ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധം - ആരംഭവും പരിണാമവും

Posted on: 23 Apr 2009


ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന് അരനൂറ്റാണ്ടിലേറെ കാലത്തിന്റെ പഴക്കമുണ്ട്. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ശ്രീലങ്ക 'സിലോണ്‍' ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് രാഷ്ട്രീയ സ്വാതന്ത്യം ആവശ്യപ്പെട്ട് സിംഹള സമുദായങ്ങള്‍ നടത്തിയ മുന്നേറ്റങ്ങള്‍ ദേശീയ സമരത്തിന്റെ രൂപമെടുക്കുകയും 1948ല്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ ബ്രിട്ടീഷ് ഭരണം അവരെ സ്വതന്ത്രരാക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഭരണഘടനയ്ക്ക് രൂപം നല്‍കുമ്പോള്‍ സിംഹളരും തമിഴരും തമ്മില്‍ അഭിപ്രയവ്യത്യാസങ്ങള്‍ ഉടലെടുത്തു. അന്ന് പ്രധാനമന്ത്രിയായിരുന്ന എസ്.ഡബ്ല്യു.ആര്‍.ഡി ബന്ദാരനായകെ നടപ്പിലാക്കിയ 'സിംഹള ഓണ്‍ലി ആക്ട്' ഭാഷാനയം ഈ അഭിപ്രായവ്യത്യാസം രൂക്ഷമാക്കുകയും അത് ആഭ്യന്തരയുദ്ധത്തിലേയ്ക്ക് നയിക്കുകയും ചെയ്തു. 1950കളില്‍ ജാതീയമായ മുന്നേറ്റങ്ങള്‍ രൂക്ഷമായി. 1977ല്‍ തമിഴ് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട്(TULF) രൂപം കൊണ്ടു. യുവാക്കള്‍ സായുധസമരങ്ങളിലേര്‍പ്പെടുകയും തമിഴ് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഇവരെ പിന്തുണക്കുകയും ചെയ്തു. വിദ്യാഭ്യാസം തീരെ കുറവായിരുന്ന സിംഹള-തമിഴ് യുവാക്കള്‍ കലാപത്തിലേയ്ക്ക് എടുത്തുചാടി. 1977ല്‍ യു.എന്‍.പി കനത്ത ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും തമിഴ് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയാവുകയും ചെയ്തു. 1977 ആഗസ്തിലുണ്ടായ കടുത്ത സാമുദായിക സംഘര്‍ഷത്തെത്തുടര്‍ന്ന് ജൂനിയസ് റിച്ചാര്‍ഡ് ജയവര്‍ധനെയുടെ നേതൃത്വത്തിലുള്ള യു.എന്‍.പി സര്‍ക്കാര്‍ തമിഴരുടെ അനേകം ആവശ്യങ്ങളിലൊന്നായ വിദ്യാഭ്യാസ അവകാശങ്ങള്‍ മാത്രം അനുവദിച്ചുകൊടുത്തു. എന്നാല്‍ ഇതില്‍ തൃപ്തരാകാതിരുന്ന തമിഴ് ജനതയ്ക്ക് ആത്മനിയന്ത്രണം നഷ്ടമായി.



MathrubhumiMatrimonial