
ടൂറിസ്റ്റ് ബംഗ്ലാവുകള്‍
Posted on: 12 Sep 2013
അഡ്വ.ടി.ബി.സെലുരാജ്

യാത്രാവേളകളിലാണല്ലോ നാം ചേക്കേറാനായി ഇടത്താവളങ്ങളന്വേഷിക്കാറ്. അത്തരമൊരു യാത്രയില്‍ ഈയിടെ ഡല്‍ഹിയിലെ കേരള ഹൗസില്‍ എത്തിച്ചേര്‍ന്നു. ഹൃദ്യമായൊരു ഇടത്താവളം. അശോകവും അത്തിയും വേപ്പുമൊക്കെ പൂത്തുലഞ്ഞു നില്‍ക്കുന്ന മനോഹരമായ കെട്ടിടസമുച്ചയം. എങ്ങും ചിറകടിച്ച് പറക്കുന്ന പ്രാവുകള്‍. കേരള ഹൗസിന് വെള്ളരിപ്രാവുകളുടെ മണമുണ്ടെന്നാണ് എന്റെ അഭിപ്രായം. സ്വാദിഷ്ടമായ നാടന്‍ ഭക്ഷണം, ഹൃദ്യമായ പെരുമാറ്റത്തിലൂടെ നിങ്ങളുടെ മനംകവരുന്ന സേവകര്‍, തുച്ഛമായ വാടക. ഇതിന് പുറമേയാണ് നിങ്ങള്‍ക്കനുഭവപ്പെടുന്ന സുരക്ഷിതത്വം ദൃശ്യമാധ്യമങ്ങളില്‍ക്കൂടിമാത്രം പരിചയപ്പെട്ടിരുന്ന കേരള ഹൗസ് എന്റെ മനസ്സില്‍ ഇടംപിടിച്ചു എന്ന് പറയേണ്ടതില്ലല്ലോ. ഡല്‍ഹിയിലെ പ്രഭാതത്തിന് സുഖകരമായൊരു തണുപ്പുണ്ടായിരുന്നു. നാട്ടിലെ ഏതോ അമ്പലക്കുളത്തിന്റെ പടവുകളിലിരിക്കുന്ന പ്രതീതി. രാവിലെ എഴുന്നേറ്റ് പ്രാവുകളുടെ ചിറകടി ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോള്‍ മനസ്സില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നുപൊങ്ങി. നമ്മുടെ ഭരണാധികാരികളൊക്കെത്തന്നെ കേരള ഹൗസിലെ നിത്യസന്ദര്‍ശകരാണ്. എന്തുകൊണ്ട് ഈ ഭരണാധികാരികള്‍ക്ക് യാത്രക്കാര്‍ക്കായി നമ്മുടെ ജില്ലാ ആസ്ഥാനങ്ങളില്‍ ഇത്തരം സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ കഴിയുന്നില്ല? കേരള ഹൗസിന്റെ മാതൃകയില്‍ കോഴിക്കോട് ഹൗസും മലപ്പുറം ഹൗസുമൊക്കെ നമുക്കുവേണം. സാധാരണക്കാരന് തങ്ങളുടെ യാത്രാവേളകളില്‍ തങ്ങാന്‍ തുച്ഛമായ വാടകയ്ക്ക് മനോഹരമായ ഒരിടത്താവളം. ഡൊമസ്റ്റിക് ടൂറിസത്തെ ഇത്തരം സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നുറപ്പാണ്. എന്നാല്‍, ഇതൊക്കെ ആരോട് പറയാന്‍ ? 'ഞാനും എന്റെ കുടുംബവും കുറച്ചു സ്‌നേഹിതന്മാരും' എന്നതാണല്ലോ 21-ാം നൂറ്റാണ്ടിലെ ഭരണാധികാരികളുടെ മുദ്രാവാക്യം. ഇത്രയും എഴുതുവാന്‍ കാരണമുണ്ട്. മുന്നിലിരിക്കുന്ന രേഖകള്‍ ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ട്രാവലേഴ്‌സ് ബംഗ്ലാവുകളുടെ ചരിത്രം പറയുന്നു.
