
കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ വിഗ്ഗ് വിതരണം കേരളത്തിലേക്കും
Posted on: 03 Sep 2013

വിദ്യാര്‍ഥിനികളില്‍ നിന്നും സ്ത്രീകളില്‍ നിന്നും മുടികള്‍ ശേഖരിച്ച് വിദഗ്ധരുടെ സഹായത്തോടെ വിഗ്ഗുകളാക്കി മാറ്റി അര്‍ഹരായ രോഗികള്‍ക്ക് നല്‍കുകയാണ് ഹെയര്‍ ഫോര്‍ ഹോപ് ചെയ്യുന്നത്. കീമോതെറാപ്പിയിലൂടെ മുടി നഷ്ടപ്പെടുന്ന കാന്‍സര്‍ രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടികള്‍ കണ്ടറിഞ്ഞാണ് പ്രേമി യു.എ.ഇ.യില്‍ ഹെയര്‍ ഫോര്‍ ഹോപ്പിന് രൂപം നല്‍കിയത്. വന്‍തുക മുടക്കി വിഗ്ഗുകള്‍ വാങ്ങാന്‍ സാധിക്കാത്ത രോഗികള്‍ക്ക് സമൂഹത്തില്‍ വീണ്ടും പഴയപോലെ സജീവമാകാന്‍ ഹെയര്‍ ഫോര്‍ ഹോപ്പ് സഹായകമാകുന്നു.
എന്നാല്‍, വിഗ്ഗുകള്‍ നല്‍കി സഹായിക്കുക എന്നതോടൊപ്പം തന്നെ, അര്‍ബുദ രോഗത്തിനെതിരെയുള്ള ബോധവത്കരണമാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് പ്രേമി വ്യക്തമാക്കുന്നു. പൊതുചടങ്ങുകളില്‍ വെച്ച് പെണ്‍കുട്ടികളും സ്ത്രീകളും മുടി നല്‍കാന്‍ തയ്യാറായാല്‍ അത് കാന്‍സര്‍ രോഗികളെക്കുറിച്ചും രോഗം നേരത്തേ കണ്ടുപിടിക്കേണ്ടതിനെക്കുറിച്ചും ആളുകളെ ചിന്തിപ്പിക്കുമെന്ന തിരിച്ചറിവാണ് ഇതിന് പിന്നില്‍.
പ്രേമിയുടെ ഉദ്യമത്തെക്കുറിച്ച് കേട്ടറിഞ്ഞ കൂട്ടുകാരിയും എം.പി. ജോസ് കെ. മാണിയുടെ ഭാര്യയുമായ നിഷയാണ് ഈയൊരു സംരംഭത്തിന് കേരളത്തില്‍ തുടക്കമിടാന്‍ നിമിത്തമായത്. തന്റെ മുടി നല്‍കാന്‍ സ്വമേധയാ തയ്യാറായ നിഷ തങ്ങള്‍ ഇരുവരും പഠിച്ച എറണാകുളം സെന്റ് തെരേസാസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുടി മുറിച്ചു നല്‍കി. ഇതു കണ്ട 17 വിദ്യാര്‍ഥിനികള്‍ മുടി നല്‍കാനുള്ള സന്നദ്ധത അറിയിച്ചു. തുടര്‍ന്ന് കൊച്ചി ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നിരവധി വിദ്യാര്‍ഥികള്‍ മുടി മുറിച്ചു നല്‍കി. കോട്ടയം ബി.സി.എം. കോളജില്‍ നടന്ന ചടങ്ങിലും നിരവധി പേര്‍ മുടി നല്‍കാനുള്ള സന്നദ്ധത അറിയിച്ചതായും പ്രേമി വ്യക്തമാക്കി.
കോളജുകളിലും സ്‌കൂളുകളിലും ചടങ്ങുകള്‍ സംഘടിപ്പിച്ച് വിദ്യാര്‍ഥികളില്‍ നിന്നും മുടി സ്വീകരിച്ച് പുതുതലമുറയ്ക്കിടയില്‍ രോഗത്തിനെതിരെ ബോധവത്കരണം നടത്താനാണ് ഹെയര്‍ ഫോര്‍ ഹോപ് ഉദ്ദേശിക്കുന്നത്. ഇത്തരം ചടങ്ങുകളിലൂടെ വിദ്യാര്‍ഥികള്‍ രോഗികളുടെ നിസ്സഹായാവസ്ഥയെക്കുറിച്ച് ബോധവാന്മാരാകുകയും കാന്‍സര്‍ രോഗം നേരത്തേ കണ്ടുപിടിക്കാനുള്ള സന്നദ്ധത വളര്‍ന്നുവരികയും ചെയ്യുമെന്ന് പ്രേമി ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ മുടി നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ഡോ. മൂപ്പന്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഹരിപ്പാട് പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ നിര്‍ണയകേന്ദ്രത്തെ (ഏര്‍ളി ഡിസീസ് ഡിറ്റക്ഷന്‍ സെന്റര്‍) സമീപിക്കാം. ഇവിടെ ഏല്‍പ്പിക്കുന്ന മുടികള്‍ എറണാകുളത്തുള്ള വിഗ്ഗ് നിര്‍മാണ വിദഗ്ധരെ ഏല്‍പിക്കുന്നു. ഇതിനുള്ള ചെലവ് ഡി.എം. ഫൗണ്ടേഷനാണ് വഹിക്കുന്നത്. തുടര്‍ന്ന് ആവശ്യക്കാരെ കണ്ടെത്തി വിഗ്ഗുകള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രേമി വ്യക്തമാക്കി.
കുറഞ്ഞത് 10 ഇഞ്ച് എങ്കിലും നീളമുള്ള മുടി ലഭിച്ചാല്‍ പുരുഷന്മാര്‍ക്ക് വിഗ്ഗുണ്ടാക്കാം. സ്ത്രീകള്‍ക്കുള്ള വിഗ്ഗുകളുണ്ടാക്കാന്‍ 15 ഇഞ്ച് നീളമുള്ള മുടിയെങ്കിലും ആവശ്യമാണ്.
ഫേസ് ബുക്കില്‍ സജീവമായ ഹെയര്‍ ഫോര്‍ ഗുഡ് ഈയൊരു മാധ്യമത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. ഇതുകൊണ്ടുതന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തന്റെ ഉദ്യമത്തിന് പിന്തുണ ലഭിക്കുന്നുണ്ടെന്നും പ്രേമി പറയുന്നു.
അമേരിക്കയില്‍ താമസിക്കുന്ന തന്റെ ബന്ധുവായ ദിലന്‍ എന്ന ബാലന്‍ ഇത്തരത്തില്‍ വിഗ്ഗ് നിര്‍മാണത്തിന് നല്‍കുന്നതിനായി മുടി വളര്‍ത്തിയതാണ് തന്നെ ഹെയര്‍ ഫോര്‍ ഹോപ് എന്ന സംരംഭത്തിലേക്ക് നയിച്ചതെന്ന് അവര്‍ വ്യക്തമാക്കുന്നു.
'പ്രൊട്ടക്ട് യുവര്‍ മം' എന്ന ഫേസ് ബുക്ക് പേജിലൂടെ സ്തനാര്‍ബുദത്തിനെതിരെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളിലും പ്രേമി സജീവമാണ്. ഭര്‍ത്താവ് ഡോ. മാത്യുവിനൊപ്പം ദുബായില്‍ താമസിക്കുന്ന പ്രേമി നേരത്തേ നിരവധി കോളജുകളില്‍ ജോലി ചെയ്തിട്ടുണ്ട്.
