goodnews head

അജിയുടെ ടാപ്പിങ്ങ് യന്ത്രത്തില്‍ മികവിന്റെ 'കര്‍ഷകശാസ്ത്രം'

Posted on: 15 Feb 2008


അമ്പലവയല്‍: വലിച്ചാല്‍ നീളുന്നതാണ് റബര്‍. എന്നാല്‍ റബര്‍മരത്തിന്റെ ആയുസോ? ശാസ്ത്രീയമായി ടാപ്പിങ്ങ് നടത്തിയാല്‍ അതും അനായാസം നീട്ടാമെന്നാണ് അജിതോമസ് കുന്നേല്‍ പറയുന്നത്.

വെറുതെ വാചകമടിക്കുകയല്ല ഈ യുവാവ്. അതിനനുയോജ്യമായ ടാപ്പിങ് ഉപകരണം സ്വന്തമായി വികസിപ്പിച്ചാണ് അജിതോമസ് തന്റെ വാക്കുകള്‍ക്ക് സാക്ഷ്യമിടുന്നത്. അര്‍ഹിക്കുന്ന അംഗീകാരമായി പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ നടന്ന ഒന്നാം കര്‍ഷകശാസ്ത്ര കോണ്‍ഗ്രസ്സില്‍ മികച്ച കര്‍ഷക ശാസ്ത്രജ്ഞനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തുകഴിഞ്ഞു ഈ മുപ്പത്തഞ്ചുകാരന്‍.

വയനാട്ടിലെ ജൈവകൃഷി മേഖലയിലെ മികച്ച സംഘാടകനായ അജിതോമസ് നെന്‍മേനി പഞ്ചായത്തിലെ ഹരിത ജൈവകര്‍ഷക സംഘം ജനറല്‍ സെക്രട്ടറിയും വയനാട് ഓര്‍ഗാനിക് അഗ്രികള്‍ച്ചറല്‍ കണ്‍സോര്‍ഷ്യം ട്രഷററുമായി സേവനമനുഷ്ഠിച്ച് വരികയാണ്. അമ്പലവയലിലെ കൃഷി വിജ്ഞാന കേന്ദ്രമാണ് ശാസ്ത്രകോണ്‍ഗ്രസ്സില്‍ അജിതോമസിനെ പങ്കെടുപ്പിച്ചത്.

1996-97 കാലത്ത് റബറിന് വില കുറഞ്ഞപ്പോള്‍ നല്ലൊരുഭാഗം കര്‍ഷകരും റബറിന്റെ ശാഖകളെല്ലാം വെട്ടിമാറ്റി കുരുമുളക് നട്ടു. റബര്‍ മരങ്ങളില്‍ കുരുമുളക് വളര്‍ന്നതോടെ ടാപ്പിങ് പ്രശ്‌നമായി. സാധാരണ റബര്‍ കത്തികൊണ്ട് വെട്ടുമ്പോള്‍ കുരുമുളക് വള്ളി മുറിഞ്ഞ് പോകാന്‍ തുടങ്ങി. ഇതാണ് പുതിയകാര്‍ഷിക രീതിക്കിണങ്ങുന്ന ഉപകരണമുണ്ടാക്കാന്‍ അജിതോമസിന് പ്രചോദനമായത്.

എല്‍.ആകൃതിയിലുള്ള ഫ്രെയിം കത്തിയില്‍ ഘടിപ്പിച്ച് ചലിപ്പിക്കാവുന്ന വിധത്തിലാണ് പുതിയ ഉപകരണം ഉണ്ടാക്കിയിട്ടുള്ളത്. റബര്‍ മരത്തിലെ വെട്ടുപട്ടയെ സംരക്ഷിക്കുന്ന സംവിധാനവും കത്തിയിലുണ്ട്. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് 2002ല്‍ ടാപ്പിങ് ഉപകരണത്തിന്റെ പരിഷ്‌ക്കരിച്ച രൂപം മണിച്ചിറയിലെ രാംകോ ഇന്‍ഡസ്ട്രീസില്‍ ഉണ്ടാക്കിയെടുത്തത്. എന്നാല്‍ പൊതുവേദിയില്‍ അവതരിപ്പിക്കാന്‍ ഇതുവരെ അവസരം കിട്ടിയിരുന്നില്ല. റബര്‍ മരത്തില്‍ മതിയായ ആഴത്തില്‍ ക്രമമായി മുറിവേല്‍പ്പിക്കാനായാല്‍ കൃഷി ലാഭകരമാക്കാമെന്ന് അജിതോമസ് പറയുന്നു. പുതിയ ടാപ്പിങ് കത്തി ഉപയോഗിക്കുന്നതുവഴി റബറിന്റെ ആയുസ്സ് 40 വര്‍ഷത്തിലേറെയാക്കി ഉയര്‍ത്താനാകുമത്രെ.

ഭക്ഷ്യ വസ്തുക്കള്‍ കൃഷിചെയ്യാന്‍ അവസരമുണ്ടാക്കുക എന്ന ആശയവും പുതിയ സംരംഭത്തിന് പിന്നിലുണ്ട്. പുതിയ കത്തി ഉപയോഗിക്കുന്ന റബര്‍ മരങ്ങളില്‍ കുരുമുളക്, തിപ്പലി തുടങ്ങിയവ അനായാസം പടര്‍ത്താം. ടാപ്പിങ്ങ് പണി പൂര്‍ത്തിയാക്കാനുമാകും. റബ്ബര്‍ മരത്തിന്റെ ആരോഗ്യം ഉറപ്പ്‌വരുത്താമെന്നതാണ് പ്രധാന നേട്ടം. മരത്തിന്റെ ജൈവസ്വഭാവത്തിന് താളത്തെറ്റലുകളുണ്ടാക്കാതെ നോക്കാനാകുന്നു. റബ്ബര്‍ വെട്ടുമ്പോള്‍ കത്തിയുടെ മൂര്‍ച്ച കുറഞ്ഞു എന്നു തോന്നിയാല്‍ ബ്ലേഡ് മാറ്റാം. പുതിയബ്ലേഡ് പോക്കറ്റില്‍ കരുതിയിരിക്കണമെന്നുമാത്രം. ടാപ്പിങ് കത്തിയുടെ പിടിയില്‍ ചെറിയടോര്‍ച്ചും മരത്തിന്റെ തൊലിയുടെ കാഠിന്യമറിയാനുള്ള മീറ്ററും ഘടിപ്പിക്കാനാവും.


 

 




MathrubhumiMatrimonial