
വരിക്കാശ്ശേരിമന
Posted on: 31 Aug 2013
വി. ഭവാനി

മിനുക്കിത്തേയ്ക്കാത്ത വെട്ടുകല്ലില്‍ അസാധാരണമായ ശില്പചാതുരിയോടെ പണിതുയര്‍ത്തിയ ഈ നാലുകെട്ടും പത്തായപ്പുരകളും ഒറ്റ നോട്ടത്തില്‍ത്തന്നെ പഴമയുടെയും ആഢ്യത്വത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതാപത്തിന്റെയും കഥകള്‍ വിളിച്ചുപറയുന്നു. ഗെയ്റ്റുകടന്ന് കാര്‍ ചെന്നുനില്ക്കുന്നത് പടിഞ്ഞാട്ടു മുഖമായി നില്ക്കുന്ന, പ്രധാന കെട്ടിടമായ മൂന്നു നിലയുള്ള നാലുകെട്ടിന്റെ മുന്നിലാണ്. ഈ നാലുകെട്ട് പണിതുയര്‍ന്നത് വരിക്കാശ്ശേരി ഇല്ലെത്ത വലിയപ്ഫന്‍ നമ്പൂതിരിപ്പാടിന്റെ മകന്‍ അനുജന്‍ (രവി) നമ്പൂതിരിപ്പാടിന്റെ മേല്‍നോട്ടത്തിലും ശ്രദ്ധയിലുമാണ്. ഇവിടെ നില്ക്കുമ്പോള്‍ അറിയാതെ ചോദിച്ചുപോകുന്നു, ഇത്ര വലിയ ഈ മനയിലേക്കു കടക്കാനുള്ള പടിപ്പുര എവിടെ? പടിപ്പുരയുണ്ടായിരുന്നു. പക്ഷേ, മാറിവന്ന കാലത്തിന്റെ കുത്തൊഴുക്കില്‍ പടിപ്പുരമാളിക പൊളിക്കേണ്ടി വന്നു. അതൊക്കെ പോട്ടെ. നാമിപ്പോള്‍ പൂമുഖത്തിനു മുന്നിലാണ്.
വരിക്കാശ്ശേരി ഇല്ലത്തെ ഇന്നത്തെ തലമുറയിലെ ഏറ്റവും ഇളയ അംഗമായ കുഞ്ഞുണ്ണിനമ്പൂതിരിപ്പാടിന്റെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍, 'ആരെടാ' എന്നു ചോദിക്കുന്ന, തലയെടുപ്പോടുകൂടിയ, വീതിയും നീളവും ഒത്ത ഒരു പൂമുഖം. ഈ പൂമുഖം പിന്നീട് നിര്‍മിച്ചതാണ്. അച്ഛന്‍ ഉണ്ണിനമ്പൂതിരിപ്പാടാണ് ഇതിനു മുന്‍കൈ എടുത്തത്. ഇവിടെയാണ് ദേവാസുരം എന്ന സിനിമയില്‍ ഭാനുമതി എന്ന കഥാപാത്രം ചിലങ്കകള്‍ കെട്ടി നൃത്തം ചെയ്തതും ഒടുവില്‍ ചിലങ്കകളഴിച്ചുവെച്ച് ഇനി നൃത്തം ചെയ്യില്ലെന്ന് ശപഥം ചെയ്തതുമായ രംഗം ഷൂട്ടു ചെയ്തത്. ഞാന്‍ ഒരു രംഗം സൂചിപ്പിച്ചു എന്നേയുള്ളൂ. അങ്ങനെ എത്രയെത്ര തീവ്രഭാവങ്ങളും നാടകീയതയും മുറ്റിനിന്ന രംഗങ്ങള്‍ക്കാണ് ഈ പൂമുഖം സാക്ഷ്യം വഹിച്ചിട്ടുള്ളത്! ഇന്നത്തെ ഈ പൂമുഖം പണിയുന്നതിനു മുന്‍പ് ഇല്ലപ്പുരയ്ക്കു പടിഞ്ഞാറുഭാഗത്തായി ഒരു പത്തായപ്പുരയുണ്ടായിരുന്നു. ഇന്നത്തെ തലമുറയിലെ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ മകന്‍ വാസുദേവന്‍നമ്പൂതിരിപ്പാട് പറഞ്ഞ വിവരങ്ങളാണ്. ഈ പത്തായപ്പുരയുടെ താഴത്തെ നില പത്തായമായിട്ടുതന്നെയാണ് ഉപയോഗിച്ചിരുന്നത്. അനേകായിരം പറ നെല്ല് സൂക്ഷിച്ചിരുന്ന പത്തായം. ഒന്നാം നിലയിലായിരുന്നു മനയ്ക്കലെ പുരുഷപ്രജകളുടെ താമസം. ഇല്ലപ്പുരയുടെയും പത്തായപ്പുരയുടെയും ഒന്നാം നിലകളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു പാലവുമുണ്ടായിരുന്നുവത്രേ. പിന്നീടെപ്പോഴോ ഈ പത്തായപ്പുര പൊളിക്കേണ്ടി വന്നു. അവിടെ തറ മാത്രമായി. തെക്കേ പത്തായപ്പുര അച്ഛന്‍ ഉണ്ണിനമ്പൂതിരിപ്പാടിന്റെ മാത്രം താവളമായപ്പോള്‍, ഇന്നത്തെ തലമുറയിലെ അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാട് അവര്‍ക്കും പത്തായപ്പുര വേണമെന്നാവശ്യം അച്ഛനെ അറിയിച്ചു. വാസ്തുവിദഗ്ധനെക്കൊണ്ടു നോക്കിച്ചപ്പോള്‍ ഇല്ലപ്പുരയ്ക്ക് ഒരു പൂമുഖംകൂടി ഉണ്ടായാല്‍, ഒരു പത്തായപ്പുരകൂടി ആകാമെന്നായി. അങ്ങനെ പൂമുഖത്തിന്റെ തച്ചുശാസ്ത്രം മാന്നാനംപറ്റ വക. പൂമുഖത്തിന്റെ ഡിസൈനര്‍, ഇന്നത്തെ തലമുറയിലെ കൃഷ്ണന്‍ (ശില്പിത്തമ്പുരാന്‍) നമ്പൂതിരിപ്പാടുമായിരുന്നു. പൂമുഖം പണിതത് ശങ്കരനാശാരിയുടെ മേല്‍നോട്ടത്തില്‍, പൂമുഖത്തിനുള്ള മരത്തൂണുകള്‍ മുഴുവന്‍ കടഞ്ഞത് അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടായിരുന്നു. അദ്ദേഹത്തിനു സഹായികളായി കൃഷ്ണന്‍ നമ്പൂതിരിപ്പാടും ആര്‍ട്ടിസ്റ്റ് നമ്പൂതിരിപ്പാടിന്റെ സഹോദരന്‍ കുരുവാട് പരമേശ്വരന്‍ നമ്പൂതിരിപ്പാടും. അക്കാലത്ത് കൃഷ്ണന്‍ നമ്പൂതിരിപ്പാട് മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്ട്‌സില്‍ പഠിക്കുന്ന കാലമായിരുന്നു. സ്വാഭാവികമായും പാശ്ചാത്യരീതിയോടായിരുന്നു ഭ്രമം. മനയുടെ പൂമുഖത്തിന്റെ വണ്ണം കുറഞ്ഞ നീണ്ട തൂണുകള്‍ വിക്‌ടോറിയന്‍രീതി വിളിച്ചുപറയുന്നവതന്നെ. ഏറ്റവും മുകളില്‍ തുറന്ന ടെറസ്സും. ഇല്ലപ്പുരയുടെ രീതിയില്‍നിന്ന് തികച്ചും വ്യത്യസ്തമായ പൂമുഖം. എങ്കിലും ആ വ്യത്യസ്തത തന്നെയായിരിക്കാം അതിന്റെ ആകര്‍ഷണീയത. വേറെയും ചെറിയ പ്രത്യേകതകള്‍കൂടി ശ്രദ്ധയില്‍പ്പെടും. പൂമുഖം ഇല്ലപ്പുരയുടെ മധ്യത്തില്‍ത്തന്നെയാണ്. സാധാരണ കുറച്ചുകൂടി തെക്കോട്ടു മാറി, പടിഞ്ഞാറ്റിയുടെ തെക്കുഭാഗത്തുള്ള ഇടനാഴിയുടെ മുന്‍പിലാണ് പതിവ്. അതുപോലെ പടിഞ്ഞാറ്റിയില്‍നിന്ന് പൂമുഖത്തേക്ക് (അതായത് പടിഞ്ഞാട്ട്) ഈ സ്ഥാനത്ത് ഒരു വാതിലും പതിവില്ല. പൂമുഖത്തിന്റെ സിമന്റ്പണി, അക്കാലത്ത് പ്രശസ്തനായിരുന്ന തൃശൂര്‍ക്കാരന്‍ പൈലിയുടെതായിരുന്നു. പൈലി പല സ്ഥലങ്ങളിലും പണി ചെയ്ത് സ്വന്തമായൊരു സ്റ്റൈല്‍ ഉണ്ടാക്കിയെടുത്തിരുന്നു. വിശാലമായ പടിഞ്ഞാറ്റിയുടെ ഇടയ്ക്കുള്ള ചിത്രനിര്‍മിതികളുള്ള മരത്തൂണുകള്‍ക്ക് ഇന്നും നല്ല ആരോഗ്യമുണ്ട്.
നടുമുറ്റം ഒന്നു കാണേണ്ടതുതന്നെ. വളരെ വിശാലം. ഈ നടുമുറ്റം നിങ്ങളും ഓര്‍ക്കുന്നില്ലേ? പല കഥാപാത്രങ്ങളുടെയും തുളസിത്തറയുള്ള നടുമുറ്റമുള്ള തറവാടായി ഈ മന അഭ്രപാളികളില്‍ തിളങ്ങിയിട്ടുണ്ടല്ലോ? നമ്പൂതിരിഗൃഹങ്ങളില്‍ തുളസിത്തറയല്ല, മുല്ലത്തറയാണ് കാണാറുള്ളത്. ഈ നടുമുറ്റത്തിന്റെ ഏറ്റവും ഹൃദ്യമായ ചിത്രീകരണം ചന്ദ്രോത്സവത്തിലേതാണെന്നാണെനിക്കു തോന്നുന്നത്. ഒരു ആമ്പല്‍ പ്പൂക്കുളമായി മാറ്റിയിരിക്കുകയാണ് ഈ നടുമുറ്റത്തിനെ. ഒരു സാധാരണ നാലുകെട്ടിന്റെ ഭൂമിശാസ്ത്രം നിങ്ങള്‍ക്കും സുപരിചിതമായിരിക്കും. ഒരു നടുമുറ്റം, അതിനു നാലുവശത്തുമായി വടക്കിനിയും കിഴക്കിനിയും പടിഞ്ഞാറ്റിനിയും തെക്കിനിയും. ഇതിലേറെ വലിയ നടുമുറ്റം കൂടല്ലൂര്‍, സ്വര്‍ണത്ത്, ഏലങ്കുളത്ത് എന്നീ മനകളിലുണ്ട.് പക്ഷേ, ഇവിടത്തെപ്പോലെ നടുമുറ്റത്തിന്റെയും നാലിറയങ്ങളുടെയും അളവുകള്‍ തമ്മില്‍ ഇത്രയധികമുള്ള പൊരുത്തം കാഴ്ചയില്‍ പെട്ടിട്ടില്ല. നടുമുറ്റത്തിനൊത്ത ഈ നാലിറയങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു.
ഇല്ലക്കാര്‍ വരിക്കാശ്ശേരിമനയില്‍ താമസിച്ചിരുന്നപ്പോള്‍ ഓരോ അറകളും എന്തിനാണ് ഉപയോഗിച്ചിരുന്നതെന്ന് രവിനമ്പൂതിരിപ്പാട് സസന്തോഷം പറഞ്ഞുതന്നു. വടക്കിനിയിലാണ് ഹോമം, ശ്രാദ്ധം, ഉപനയനം, വേളിക്രിയ, വിശേഷാല്‍ ഭഗവല്‍സേവ തുടങ്ങിയവ ചെയ്തിരുന്നത്. അതിനു പടിഞ്ഞാറ് ശ്രീലകം. അതിനും തെക്കുള്ള ഇടനാഴിയില്‍ നിത്യഗണപതിഹോമം പതിവായിരുന്നു. കിഴക്കിനിയാണ് കുടുംബത്തിലെ അംഗങ്ങളുടെ ഭക്ഷണമുറി. വടക്കിനിയുടെ കിഴക്ക് മേലടുക്കള സ്ത്രീകളുടെ ഭക്ഷണമുറിയായിരുന്നു. ഇതുകൂടാതെയുള്ള വടക്കടുക്കളയും കിഴക്കടുക്കളയും നിത്യേനയുള്ള ദേഹണ്ണത്തിനുള്ളതാണ്. തെക്കിനിയില്‍ മൂന്നു സ്റ്റോര്‍ മുറികളാണ്. ഇടതുവശത്തെ മുറിയിലാണ് ഉപ്പുമാങ്ങയും കടുമാങ്ങയും ഇട്ട് സൂക്ഷിക്കുന്ന വലിയ ഭരണികള്‍ വെച്ചിരുന്നത്. വലതുഭാഗത്തുള്ള മുറിയില്‍ അച്ചാറുഭരണികള്‍. നടുക്കുള്ള മുറിയിലാണ് നിലവിളക്കുകളും കിണ്ടികളും ഓട്ടുരുളികളും ചരക്കുകളും മറ്റും സൂക്ഷിച്ചിരുന്നത്. അടുക്കളകളുടെ പടിഞ്ഞാറുഭാഗത്തുള്ള മുറിയാണ് സ്ത്രീകളുടെ തേവാരമുറി. ഇതും വേറെ കുറച്ചു മുറികളും ചേര്‍ന്നതാണ് സ്ത്രീകളുടെ അന്തഃപുരം. വലിയ ഹാളുകളും പുറത്തളവും കലവറയും മറ്റും ഇതില്‍പ്പെടും. പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം പൂജാമുറികളുണ്ടായിരുന്നു.
