
മുതുമല മൂര്‍ത്തി
Posted on: 03 May 2009
-ശ്രീകുമാര്‍ അരൂക്കുറ്റി
സൂര്യന് കീഴിലുള്ള എന്തും ഏതും തങ്ങളുടെ ധാര്‍ഷ്ട്യത്തിനും മേല്‍ക്കോയ്മയ്ക്കും വഴിപ്പെട്ട് അടങ്ങിയൊതുങ്ങി കഴിഞ്ഞുകൊള്ളുകയെന്ന നമ്മള്‍ മനുഷ്യരുടെ പിടിവാശികള്‍ക്ക് മുന്നില്‍, പ്രതിഷേധത്തിന്റെ, ചെറുത്തുനില്‍പ്പിന്റെ ഒറ്റയാന്‍ വിപ്ലവവീര്യവുമായി ഒരു ആനപ്പിറവി - അതാണ് മുതുമല മൂര്‍ത്തി.
തന്റെ വര്‍ഗ്ഗശത്രുക്കളെന്ന് തോന്നിയ മനുഷ്യകുലത്തിന് മേല്‍ നാശത്തിന്റെ വസൂരിമാലകള്‍ പെയ്തു നിറച്ചുകൊണ്ട് ഒരാന രണ്ടും കല്‍പ്പിച്ച് ഇറങ്ങിത്തിരിച്ചപ്പോള്‍ അവന്‍ മരണത്തിന്റെ മറ്റൊരു പ്രതിരൂപമായി മാറുകയായിരുന്നു. കാട്ടാനയായിരുന്ന കാലത്ത് എണ്ണമറ്റ മനുഷ്യരെ അരുംകൊല ചെയ്തവന്‍ എന്ന പേരിലാണ് മുതുമല മൂര്‍ത്തിയെ ആദ്യം നാടും നാട്ടാരും ശ്രദ്ധിക്കുന്നത്.

മുത്തങ്ങ - ഗുഡല്ലൂര്‍ - ബന്ദിപ്പൂര്‍ എന്നിങ്ങനെ കേരള - തമിഴ്‌നാട് - കര്‍ണ്ണാടക വനമേഖലകളിലായി നാടു വിറപ്പിച്ചിരുന്ന 'ഈയുള്ളവന്‍' കുറഞ്ഞത് ഇരുപത് മനുഷ്യരെയെങ്കിലും കൊലപ്പെടുത്തിയിട്ടുണ്ടാകും എന്നാണ് ഔദ്യോഗിക ഭാഷ്യം.
ഒറ്റയാന്റെ കൊലവിളിയെന്നൊക്കെകേള്‍ക്കുന്ന മാത്രയയില്‍ തന്നെ ആരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ചിത്രം, കനത്ത കൊമ്പുകളും തുറിച്ച കണ്ണുകളുമായി നില്‍ക്കുന്ന ഭീമാകാരനായ ഒരു കൊമ്പനാനയുടേതായിരിക്കും. പക്ഷെ മുതുമല മൂര്‍ത്തിയാകട്ടെ തെറ്റില്ലാത്ത രണ്ട് കൊമ്പുകളെ ക്കുറിച്ച് സ്വപ്നം കാണുവാന്‍ പോലും യോഗമില്ലാത്ത വെറുമൊരു മോഴയാന ആണെന്നതാണ് യാഥാര്‍ത്ഥ്യം. മോഴയെന്ന് കേള്‍ക്കുമ്പോള്‍ ആണും പെണ്ണും കെട്ടവര്‍ എന്നും ഹിജഡകള്‍ എന്നുമൊക്കെയാവും സാമാന്യജനം ചിന്തിക്കുക. എന്നാല്‍ കൊമ്പനാനകള്‍ക്ക് തുല്യമായ മികച്ച കൊമ്പുകള്‍ ഇല്ലാതെ, ഒറ്റനോട്ടത്തില്‍ പെണ്ണാനകള്‍ എന്നു തോന്നിപ്പിക്കുന്ന ആണാനകള്‍ തന്നെയായിരിക്കും മോഴകളില്‍ ബഹുഭൂരിപക്ഷവും. പ്രത്യുദ്പാദത്തിനും പ്രതിയോഗിയുമായുള്ള പോരാട്ടവീര്യത്തിലുമൊക്കെ പലപ്പോഴും മോഴയാനകള്‍ കൊമ്പന്‍മാരെ കടത്തിവെട്ടുകയും ചെയ്യും.

മനുഷ്യരില്‍ നിന്ന്, പ്രത്യേകിച്ച് കാട് വെട്ടിത്തെളിച്ച് കൃഷി ചെയ്യാന്‍ ഇറങ്ങിയ കുടിയേറ്റ കര്‍ഷകസമൂഹത്തില്‍ നിന്നും പലപ്പോഴായി നേരിടേണ്ടി വന്ന ആക്രമണങ്ങളും ക്രൂരതകളുമാണ് മുതുമല മൂര്‍ത്തിയെ കണ്ണിന്‍ ചോരയില്ലാത്തവനാക്കി മാറ്റിയതെന്ന് പറയപ്പെടുന്നു. ആനയെ കൊണ്ട് പൊരുതി മുട്ടിയവരുടെ ആവലാതികള്‍ക്ക് ഒടുവില്‍ ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനും അന്വേഷണങ്ങള്‍ക്കും ശേഷമാണ് തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും ഒരു സംഘം ഡോക്ടര്‍മാരും ചേര്‍ന്ന് മോഴകിങ്കരനെ മയക്കുവെടിവച്ച് കീഴ്‌പ്പെടുത്തുന്നതും തടവിലാക്കുന്നതും.
അവനെ മയക്കുവെടിവച്ച് സമാധാനപര്‍വത്തിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ നേതൃത്വം നല്‍കിയ ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയോടുള്ള ആദരസൂചകമായാണ് ആനയ്ക്ക് മൂര്‍ത്തി എന്ന് പേരിട്ടത്. ബന്ദിയാക്കപ്പെട്ട മൂര്‍ത്തിയെ ആദ്യം തടവില്‍ പാര്‍പ്പിച്ചതും തുടര്‍ന്ന് നാട്ടാനകള്‍ക്ക് വേണ്ട പരിശീലനമുറകള്‍ അഭ്യസിപ്പിച്ച് നല്ലവഴിയിലേക്ക് കൂട്ടികൊണ്ടുവന്നതും മുതുമല ആനക്യമ്പില്‍ വച്ചായതിനാല്‍ അവന്‍ മുതുമല മൂര്‍ത്തിയുമായി.
വേണ്ടത്ര ശ്രദ്ധയും പരിചരണവും പരിഗണനയും ലഭിച്ചാല്‍ എത്ര വലിയ കാട്ടാളനും - അഥവാ കൊലയാളിയാനയും നന്‍മയുടെ വഴിയേ - ഗാന്ധിമാര്‍ഗ്ഗത്തിലേക്ക് നിങ്ങിയേക്കും എന്നതിന്റെ ഉത്തമോദാഹരണമായി, മുതുമല ആനക്യാമ്പിന്റെ എറ്റവും വലിയ ആകര്‍ഷണമായി മൂര്‍ത്തി കത്തിവേഷങ്ങള്‍ അഴിച്ച്‌വച്ച് അരങ്ങ് വാഴുന്നു.
sreekumararookutty@gmail.com
Tags: Elephant, Anachantham, Muthumala Murthy
