പന്നിപ്പനി: ചെക്‌പോസ്റ്റുകളിലും ഫാമുകളിലും പരിശോധന കര്‍ശനമാക്കും

Posted on: 30 Apr 2009

-സ്വന്തം ലേഖകന്‍



പാലക്കാട്: പാശ്ചാത്യരാജ്യങ്ങളില്‍ പന്നിപ്പനി ഭീഷണിയാവുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുന്നു. അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരുന്ന പന്നികളെ കര്‍ശനമായി നിരീക്ഷിക്കാനും പന്നിഫാമുകളില്‍ തുടര്‍ പരിശോധനകള്‍ നടത്താനും തീരുമാനമായി. പന്നിപ്പനി സംബന്ധിച്ച് ബോധവത്കരണവും നടത്തും.

ബുധനാഴ്ച ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും ധാരണയായതായി മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ. വിജയകുമാര്‍ പറഞ്ഞു.

തുമ്മല്‍, ചീറ്റല്‍, ചുമ, പനി എന്നീ ലക്ഷണങ്ങളാണ് പന്നിപ്പനിക്കുള്ളതെന്നാണ് ഇതുസംബന്ധിച്ച് വിദേശങ്ങളില്‍നിന്നും ലോകാരോഗ്യസംഘടനവഴിയും ലഭിച്ച വിവരം. എന്നാല്‍ പന്നിവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും പന്നിഫാമുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും മാത്രമേ ഈഘട്ടത്തില്‍ മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ ശ്രദ്ധ ചെലുത്തേണ്ടതുള്ളൂ. അന്യസംസ്ഥാനങ്ങളില്‍നിന്ന് ഇറച്ചിയാവശ്യത്തിന് കേരളത്തിലേക്ക് പന്നികളെ കൊണ്ടുവരുന്നത് പരിശോധിക്കും.

പക്ഷിപ്പനി വൈറസിനോട് സാമ്യമുള്ള എച്ച്1 എന്‍1 ഒന്ന് ഇനം വൈറസ്സുകളാണ് പന്നിപ്പനിക്ക് ഹേതുവാകുന്നതെന്ന് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ടെന്ന് ഡോ. വിജയകുമാര്‍ പറഞ്ഞു.

പന്നിപ്പനി സംബന്ധിച്ച് കര്‍ഷകര്‍, ആരോഗ്യ-കൃഷി വകുപ്പ് ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി വ്യാപകമായി ബോധവത്കരണം നടത്താനും തീരുമാനമായിട്ടുണ്ട്. ശരിയായി വേവിച്ച പന്നിമാംസം ഭക്ഷിക്കുന്നതുകൊണ്ട് രോഗബാധയെ ഭയപ്പെടാനില്ല. സാധാരണഗതിയിലുള്ള ചുമയോ പനിയോ വരുന്നവര്‍ക്ക് ഇതുമൂലം ആശങ്കപ്പെടാനില്ലെന്നും അധികൃതര്‍ പറഞ്ഞു.

പന്നിപ്പനി-പുതിയ മഹാമാരി

അറിയേണ്ട വസ്തുതകള്‍

പുതിയ വൈറസുകള്‍ എന്നും ഭീഷണി

എന്തുകൊണ്ട് പുതിയ വൈറസുകള്‍

ലിങ്കുകള്‍




MathrubhumiMatrimonial