NagaraPazhama

വയനാടിനെ മാറ്റിയെടുക്കാം

Posted on: 07 Nov 2013

അഡ്വ. ടി.ബി. സെലുരാജ്‌



ജീവിതം തളംകെട്ടിനില്‍ക്കുന്നുവെന്ന് നിങ്ങള്‍ക്കൊരു തോന്നലുണ്ടോ? എങ്കില്‍ മടിക്കേണ്ട. വയനാട്ടിലേക്കൊരു യാത്ര തരപ്പെടുത്തുക. അത്രയ്ക്ക് മനോഹരമാണ് വയനാട്. മുത്തങ്ങ വൈല്‍ഡ് ലൈഫ് സാങ്ച്വറിയില്‍ ഒരുദിവസം തങ്ങുക. സ്രാമ്പിയെന്ന റസ്റ്റ്ഹൗസ് തന്നെ താമസിക്കാന്‍ തിരഞ്ഞെടുക്കുക. കാടിനും സംഗീതമുണ്ടെന്ന് നിങ്ങള്‍ സമ്മതിക്കും. ഒരല്പം സാഹസികത ഇഷ്ടപ്പെടുന്നവനാണെങ്കില്‍ പക്ഷിപാതാളത്തിലേക്കൊരു ട്രക്കിങ് സൗകര്യപ്പെടുത്തുക. ഇതിനുപുറമേയാണ് ബാണാസുരസാഗര്‍ അണക്കെട്ടും പൂക്കോട് തടാകവും കുറുവാ ദ്വീപുമൊക്കെ. നിര്‍വചനങ്ങള്‍ക്കപ്പുറത്തുള്ള അനുഭൂതികളിലേക്കാണ് ഇവയൊക്കെ നിങ്ങളെ എത്തിക്കുക.
താമരശ്ശേരി ചുരത്തില്‍നിന്ന് വേണമെങ്കിലൊരു സായാഹ്ന ആസ്വാദനവുമാകാം. വയനാടിന്റെ സംസ്‌കൃതനാമം 'മയക്ഷേത്ര' എന്ന പേരുപോലെതന്നെ സുന്ദരമാണ് ഇവിടത്തെ കാഴ്ചകള്‍. ചുരുക്കിപ്പറഞ്ഞാല്‍ മടങ്ങിവരുമ്പോള്‍ ജീവിതം ഒന്ന് റീച്ചാര്‍ജ് ചെയ്തപോലെ നിങ്ങള്‍ക്കുതോന്നും, ജീവിതം അനുസ്യൂതം ഒഴുകുന്നതായി. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ വയനാടിന്റെ പുരോഗതിക്കുവേണ്ടി തങ്ങളാലാകുന്നത് ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കാതെ വയ്യ. 1837-ല്‍ ബ്രിട്ടീഷ് സര്‍ക്കാറും വയനാടിനെ പുരോഗതിയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരെഴുത്തിലൂടെ വയനാടിന്റെ പുരോഗതിക്കായി സബ് കളക്ടര്‍ മലബാര്‍ കളക്ടര്‍ക്ക് മുന്നില്‍വെച്ച നിര്‍ദേശങ്ങളിലേക്ക് നാം കടക്കുകയാണ്. അതിങ്ങനെ:

