
മൂന്ന് പുതിയ ജീവിവര്‍ഗങ്ങള്‍ ഓസ്‌ട്രേയിലയയില്‍ നിന്ന്
Posted on: 29 Oct 2013
![]() |
പുതിയ ജീവിവര്‍ഗങ്ങളെ കണ്ടെത്തിയ ഓസ്‌ട്രേലിയയിലെ 'നഷ്ടലോകം' - ചിത്രം കടപ്പാട് : നാഷണല്‍ ജ്യോഗ്രഫിക് |
സിഡ്‌നി: വടക്കന്‍ ഓസ്‌ട്രേലിയയില്‍ ഒരുസംഘം നടത്തിയ പര്യവേക്ഷണത്തില്‍ നട്ടെല്ലുള്ള മൂന്ന് പുതിയ ജീവിവര്‍ഗങ്ങളെ കണ്ടെത്തി. ഇലയോടു സാമ്യമുള്ള വിചിത്രമായ വാലുള്ള പല്ലി (20 സെന്റീമീറ്റര്‍ നീളം), സ്വര്‍ണ നിറമുള്ള അരണയ്ക്കു സമാനമായ മറ്റൊരിനം പല്ലി, പാറക്കല്ലുകള്‍ക്കിടയ്ക്ക് വസിക്കുന്ന തവിട്ടുനിറത്തിലുള്ള പുള്ളികളോടു കൂടിയ തവള എന്നിവയെയാണ് കണ്ടെത്തിയത്. മുമ്പൊരിക്കലും കാണാത്ത ജീവിവര്‍ഗങ്ങളാണിവ. അന്താരാഷ്ട്ര ജേര്‍ണലായ 'സൂട്ടാക്‌സ'യിലാണ് പുതിയ കണ്ടുപിടിത്തത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുള്ളത്.

വടക്കന്‍ ഓസ്‌ട്രേലിയയിലെ മെല്‍വില്‍ പര്‍വതനിരയിലുള്ള മുനമ്പിലാണ് ഈ വര്‍ഷം തുടക്കത്തില്‍ ആരംഭിച്ച പര്യവേക്ഷണത്തില്‍ ഇവയെ കണ്ടെത്തിയത്. 'നഷ്ടലോകം' എന്നാണ് ശാസ്ത്രജ്ഞര്‍ ആ സ്ഥലത്തെ വിശേഷിപ്പിച്ചത്. ജെയിംസ് കുക്ക് സര്‍വകലാശാലയിലെ ജീവശാസ്ത്രജ്ഞനായ കോണ്‍റാഡ് ഹോസ്‌കിന്‍, 'നാഷണല്‍ ജ്യോഗ്രഫി'ക്കില്‍നിന്നുള്ള ഒരു സംഘം എന്നിവരാണ് പര്യവേക്ഷണം നടത്തിയത്.

കറുപ്പ് ഗ്രാനൈറ്റുകളുടെ വന്‍ ശേഖരമുള്ള പ്രദേശമാണ് മെല്‍വില്‍ പര്‍വതനിര. മഴക്കാടുകള്‍ നിറഞ്ഞ പ്രദേശമാണിത്. ഇവിടേക്ക് മനുഷ്യന് കടന്നുചെല്ലാന്‍ ഏറെ പ്രയാസമാണ്.
ഇലയോടു സാമ്യമുള്ള വാലുള്ള പല്ലിയുടെ ശരീരാവശിഷ്ടമാണ് കണ്ടെത്തിയത്. ഇതാണ് കണ്ടുപിടിത്തത്തിലെ പ്രധാന ആകര്‍ഷണം. മഴക്കാടുകള്‍ക്ക് കൂടുതല്‍ വിസ്തൃതിയുണ്ടായിരുന്ന കാലഘട്ടത്തിലുണ്ടായിരുന്നവയാണ് ഇവയെന്ന് കരുതുന്നു. വലിയ കണ്ണുകളും നീണ്ടുമെലിഞ്ഞ ശരീരവുമാണിവയ്ക്ക്. '

സ്വര്‍ണനിറമുള്ള വലിയ പല്ലികള്‍ ഈര്‍പ്പമുള്ള പാറക്കൂട്ടങ്ങളുള്ള മഴക്കാടുകളില്‍ മാത്രമാണ് കാണപ്പെടുക.
പുതിയതായി കണ്ടെത്തിയ തവളകള്‍ ചൂടുകാലത്ത് പാറക്കൂട്ടങ്ങള്‍ക്കിടയ്ക്ക് വളരെ ആഴത്തില്‍ താമസിക്കുന്നു. പുറത്ത് വെള്ളത്തിന്റെ അഭാവത്തില്‍ മുട്ടയ്ക്കുള്ളില്‍ത്തന്നെ വാല്‍മാക്രി വളര്‍ന്ന് പൂര്‍ണവളര്‍ച്ചയെത്തിയശേഷം മാത്രം തവളകള്‍ പുറത്തെത്തുന്നു.
