NagaraPazhama

നമോവാകം

Posted on: 01 Oct 2013

ഗാന്ധിജി



ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ആഴ്ചയില്‍ പുറത്തുവന്ന മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചില്ലെങ്കിലും മഹാത്മജിയുടെ ഒരു പൂര്‍ണ ചിത്രവും 'നമോവാകം' എന്ന തലക്കെട്ടില്‍ മഹാത്മജിയുടെ ആദര്‍ശവിശുദ്ധിയെക്കുറിച്ചുള്ള ഒരു ലേഖനവും അതോടൊപ്പം ഭാവിഭാരതത്തെക്കുറിച്ച് ഗാന്ധിജിയുടെ സ്വപ്‌നവും പ്രസിദ്ധീകരിച്ചു. (1947 ആഗസ്ത് 17)

ബന്ധനത്തിലെ ശാന്തിയെ അങ്ങു തൊട്ടുണര്‍ത്തി. ലോകം അദ്ഭുതസ്തബ്ധമായി നോക്കിനിന്നു.
ഉറപ്പുള്ള കൂട്. സുവര്‍ണവര്‍ണം. സുരക്ഷിതം. പരമസുഖം. പക്ഷേ, എന്തോ ഒരു കുറവ്. ഒന്നു ചിറകുവിടര്‍ത്താനിടമില്ല. ഒന്നു പാറിപ്പറക്കാന്‍ സൗകര്യമില്ല. കമ്പികള്‍ കൊത്തിക്കൊത്തി കൊക്കു തേഞ്ഞു. ചിറകും കൊക്കും അഴകിന്നുമാത്രമായിത്തീര്‍ന്നു. ഒരു നിര്‍ജീവമായ ശാന്തി!
'ഹ! എെന്താരു സമാധാനം! ശത്രുബാധ. ശങ്കിക്കുകയേ വേണ്ട'.
ചിലര്‍ പറഞ്ഞു.
'സുഖമായ ഭക്ഷണം! ഇരതേടേണ്ടല്ലോ'. മറ്റു ചിലര്‍ പറഞ്ഞു.
'ചിറകിന്റെ പച്ചപ്പു നോക്കൂ, കൊക്കിന്റെ ചുവപ്പു നോക്കൂ, അഞ്ചു വര്‍ണവും തികവുണ്ട്'.
'പഞ്ചവര്‍ണക്കിളി!'
'നമ്മുടെ ഭാഷ സംസാരിക്കുകയും ചെയ്യുന്നു'.

ഇങ്ങനെ രക്ഷിച്ചുവളര്‍ത്തുന്നതില്‍ പുണ്യവും കൂടിയുണ്ടെന്ന് ചിലരവകാശപ്പെട്ടു. പലരും ഇതിനെപ്പറ്റി കവിതയുണ്ടാക്കിച്ചൊല്ലി.
നീലമേദുരമായ ആകാശവും വിവിധ പുഷ്പങ്ങള്‍ നിറഞ്ഞ പൂങ്കാവും സ്വപ്‌നംകണ്ടു. സന്ധ്യാവേളകളില്‍ രാഗരഞ്ജിതമായ ചക്രവാളം നോക്കി. കൂട്ടരൊത്തുപറക്കുന്ന ആനന്ദം അയവിറക്കി. വിളയുന്ന നെല്ലില്‍ തങ്ങളുടെ ഓഹരി കൊയ്‌തെടുക്കുന്ന സന്തോഷം സ്മരിച്ചു. അങ്ങനെ ശാന്തമായിക്കിടന്നു.
അങ്ങുത്തേജനം ചെയ്തു: 'ബന്ധനത്തിന്റെ ശാന്തിയേക്കാള്‍ മുക്തിയിലെ മൃതി നല്കൂ'.
ഈ ഉത്തേജനം പുതുതായിരുന്നില്ല.

ഹൃദയം ഒന്നുകൂടി ഉന്മേഷംകൊണ്ടു നിറഞ്ഞു. കരള്‍ കരുത്തുകൊണ്ടും. കിളി കിടന്നു പിടഞ്ഞു. ചിറകിട്ടടിച്ചു. പൊന്നഴികളുടെ അഴകോ സ്വാദുഭക്ഷ്യങ്ങളോ വിലവെയ്ക്കാതെ അതു മോചനത്തിനു വെമ്പി.
'പുറത്തുചെന്നാലിതു നശിക്കും; എത്ര ശത്രുക്കളാണ്? പരുന്തുണ്ട് റാഞ്ചാന്‍, പൂച്ചയുണ്ട് വിഴുങ്ങാന്‍'-
അങ്ങു ധൈര്യപ്പെടുത്തി:-
പരാധീനതയുടെ അകീര്‍ത്തിയെക്കാള്‍ മൃതി നല്ലൂ. മരണത്തെ ഭയപ്പെടാഞ്ഞാല്‍ മാത്രം മതി അതിനെ ജയിക്കാന്‍. പേടിക്കുന്നവന്‍ ശ്വസിക്കുന്നുണ്ടെങ്കിലും മരിച്ചവനാണ്. ധീരന്‍ മരിച്ചാലും ജീവിക്കുന്നു. പുറത്തിറങ്ങാം. നല്ലതിനുവേണ്ടി. ചീത്തയോടെതിരിടാം.