1837-ല്‍ വയനാട്ടിലെ സബ്കളക്ടര്‍ മലബാര്‍ കളക്ടര്‍ക്ക് അയച്ച ഒരെഴുത്ത് ഇതിന്റെ സാക്ഷ്യപത്രംതന്നെ. ''സര്‍, വയനാടിന്റെ അഭിവൃദ്ധിക്കുവേണ്ടി താഴെ പറയുന്ന നിര്‍ദേശങ്ങള്‍ താങ്കളുടെ പരിഗണനയ്ക്കായി ഞാന്‍ എഴുതി അറിയിക്കട്ടെ. വയനാടന്‍ ചുരത്തിന് മീതെയായി 1160 സ്‌ക്വയര്‍ മൈല്‍സിന്റെ വിസ്തൃതിയില്‍ കിടക്കുന്നതും ജനസംഖ്യ 35,949 മാത്രം വരുന്നതുമായ ഒരു പ്രദേശമാണ് വയനാട്. നല്ലവണ്ണം മഴ കിട്ടുന്നതും ഫലഭൂയിഷ്ഠമായ മണ്ണോടുകൂടിയതുമായ ഒരു പ്രദേശമാണ് വയനാട്. വയനാടന്‍ ജനതയുടെമേല്‍ നാം കാര്യമായ നികുതിയൊന്നും ചുമത്താറില്ല. കഴിഞ്ഞ മുപ്പതുവര്‍ഷമായി കമ്പനിയുടെ കീഴിലാണ്‌വയനാടെങ്കിലും വലിയ അഭിവൃദ്ധിയൊന്നും ഈ പ്രദേശത്തിനുണ്ടായിട്ടില്ല. ടിപ്പുസുല്‍ത്താന്റെ ഭരണത്തിനുകീഴില്‍ വളരെയേറെ കഷ്ടപ്പാടുകള്‍ ഇവിടത്തെ ജനത അനുഭവിക്കേണ്ടിവന്നു. മതപരിവര്‍ത്തനത്തിന് വിധേയമായവരാണ് ജനങ്ങളില്‍ ചെറിയൊരുഭാഗം. ബാക്കിയുള്ളവരാകട്ടെ, വയനാട്ടില്‍നിന്ന് പലായനം ചെയ്യുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇവിടെ ജനസാന്ദ്രത തീരെ കുറവാണ്. ടിപ്പുവിന്റെ ഭരണംമൂലം വയനാട്ടിലെ ജനസാന്ദ്രത കുറഞ്ഞുവെന്നതാണ് ആകെ ഉണ്ടായ ഒരു ഗുണം. തലശ്ശേരിയില്‍നിന്നോ മൈസൂരുനിന്നോ ജനതയെ വയനാട്ടില്‍ കൊണ്ടുവന്ന് താമസിപ്പിക്കേണ്ടിയിരിക്കുന്നു നാം. വയനാട്ടിലെ കാലാവസ്ഥ തന്നെയാണ് മൈസൂരും ഉള്ളത് എന്നതിനാല്‍ ഇവിടെ കൃഷിയില്ലാത്തിടത്തോളം കാലം മൈസൂരുനിന്നും ജനങ്ങള്‍ ഇവിടേക്ക് കുടിയേറിപ്പാര്‍ക്കില്ല. വയനാട്ടില്‍ കൃഷി വ്യാപകമായാല്‍ മാത്രമേ മൈസൂരുനിന്നും കുടിയേറ്റക്കാര്‍ ഇവിടെ എത്തുകയുള്ളൂ. പക്ഷേ, ഇന്നിപ്പോള്‍ വയനാട്ടില്‍ കൃഷി കുറവും കാടുകള്‍ അധികവുമാണ്. അതിനാല്‍ മൈസൂരുനിന്നും കുടിയേറ്റക്കാരുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ട. എന്നാല്‍ മലബാറിലെ ജനങ്ങളാകട്ടെ, അവരുടെ പ്രത്യേക ആചാരങ്ങള്‍കൊണ്ടും ശാരീരിക ഘടന നിമിത്തവും വയനാട്ടിലേക്കെന്നല്ല, ഇന്ത്യയിലെ മറ്റേതെങ്കിലും ഭാഗത്തേക്കുപോലും കുടിയേറാനിഷ്ടമില്ലാത്തവരാണ്. വന്നാല്‍തന്നെ അവര്‍ വേഗം മരിക്കുകയോ ആരോഗ്യം നഷ്ടപ്പെടുന്നവരോ ആയിത്തീരുന്നു. ചുരത്തിന് താഴെയുള്ള അരിയുടെ വിലയുടെ നേര്‍പകുതിയേ ഇവിടെയുള്ളൂ. എന്നിട്ടുപോലും താഴെയുള്ളവര്‍ ഇവിടെയെത്താന്‍ മടിക്കുന്നു. ചുരത്തിന് താഴെനിന്നും മാപ്പിളമാര്‍ മാത്രമാണ് ഇങ്ങോട്ടെത്തുന്നത്. എന്നിട്ടുപോലും തറവാടികളായ മാപ്പിളമാര്‍ ഇവിടേക്ക് വരാറില്ല. വയനാടിന്റെ അഭിവൃദ്ധിക്കായി എന്തുചെയ്യണമെന്നാണല്ലോ താങ്കളുടെ ചോദ്യം. താഴെ പറയുന്ന കാര്യങ്ങള്‍ താങ്കളുടെ ശ്രദ്ധയ്ക്കായി ഞാന്‍ നിര്‍ദേശിക്കട്ടെ.
(1) വയനാട്ടിലെ ഗതാഗതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക. (2) വയനാട്ടിലേക്ക് പുറമേനിന്നുള്ള അധ്വാനശീലരായ കുടുംബാംഗങ്ങളെ കൊണ്ടുവന്ന് താമസിപ്പിക്കുക. ഇതിനായി എല്ലാവിധ ആനുകൂല്യങ്ങളും ഇവര്‍ക്ക് കൊടുക്കുക. (3) നികുതി കുറയ്ക്കുക. (4) വന്യമൃഗങ്ങളെ നശിപ്പിക്കുക. വയനാട്ടില്‍ ഗതാഗതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതായിട്ടുണ്ട്. കണ്ണൂര്‍, തലശ്ശേരി എന്നീ ഭാഗങ്ങളില്‍നിന്ന് ബാംഗ്ലൂര്‍, മൈസൂര്‍ ഭാഗത്തേക്ക് പോകുന്നതും വയനാടിന്റെ വടക്കന്‍ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതുമായ ബാവലി മുതല്‍ പെരിയചുരം വഴിയുള്ള റോഡ് നന്നാക്കേണ്ടതായിട്ടുണ്ട്. സൈനികനീക്കത്തിനും ഈ റോഡിന്റെ ആവശ്യകത അത്യന്താപേക്ഷിതമാണ്. 1500 മുതല്‍ 2000 രൂപ വരെ മുടക്കി ഇത് നന്നാക്കേണ്ടതും എല്ലാ വര്‍ഷവും റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 500 രൂപ നീക്കിവെക്കേണ്ടതുമാണ്. കോഴിക്കോട്ടുനിന്ന് താമരശ്ശേരി ചുരം വഴിയുള്ള റോഡ് ഗതാഗതവും നാം നന്നാക്കേണ്ടതായിട്ടുണ്ട്. വളരെയധികം ആള്‍ക്കാര്‍ യാത്രചെയ്യുന്ന റോഡാണിത്. വളരെ ശോചനീയമാണ് റോഡിന്റെ അവസ്ഥ. 2000 രൂപ മുടക്കി റോഡ് നന്നാക്കുകയും വര്‍ഷംതോറുമുള്ള അറ്റകുറ്റപ്പണികള്‍ക്കായി 500 രൂപ നീക്കിവെക്കേണ്ടതുമാണ്. വയനാടിന്റെ തെക്കന്‍ ഭാഗങ്ങളെ വാണിജ്യപരമായി കോഴിക്കോടുമായി ബന്ധപ്പെടുത്തുന്നതാണ് ഈ റോഡ്. വയനാടിന്റെ മധ്യഭാഗങ്ങളില്‍നിന്നുള്ള ധാന്യങ്ങള്‍ തീരപ്രദേശത്തെത്തിക്കുന്നതിന് പ്രാധാന്യമായ ഒരു റോഡാണ് കുറ്റിയാടി ചുരംവഴിയുള്ള റോഡ്. ഇതിനായിട്ടും നല്ലൊരു തുക നാം നീക്കിവെക്കേണ്ടതാണ്. നീലഗിരിയില്‍നിന്നുള്ള യാത്രക്കാര്‍ കടന്നുപോകുന്ന സുല്‍ത്താന്‍ബത്തേരി-ഗൂഡല്ലൂര്‍ റോഡും നന്നാക്കേണ്ടതായിട്ടുണ്ട്. സീഗൂറിലെത്തുന്നതാണ് ഈ റോഡ്. സുല്‍ത്താന്‍ബത്തേരിയില്‍നിന്ന് പുതിയ റോഡ് ഉണ്ടാക്കിയതോടുകൂടിയാണ് ഈ റോഡിന്റെ കഷ്ടകാലമാരംഭിച്ചത്. അതിനാല്‍ ഗൂഡല്ലൂര്‍ റോഡിനെ നാം മറന്നുകൂടാ. വയനാട്ടിലെ അരി സീഗൂറിലെത്തുന്നത് 27 മൈല്‍ നീളമുള്ള നാമുണ്ടാക്കിയ പുതിയ റോഡുവഴിയാണ്. റോഡുകള്‍ മാത്രം നിര്‍മിച്ചതുകൊണ്ട് കാര്യമില്ല. ട്രാവലേഴ്‌സ് ബംഗ്ലാവുകളും നാം നിര്‍മിക്കേണ്ടതായിരിക്കുന്നു. ലക്കിടി, പെരിയ, നിലക്കോട്ട, പനമരം, കല്പറ്റ, മാനന്തവാടി എന്നിവിടങ്ങളിലായി ട്രാവലേഴ്‌സ് ബംഗ്ലാവുകളും മുസാഫര്‍ഘാനകളും നിര്‍മിക്കേണ്ടിയിരിക്കുന്നു. ട്രാവലേഴ്‌സ് ബംഗ്ലാവുകള്‍ക്ക് 200 രൂപയും മുസാഫര്‍ഘാനകള്‍ക്ക് 75 രൂപയും ചെലവുവരും.

