കളിവെട്ടത്തില്‍ തെളിഞ്ഞ മേളം

Posted on: 26 Apr 2009


മേളപ്പദം നിലച്ചു


വി. കലാധരന്‍


മേളവും തായമ്പകയും ജനസാമാന്യത്തിനിടയില്‍ ഇന്ന് അനുഭവിച്ചുപോരുന്ന അസാധാരണ സൗഭാഗ്യം ഒന്നരപ്പതിറ്റാണ്ടു മുന്‍പുവരെ കഥകളിമേളത്തിന്റെ കുത്തകയായിരുന്നു. പോയ നൂറ്റാണ്ടിന്റെ ഏതാണ്ടറുതിയോളം സംഘരൂപമായ മേളവും വ്യക്തിവാസനാബലിഷ്ഠമായ തായമ്പകയും മധ്യകേരളത്തിനു പുറത്ത് ലഘുവായിരുന്നപ്പോള്‍ ദേശ-വിദേശങ്ങളില്‍ ചെണ്ടയുടെ താരഗംഭീരനാദം മുഴങ്ങിയത് കഥകളിമേളക്കാരിലൂടെയായിരുന്നു. കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാളിനുശേഷം കഥകളിച്ചെണ്ടയെ ലോകജനതയുടെ പ്രിയപ്പെട്ട നാദമാക്കിയവരില്‍ കലാമണ്ഡലം കേശവനോളം കീര്‍ത്തിയും പ്രശംസയും നേടിയവരില്ല.

കഥകളിയില്‍ അകമ്പടിവാദ്യമാണെങ്കിലും തായമ്പകയെക്കാളും മേളത്തെക്കാളും ദുഷ്‌കരമാണ് കഥകളിച്ചെണ്ടയിലുള്ള കര്‍മവ്യവഹാരം. കഥയും കളിയും പാത്രവും ഋതുഭേദങ്ങള്‍പോലെ മാറിമാറി വരുന്ന സന്ദര്‍ഭങ്ങളും മനഃപാഠമായാല്‍ മാത്രംപോരാ അവയെല്ലാം ആവശ്യപ്പെടുന്ന അനുനിമിഷഭിന്നമായ ഭാവതരംഗങ്ങള്‍ ചെണ്ടയില്‍ അനായാസേന വിന്യസിപ്പിക്കാനും മേളക്കാരനു കഴിയണം. മാനസികവും കായികവുമായ വൃത്തികളുടെ ഇവ്വിധമുള്ള പൂര്‍ണ്ണ സാക്ഷാത്ക്കാരമാണ് കേശവന്റെ വേര്‍പാടിലൂടെ കഥകളിയ്ക്ക് കൈമോശം വന്നത്.

കര്‍ണ്ണാടക-ഹിന്ദുസ്ഥാനി സംഗീതത്തിലെ, അതല്ലെങ്കില്‍, ഭരതനാട്യം - കുച്ചുപ്പുഡി - ഒഡിസ്സിയിലെ പശ്ചാത്തലവാദ്യക്കാരെപ്പോലെ ഭാഗികമായ ദൃശ്യപരിജ്ഞാനം പോരാ കഥകളിയ്ക്ക് ശബ്ദപ്രൗഢി പകരാന്‍. കാവ്യജ്ഞാനം, പരഹൃദയജ്ഞാനം, പ്രത്യുല്പന്നമതിത്വം, ഔചിത്യം എന്നിവയിലുള്ള മികവാണ് കേശവനെ കഥകളിയിലെ ആദ്യാവസാനവേഷക്കാരുടെ സന്തതസഹചാരിയാക്കിയത്. കഥകളിവേഷത്തിലെ താരസമ്രാട്ടായിരുന്ന കലാമണ്ഡലം കൃഷ്ണന്‍നായര്‍ക്ക് കേശവനോളം ബോധിച്ച മറ്റൊരു കൊട്ടുകാരനുണ്ടായിരുന്നില്ല.

പ്രയോഗപാടവം മാത്രമല്ല വിനയവും മര്യാദയും ഉത്തരവാദിത്വബോധവും കേശവന്റെ കൂടപ്പിറപ്പുകളായിരുന്നല്ലോ. പ്രായ-സ്ഥാനഭേദമില്ലാതെ പല തലമുറകളില്‍പ്പെട്ടവരുമായി സംവദിക്കാനും ഒത്തുപോകാനും പാകമായ മനഃസംസ്‌കാരമാണ് കേശവന്റെ വ്യക്തിത്വത്തിലുള്‍ച്ചേര്‍ന്നിരുന്ന നിത്യവശ്യത. അപ്രസന്നത തൊട്ടുതീണ്ടാത്ത ആ സാന്നിധ്യം ആസ്വദിക്കാത്ത കളിഭ്രാന്തന്മാര്‍ കേരളത്തിലാരുമുണ്ടാവില്ല.