മലബാറിലെ ജനങ്ങള്‍ പൊതുവേ യാത്ര ചെയ്തിരുന്നില്ല. അവരുടെ യാത്രകള്‍ പലപ്പോഴും രണ്ട് നദികള്‍ക്കുള്ളിലൊതുങ്ങി. നദികള്‍ മനുഷ്യരെ മാത്രമല്ല, സംസ്‌കാരങ്ങളെയും വേര്‍തിരിച്ചു. ബ്രിട്ടീഷുകാര്‍ ഭരണാധികാരികളായി മലബാറില്‍ വന്നപ്പോഴാണ് ദീര്‍ഘയാത്രകളുടെ തുടക്കമാരംഭിക്കുന്നത്. യാത്രകള്‍ ബ്രിട്ടീഷുകാര്‍ക്ക് ഒരു അനിവാര്യതയായിരുന്നു. യാത്രകള്‍ക്കായി അവര്‍ പാലങ്ങള്‍ നിര്‍മിച്ചു. യാത്രാവേളകളില്‍ തങ്ങാനായി അവര്‍ ഇടത്താവളങ്ങള്‍ പണിതുയര്‍ത്തി. 'ട്രാവലേഴ്‌സ് ബംഗ്ലാവെ'ന്ന് അവരിതിനെ വിളിച്ചുവന്നു. 1848-ലാണ് ട്രാവലേഴ്‌സ് ബംഗ്ലാവുകള്‍ക്കായി അവര്‍ ചട്ടങ്ങള്‍ നിര്‍മിക്കുന്നത്. 1853-ല്‍ ഈ ചട്ടങ്ങള്‍ ഭേദഗതി ചെയ്തു. ഏതാനും എഴുത്തുകളിലൂടെ ഈ ഭേദഗതിയെക്കുറിച്ചും ഏറനാട് താലൂക്കിലെയും വള്ളുവനാട് താലൂക്കിലെയും ട്രാവലേഴ്‌സ് ബംഗ്ലാവുകളുടെ 1853-ലെ സ്ഥിതിവിവരങ്ങളെക്കുറിച്ചും ഇവിടെ വെളിപ്പെടുത്തുകയാണ്.
പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ 935-ാം കത്തുപ്രകാരം ഗവണ്‍മെന്റ് ചീഫ് സെക്രട്ടറിക്ക് ഇങ്ങനെ എഴുതിയതായി കാണുന്നു: ''സര്‍, യാത്രക്കാര്‍ ട്രാവലേഴ്‌സ് ബംഗ്ലാവ് ഉപയോഗിക്കുന്നതിന് 1848-ല്‍ ഏര്‍പ്പെടുത്തിയ ബോര്‍ഡ് ഓഫ് റവന്യൂ തീരുമാനങ്ങളെക്കുറിച്ച് താങ്കള്‍ക്ക് അറിവുള്ളതാണല്ലോ. ബംഗ്ലാവുകളുടെയും അതിലെ ഭൃത്യന്മാരുടെയും സേവനം മിതമായ നിരക്കില്‍ യാത്രക്കാര്‍ക്ക് ഉപകാരപ്പെടുവാന്‍ വേണ്ടിയാണ് ഈ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. ഈ നിയമങ്ങളേക്കാള്‍ നല്ലത് ബംഗാളില്‍ നാം ഏര്‍പ്പെടുത്തിയ നിയമങ്ങളാണ് എന്നാണ് സിവില്‍ എന്‍ജിനീയറുടെ അഭിപ്രായം. ബംഗാളിലെ ചട്ടങ്ങള്‍ പ്രകാരം ഓരോ ബംഗ്ലാവിലും മൂന്ന് ഭൃത്യന്മാര്‍ വീതമുണ്ടായിരിക്കും. ഇതിനു പുറമേ, പാത്രങ്ങളും ഫര്‍ണിച്ചറും. 24 മണിക്കൂറിലേക്ക് യാത്രക്കാരില്‍നിന്ന് വസൂലാക്കേണ്ടത് ഒരു രൂപയാണ്. ബാംഗ്ലൂരില്‍നിന്ന് കണ്ണൂരിലേക്കും വാണിയമ്പാടിയില്‍നിന്ന് ഊട്ടിയിലേക്കും പൊന്നാനിയിലേക്കുമുള്ള വഴികളില്‍ നാം കൂടുതല്‍ ടൂറിസ്റ്റ് ബംഗ്ലാവുകള്‍ സ്ഥാപിക്കേണ്ടതാണ്. വള്ളുവനാട്ടിലേയും ഏറനാട്ടിലേയും ട്രാവലേഴ്‌സ് ബംഗ്ലാവുകളുടെ സ്ഥിതിവിവര കണക്കുകള്‍ എടുക്കുന്നത് നന്നായിരിക്കും.'' പ്രസ്തുത തീരുമാനം ഗവര്‍ണര്‍ ഇന്‍ കൗണ്‍സില്‍ അനുവദിച്ചതായി കാണാം. 2448 രൂപ ട്രാവലേഴ്‌സ് ബംഗ്ലാവുകള്‍ക്കായി അനുവദിച്ചതായും കാണുന്നു.
