NagaraPazhama

മലബാര്‍ ജാഥ തിരുവിതാംകൂറിനെ പിടിച്ചുകുലുക്കിയ കാലം

Posted on: 30 Oct 2013

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍



75 വര്‍ഷം മുമ്പുള്ള അനന്തപുരി. അന്ന് തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ നാടുഭരിക്കുന്നു. ശക്തനായ സര്‍ സി.പി. രാമസ്വാമി അയ്യര്‍ ദിവാന്‍. 1938 ഫിബ്രവരി 23നുശേഷം തിരുവിതാംകൂര്‍ രാഷ്ട്രീയരംഗം കലുഷിതമായിരുന്നു. ഇതിനുകാരണം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഹരിപുര (ഗുജറാത്ത്) സമ്മേളനവും. സുഭാഷ് ചന്ദ്രബോസിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തിലാണ് നാട്ടുരാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഉത്തരവാദ പ്രക്ഷോഭത്തിന് പ്രത്യേക സംഘടനയുണ്ടാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് പുളിമൂട്ടിലെ ഇന്നത്തെ ജനറല്‍ പോസ്റ്റോഫീസിന് എതിര്‍വശത്ത് ഉണ്ടായിരുന്ന കുറുപ്പിന്റെ രാഷ്ട്രീയ ഹോട്ടലിന്റെ രണ്ടാംനിലയിലുള്ള വക്കീലന്മാരുടെ ഓഫീസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഫിബ്രവരി 23ന് സി.വി. കുഞ്ഞുരാമന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് 'തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്' എന്ന സംഘടനയ്ക്ക് നേതൃത്വം നല്‍കി.

പട്ടം താണുപിള്ള, എ. നാരായണപിള്ള, പി.എസ്. നടരാജപിള്ള, ആനിമസ്‌ക്രീന്‍, ടി.എം. വര്‍ഗീസ് തുടങ്ങിയ നേതാക്കളാണ് ആദ്യയോഗത്തില്‍ പങ്കെടുത്തത്. പിന്നീട് തൈക്കാട് മൈതാനത്തിന് സമീപമുള്ള ജോണ്‍ ഫിലിപ്പോസിന്റെ വീട്ടില്‍ നേരത്തെ പറഞ്ഞവരെ കൂടാതെ പി.കെ. കുഞ്ഞ്, ഇ. ജോണ്‍ ഫിലിപ്പോസ്, ഇ.ജെ. ജോണ്‍, സി. കേശവന്‍, എ.ആര്‍. മാധവവാര്യര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട വിപുലമായ യോഗം കൂടി. യോഗത്തില്‍ പട്ടം താണുപിള്ള പ്രസിഡന്റും കെ.ടി. തോമസ്, പി.എസ്. നടരാജപിള്ള, കെ. സുകുമാരന്‍, ബോധേശ്വരന്‍, ആനിമസ്‌ക്രീന്‍ എന്നിവരെ പ്രചാരണ അംഗങ്ങളുമാക്കി സമിതി രൂപവത്കരിച്ചു.

പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി 'ഉത്തരവാദ ഭരണം' അനുവദിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മഹാരാജാവിന് സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഇതോടെയാണ് സര്‍ സി.പിയുടെ കണ്ണ് ചുവന്നത്. സ്റ്റേറ്റ് കോണ്‍ഗ്രസിനെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ദിവാന്‍ തീരുമാനിച്ചു. അതോടെ തുടങ്ങി മര്‍ദ്ദനവും ഗുണ്ടകളുടെ ആക്രമണവും അറസ്റ്റും എല്ലാം. എന്നാല്‍ ഈ സമയത്ത് തൊട്ടടുത്ത നാട്ടുരാജ്യമായ കൊച്ചിയിലെ നിയമസഭ പരിഷ്‌കരിക്കുകയും ഉത്തരവാദം അനുവദിക്കുന്നതിന്റെ ഭാഗമായി കുറെ വകുപ്പുകള്‍ വോട്ടെടുപ്പിലൂടെ ജയിച്ച ഒരംഗത്തിന് നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു.

