ഓര്‍മകളിലിന്നും സന്താനഗോപാലം

Posted on: 26 Apr 2009


കലാമണ്ഡലം ഗോപി


കൊച്ചി: 'കര്‍ഷകത്തൊഴിലാളി യൂണിയന്‍വേദിയിലെ കര്‍ഷകനൃത്തം. പിന്നെ ആചാര്യന്മാരെല്ലാം നിരന്ന സന്താനഗോപാലം അരങ്ങും' - കലാമണ്ഡലം കേശവന്‍ എന്ന ആത്മമിത്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ഇവയാണ്.

'കലാമണ്ഡലത്തില്‍ പഠിക്കുമ്പോഴാണ്. ഞങ്ങള്‍ രണ്ടുപേരും ഒരു ദിവസം പെരിങ്ങോട് പോയി. അവിടെ കര്‍ഷകത്തൊഴിലാളി യൂണിയന്റെ പരിപാടികള്‍ നടക്കുകയാണ്. ഞങ്ങള്‍ അവിടെ ഒരു കര്‍ഷകനൃത്തം തന്നെ അവതരിപ്പിച്ചു.' കേശവന്‍ എന്നും അങ്ങനെയായിരുന്നു. എല്ലാ മേഖലയിലും എല്ലാ കലകളിലും നിപുണനായിരുന്നു. മേളപ്പദം തനിയാവര്‍ത്തനപ്രകാരം ആദ്യമായി രംഗത്ത് അവതരിപ്പിച്ച് തുടങ്ങിയത് കേശവനും കലാമണ്ഡലം ശങ്കര വാര്യരുമാണ്. ഇന്നിപ്പോഴത് പലരും പിന്തുടരുന്നുണ്ട്.

കേശവനോടൊപ്പം ഒട്ടേറെ വേദികള്‍ പിന്നിട്ടുണ്ട്. കൊട്ടാനായി കേശവന്‍ ഒപ്പമുണ്ടെങ്കില്‍ കളിക്കുശേഷം സത്യസന്ധമായി അഭിപ്രായം പ്രതീക്ഷിക്കാം. പിഴവ് എന്തെങ്കിലും കണ്ടാല്‍ പറഞ്ഞ് തിരുത്തിത്തരും.

ഏറ്റവും അവസാനമായി കേശവനൊപ്പം ആസ്വദിച്ച് പങ്കിട്ട വേദികളിലൊന്ന് ഗുരുവായൂരിലെ 'സന്താനഗോപാല'ത്തിന്റെ അരങ്ങാണ്. 2005 അവസാനമായിരുന്നു അതെന്നാണ് ഓര്‍മ. അന്ന് അവിടെ എനിക്കൊപ്പം ആചാര്യന്മാര്‍ എല്ലാവരുമുണ്ടായിരുന്നു. ചെണ്ടയില്‍ കേശവന്‍, മദ്ദളത്തില്‍ കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍, പാടാന്‍ ശങ്കരന്‍ എമ്പ്രാന്തിരി, വേഷം ആടാന്‍ കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം പദ്മനാഭന്‍ നായര്‍, കോട്ടയ്ക്കല്‍ ശിവരാമന്‍.... അരങ്ങില്‍ ആടിയവര്‍ക്കൊപ്പമെന്നപോലെ അന്ന് സദസ്സിന്റെ മനവും നിറഞ്ഞ് തുളുമ്പിയിട്ടുണ്ടാകണം.

കാലിന്റെ വേദനകാരണം കേശവന്‍ ഇരുന്നാണ് കൊട്ടിയത്. അദ്ദേഹത്തിന്റെ വിഷമം കണ്ടപ്പോള്‍ എനിക്കും വിഷമം തോന്നിയിരുന്നു.
പക്ഷേ, പ്രതിഭയ്‌ക്കൊട്ടും മങ്ങലേറ്റിട്ടില്ലായിരുന്നു. നിറഞ്ഞ സദസ്സിനൊപ്പം ഞങ്ങള്‍ ഓരോരുത്തരും ആ മേളം ആസ്വദിച്ചു.
സ്നേഹസമ്പന്നനായ സഹോദരനെ നഷ്ടപ്പെട്ടതുപോലെയാണ് എനിക്കിപ്പോള്‍ തോന്നുന്നത്. ഒരിക്കലും നികത്താനാവാത്ത നഷ്ടമാണത്.




MathrubhumiMatrimonial