വയനാട്ടില്‍ ജനസാന്ദ്രത തീരെയില്ലാത്തതിനാല്‍ നാം കുടിയേറ്റക്കാരെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കേണ്ടതായുണ്ട്. ആദ്യമായി നാം ചെയ്യേണ്ടത് വടക്കന്‍ മേഖലകളില്‍നിന്ന് ആരോഗ്യമുള്ള 20 കൃഷിക്കാരെ ഇവിടെ കുടുംബസമേതം പാര്‍പ്പിക്കുക എന്നതാണ്. മാനന്തവാടിയിലായാല്‍ വളരെ നല്ലത്. അവരെ ഭൂനികുതിയില്‍നിന്നൊഴിവാക്കുക. ഇതിനുപുറമേ കൃഷിക്കാവശ്യമുള്ള സാധനസാമഗ്രികളും നാമവര്‍ക്ക് സൗജന്യമായി നല്‍കണം. ഒരു പരീക്ഷണാര്‍ഥമാണ് നാമിത് ചെയ്യുന്നത്. വിജയിക്കുന്നപക്ഷം മറ്റ് കുടിയേറ്റക്കാരെയും വയനാടിന്റെ മറ്റുപ്രദേശങ്ങളില്‍ വിന്യസിപ്പിക്കുക. ഇങ്ങനെ ചെയ്യുന്നപക്ഷം കൂടുതല്‍ ഉത്സാഹശാലികളായ ജനതയെ വയനാട്ടില്‍ വാര്‍ത്തെടുക്കാന്‍ കഴിയും. മണ്ണിന്റെ സ്വഭാവത്തിനനുസരിച്ചോ ശരിക്കുള്ള സ്ഥലത്തിന്റെ വിസ്തൃതിക്കനുസരിച്ചോ അല്ല നാമിപ്പോള്‍ ടാക്‌സ് പിരിച്ചെടുക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥരുടെ കള്ളവും ചതിയും ഇതിനാല്‍ നിര്‍ബാധം തുടരുന്നു. ഇത്തരത്തില്‍ കള്ളവും ചതിയുമായി നടക്കുന്ന റവന്യൂ ഉദ്യോഗസ്ഥന്മാര്‍ക്ക് നാം തക്കതായ ശിക്ഷ കൊടുക്കേണ്ടതാണ്.


വന്യമൃഗങ്ങളെ നശിപ്പിക്കുന്നതിലും നാം ശ്രദ്ധ കേന്ദ്രീകരിക്കണം. വന്യമൃഗങ്ങളെ കൊല്ലുന്നവര്‍ക്ക് നാം പാരിതോഷികം കൊടുക്കാറുണ്ടെങ്കിലും ആരുംതന്നെ വാങ്ങിക്കാന്‍ മിനക്കെടാറില്ല. റവന്യൂ ഉദ്യോഗസ്ഥരുടെ കൈമടക്കിനെ ഭയപ്പെടുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. പാരിതോഷികമായി കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ കൈമടക്ക് വേണ്ടിവരുന്നു. വില്ലേജ്, താലൂക്ക് ഉദ്യോഗസ്ഥന്മാരുടെ ദുഷ്‌വൃത്തികള്‍ക്ക് നാം കടിഞ്ഞാണിടേണ്ടതായിട്ടുണ്ട്. രണ്ട് കടുവകളെയും രണ്ട് ആനകളെയും ഒരു പുള്ളിപ്പുലിയെയും കൊന്ന ശിക്കാരിക്ക് ഞാനിടപെട്ടതിനെത്തുടര്‍ന്ന് മാത്രമാണ് പാരിതോഷികം ലഭിച്ചത്. ശിക്കാരികള്‍ക്ക് തോക്കുകളും തിരകളും നാം കൊടുക്കേണ്ടതായിട്ടുണ്ട്. കടുവകളെയും പുലികളെയും അമ്പുകൊണ്ടും കുന്തംകൊണ്ടും കൊല്ലുന്നതില്‍നിന്ന് അവരുടെ ചില അന്ധവിശ്വാസങ്ങള്‍ വിലങ്ങുതടികളാകുന്നു. അതിനാല്‍ ഇക്കൂട്ടര്‍ക്ക് തോക്കുകളും തിരകളും കൊടുക്കുക.''
21-ാം നൂറ്റാണ്ടില്‍ വയനാട് വളരെയേറെ പുരോഗമിച്ചിരിക്കുന്നു. ടൂറിസംമേഖലയുടെ അനന്തസാധ്യതകള്‍ കണ്ടറിഞ്ഞുകൊണ്ടായിരിക്കണം മാറിമാറി വരുന്ന നമ്മുടെ സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ താത്പര്യം കാണിക്കുന്നത്. അതേതായാലും നല്ലൊരു കാര്യംതന്നെ.





MathrubhumiMatrimonial