
2000ല്‍ നിരവധി സാമൂഹിക, മനുഷ്യാവകാശ സംഘടനകള്‍ സര്‍ക്കാരിനും പുലികള്‍ക്കുമിടയില്‍ സമാധാനം പുലരാന്‍ ശ്രമങ്ങള്‍ നടത്തി. ഇതിന്റെ ഭാഗമായി സമാധാനശ്രമങ്ങള്‍ക്ക് ഇടനിലക്കാരായി നോര്‍വെയെ ഇരുവിഭാഗവും സമീപിച്ചു. ഇതോടെ അന്താരാഷ്ട്രതലത്തില്‍ തന്നെ സമാധാനശ്രമങ്ങള്‍ നടന്നു. സമാധാനം കൈവരുമെന്ന പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി 2000 ഡിസംബറില്‍ വെടിനിര്‍ത്തലിന് ഏകപക്ഷീയമായി പുലികള്‍ തയ്യാറായി. എന്നാല്‍ 2001 ഏപ്രില്‍ 24ന് ഇത് റദ്ദാക്കുകയും സര്‍ക്കാരിനെതിരെ വീണ്ടും ആക്രമണം തുടങ്ങുകയും ചെയ്തു. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള നിരവധി പ്രദേശങ്ങള്‍ പിടിച്ചടക്കിയതിനുശേഷം വടക്കന്‍ മേഖലയിലേയ്ക്ക് എല്‍.ടി.ടി.ഇ നീങ്ങി. 2001 ജൂലായ് മാസത്തില്‍ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം നടത്തുകയും എയര്‍ഫോഴ്‌സിന്റെ എട്ടോളം വിമാനങ്ങളും ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ നാല് വിമാനങ്ങളും തകര്‍ത്തു. ഇതിലൂടെ വിനോദസഞ്ചാരത്തിലൂടെയുള്ള വരുമാനം ഗണ്യമായി കുറയുകയും ദേശീയ സമ്പദ്ഘടനയെ അത് ബാധിക്കുകയും ചെയ്തു.