'അഴികള്‍ മുറിക്കാനും കൂടു പൊളിക്കാനും ആയുധമില്ലല്ലോ' എന്ന വാദം കുഴപ്പംപിടിച്ചതായിരുന്നു.
'ആയുധം കൈയിലേന്താതെയടര്‍ക്കളമണഞ്ഞ്' വിജയംവരിക്കാമെന്ന പാഠം അങ്ങ് ഒന്നുകൂടി ആവര്‍ത്തിച്ചു കാണിച്ചു. ലോകം ഈ സമ്പ്രദായത്തെ മന്ത്രമുഗ്ധമെന്നപോലെ നോക്കിനില്ക്കുന്നു. കരളിനോളം മൂര്‍ച്ചയുള്ള ആയുധങ്ങളൊന്നുമില്ലെന്ന് ലോകം വിശ്വസിക്കാന്‍ തുടങ്ങുന്നു. ഇങ്ങു നടത്തിനോക്കിയ ഈ പദ്ധതി എങ്ങും നടത്തിയാല്‍ക്കൊള്ളാമെന്നു മറുപക്ഷക്കാര്‍ കൂടി ആഗ്രഹിക്കുന്നു.

ദുഃഖത്തെ സ്വയം വരിച്ചാല്‍ സര്‍വദാ സുഖിച്ചിരിക്കാമെന്നും താഴ്ന്നവരിലേക്കു താന്‍ താഴ്ന്നാല്‍ താഴ്ന്നവരെ തന്നോളമുയര്‍ത്താമെന്നും അങ്ങു പ്രവര്‍ത്തിച്ചു തെളിയിച്ച പാഠം ലോകം മറക്കാന്‍ പോകുന്നില്ല.

അവിടുത്തെ തത്ത്വസംഹിത പുതിയതായിരുന്നില്ല. തുരുമ്പുപിടിച്ചതിനെ തേച്ചുമിനുക്കുകയേ ഉണ്ടായുള്ളൂ. മറവിയില്‍പ്പെട്ട തത്ത്വങ്ങളെ ഓര്‍മപ്പെടുത്തുകയേ ചെയ്തുള്ളൂ. എങ്കിലും- പ്രവൃത്തികളില്‍ ഉച്ചനീചത്വങ്ങളില്ലെന്നും മനുഷ്യന്‍ ഒരേ പിതാവിന്റെ പ്രജകളായ സഹോദരങ്ങളാണെന്നുമുള്ള തത്ത്വങ്ങള്‍ അവിടുത്തെ സത്യപരീക്ഷണത്തിന്റെ പ്രകാശത്തില്‍വെച്ച് കുറേ പേര്‍ക്കെങ്കിലും ബോധ്യമായിട്ടുണ്ട്.

പേടിക്കാതിരിക്കാന്‍ പഠിപ്പിച്ച നേതാവേ, കരുണയുടെ പിന്നിലെ കരളുറപ്പേ, അക്രമാന്ധകാരത്തിലേ ദിവ്യപ്രകാശമേ, ലോകം മുഴുക്കെ ശുദ്ധീകരിക്കാന്‍ പോരുന്ന അവിടുത്തെ ഓരോ നിശ്വാസവും പാപപങ്കിലമായ അന്തരീക്ഷത്തെ പാവനമാക്കട്ടെ, വിറയ്്ക്കുന്ന ഹൃദയങ്ങള്‍ക്കു വീറു നല്കട്ടെ.
അഹിംസെയ പോര്‍ച്ചട്ടയും സത്യത്തെ ആയുധവും ധര്‍മത്തെ യുദ്ധനീതിയുമാക്കി ദുര്‍ബോധകലുഷിതമായ ഉന്മത്തലോകത്തോടടരാടുന്ന മഹാസേനാപതേ, അവിടുത്തെ അതേ പോര്‍ച്ചട്ടയും ആയുധവും യുദ്ധമുറയും സ്വീകരിപ്പാനുള്ള കെല്പ് ലോകത്തിനുണ്ടാകട്ടെ, അവിടുത്തെ തപഃപ്രഭാവത്താല്‍ പ്രഭാവിതമായി ധര്‍മസമ്പുഷ്ടമായ ഒരു നവലോകം ഉദയം ചെയ്യുമാറാകട്ടെ.