താഴത്തെ നിലയില്‍നിന്ന് മുകളിലേക്ക് നാലു കോണിപ്പടികളുണ്ട്. ഒന്ന് പൂമുഖത്തുനിന്നും മറ്റു മൂന്നെണ്ണം നാലിറയത്തിന്റെ മൂന്നു മൂലകളില്‍നിന്നും. ഒന്നാം നിലയില്‍ രണ്ടു വലിയ ഹാളുകളും നാലു ബാത്അറ്റാച്ച്ഡായിട്ടുള്ള, വലിയ കിടപ്പുമുറികളും വസ്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സ്‌റ്റോര്‍ മുറികളും. രണ്ടാംനിലയിലും ഇതേ സൗകര്യങ്ങളെല്ലാമുണ്ട്. അവിടത്തെ ചെറിയ മുറികളിലാണ് കിടക്കകളും പൂജാസാധനങ്ങളും സൂക്ഷിച്ചിരുന്നത്. താഴത്തെ നിലയില്‍ നാലിറയത്തിന്റെ പാതിയും ഊണ്‍തളമായാണ് ഉപയോഗിച്ചിരുന്നത്. ഇരുനൂറും മുന്നൂറും ആള്‍ക്കാര്‍ രണ്ടും മൂന്നും പന്തിയിലിരുന്ന് സദ്യ ഉണ്ടു പോയിരുന്നത്, രവിനമ്പൂതിരിപ്പാടിന്റെ പഴയ നല്ല ഓര്‍മകളിലൊന്നാണ്.
ഞാനിതെഴുതിത്തുടങ്ങിയ കാലത്ത് വരിക്കാശ്ശേരി ഇല്ലത്തെ തലമൂത്ത കാരണവര്‍ ശില്പിതമ്പുരാനെന്നും കാവുതമ്പുരാനെന്നും വിളിക്കപ്പെടുന്ന കൃഷ്ണന്‍ നമ്പൂതിരിപ്പാടായിരുന്നു. പിന്നീട് ആഗസ്ത് മാസം 6 ന് അദ്ദേഹം മരണമടഞ്ഞു. അവിടുത്തെ കാരണവര്‍ ശങ്കരനാരായണന്‍ (അനുജന്‍) നമ്പൂതിരിപ്പാടായിരുന്നു. ഇദ്ദേഹവും 2012 നവംബര്‍ 1ന് ചരമമടഞ്ഞു. ഇപ്പോഴത്തെ കാരണവര്‍ വാസുദേവന്‍ (കുഞ്ഞനുജന്‍) നമ്പൂതിരിപ്പാടാണ്. ഇദ്ദേഹത്തിന്റെ മുത്തച്ഛന്‍ കാവ് എന്ന നാരായണന്‍ നമ്പൂതിരിപ്പാടാണ്. ഇദ്ദേഹത്തിന്റെ കാലത്താണ് നാലുകെട്ട് പണിതുയര്‍ന്നത്, 1902-ല്‍. പക്ഷേ, മുത്തപ്ഫന്റെ അനുജന്‍ രവി എന്ന അനുജന്‍നമ്പൂതിരിപ്പാടിന്റെ പ്രത്യേക മേല്‍നോട്ടത്തിലാണ് പണികള്‍ നടന്നത്. ആറു മാസംകൊണ്ട് നാലുകെട്ടിന്റെ പണി കഴിഞ്ഞു. ചെലവ് നാല്പത്തിനാലായിരം രൂപ! മനയ്ക്കാവശ്യമായിരുന്ന മാവ് മനിശ്ശേരിയില്‍നിന്നുതന്നെ. തേക്ക്, പ്ലാവ് തുടങ്ങിയ മരങ്ങള്‍ അനങ്ങന്‍മലയുടെ താഴ്‌വാരപ്രദേശങ്ങളായ കിഴൂര്‍, മേലൂര്‍ എന്നീ സ്ഥലങ്ങളില്‍നിന്നാണ് ആദ്യം കൊണ്ടുവന്നത്. അന്നവിടം കാട്ടുപ്രദേശങ്ങളായിരുന്നു. പിന്നീട് നിളയ്ക്കക്കരെ മെതുക് എന്ന സ്ഥലത്തുനിന്ന് ഗുണമേന്മയ്ക്കു പേരുകേട്ട കൊച്ചിതേക്ക് തദ്ദേശീയര്‍ കൊണ്ടുവരും. പക്ഷേ, സര്‍ക്കാര്‍മുതല്‍ അനുവാദമില്ലാതെ കൊണ്ടുവരുന്നത് നിയമപരമായി തെറ്റുതന്നെ. ഒരിക്കല്‍ അന്വേഷണത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇല്ലത്തെത്തി. പക്ഷേ, ഇതറിഞ്ഞപ്പോഴേക്കും കൊണ്ടുവന്ന തേക്കുകള്‍ കിഴൂരിലുള്ളവലിയ ചിറയില്‍ ചേറില്‍ താഴ്ത്തി. തെളിവൊന്നും ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടും നല്കി. വെട്ടുകല്ലുകള്‍ കൊണ്ടുവന്നത്, മനിശ്ശേരിയിലെ തൊട്ടടുത്ത ഗ്രാമമായ ചെറുകാട്ടുപുലത്തുനിന്നാണ്. മനയുടെ പണി തുടങ്ങിയ കാലത്ത് ആശാരിക്കൂലി വെറും രണ്ടണയായിരുന്നു. ആര്‍ക്കുവേണ്ടിയാണോ മന പണിതത്, അവരൊക്കെ വിടചൊല്ലിപ്പോയിട്ടും ഒറ്റയ്ക്കുനിന്ന് വരിക്കാശ്ശേരി മന പ്രശസ്തിയിലേക്ക് ഉയര്‍ന്നുവരുന്നത് ഒരപൂര്‍വകാഴ്ചയാണ്. മഹാനായ പെരുന്തച്ചന്റെ തച്ചുശാസ്ത്രവിധിപ്രകാരം പണിതുയര്‍ത്തിയ പഴയ എട്ടുകെട്ടിന്റെ അതേ അടിത്തറയിലാണത്രേ ഈ നാലുകെട്ട് പണിതുയര്‍ത്തിയത്. തൃശൂരിലെ പ്രസിദ്ധമായ വടക്കുന്നാഥക്ഷേത്രത്തിലെ കൂത്തമ്പലം പുതുക്കിപ്പണിതതും പൂമുള്ളി, ആഴ്‌വാഞ്ചേരി എന്നീ ആഢ്യഗൃഹങ്ങള്‍ പണിതതും ശില്പിയായിരുന്ന വേളനേഴി ജാതവേദന്‍ നമ്പൂതിരിയായിരുന്നു. അദ്ദേഹം തന്നെയായിരുന്നു ഈ നാലുകെട്ടിന്റെയും ശില്പി. പെരുന്തച്ചനും വേളനേഴിക്കും ഇടയ്ക്ക് പതിനെട്ടരക്കവികളിലെ പയ്യൂര്‍ ഭട്ടതിരിയുടെ മേല്‍നോട്ടത്തിലും പുര പൊളിച്ചു പണിതുവത്രേ. ആദ്യം ഓലകൊണ്ടു തന്നെയാണ് പുര മേഞ്ഞത്. പിന്നീട് ഓട്ടുകമ്പനികള്‍ വന്നതോടെയാണ് ഓടിട്ടു മേഞ്ഞത്. ഇന്ത്യയിലെ മികച്ച രേഖാചിത്രകാരനായ ആര്‍ട്ടിസ്റ്റ് നമ്പൂതിരി തന്റെ രേഖകള്‍ എന്ന ആത്മകഥ (രേഖ) യില്‍ പറഞ്ഞിട്ടുള്ളത്, 'ഇത്രയും തച്ചുശാസ്ത്രത്തികവുള്ള ഒരു ഇല്ലം വേറെ കണ്ടിട്ടില്ലെ' ന്നാണ്.
