
പൂതൃക്കോവില്‍ ഗണപതി
Posted on: 27 Apr 2009
-ശ്രീകുമാര്‍ അരൂക്കുറ്റി

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍, എഴുത്തച്ഛന്‍ ശ്രീനിവാസന്‍, കണ്ടമ്പുള്ളി ബാലനാരായണന്‍, പാറമേക്കാവ് ശ്രീപരമേശ്വരന്‍ തുടങ്ങി, വടക്കുനിന്നുവന്ന് തെക്കന്‍ നാട്ടില്‍ സ്വന്തം സിംഹാസനങ്ങള്‍ വെട്ടിപ്പിടിച്ചവരുടെ നിരയിലെ പുതിയൊരു താരോദയമാണ് പൂതൃക്കോവില്‍ ഗണപതി.

പണ്ടെപ്പോഴോ കാശിവിശ്വനാഥ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തപ്പെട്ടവന്‍ എന്നു വിശ്വസിക്കപ്പെടുന്ന ഗണപതിയാനയെ മധ്യപ്രദേശിലെ റീവാ ജില്ലയില്‍ നിന്നാണ് തൃശൂര്‍ എല്‍ത്തുരുത്ത് പൂതൃക്കോവില്‍ ക്ഷേത്രസമിതി പ്രവര്‍ത്തകര്‍ കണ്ടെത്തുന്നതും സ്വന്തമാക്കുന്നതും. ഭംഗിയാര്‍ന്ന മദഗിരികളും നല്ല വായൂകുംഭവും തെറ്റില്ലാത്ത തലക്കുന്നിയും തുമ്പിക്കൈയുമൊക്കെയാണ് ഗണപതിയുടെ മുഖ്യ ആകര്‍ഷണങ്ങള്‍.
കൊമ്പുകളും മികച്ചവ; എങ്കിലും വലത്തെ കൊമ്പിന് ചെറിയൊരു പൊട്ടലുണ്ട്. എന്നാല്‍ ഈ പൊട്ടല്‍ അഭംഗിയാവാത്തതുകൊണ്ട് അതിനെ നാല്‍ക്കൊമ്പ് എന്ന് വിശേഷിപ്പിക്കാനാണ് ആരാധകര്‍ക്ക് ഇഷ്ടം. തലവലിപ്പവും മുന്നരങ്ങിന്റെ മൊത്തത്തിലുള്ള താളപ്പെരുക്കവുമായി താരതമ്യം ചെയ്താല്‍ വലത്തെ ചെവിയും ഇത്തിരി ചെറുതെന്ന് പറയണം.

ഉയരം ഒമ്പതടി എട്ടിഞ്ച്. നല്ല മുഖശ്രീ, ഭേദപ്പെട്ട നിലവ് അഥവാ തലയെടുപ്പ്, സര്‍വ്വോപരി ശാന്തസ്വഭാവം. അതുകൊണ്ടുതന്നെ കേരളത്തില്‍ എത്തി ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ പേരെടുക്കാനും പൂതൃക്കോവില്‍ ഗണപതിക്ക് സാധിച്ചു. മദപ്പാടിന് ശേഷമുള്ള സുഖചികിത്സയും മറ്റ് വിശേഷാല്‍ പരിചരണങ്ങളും ഇവനുവേണ്ടി ഇപ്പോള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് തൃശൂരും ചുറ്റുവട്ടത്തുമുള്ള ഇവന്റെ ഫാന്‍സ് അസോസിയേഷനുകളാണ്.
കേരളത്തില്‍ മാത്രമല്ല, തന്റെ ശാന്തസ്വഭാവം കൊണ്ട് മധ്യപ്രദേശില്‍വച്ചും നല്ലൊരു ശതമാനം നാട്ടുകാരെ കൈയ്യിലെടുത്ത ചരിത്രമുള്ള ആനയാണ് ഇന്നത്തെ ഗണപതി. അവിടെയവന്റെ പേര് സുന്ദര്‍ഗജ്ജ് എന്നായിരുന്നു. നാട്ടുകാരോടെല്ലാം നല്ല ഇണക്കവും അടുപ്പവും പ്രദര്‍ശിപ്പിച്ചിരുന്ന സര്‍വ്വസമ്മതന്‍. ആന മദപ്പാടിലാവുന്ന സമയത്തുപോലും അവിടെ അവനെ കനത്ത ചങ്ങലകളില്‍ കെട്ടിമുറുക്കുന്ന പതിവില്ല. പകരം, കാലില്‍ വലിയൊരു നീട്ടുചങ്ങലയും കൊളുത്തി അടുത്തുള്ള കാട്ടില്‍ അഴിച്ചുവിടും.
എന്നിട്ട് കുറേ നിലക്കടലച്ചാക്കുകളും എടുത്ത് പാപ്പാന്‍ കാട്ടിലെ ഏറുമാടത്തില്‍ കയറും. എല്ലാ ദിവസവും കൃത്യസമയത്ത് പാപ്പാന്‍ ഒരു മരമുട്ടിയെടുത്ത് മരത്തിലടിച്ച് ശബ്ദമുണ്ടാക്കുമ്പോള്‍ ആന താഴെയെത്തും. പൊട്ടിക്കാത്ത നിലക്കടല പാപ്പാന്‍ അപ്പോള്‍ താഴേക്ക് ചൊരിഞ്ഞുകൊടുക്കും. അതായിരുന്നു അവിടുത്തെ രീതി. 2002-ലെ മദപ്പാട് കഴിഞ്ഞ് ഉടമയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു മലയാളികള്‍ അവനെ സ്വന്തമാക്കി കൂട്ടിക്കൊണ്ടു പോന്നത്.
sreekumararookutty@gmail.com
Tags: Elephant, Kerala Festivals, Anachantham, Puthrukovil Ganapathy