'ഉരുളുകയ്യി'ന്റെ ആര്‍ത്തിപിടിച്ച പെരുക്കമാണ് ഇന്ന് പലപ്പോഴും കഥകളിമേളമണ്ഡലത്തെ ഭരിക്കുന്നത്. 'നേര്‍കോലും ഉരുളുകയ്യും' ലയിച്ചുചേര്‍ന്നുണ്ടാവുന്ന സ്വരപ്പൊരുത്തവും ഇഴയടുപ്പവും മേളപ്പിടിപ്പും പഴയ കാലത്തിന്റെ കഥ ആവുകയാണോ? കേശവന്റെ അരങ്ങുകളില്‍ നവരസങ്ങളുണ്ട്. സ്വരപ്പെരുമാറ്റങ്ങള്‍ നാം എത്രയോ കേട്ടു.

കൃഷ്ണന്‍നായരുടെ ''കിസലയാധരേ!'' എന്ന കൈമുദ്രകള്‍ക്കും രസാവിഷ്‌കാരത്തിനുമുള്ള മൃദുരവം, രാമന്‍കുട്ടിനായരുടെ ചെറിയ നരകാസുരന്റെ പടപ്പുറപ്പാടിനുള്ള സംഹാരസ്വരങ്ങള്‍, ഗോപിയുടെ 'മറിമാന്‍കണ്ണി'യിലെ ശോകത്തിന്റെ ദീനസ്വനം ഇതെല്ലാം ഉതിര്‍ത്ത കൈവിരലുകള്‍ നിശ്ചലമായി എന്നു വിശ്വസിക്കാനാവുന്നില്ല.

കഥകളിയുടെ ചതുര്‍വിധാഭിനയങ്ങള്‍ മാത്രമല്ല നമ്മുടെ കണ്ണുകളെയും കാതുകളെയും വിസ്മിയിപ്പിച്ചിട്ടുള്ള പുരാതനവും ആധുനികവുമായ ഏതു കലയുടെയും കാതലറിഞ്ഞ മനസ്സായിരുന്നു കേശവന്‍േറത്. പാനയും പാണിയും ശിങ്കാരിമേളവുമടക്കം എന്തും അദ്ദേഹം അനുപമമായ ഉള്‍ക്കാഴ്ചയോടെ വിലയിരുത്തി. യുക്തിഭദ്രതയില്‍ വിശ്വസിച്ചു. നിഗൂഢതയെ ചെറുത്തു. സ്വന്തമായി ആട്ടക്കഥകളും കാവ്യങ്ങളും പ്രബന്ധങ്ങളും രചിക്കുക മാത്രമല്ല മറ്റുള്ളവരുടേത് കണ്ടറിഞ്ഞ് ആസ്വദിക്കുകയും അംഗീകരിക്കുകയും ചെയ്യാനുള്ള ഹൃദയവിശാലതയും കേശവനുണ്ടായിരുന്നു.

നാടകത്തിലും ചലച്ചിത്രത്തിലും സീരിയലുകളിലും നടനായപ്പോഴും സ്വക്ഷേത്രമായ കഥകളിമേളം അദ്ദേഹത്തിന് സിസ്സാരമായതേയില്ല. ദുരഭിമാനമോ അഹങ്കാരമോ കൂടാതെ കളിയരങ്ങുകളില്‍ കേശവന്‍ ഉല്ലാസംപൂണ്ടു. സ്വകാര്യ വിഷാദങ്ങളൊന്നും തന്റെ പരസ്യജീവിതത്തിലേയ്ക്ക് കടന്നുവരാന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല. പ്രസാദഭരിതമായ ആ മുഖവും വേഷക്കാരെ സാകൂതം നോക്കിയുള്ള അരങ്ങിലെ ആ നില്പും നര്‍മോക്തികളുടെ കലാശമായി മാറുന്ന ആ പൊട്ടിച്ചിരിയും ഒരിക്കലും മറക്കാനാവില്ല. കഥകളിയുടെ ഒരു വിജ്ഞാനകോശം കൂടി കേശവന്റെ വിടച്ചൊല്ലലിലൂടെ എന്നെന്നേക്കുമായി അന്തര്‍ധാനം ചെയ്തു.





MathrubhumiMatrimonial