ഏതൊരിന്ത്യയില്‍ എത്ര ദരിദ്രനും അത് തന്റെ രാജ്യമാണെന്നു ബോധമുണ്ടാകുമോ, ഏതിന്റെ നിര്‍മാണത്തില്‍ അവര്‍ക്കു ഫലപ്രദമായ ഒരു പങ്കുണ്ടാവുമോ, ഏതൊന്നില്‍, ജനങ്ങളുടെയിടയില്‍ ഉയര്‍ന്നവനെന്നും എളിയവനെന്നുമുള്ള ഭേദം- ഉണ്ടാവുകയില്ലയോ ഏതൊന്നില്‍ എല്ലാ സമുദായങ്ങളും പൂര്‍ണമായ സൗഹാര്‍ദത്തോടുകൂടി അധിവസിക്കുമോ അങ്ങനെയുള്ള ഒരിന്ത്യയ്ക്കു വേണ്ടി ഞാന്‍ അധ്വാനിക്കുന്നു. അതാണ് ഞാന്‍ സ്വപ്‌നം കാണുന്ന ഇന്ത്യ.
-ഗാന്ധിജി, 1947 ആഗസ്ത് 17

(മഹാത്മജി- മാതൃഭൂമി രേഖകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം

1934 ജനവരി 13-ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഗാന്ധിജി വിദ്യാര്‍ഥികളോട് നടത്തിയ പ്രസംഗം
വിദ്യാര്‍ഥികളോട്...

''നിങ്ങളില്‍ ചിലര്‍ അതിബുദ്ധിമാന്മാരായിരിക്കും. നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കുകയും ക്ലാസ്സില്‍ പ്രഥമസ്ഥാനം ലഭിക്കുകയും ചെയ്തിട്ടുണ്ടായിരിക്കും. ആ നിലയില്‍ ക്ലാസ്സില്‍ പ്രഥമസ്ഥാനത്ത് ആരോഹണം ചെയ്തിട്ടുള്ള നിങ്ങളും ക്ലാസ്സില്‍ അവസാനത്തെ സ്ഥാനത്തെ പ്രാപിച്ചിട്ടുള്ള വേറൊരാളും തമ്മില്‍ സമന്മാരല്ലെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? നിങ്ങളുടെ വീടുകളിലെ കാര്യങ്ങള്‍ തന്നെ എടുത്തുനോക്കുക. സഹോദരീസഹോദരന്മാരുള്ള നിങ്ങളില്‍ ചിലര്‍ക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. എല്ലാവരും ഒരേ ബുദ്ധിശക്തിയുള്ളവരോ സല്‍ഗുണമുള്ളവരോ അല്ലെന്ന്. എല്ലാവരും തീര്‍ച്ചയായും ഒരേ പ്രായക്കാരുമാകയില്ല. എന്നാലും നിങ്ങളുടെ അച്ഛനമ്മമാര്‍ നിങ്ങളെ വ്യത്യാസപ്പെട്ടുകാണുകയും ബുദ്ധിമാന്മാരെ ബുദ്ധി കുറഞ്ഞവരെക്കാള്‍ സ്‌നേഹിക്കുകയും ചെയ്യുന്നുണ്ടോ? വാസ്തവത്തില്‍ നിസ്സഹായരെയും അപ്രാപ്തന്മാരെയും അവര്‍ അധികം സ്‌നേഹിച്ചുവളര്‍ത്തുകയായിരിക്കും ചെയ്യുക. ഈ സ്ഥിതിക്ക് എല്ലാ പിതാക്കന്മാരുടെയും പിതാവായ ദൈവം തന്റെ സൃഷ്ടികളില്‍ ഒരു ഭാഗത്തെ മാത്രം അയിത്തക്കാരെന്നും തൊട്ടുകൂടാത്തവരെന്നും പറഞ്ഞ് തള്ളുകയും മറ്റുള്ളവരെ ഉയര്‍ത്തുകയും ചെയ്യുമെന്ന് നിങ്ങള്‍ വിശ്വസിക്കരുത്. നിങ്ങള്‍ നിങ്ങളുടെ ശരീരം മാത്രം വൃത്തിയാക്കിയാല്‍ പോരാ, നിങ്ങളുടെ ഹൃദയവും ആത്മാവും കൂടി ശുദ്ധീകരിക്കണം.''



MathrubhumiMatrimonial