സബ് കളക്ടര്‍, മലബാര്‍ കളക്ടറായ കനോലിക്ക് ഏറനാട്ടിലേയും വള്ളുവനാട്ടിലേയും ട്രാവലേഴ്‌സ് ബംഗ്ലാവുകളുടെ ഒരു പട്ടിക അയച്ചുകൊടുത്തതായി കാണുന്നു. അതിങ്ങനെ: 'ഏറനാട്ടില്‍ അരീക്കോട്, വണ്ടൂര്‍, മഞ്ചേരി, നിലമ്പൂര്‍ എന്നിവിടങ്ങളിലാണ് ട്രാവലേഴ്‌സ് ബംഗ്ലാവുകള്‍ ഉണ്ടായിരുന്നത്. അരീക്കോട് മുസാഫിര്‍ ഖാന: - ഓലമേഞ്ഞതും വിരളമായി ഉപയോഗിക്കപ്പെടുന്നതുമായ ബംഗ്ലാവാണിത്. പുഴയുടെ തെറ്റായ വശത്താണ് നാമിത് പണിതുയര്‍ത്തിയിട്ടുള്ളത് എന്നാണ് എന്റെ അഭിപ്രായം. പലതവണ ഞാനീ ബംഗ്ലാവ് സന്ദര്‍ശിച്ചിട്ടുണ്ട്. നമ്മുടെ ഭൃത്യന്‍ ഇത് നന്നായി സൂക്ഷിക്കുന്നു. വൃത്തിയും വെടിപ്പുമുണ്ട്. ഇതിലെ ഭൃത്യന് ഒരു രൂപ മാത്രമാണ് മാസശമ്പളം എന്നതാണ് ഖേദകരം. ഇയാള്‍ നല്ല അധ്വാനിയും മിടുക്കനുമാണ്. ഇത് ഓടിടണമെന്ന ഒരഭിപ്രായംകൂടി എനിക്കുണ്ട്. വണ്ടൂര്‍ ബംഗ്ലാവ്: - ഈ വര്‍ഷം ഞാനവിടെ പോയിരുന്നു. നന്നായി സൂക്ഷിച്ചിരിക്കുന്നു. ഓടുകള്‍ പഴകിയതാണ്. ഓടുകളും നിലവും കുറച്ചുകൂടി ഭംഗിയാക്കേണ്ടതുണ്ട്. വരുന്ന മണ്‍സൂണിന് മുമ്പുതന്നെ ഇത് ചെയ്യേണ്ടതാണ്. വണ്ടൂര്‍ മുസാഫിര്‍ ഖാന: - വളരെയധികം ആളുകള്‍ ഉപയോഗിക്കുന്ന ബംഗ്ലാവാണിത്. അതുകൊണ്ടുതന്നെ അടുക്കളയും മറ്റുഭാഗങ്ങളും കരിപിടിച്ചിരിക്കുന്നു. എന്നാലിത് വളരെ ഭംഗിയുള്ളൊരു ബംഗ്ലാവാണ്. യാത്രക്കാര്‍ക്കിഷ്ടപ്പെടും. മഞ്ചേരി ബംഗ്ലാവ്: - ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടം. വൃത്തികേടിന്റെ പര്യായം. ഓലമേഞ്ഞതാണിത്. അധികം ഉപയോഗിച്ച് കാണുന്നില്ല. മഞ്ചേരി മുസാഫിര്‍ ഖാന: - ഒന്നാംതരം ഓടുമേഞ്ഞ കെട്ടിടം. യൂറോപ്യന്‍ യാത്രികര്‍ നല്ലവണ്ണം വന്നുചേരുന്നു. നാട്ടുകാരും ഇതുപയോഗിക്കുന്നു. എന്നാല്‍, ഇക്കൂട്ടര്‍ക്ക് മുറികള്‍ വൃത്തിയായി സൂക്ഷിക്കാനറിയില്ല. അതിനാല്‍ പ്രധാനകെട്ടിടത്തോട് ചേര്‍ന്ന് ഒരു ഔട്ട് ഹൗസ് സ്ഥാപിക്കുന്നത് നന്നായിരിക്കും. നിലമ്പൂര്‍ ബംഗ്ലാവ്: - ഒരു ഓലമേഞ്ഞ കെട്ടിടം. അത്യാവശ്യം വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. എന്നാല്‍, ഇതിന്റെ മേല്‍ക്കൂരയുടെ ആകൃതിക്ക് ചില പിഴവുകളുണ്ട്. അതിനാല്‍ ഒരരിപ്പപോലെ ഇത് ചോര്‍ന്നൊലിക്കുന്നു. ഇതിന്റെ സമീപത്തുള്ള കെട്ടിടം കഴിഞ്ഞവര്‍ഷം തകര്‍ന്നുവീണു. എന്നാല്‍, നിലമ്പൂര്‍ ബംഗ്ലാവ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസായി ഉപയോഗിച്ചുവരുന്നുണ്ട്. ചിലപ്പോള്‍ പണിയായുധങ്ങളുടെ സൂക്ഷിപ്പിനായും ഇതുപയോഗിച്ചുവരുന്നു. എടക്കര ബംഗ്ലാവ്: - ഭയാനകമായ രീതിയില്‍ ചോര്‍ന്നൊലിക്കുന്നൊരു കെട്ടിടം. വൃത്തികെട്ട രീതിയില്‍ പണിതീര്‍ത്തിരിക്കുന്നു. വൃത്തികെട്ട പരിസരം. ആരും ഉപയോഗിക്കാറില്ല. എന്നാല്‍, ശിക്കാറിനായി നിലമ്പൂര്‍ കാടുകളിലെത്തുന്ന മാന്യന്മാര്‍ ഇതുപയോഗിച്ചുവരുന്നു. നിലമ്പൂര്‍ ബംഗ്ലാവിനെപ്പോലെതന്നെയാണ് ഇതിന്റെയും അവസ്ഥ.
വള്ളുവനാട്ടിലെ ബംഗ്ലാവുകളെക്കുറിച്ച് എഴുതിക്കാണുന്നതിങ്ങനെ: അങ്ങാടിപ്പുറം ബംഗ്ലാവ്: - ഞാനെപ്പോഴും പോകാറുണ്ട്. പഴയ ഒരു ഓലമേഞ്ഞ കെട്ടിടം. ഈയിടെയായി നല്ലരീതിയില്‍ റിപ്പയര്‍ ചെയ്തിരിക്കുന്നു.
വളരെ സുഖകരമാണിവിടത്തെ താമസം. ജനലുകളും വാതിലുകളും അടയ്ക്കുവാനായും തുറക്കുവാനായും കൊളുത്തുകളുടെ അഭാവം കാണുന്നുവെന്ന് മാത്രം. ചോലക്കര മുസാഫിര്‍ ഖാന: - വളരെയധികം ഉപയോഗിക്കപ്പെടുന്ന കെട്ടിടം. ഓടുമേഞ്ഞിരിക്കുന്നു. എന്നാല്‍, കൂലിക്കാരെ കിട്ടാന്‍ വിഷമം. കെട്ടിടം നോക്കിക്കണ്ട് നടത്താനാളില്ല. പാലക്കാട് ബംഗ്ലാവ്: - വേഗത്തില്‍ നശിച്ചു കൊണ്ടിരിക്കുന്നൊരു കെട്ടിടം. നാട്ടുകാരും ഇത് ശ്രദ്ധാപൂര്‍വം നോക്കി സംരക്ഷിക്കുന്നില്ല.
സൂചിപ്പാറ ബംഗ്ലാവ്: - അസുഖകരമായൊരു കെട്ടിടം. ഔട്ട് ഹൗസ് തകര്‍ച്ചയിലാണ്. വൃത്തി തീരെയില്ല. അവലാഞ്ചെ ബംഗ്ലാവ്: - സുന്ദരമായ ബംഗ്ലാവാണിത്. യാത്രക്കാര്‍ നല്ലതുപോലെ ഇത് ഉപയോഗിച്ചുവരുന്നു. അടുക്കളയില്‍നിന്നുള്ള കരി മറ്റ് മുറികളിലേക്കും വ്യാപിച്ചിട്ടുണ്ടെന്ന് മാത്രം.' 1853 ഡിസംബര്‍ 31-നാണ് അസിസ്റ്റന്റ് കളക്ടര്‍ ഈ വിവരം കളക്ടര്‍ കനോലിക്ക് സമര്‍പ്പിച്ചതായി കാണുന്നത്.