വരിക്കാശ്ശേരിമന സമുച്ചയത്തില്‍ ഇന്ന് നാലുകെട്ടിനു പുറമേ, രണ്ടു പത്തായപ്പുരകളും (തെക്കേ പത്തായപ്പുരയും പടിഞ്ഞാറേ പത്തായപ്പുരയും) ശ്രീകൃഷ്ണക്ഷേത്രവും ഒരു വലിയ കുളവും ഉണ്ട്. ഭാഗം വെക്കലും പാട്ടക്കാര്‍ക്ക് ഭൂമി ഒഴിഞ്ഞുകൊടുക്കലും മറ്റും കഴിഞ്ഞ ശേഷം, കൊണ്ടുനടക്കാന്‍ കഴിയാതെ പടിപ്പുരയും കച്ചേരിയും ഊട്ടുപുരയും അഗ്രശാലയും പൊളിച്ചു. 1930ലാണ് വലിയ പത്തായപ്പുര (തെക്കേ) പണിതത്. ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ അച്ഛന്‍ ഉണ്ണിനമ്പൂതിരിപ്പാടിന്റെ കാലത്താണ് പണി നടന്നത്. ഇതിന്റെ തച്ചുശാസ്ത്രജ്ഞന്‍ മാന്നാനംപെറ്റ ശംഭുനാരായണനായിരുന്നു. മൂത്താശാരി ശങ്കരന്‍ ആശാരിയും. നാലുകെട്ടിനെപ്പോലെ, പത്തായപ്പുര പണിയാനും ആറുമാസവും ഏതാണ്ട് നാല്പത്തിനാലായിരം രൂപ ചെലവും. പത്തായപ്പുര പണി നടക്കുന്ന കാലത്ത് മുറ്റത്ത് വലിയ കുഴിയുണ്ടാക്കി അതില്‍ ഇത്തിളും പുഴമണലും ചെങ്കല്ലും കുമ്മായവുമൊക്കെയിട്ട് കാളയെയൊ പോത്തിനെയോകൊണ്ട് ചക്കാട്ടിക്കുന്നത് കുറെനേരം നോക്കിനില്ക്കാറുണ്ടെന്ന് മനയുടെ അയല്‍വാസിയായ കൃഷ്ണന്‍കുട്ടിനായര്‍ പറഞ്ഞു. അരിയിലെ കല്ല് വേര്‍തിരിച്ചുകൊടുക്കും, കുട്ടികള്‍. പകരം ഭക്ഷണവും എട്ടണയും കിട്ടുമത്രേ. കൃഷ്ണന്‍കുട്ടി നായര്‍ക്കു വരിക്കാശ്ശേരിയെക്കുറിച്ചു വളരെ നല്ല ഓര്‍മകളാണ്. വലിയ പത്തായപ്പുര പണിതപ്പോള്‍ അച്ഛന്‍തമ്പുരാന്‍ അങ്ങോട്ടും താമസം മാറ്റി. അതുപോലെ, തെക്കേ പത്തായപ്പുരയുടെ താഴേ തട്ടിലായിരുന്നു നിറവൊഴിയാതിരുന്ന പത്തായം. പടിപ്പുരമാളികയുടെ മുകളിലത്തെ മുറികളായിരുന്നു കാര്യസ്ഥന്‍മാര്‍ ഉപയോഗിച്ചിരുന്ന കച്ചേരിമുറികള്‍. ചെറിയ പത്തായപ്പുരയുടെ പണി കഴിഞ്ഞപ്പോള്‍ മുതിര്‍ന്ന മക്കളും അങ്ങോട്ടു താമസം മാറ്റി. പടിപ്പുരമാളിക വളരെ മനോഹരമായി രൂപകല്പന ചെയ്തിരുന്നു.
വളരെ വിസ്താരമായ കുളം ഏതാണ്ട് 85 സെന്റിലായി പരന്നുകിടക്കുന്നു. കുളത്തില്‍ നിറയെ മീനുകളുണ്ടിപ്പോള്‍. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം കുളപ്പുര ഉണ്ടായിരുന്നു, പക്ഷേ, ഇന്നില്ല. ഉണ്ണിനമ്പൂതിരിയുടെ പൊതുവേയുള്ള നിഷ്‌കര്‍ഷയെപ്പറ്റി പറയുന്നതിനിടയ്ക്ക് അഷ്ടവൈദ്യന്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി ഈ കുളത്തിനെപ്പറ്റി പറയുന്നുണ്ട്: 'ഈ കുളത്തിന്റെ നാലുപുറമുള്ള തെങ്ങില്‍നിന്നുള്ള നാളികേരമാണ് നിറമാല ആഘോഷത്തിനുള്ള എണ്ണയ്ക്കുവേണ്ടി ഉപയോഗിക്കുന്നത്. കൊല്ലത്തില്‍ പതിനൊന്നു മാസവും അതില്‍നിന്ന് വെള്ളം പുറത്തേക്കൊലിച്ചുകൊണ്ടിരിക്കും. ആ കുളത്തിലേക്കു വീണ നാളികേരം മാത്രം എടുത്ത് അതിന്റെ സംസ്‌കാരങ്ങളൊക്കെ ചെയ്ത് ഉണക്കി കൊട്ടയാക്കി ചക്കില്‍ കൊണ്ടുപോയി ആട്ടിച്ച് വെളിച്ചെണ്ണ ഉണ്ടാക്കിയതിനു ശേഷം ഭരണിയില്‍ സൂക്ഷിച്ചു വെക്കും. അതാണ് പിറ്റത്തെ കൊല്ലത്തെ നിറമാലയ്‌ക്കെടുക്കുക. അതായത് ഒരു കൊല്ലം മുന്‍പാട്ടിയ വെളിച്ചെണ്ണ എന്നര്‍ഥം. ആ എണ്ണ ഇളകാതെ അരിച്ചെടുത്താണ് നിറമാലയ്ക്ക് വിളക്കുവെക്കാനുപയോഗിച്ചിരുന്നത്. മാത്രമല്ല, നിഷ്‌കര്‍ഷ മൂത്ത് സുമാര്‍ അര ഫര്‍ലോങ് ദൂരത്തോളം- അതായത് ക്ഷേത്രനടയില്‍നിന്ന് കുളത്തിന്റെ കിഴക്കേ അറ്റംവരെ ഒരു പ്രത്യേക തരത്തിലുള്ളതായിരുന്നു ആ ദീപാലങ്കാരം' (ആല്‍ബത്തിലെ ഓര്‍മകളില്‍). ഫ്യൂഡലിസത്തിന്റെ ഏറ്റവും ഹീനവും മോശവുമായ കാഴ്ചയായിട്ടാണ് മനയ്ക്കു ചുറ്റുമുള്ള ചെറുപ്പക്കാര്‍ ഈ കുളപ്പുരയും സ്ത്രീകള്‍ക്കു കുളിക്കാനുള്ള കടവും കണ്ടിരുന്നത്. കുളപ്പുരയുടെ മുകളിലെത്ത നിലയിലെ വലിയ വരാന്തയില്‍ നിന്നാല്‍ സ്ത്രീകളുടെ കടവ് വളരെ വ്യക്തമായി കാണാമായിരുന്നു. ഏതായാലും ഇന്ന് ആ കുളപ്പുരയില്ല.
