
പന്നിപ്പനി: ആശങ്ക വേണ്ട; ജാഗ്രത വേണം
Posted on: 30 Apr 2009
ഡോ.ടി.പി സേതുമാധവന്‍

മനുഷ്യരില്‍ ഇന്‍ഫ്‌ളുവെന്‍സ രോഗത്തിനിടവരുത്തുന്ന പന്നിപ്പനിയുടെ ഹേതു H1N1 ഇനം വൈറസ്സുകളാണ്. 1918-19 കാലത്ത്
ലക്ഷക്കണക്കിന് മനുഷ്യജീവനപഹരിച്ച സ്പാനിഷ് ഫ്‌ളൂ വൈറസിന് ഇവയുമായി സാമ്യമുണ്ട്. പന്നിപ്പനിക്കിടവരുത്തുന്ന H1N1 , H3N2 വൈറസ്സുകളുണ്ടെങ്കിലും H1N1 -ന്റെ ജനിതകവ്യതിയാനം വന്ന വകഭേദമാണ് മനുഷ്യനെ ബാധിക്കുന്നതായി
കണ്ടെത്തിയിട്ടുള്ളത്. ഇവ ഓര്‍ത്തോട്ടികേ്‌സാ കുടുംബത്തില്‍പ്പെട്ട വൈറസ്സുകളാണ്. H5N1 വകഭേദമാണ് പക്ഷിപ്പനിക്ക് കാരണം.
മെക്‌സിക്കോയില്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ട പന്നിപ്പനി ഇതിനകം അമേരിക്ക, ന്യൂസീലന്‍ഡ്, സ്‌പെയിന്‍, ഫ്രാന്‍സ്, യു.കെ., കാനഡ എന്നീ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗംമൂലം 160 ലധികം പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. മെക്‌സിക്കോയില്‍ 1700-ഓളം രോഗബാധിതരെ കണ്ടെത്തിയിട്ടുണ്ട്.
പനി, ചുമ തുടങ്ങിയ ഇന്‍ഫ്‌ളുവെന്‍സ രോഗലക്ഷണങ്ങള്‍ പന്നിപ്പനിയുടെ പ്രത്യേകതയാണ്. വൈറസ്സിന്റെ ദ്രുതഗതിയിലുള്ള ആന്റിജനിക് മാറ്റം വൈറസ്സിനെ കൂടുതല്‍ അപകടകാരിയാക്കുന്നു. പന്നിപ്പനി ഏറെ അടിയന്തര പ്രാധാന്യമുള്ള പൊതുജനാരോഗ്യ പ്രശ്‌നമായി ലോകാരോഗ്യസംഘടന വിലയിരുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ രോഗത്തിന്റെ ഉറവിടം മൃഗങ്ങളില്‍നിന്നാണെന്ന് അന്താരാഷ്ട്ര ജന്തുരോഗ സംഘടനയായ ഒ.ഐ.ഇ. ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആന്റിജനിക് മാറ്റത്തിനുശേഷം അപകടകാരിയാവുന്ന വൈറസ്സിന്റെ മനുഷ്യരില്‍ രോഗമുളവാക്കാനുള്ള തുടര്‍ശേഷി ഏറെ ആശങ്കയുണര്‍ത്തുന്നു.
പന്നിപ്പനിയുടെ ഉറവിടം ഇന്ത്യയ്ക്ക് പുറത്തായതിനാല്‍ രോഗം ബാധിച്ച രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകരുടെ വരവ് കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കിവരുന്നു. ഇന്ത്യയില്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും നിരീക്ഷണ സ്‌ക്വാഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
വൈറസ് മൂലമുള്ള രോഗമായതിനാല്‍ പ്രതിരോധമാര്‍ഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. രോഗം വന്നാല്‍ അടിയന്തര ചികിത്സയ്ക്കുള്ള ടാമി ഫ്‌ളൂ (Tami Flu) മരുന്നുകള്‍ ഇന്ത്യയില്‍ സജ്ജമാക്കിക്കഴിഞ്ഞു. ദേശീയ സാംക്രമിക രോഗ നിയന്ത്രണ ഇന്‍സ്റ്റിറ്റിയൂട്ട് രോഗപര്യവേക്ഷണത്തിനു മുന്തിയ പരിഗണന നല്‍കിവരുന്നു.
പന്നിഫ്‌ളൂ വൈറസ്സിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ആഗോളതലത്തില്‍ രോഗമുളവാക്കുന്ന പ്രതിസന്ധികള്‍ ഏറെയാണ്. രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതല്‍ ഉപഭോഗം പന്നിയിറച്ചിയാണ്. ഇന്ത്യയിലിത് കോഴിയിറച്ചിയും മാട്ടിറച്ചിയുമാണ്. ജന്തുജന്യ പ്രോട്ടീന്‍ ഉറവിടമായ ഇറച്ചിയുടെ ഉത്പാദനം, കയറ്റുമതി, ഉപഭോഗം എന്നിവയെ പന്നിജ്വരം സാരമായി ബാധിക്കാനിടയുള്ളതായി യൂറോപ്യന്‍ യൂണിയന്‍ വിലയിരുത്തുന്നു. ഇത് ഭക്ഷ്യ പ്രതിസന്ധി, സാമ്പത്തികമാന്ദ്യം എന്നിവ രൂക്ഷമാക്കുമെന്നാണ് ലോക ഭക്ഷ്യ കാര്‍ഷിക സംഘടന വിലയിരുത്തുന്നത്.
പന്നിജ്വരത്തെക്കുറിച്ച് തത്കാലം നമുക്ക് ഭീതിപ്പെടേണ്ടതില്ല. മറിച്ച് ജാഗ്രതയോടെയുള്ള രോഗനിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. പക്ഷിപ്പനിയുടെ കാര്യത്തില്‍ കേരളം അനുവര്‍ത്തിച്ച മാതൃകാ രോഗപര്യവേക്ഷണ രീതി ഏറെ ഫലപ്രദമായിരുന്നു. ഫാമുകളില്‍ സത്വര ജൈവസുരക്ഷാ മാര്‍ഗങ്ങളും റിപ്പോര്‍ട്ടിങ് രീതികളും ഇന്നാവശ്യമാണ്. രോഗബാധിത രാജ്യങ്ങളിലേക്കുള്ള അടിയന്തരമല്ലാത്ത യാത്രകള്‍ മാറ്റിവെക്കുന്നതും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുകള്‍ അനുവര്‍ത്തിക്കുന്നതും രോഗം വരാതെ തടയാന്‍ ഉപകരിക്കും.
(മൃഗസംരക്ഷണ വകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖകന്‍)
