുവിതാംകൂര്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തിന് ആനവേട്ടയ്ക്ക് സൗകര്യം ഒരുക്കിയത് കുളത്തൂപ്പുഴയിലായിരുന്നു.
1908ല്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ മേധാവിയായ കിച്ചനര്‍ പ്രഭു തിരുവിതാംകൂറിലെത്തിയപ്പോള്‍ തേക്കടിയിലായിരുന്നു മൃഗവേട്ട നടത്തിയത്. കാലംമാറി. ഇന്ന് മൃഗവേട്ട നിരോധിച്ചിരിക്കുന്നു. അങ്ങനെ ചെയ്താല്‍ ആരായാലും ജയിലിലാകും. മാറിയ പരിതസ്ഥിതിയില്‍ ചാള്‍സ് രാജകുമാരന്‍ കഥകളിയും കളരിപ്പയറ്റും പ്രകൃതി സൗന്ദര്യവും ആസ്വദിച്ചാണ് മടങ്ങിയത്.
തിരുവിതാംകൂറിലെ ഇപ്പോഴത്തെ രാജകുടുംബത്തിലെ കാരണവരായ ഉത്രാടംതിരുനാളുമായി ചാള്‍സ് രാജകുമാരന്‍ നടത്തിയ സംഭാഷണം ചരിത്രത്തിന്റെ പരിച്ഛേദം എന്ന് വിശേഷിപ്പിക്കാം. കാരണം 1947 ആഗസ്ത് 19ന് ആണ് തിരുവിതാംകൂറിലെ അവസാനത്തെ റസിഡന്റ് എഡ്വേര്‍ഡും ഭാര്യയും എന്നന്നേക്കുമായി വിടപറഞ്ഞത്.
അതിനുമുമ്പ് കവടിയാര്‍ കൊട്ടാരത്തില്‍നടന്ന വിടവാങ്ങല്‍ ചടങ്ങില്‍ അന്നത്തെ ഇളയരാജാവ് ഉത്രാടംതിരുനാളും സാക്ഷിയായിരുന്നു.