ശ്രീകൃഷ്ണന്റെ അമ്പലം
പടിഞ്ഞാറുഭാഗത്താണ് ശ്രീകൃഷ്ണന്റെ അമ്പലം. പടിപ്പുരഗോപുരവും നാലമ്പലവും ശ്രീകോവിലുമൊക്കെയായി മനോഹരമായൊരമ്പലം. പയ്യൂര്‍ ഭട്ടതിരിപ്പാട് പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രവും കുളവും. കുംഭമാസത്തിലെ ഉത്രട്ടാതിനാളിലെ പ്രതിഷ്ഠാദിനം ഇന്നും വളരെ ആര്‍ഭാടമായി ആഘോഷിക്കുന്നു. ഈ പടിപ്പുരഗോപുരം ഈയിടെയാണ് പൊളിച്ചു പണിതത്. മുഴുവനും തേക്കുകൊണ്ടുതന്നെ. വളരെ പണ്ട്, മനയ്ക്കലെ ഉപാസനാമൂര്‍ത്തി ഉഗ്രമൂര്‍ത്തിയായ നരസിംഹമായിരുന്നു. ഉപാസനാവൈകല്യം ഭയന്ന് ഒരു വിഗ്രഹം വാങ്ങിയതാണ്, ഇന്നത്തെ വെണ്ണകൃഷ്ണന്‍. ഈ വിഗ്രഹത്തിന് അംഗവൈകല്യമുണ്ട്. ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത്, കുളത്തില്‍ താഴ്ത്തിയപ്പോള്‍ പറ്റിയതാണ്. ബിംബം മാറ്റാന്‍ കലശത്തിനൊരുങ്ങിയെങ്കിലും മുത്തച്ഛന് ഉറക്കത്തില്‍ ഒരു ദര്‍ശനം. കലശം വേണ്ടെന്നും ബിംബം മാറ്റേണ്ടതില്ലെന്നും തീരുമാനിച്ചു. പുതുതായി പണിത വിഗ്രഹം പാലക്കാട് പെരുങ്കുളം ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. അവിടത്തെ ക്ഷേത്രപ്രശ്‌നങ്ങളില്‍ ഇന്നും ഈ ബന്ധം സ്പഷ്ടമാണെന്ന് രവിനമ്പൂതിരിപ്പാട് പറഞ്ഞു.
അമ്പലത്തിനെ ചുറ്റിപ്പറ്റി ഇനിയും ചില കഥകളുണ്ട്. മനിശ്ശേരിക്കടുത്ത ഗ്രാമമാണ് കവളപ്പാറ. 'പാലക്കാട് പകുതി കവളപ്പാറ' എന്നാണ് നാട്ടിലെ ചൊല്ല്. മാട്‌തൊട്ട് തോടുവരെ (ഓങ്ങല്ലൂര്‍കുന്നുമുതല്‍ കണ്ണിയംപുറം തോടുവരെ) തൊണ്ണൂറ്റിയാറു ദേശങ്ങളുടെ അധിപതിയായിരുന്നു മൂപ്പില്‍നായര്‍. ആര്യയംകാവില്‍ പൂരം ദിവസം (മീനം 21-ാം തീയതി) മൂപ്പില്‍നായര്‍ പരിവാരസമേതം കാവില്‍ എത്തുമായിരുന്നു. വൈരവളകളണിഞ്ഞ്, കിരീടം ചൂടി, വാളേന്തി രാജകീയ വേഷവിധാനത്തോടെ പ്രത്യേക പല്ലക്കിലാണത്രേ പണ്ടു വന്നിരുന്നത്. നിലപാടുതറയില്‍നിന്നാണ് കാഴ്ചകള്‍ സ്വീകരിച്ചിരുന്നത്. കവളപ്പാറ കേണല്‍നായര്‍ ഒരിക്കല്‍ ബിലാത്തിക്കു പോയി. ഹിന്ദുക്കള്‍ക്ക് സമുദ്രയാത്ര നിഷിദ്ധമായിരുന്ന ആ കാലത്ത്, കടല്‍ കടന്ന് വിദേശത്തേക്കുപോയതില്‍ പ്രതിഷേധിച്ച് സമാജം ഭ്രഷ്ടിന് ഒരുങ്ങി. ഇല്ലത്തെ മുത്തച്ഛന്‍ കവളപ്പാറനായരോട് വരാന്‍ പറഞ്ഞു. കുളിച്ചുതൊഴാനും ആവശ്യപ്പെട്ടു. കേണല്‍നായര്‍ ഒരു പവന്‍ നടയ്ക്കു വെച്ച് തൊഴുതു. അതോടെ ഭ്രഷ്ട് എന്ന അധ്യായം അവിടെ അവസാനിച്ചു. പക്ഷേ, അത് വേറൊരു വിവാദത്തിനു തിരി കൊളുത്തി. പൊതുജനങ്ങളില്‍നിന്ന് വഴിപാട് വാങ്ങുന്ന ക്ഷേത്രം പൊതു ക്ഷേത്രമെന്ന വിവാദമായി, കോടതി കേസായി. വഴിപാടു വിഷയം നിഷേധിച്ചാലേ കോടതിയില്‍ വിജയമുള്ളൂ എന്നായിരുന്നു നിയമോപദേശം. മുത്തച്ഛനോടതു പറയാന്‍തന്നെ ആര്‍ക്കും ധൈര്യമില്ല. മദിരാശിയില്‍നിന്നും പ്രശസ്തനായ വക്കീലിനെ വരുത്തി. അദ്ദേഹത്തിന്റെ അഭിപ്രായവും അതുതന്നെ. ഭയന്ന ചോദ്യംതന്നെ കോടതിയില്‍ മുത്തച്ഛനോട് ചോദിക്കപ്പെട്ടു. തന്റെയും ഏവരുടെയും ഉപാസനാമൂര്‍ത്തിയാണ് ശ്രീകൃഷ്ണന്‍. വഴിപാട് ദേവന്. എന്നാല്‍ ദേവനിരിക്കുന്ന ക്ഷേത്രവും ക്ഷേത്രസ്ഥാനവും മനവക. ദേവനര്‍പ്പിക്കുന്ന വഴിപാടുകൊണ്ട് മനവക ജന്മസ്ഥലം മാറില്ലെന്നായിരുന്നു മുത്തച്ഛന്റെ ഉത്തരം. വിധി മനയ്ക്കനുകൂലം. പ്രിവികൗണ്‍സില്‍ ക്ഷേത്രങ്ങളുടെ ഊരായ്മയെ സംബന്ധിച്ച് സര്‍ സി.