അമ്പാട്ട് ശിവരാമമേനോന്‍ അങ്ങനെ മലയാളക്കരയിലെ ആദ്യത്തെ ജനകീയ മന്ത്രിയായി. സര്‍ ഷണ്മുഖം ചെട്ടിയാരായിരുന്നു കൊച്ചിയിലെ ദിവാന്‍. സി.പിയും ഷണ്മുഖം ചെട്ടിയും സുഹൃത്തുക്കളായിരുന്നു. അതേസമയം കൊച്ചിയില്‍ ജനകീയ മന്ത്രിക്ക് കുറച്ച് അധികാരം കൈമാറിയപ്പോള്‍, ഉത്തരവാദ ഭരണത്തിനുവേണ്ടി നിവേദനം പോലും നല്‍കാന്‍ സര്‍ സി.പി. അനുവാദം നല്‍കിയില്ല.

സ്റ്റേറ്റ് കോണ്‍ഗ്രസ് എന്നുകേട്ടാല്‍ സി.പി. കലിതുള്ളുന്ന സ്ഥിതിയിലായി. കോണ്‍ഗ്രസ് യോഗങ്ങള്‍ നിരോധിക്കുകയും ഗുണ്ടകള്‍ യോഗം കലക്കുകയും നിത്യസംഭവമായി. നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ജയിലുകളിലാക്കി. നെയ്യാറ്റിന്‍കരയില്‍ നടന്ന വെടിവെയ്പില്‍ രാഘവന്‍ ഉള്‍പ്പടെ ഏഴുപേരുടെ ജീവന്‍ പൊലിഞ്ഞു. തിരുവിതാംകൂറിലെങ്ങും നടന്ന നരനായാട്ട് ദേശീയനേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. ഗാന്ധിജി പ്രതിഷേധവുമായി രംഗത്തെത്തി.

ഇന്ത്യയുടെ പലഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പ്രതിഷേധ ജാഥകള്‍ നടത്താന്‍ നേതാക്കള്‍ തീരുമാനിച്ചു. കോഴിക്കോട്ട് കൂടിയ കെ.പി.സി.സി. യോഗം തിരുവിതാംകൂര്‍ സംഭവത്തില്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തി. പിന്നീട് മുഹമ്മദ് അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍കൂടിയ കെ.പി.സി.സി. യോഗം തിരുവനന്തപുരത്തേക്ക് 'മലബാര്‍ ജാഥ' അയയ്ക്കാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി കോഴിപ്പുറത്ത് മാധവമേനാന്‍ പ്രസിഡന്റും കെ.എ. ദാമോദരമേനോന്‍ സെക്രട്ടറിയും ഇ.എം.എസ്, പി. കൃഷ്ണപിള്ള, പി. നാരായണന്‍ നായര്‍ എന്നിവര്‍ അംഗങ്ങളുമായി ഒരു സബ്കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ജാഥയുടെ ക്യാപ്ടനായി എ.കെ.ജിയെ നിയമിച്ചു. കാല്‍നടയായി മലബാറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ജാഥ നയിക്കണമെന്നായിരുന്നു തീരുമാനം. എന്നാല്‍ സര്‍ സി.പിയുടെ സ്വഭാവം അറിയാവുന്ന ദേശീയ നേതാക്കളില്‍ പലരും അനിഷ്ടസംഭവങ്ങള്‍ക്ക് ഇത് വഴിതെളിക്കുമോ എന്ന് സംശയിച്ചു. മലബാര്‍ ജാഥ തത്കാലം ഉപേക്ഷിക്കണമെന്ന് ആചാര്യ കൃപലാനി, ഇം.എം.എസിന് കമ്പിയടിച്ചു. ഒടുവില്‍ മലബാറിലെയും തിരുവിതാംകൂറിലെയും നേതാക്കള്‍ ഇടപെട്ട് ജാഥ നടത്തുന്നതില്‍ തെറ്റില്ലെന്ന് എ.ഐ.സി.സിയെ അറിയിച്ചു.

