goodnews head

മരണത്തെ തോല്‍പ്പിച്ച് ലിബു ജീവിക്കും, അഞ്ചുപേരിലൂടെ

Posted on: 21 Sep 2013


തൃശ്ശൂര്‍ :വിധിക്കു മുന്നില്‍ പകച്ചുനിന്ന അഞ്ചുപേര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുനടക്കാന്‍ അവസരമൊരുക്കി ലിബു മരണത്തെ പരാജയപ്പെടുത്തി. വ്യാഴാഴ്ച എലൈറ്റ് ആസ്പത്രിയില്‍ മസ്തിഷ്‌കമരണം സംഭവിച്ച അയ്യന്തോള്‍, കൈപ്പറമ്പില്‍ കെ.ആര്‍. ലിബു(38)വിന്റെ അവയവങ്ങള്‍ ദാനംചെയ്യാന്‍ ഭാര്യ ലിജി അനുമതി കൊടുത്തിരുന്നു. ഹൃദയം, വൃക്കകള്‍, കണ്ണുകള്‍ എന്നിവ പലരിലുമായി ഇനിയും ജീവിക്കും.

പോലീസ് അകമ്പടിയോടെ ഹൃദയം എറണാകുളം ലിസി ആസ്പത്രിയിലെത്തിച്ച് രോഗിക്ക് നല്‍കി. വൃക്കകളില്‍ ഒന്ന് എറണാകുളം പി.വി.എസ്. ആസ്പത്രിയിലെ ഒരു രോഗിക്കും ഒരെണ്ണം കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗിക്കും ദാനംചെയ്തു. കണ്ണുകള്‍ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആസ്പത്രിയിലെ നേത്രബാങ്കില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കേബിള്‍ ടി.വി. സംരംഭകനായ ലിബു തിങ്കളാഴ്ച വൈകീട്ട് 7.30ന് വടൂക്കര അയ്യപ്പന്‍കാവില്‍ കേബിള്‍ കണക്ഷന്‍ നന്നാക്കാന്‍ ശ്രമിക്കവെ ഗോവണിയില്‍നിന്ന് കാല്‍തെറ്റി, തലയിടിച്ചുവീഴുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ തൃശ്ശൂര്‍ എലൈറ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ തലയോട് പൊട്ടിയതായും തലയില്‍ രക്തം കട്ടപിടിച്ചതായും കണ്ടെത്തി. തുടര്‍ന്ന് നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തി. നാല് ദിവസം വെന്‍റിലേറ്ററില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞ് വ്യാഴാഴ്ചയോടെ മസ്തിഷ്‌കമരണത്തിന് കീഴ്‌പ്പെട്ടു. മരണം സ്ഥിരീകരിച്ചതോടെ അവയവങ്ങള്‍ ദാനംചെയ്യാന്‍ തയ്യാറാണെന്ന് ഭാര്യ ലിജി അറിയിക്കുകയായിരുന്നു. എലൈറ്റ് ആസ്പത്രിയിലെ ന്യൂറോ സര്‍ജന്‍ ഡോ. അനുദത്ത്, ന്യൂറോളജിസ്റ്റ് ഡോ. ശ്രീകുമാര്‍ മേനോന്‍, അശ്വിനി ആസ്പത്രിയിലെ ഡോ. ജോയ് എന്നിവരാണ് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. ആറ് മണിക്കൂര്‍ നീണ്ട പരിശോധന രാത്രി 8.30നാണ് ആരംഭിച്ചത്. എറണാകുളം ലിസി ആസ്പത്രിയില്‍നിന്നുള്ള ഡോ. ജോസ് ചാക്കോ, ഡോ. ജേക്കബ്ബ് അബ്രഹാം, ഡോ. ജോയ് ജോസഫ്, ഡോ. ജീവന്‍ തോമസ്, ലേക്‌ഷോര്‍ ആസ്പത്രിയില്‍നിന്നുള്ള ഡോ. ഫിലിപ്പ് ജെ. തോമസ്, ഡോ. ബിജോയ് അബ്രഹാം, ജൂബിലി ആസ്പത്രിയിലെ ഡോ. റെജി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

അയ്യന്തോള്‍ കൈപ്പറമ്പില്‍ റപ്പായിയുടെ മകനാണ് ലിബു. ഭാര്യ ലിജി നെടുപുഴ അഴയ്ക്കപ്പാടന്‍ കുടുംബാംഗമാണ്. മക്കള്‍: ആഗ്‌ന, ആഷ്‌ന. മൃതദേഹം അയ്യന്തോള്‍ സെന്‍റ് മേരീസ് അസംപ്ഷന്‍ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിച്ചു.

 

 




MathrubhumiMatrimonial