പി. രാമസ്വാമിഅയ്യര്‍ കൊയ്ത ചരിത്രപരമായ വിജയത്തിന്റെ അടിസ്ഥാനം ഈ വിധിയാണെന്നാണ് രവിനമ്പൂതിരിപ്പാടിന്റെ വിശ്വാസം. പൊതുജനങ്ങള്‍ക്കുവേണ്ടി മനിശ്ശേരിയില്‍ത്തന്നെ ആറന്‍കുളം എന്ന സ്ഥലത്ത് ഒരു കൃഷ്ണക്ഷേത്രം നിര്‍മിച്ചുകൊടുക്കുകയും ചെയ്തു, മുത്തച്ഛന്‍. കേസ് കഴിഞ്ഞ് തിരിച്ചുകിട്ടിയതോടുകൂടി അമ്പലത്തിന്റെ കാര്യങ്ങളില്‍ ഉണ്ണിനമ്പൂതിരിപ്പാട് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി. ശ്രീകോവിലും മണ്ഡപവും പുതുക്കിപ്പണിതു. കരിങ്കല്ലിന്റെ പണിയൊക്കെ കവളപ്പാറയുള്ള ഒരു കല്ലുമൂപ്പനാണ് ചെയ്തത്. കല്ലുകള്‍ ചെറുകാട്ടുപുല (മനിശ്ശേരിയുടെ അയല്‍ ഗ്രാമം) ത്തുനിന്ന്, ആനയെക്കൊണ്ട് വലിപ്പിച്ച് കൊണ്ടുവന്നതാണ്. ശ്രീകോവിലിന്റെ ഉള്ളില്‍, നിലം ഒറ്റക്കല്ലുകൊണ്ടാണ് ചെയ്തിരുന്നത്. പെരുമ്പാവൂരിനടുത്ത് പൊതിയില്‍ ചേന്നാസ് കുഞ്ഞനിയന്‍ നമ്പൂതിരിപ്പാടും അനുജന്‍ കുഞ്ഞിക്കുട്ടന്‍ നമ്പൂതിരിപ്പാടുമായിരുന്നു തന്ത്രിമാര്‍. കലശത്തിനെത്തുടര്‍ന്ന് വിഷ്ണുബലിയും ഉത്സവവുമുണ്ടായിരുന്നു. ഇക്കാലത്തുതന്നെ ശ്രീകൃഷ്ണന് ആദ്യം വെള്ളികൊണ്ടും പിന്നീട് സ്വര്‍ണംകൊണ്ടും ഗോളകകള്‍ ഉണ്ടാക്കി. അതിനെപ്പറ്റിയും ഒരു ചെറിയ കഥയുണ്ട്.
തൃപ്പൂണിത്തുറ താമസമാക്കിയിരുന്ന ചില തമിഴ്‌നാട് സ്വര്‍ണപ്പണിക്കാര്‍ പണിയില്ലാത്തതുകൊണ്ട് നാട്ടിലേക്ക് മടങ്ങാന്‍ തിര്‍ച്ചയാക്കി. അതിലൊരാള്‍, വെങ്കിടാചലം, ഒരുള്‍വിളിപോലെ ഷൊര്‍ണൂരിലെത്തിയപ്പോള്‍ അവിടെയിറങ്ങി. ഇല്ലത്തു വന്ന് ഉണ്ണിനമ്പൂതിരിയെ കണ്ടു സംസാരിച്ചപ്പോള്‍ ഇഷ്ടപ്പെട്ടു. പരീക്ഷണമായി ആദ്യം വെള്ളിയില്‍ മുടിയും (കിരീടം) തിരുവുടയാടയും ഉണ്ടാക്കാനായി, വെള്ളിയുടെ ഒരു കട്ടി കൊടുത്തു. തൂക്കം എത്രയുണ്ടെന്ന് പറയാന്‍ പറഞ്ഞു. വെള്ളി കൈയിലെടുത്ത് വെങ്കിടാചലം മേലോട്ടും കീഴ്‌പ്പോട്ടും ആട്ടി, ഒരു തൂക്കം പറഞ്ഞു. തുലാസിലിട്ടു നോക്കിയപ്പോള്‍, വളരെ കൃത്യം. ഉണ്ണി നമ്പൂതിരിക്ക് വളരെ തൃപ്തിയായി. മുടിയും തിരുവുടയാടയും പണി തുടങ്ങി. അമ്പലത്തിലെ ബിംബത്തിന്റെ ങീൗഹറ (കരു) എടുത്ത് സിമന്റില്‍ വാര്‍ത്ത്, ഒരു പകര്‍പ്പ് ശില്പിതമ്പുരാന്‍തന്നെ എടുത്തുകൊടുത്തു. അതിന്മേല്‍ വെച്ച് മുടിയും തിരുവുടയാടയും പണിതീര്‍ത്തു. വളരെ ഗംഭീരവും മനോഹരവും. ഈ പണി തീര്‍ന്നപ്പോള്‍, ഒന്നു നാട്ടില്‍ പോയി വരാമെന്നു പറഞ്ഞ് വെങ്കിടാചലം സ്ഥലം വിട്ടു. ഒന്നരക്കൊല്ലം കഴിഞ്ഞിട്ടും കാണാഞ്ഞപ്പോള്‍, ഉണ്ണിനമ്പൂതിരി ആളെ വിട്ടന്വേഷിച്ചു പിടിച്ചുകൊണ്ടുവന്നു. വെങ്കിടാചലത്തിനെ കണ്ടപ്പോള്‍ സ്വതവേ കുറച്ച് പരിഭവപ്രകൃതനായ ഉണ്ണിനമ്പൂതിരിപ്പാടിന്റെ മുഖം ഒന്നുകൂടി കനത്തു. അതു ശ്രദ്ധിക്കാതെ വെങ്കിടാചലം അടുത്തിരിക്കുന്ന ആളോട് ഒരു വെറ്റില അടുത്തു വെക്കാന്‍ പറഞ്ഞ്, അതിലേക്ക് വെള്ളികൊണ്ടുള്ളൊരു കുഞ്ഞിച്ചെപ്പു വെച്ചു. തുറന്നപ്പോള്‍ അതിനുള്ളിലൊരു കുന്നിക്കുരു. എല്ലാവരുടെയും മുഖത്തു നിരാശ. വീണ്ടും അതു തുറക്കാന്‍ പറഞ്ഞു. കുന്നിക്കുരുവിന്റെ കറുത്ത ഭാഗം തുറക്കാന്‍ പറ്റുമായിരുന്നു. അതിനൊരു ചെറിയ വിജാഗിരിയും ഉണ്ടായിരുന്നു. ഇത്രയുമായപ്പോഴേക്കും തിരിഞ്ഞിരുന്നിരുന്ന ഉണ്ണിനമ്പൂതിരിപ്പാട്, ഇടംകണ്ണിട്ട് ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. ആ കുന്നിക്കുരു വെറ്റിലയിലേക്ക് കൊട്ടിയപ്പോള്‍, കടുകുമണിയുടെ വലുപ്പത്തില്‍ വെളുത്തൊരു സാധനം വെറ്റിലയില്‍ വീണു. 