1938 സപ്തംബര്‍ 9ന് കോഴിക്കോട്ട് കടപ്പുറത്തുനിന്ന് ആയിരക്കണക്കിനാളുകളുടെ സാന്നിധ്യത്തില്‍ എ.കെ.ജിയുടെ നേതൃത്വത്തിലുള്ള മലബാര്‍ ജാഥ ആരംഭിച്ചു. തുടക്കത്തില്‍ 28 പേരാണ് ജാഥയില്‍ വളന്റിയര്‍മാരായി ഉണ്ടായിരുന്നത്. മലബാറിനെയും കൊച്ചിയേയും ഇളക്കിമറിച്ച് ജാഥ തിരുവിതാംകൂര്‍ അതിര്‍ത്തിയിലെത്തി. വഴിനീളെ വമ്പിച്ച സ്വീകരണമാണ് ജാഥയ്ക്ക് ലഭിച്ചത്. നേതാക്കളെ മുഴുവന്‍ ജയിലിലാക്കി. സ്റ്റേറ്റ് കോണ്‍ഗ്രസ് ഒരിക്കലും തലപൊക്കില്ലെന്ന് കരുതിയിരുന്ന സര്‍ സി.പിയുടെ കണ്ണിലെ കരടായി മാറി മലബാര്‍ ജാഥ. അതോടെ സ്റ്റേറ്റ് കോണ്‍ഗ്രസിനെതിരെ സര്‍ക്കാര്‍ മിഷനറി ഉപയോഗിച്ചുള്ള പ്രചാരണത്തിന് ശക്തി കൂട്ടി.

ജാഥയെ അനുകൂലിച്ച് സംസാരിക്കുന്നവരെയെല്ലാം അറസ്റ്റ് ചെയ്യാന്‍ തുടങ്ങി. ഒരുകാരണവശാലും മലബാര്‍ ജാഥ തിരുവിതാംകൂര്‍ മണ്ണിലെത്താന്‍ പാടില്ലെന്ന് പോലീസിനും കര്‍ശനനിര്‍ദ്ദേശം നല്‍കി. ജാഥ 17ന് കൊച്ചിയിലെത്തി. ഹജൂര്‍ മൈതാനത്ത് പതിനായിരങ്ങള്‍ തടിച്ചുകൂടി. 19ാം തീയതി എ.കെ.ജിയും വളന്റിയര്‍മാരും തീവണ്ടിയില്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു. മരിക്കാന്‍ തയാറുള്ളവര്‍ തന്റെകൂടെ വന്നാല്‍മതിയെന്ന് എ.കെ.ജി. നിര്‍ദ്ദേശിച്ചു. ധാരാളം ചെറുപ്പക്കാര്‍ അദ്ദേഹത്തെ തീവണ്ടിയില്‍ അനുഗമിച്ചു. ആലുവയില്‍ എത്തിയപ്പോള്‍ ഇരുപതിനായിരത്തില്‍പരം ആളുകള്‍ ജാഥയെ യാത്രയാക്കാന്‍ തടിച്ചുകൂടിയിരുന്നു. ജാഥാംഗങ്ങള്‍ സ്വീകരണം ഏറ്റുവാങ്ങാന്‍ പുറത്തിറങ്ങിയപ്പോള്‍ തിരുവിതാംകൂര്‍ പോലീസ് അദ്ദേഹത്തെ സമീപിച്ച് നിരോധനാജ്ഞയുടെ ഉത്തരവ് നല്‍കി. എ.കെ.ജി. ആ ഉത്തരവ് ചുരുട്ടി പോക്കറ്റിലിട്ട് തിരുവിതാംകൂറിലേക്ക് കടക്കാന്‍ കുതിച്ചു, ഒപ്പം ധാരാളം പ്രവര്‍ത്തകരും.

പോലീസും വളന്റിയര്‍മാരും തമ്മില്‍ ഉന്തുംതള്ളുമായി. പിന്നീട് പോലീസ് എ.കെ.ജി. ഉള്‍പ്പെടെ എല്ലാവരെയും അറസ്റ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ആലുവ ലോക്കപ്പില്‍ ആയിരങ്ങള്‍ വളഞ്ഞ് ബഹളമായി. എ.കെ.ജിയെ പിന്നീട് പെരുമ്പാവൂര്‍ ലോക്കപ്പിലേക്ക് കൊണ്ടുപോയി റിമാന്‍ഡ് ചെയ്തു. എട്ടുമാസത്തെ തടവാണ് എ.കെ.ജിക്കും സഹപ്രവര്‍ത്തകര്‍ക്കും വിധിച്ചത്. വെറുതെവിട്ട പ്രതികളെ ലോറിയില്‍ കയറ്റി തിരുവിതാംകൂറിന് പുറത്തുകൊണ്ടുപോയി വിട്ടു.




MathrubhumiMatrimonial