'ഒരു ലെന്‍സെടുത്തു നോക്കൂ'- വെങ്കിടാചലം. ഉണ്ണിനമ്പൂതിരിപ്പാടിന്റെ പരിഭവമൊക്കെ മാറി. ലെന്‍സുവെച്ച് ഉണ്ണിനമ്പൂതിരിപ്പാടുതന്നെ നോക്കിയപ്പോള്‍ കിരീടവും തിരുവുടയാടയും ആഭരണങ്ങളുമൊക്കെയായി ഒരു കുഞ്ഞു ശ്രീകൃഷ്ണവിഗ്രഹം!. സ്വര്‍ണഗോളകയിലുണ്ടാക്കിക്കിട്ടാന്‍ താന്‍ ആഗ്രഹിച്ചിരുന്നതെല്ലാം ഇതില്‍ കണ്ടപ്പോള്‍ ഉണ്ണിനമ്പൂതിരിപ്പാടിന് ഉത്സാഹം കൂടി. അങ്ങനെ അദ്ദേഹം ഉദ്ദേശിച്ചരീതിയില്‍ അതിമനോഹരമായിത്തന്നെ സ്വര്‍ണഗോളകയുടെ പണി തീര്‍ന്നു. അതിനുശേഷം വിശേഷദിവസങ്ങളിലുപയോഗിക്കുന്ന സ്വര്‍ണത്തില്‍ കെട്ടിയ ശംഖ്, സ്വര്‍ണക്കുടം മുതലായവ ഉണ്ടാക്കിപ്പിച്ചു. ഇതെല്ലാം വെങ്കിടാചലത്തിന്റെ മാസ്റ്റര്‍പീസുകളാണ്. വേറിട്ടുനില്ക്കുന്ന ഇത്തരം സൃഷ്ടികളെ മനസ്സില്‍ സ്വപ്‌നം കാണുവാനും അതിന് കൈയിലുള്ള ധനം ഉപയോഗിക്കുവാനും സന്മനസ്സുള്ളൊരാളും അയാള്‍ കാണുന്ന സ്വപ്‌നം യഥാര്‍ഥമാക്കാന്‍ കഴിവുള്ള ഒരു സൃഷ്ടികര്‍ത്താവും ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം മാസ്റ്റര്‍പീസുകള്‍ സൃഷ്ടിക്കപ്പെടാറുള്ളൂ. ഇതിനുശേഷം, അടുത്ത ഗ്രാമമായ ചോറോട്ടൂരിലെ ഭഗവതിയുടെ വെള്ളിയിലുള്ള ഗോളകയും വെങ്കിടാചലംതന്നെയാണ് ചെയ്തത്.
പൂമുഖവും നാലുകെട്ടും പത്തായപ്പുരകളും കുളപ്പുരയുമൊക്കെ ഉണ്ടായിരുന്ന ഈ മനയ്ക്കിന്നെന്തുപറ്റി? മനയെ ഉപേക്ഷിച്ച് ഇല്ലക്കാര്‍ എന്തുകൊണ്ടാണ് പോയത്? ഭൂനിയമവും വനനിയമവും മാത്രമാണോ വരിക്കാശ്ശേരിയെ ഈ നിലയില്‍ എത്തിച്ചത്? വേദങ്ങളോടൊത്ത് തപസ്സിരുന്ന് ഗഹനങ്ങളായ വേദങ്ങള്‍ക്ക് ഭാഷാഭാഷ്യം രചിക്കുകയും കഥകളിയുമായി ഒരാത്മബന്ധം പുലര്‍ത്തുകയും ചെയ്ത ഒളപ്പമണ്ണമന, പക്ഷേ, തറവാട്ടുഭാഗംവെക്കല്‍ വളരെ മുന്‍പ് ചെയ്തു. തരിശുകിടന്ന ഭൂമികളെ അവര്‍ റബ്ബര്‍ മരവസ്ത്രമണിയിച്ചു. പ്ലാസ്റ്റിക് ഫാക്ടറി തുറന്നു. വൈദികവൃത്തിയും ജ്യോതിശ്ശാസ്ത്രവും വ്യവസായവും കച്ചവടവും നമ്പൂതിരിമാര്‍ക്കു വഴങ്ങുമെന്ന് ദേശമംഗലം മനയും കാണിച്ചു. വരിക്കാശ്ശേരിയെപ്പറ്റി ഞങ്ങളുടെ നാട്ടിലെ സാധാരണക്കാരോടു ചോദിച്ചാല്‍ ഒരു അഭിപ്രായമേയുള്ളൂ! വലിയ പ്രതാപത്തില്‍ കഴിഞ്ഞവരാണ്! സഹോദരന്മാര്‍ തമ്മില്‍ത്തമ്മില്‍ യോജിപ്പുണ്ടായിരുന്നുവെങ്കില്‍ ഈ സ്ഥിതിയിലെത്തുമായിരുന്നില്ല. പോരാത്തതിനു കെടുകാര്യസ്ഥതയും. വരിക്കാശ്ശേരി മനയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരുപാട് മനുഷ്യര്‍ക്ക് മനയുടെ തകര്‍ച്ച അവരുടെ ജീവിതത്തിലേല്പിച്ച കനത്ത പ്രഹരമായിരുന്നു. എഴുപതുവയസ്സുകാരിയായ നങ്ങയ്യാബ്രാഹ്മണിയമ്മ ഇന്നും നല്ല അന്തസ്സും ആഭിജാത്യവുമുള്ള ഒരു സ്ത്രീയാണ്. അവര്‍ക്ക് പത്തുവയസ്സായപ്പോള്‍ കോതരയില്‍നിന്ന് വരിക്കാശ്ശേരിയിലെത്തിയതാണ്. അന്നുമുതല്ക്ക് അവരുടെ കുടുംബത്തിന് വരിക്കാശ്ശേരി ഇല്ലത്തിന്റെ അമ്പലത്തിന്റെ കഴകത്തിന് മാലവകാശം ലഭിച്ചിട്ടുണ്ട്. അന്ന് ഈ ഇല്ലക്കാര്‍ കത്തിനില്ക്കുന്ന കാലമായിരുന്നു. ഇങ്ങനെയൊരന്ത്യം ഒരിക്കലും പ്രതീക്ഷിച്ചില്ല. അവസാനം ഇല്ലക്കാര്‍ക്ക് ബുദ്ധിമുട്ട് വന്നപ്പോള്‍ ചെയ്ത ജോലിക്കുള്ള പ്രതിഫലം യഥാസമയം കിട്ടാതിരുന്നപ്പോള്‍ രണ്ടു കൂട്ടരും തമ്മില്‍ മുഷിയേണ്ടിയും വന്നു. ഇല്ലക്കാര്‍ക്കും തനിക്കും കഷ്ടകാലമായി. നിവൃത്തികേടുകൊണ്ടാണ് രണ്ടു കൂട്ടര്‍ക്കും മുഷിയേണ്ടി വന്നതെന്നു മാത്രമേ ഇന്നും കിള്ളിക്കാവിലെ കഴകവുമായി കഴിഞ്ഞുകൂടുന്ന നങ്ങയ്യബ്രാഹ്മണിയമ്മ വിചാരിക്കുന്നുള്ളൂ. അവരുടെ ജീവിതത്തിലെ അറുപതു വര്‍ഷങ്ങളും വരിക്കാശ്ശേരി മനയോടു ബന്ധപ്പെട്ടുതന്നെ കഴിഞ്ഞു.
വയസ്സ് എണ്‍പത്തിയഞ്ചു കഴിഞ്ഞു. എന്നാലും വെളുത്തേടത്തെ ഭാര്‍ഗവിയമ്മ ശുഭ്രവസ്ത്രധാരിയായേ നടക്കാറുള്ളൂ. കിള്ളിക്കാവിന്റെ തൊട്ടടുത്തുതന്നെയാണ് വീട്. മനയ്ക്കലെ തമ്പുരാന്‍മാര്‍ക്കും തമ്പുരാട്ടിമാര്‍ക്കും കുളി കഴിഞ്ഞാലുടുക്കാനുള്ള ശുഭ്രവസ്ത്രങ്ങള്‍ തയ്യാറാക്കി വെക്കുന്നതും തൊട്ടശുദ്ധിവരുത്താതെ കൈയിലിട്ടുകൊടുക്കുന്നതുമൊക്കെ ഭാര്‍ഗവിയമ്മയും വീട്ടുകാരുമായിരുന്നു. അവരുടെ ഓര്‍മകളില്‍ ഇന്നും മന ജ്വലിച്ചുനിന്നിരുന്ന കാലമാണ്. അന്നത്തെ മനയുടെ മൂന്നിലൊരു ഭാഗം ഇന്ന് നശിച്ചുപോയിരിക്കുന്നു. തിരിച്ചുവരാത്ത ആ നല്ല കാലത്തെക്കുറിച്ചുള്ള നിരാശ പ്രകടം.
എല്ലാവരും വരിക്കാശ്ശേരിയുടെ കത്തിനില്ക്കുന്ന കാലത്തെക്കുറിച്ചാണ് വാചാലരായത്. അക്കാലത്തെ വരിക്കാശ്ശേരിയുടെ സ്വത്തുവിവരം? ഇന്നത്തെ തലമുറയിലുള്ളവര്‍ക്കാര്‍ക്കും ശരിയായ വിവരമില്ല. അമ്പത്തിയാറായിരം പറ നെല്ലിന്റെ കഥ മാത്രമാണ് ആവര്‍ത്തിച്ചു കേട്ടത്. കിഴൂരും ചോറോട്ടൂരും മറ്റുമായി കിടന്ന വനഭൂമികള്‍? മന വരണാധികാരിയായിരുന്ന ക്ഷേത്രങ്ങളും കളങ്ങളും? മനയ്ക്കുള്ളിലെ അമ്പലങ്ങളിലെ വിഗ്രഹങ്ങളിലെ സ്വര്‍ണാഭരണങ്ങളും സ്വര്‍ണഗോളകങ്ങളും സ്വര്‍ണം പൊതിഞ്ഞ ശംഖും അനേകം വിളക്കുകളും പൂജാസാമഗ്രികളും? കലവറയിലെ ചെമ്പും ചരക്കും പാത്രങ്ങളും? വേദപുസ്തകങ്ങളും സംസ്‌കൃത ഗ്രന്ഥങ്ങളും? കൃത്യമായി ആര്‍ക്കും ഒന്നിന്റെയും കണക്കറിയില്ല. കണക്കില്ലാതെ കുറെയേറെ ഉണ്ടായിരുന്നു. അങ്ങനെതന്നെ കണക്കില്ലാതെ കുറെയേറെ പോവുകയും ചെയ്തു.
വരിക്കാശ്ശേരിമനയുടെ പണ്ടത്തെ കാര്യങ്ങള്‍ പറയുന്നതിനിടയ്ക്ക് രവിനമ്പൂതിരിപ്പാട് പറഞ്ഞു: 'ഇല്ലത്തിന്റെ തെക്കുപടിഞ്ഞാറുസ്ഥാനത്തുള്ള കിണര്‍ അരുതാത്ത സ്ഥാനത്താണത്രേ. വാസ്തുപ്രകാരം ഈ കിണര്‍ തൂര്‍ക്കണമെന്ന് ഒരു തച്ചുശാസ്ത്രജ്ഞന്‍ അച്ഛനോടു പറയുകയും ചെയ്തു. പുരുഷസന്തതികള്‍ കുറയും എന്നാണ് ഫലം പറഞ്ഞിരുന്നത്. പക്ഷേ, ഏഴ് ആണ്‍മക്കള്‍ ജനിച്ചതുകൊണ്ട്, അച്ഛന് ഇതത്ര വിശ്വാസം തോന്നിയില്ല. എന്നാലും കിണറിന്റെ പടിഞ്ഞാറുവശം കാല്‍ ഭാഗത്തോളം അടച്ചു.'
ഇല്ലത്തിന്റെ കിഴക്കേ മുറ്റത്തിനരികില്‍ നില്ക്കുന്ന കൂറ്റന്‍ കരിമ്പന തനിക്കൊരു അദ്ഭുതമായിരുന്നുവെന്ന് കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ മകന്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് ഓര്‍ക്കുന്നു. വേലിക്കരികിലൊഴികേ, ഇല്ലവളപ്പില്‍ അനാവശ്യമായ ഒരു മരവും ഉണ്ടായിരുന്നില്ല. പോരാത്തതിന്, കരിമ്പനകളാണല്ലോ യക്ഷികളുടെ ആവാസകേന്ദ്രങ്ങളായി കഥകളിലൂടെ അറിയപ്പെട്ടിരുന്നത്?. ഈ കരിമ്പനയുടെ പഴം വീഴുന്ന കാലത്ത് കുട്ടിക്കൃഷ്ണനാന വായിലിട്ട് പോക്കിത്തിന്നാറുണ്ടത്രേ. ആരെങ്കിലും മരിച്ചാല്‍ 'പട്ട നാട്ടുക' എന്നൊരു ചെറിയ ചടങ്ങുണ്ട്. അതിനാണെങ്കിലും ചെറിയൊരു പനയോല മാത്രം മതി. പുരയുടെ ഓരോ ഭാഗത്തും ഓരോ മരങ്ങള്‍ക്ക് സ്ഥാനമുണ്ട്. പടിഞ്ഞാറ് പ്ലാവ്, വടക്ക് മുരിങ്ങ, കറിവേപ്പ്, കിഴക്ക് കരിമ്പന, തെക്ക് പുളി - മാവിന് എവിടെയെങ്കിലും സ്ഥാനമാകാം. അങ്ങനെയാണ് ഈ വലിയ കരിമ്പന മനയുടെ മുറ്റത്തെത്തിയത്.
വരിക്കാശ്ശേരി ഇല്ലത്തിന്റെ വേറൊരു പ്രത്യേകതയായി എനിക്കു തോന്നിയത് ഇല്ലത്തും കീഴിലുള്ള കളങ്ങളിലൊന്നും പാമ്പിന്‍കാവില്ലെന്നതാണ്. രവിനമ്പൂതിരിപ്പാടാണ് ഇക്കാര്യം പറഞ്ഞത്. എന്തുകൊണ്ടാണ് ഇങ്ങനെ എന്ന ചോദ്യത്തിന്, പക്ഷേ, ഉത്തരം ലഭിച്ചില്ല. ചരിത്രത്തിന്റെ നിലവറക്കുണ്ടിലെവിടെയോ അതിനുള്ള ഉത്തരവും ഒളിഞ്ഞു കിടപ്പുണ്ടായിരിക്കാം.
(വരിക്കാശ്ശേരി മന എന്ന പുസ്തകത്തില്‍ നിന്ന്)
പുസ്തകം വാങ്ങാം
