goodnews head

തെരുവിന്റെ മക്കള്‍ക്ക് പാഥേയമൊരുക്കി എല്‍സി

Posted on: 20 Aug 2013

കെ.ജി. കാര്‍ത്തിക




നഗരത്തിലെ തെരുവോരങ്ങളിലും അനാഥാലയങ്ങള്‍ക്ക് മുന്നിലും നമ്മള്‍ ഈ മുഖം കണ്ടിരിക്കാം... സ്വന്തം ഇരുചക്ര വാഹനത്തില്‍ ഭക്ഷണ പ്പൊതിയുമായി എത്തുന്ന വീട്ടമ്മ... പതിവു സ്ഥലങ്ങളില്‍ ഇവരെ കാത്തിരിക്കുന്നവര്‍... അവരുടെ കരങ്ങളിലേക്ക് ഈ ഭക്ഷണ പൊതികള്‍ പകര്‍ന്നു നല്‍കുമ്പോള്‍ കിട്ടുന്ന സന്തോഷമാണ് എല്‍സി സാബുവിന്റെ ജീവിതവിജയം.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നഗരം കാണുന്ന പതിവ് കാഴ്ചയാണിത്. മഴയും വെയിലും അവഗണിച്ച് ഈ വീട്ടമ്മ കര്‍മനിരതയാണ്. ''വിശക്കുന്നവന് ഒരുനേരത്തെ ആഹാരം... അവരുടെ അരവയറ് നിറയുമ്പോള്‍ കിട്ടുന്ന സന്തോഷം... അതു മതി... ഈ ജീവിതത്തില്‍ മറ്റെന്തു വേണം...?'' -എല്‍സി ചോദിക്കുന്നു.

വികസനക്കുതിപ്പ് നടത്തുന്ന കൊച്ചി നഗരത്തിലെ ആരും കാണാത്ത കാഴ്ചകളിലേക്കാണ് എല്‍സി നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്. തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പരസ്യം എല്‍സി ആഗ്രഹിക്കുന്നില്ല. പക്ഷേ, ''ഈ വാര്‍ത്തയിലൂടെയെങ്കിലും വിശക്കുന്നവന് ആഹാരം നല്‍കാന്‍ ഒരാള്‍ മുന്നോട്ടു വന്നാല്‍ അതാണ് എനിക്ക് വേണ്ടത്'' -എല്‍സി പറയുന്നു.

സപ്തംബര്‍ രണ്ടിന് ഈ ജീവകാരുണ്യ പ്രവര്‍ത്തനം ആരംഭിച്ചിട്ട് പത്തുവര്‍ഷം തികയുകയാണ്. കാലത്തിനൊപ്പം വളരുകയാണ് ഈ ശൃംഖല. സഹായിക്കാന്‍ ഇപ്പോള്‍ നിരവധിപേര്‍. റസിഡന്റ്‌സ് അസോസിയേഷനുകള്‍, എല്‍.ഐ.സി.കള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ഹൈക്കോടതി, സെന്‍ട്രല്‍ എകൈ്‌സസ്... എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഭക്ഷണം വിതരണം നടത്തുന്നത്. ഇവിടെയൊക്കെ ഭക്ഷണ പൊതിക്കായി ബോക്‌സ് സ്ഥാപിച്ചിട്ടുണ്ട്.

ജീവിതത്തിലെ മറക്കാനാവാത്ത ഏടുകള്‍ ഒരു കാന്‍വാസിലേക്ക് എന്ന പോലെ ചായക്കൂട്ടുകളില്ലാതെ എല്‍സി പകര്‍ത്തുകയാണ്. ഒന്നിനും വേണ്ടിയല്ല ഇത്തരത്തില്‍ ആഹാരം നല്‍കാന്‍ തുടങ്ങിയത്. മകന് എട്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നത്. 2003 സപ്തംബര്‍ രണ്ട്... മകന്‍ അമല്‍ സാബുവിന്റെ പിറന്നാള്‍ ദിനം... കേക്ക് മുറിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് വിത്യസ്തമായൊരു ആശയം മുളപൊട്ടിയത് എല്‍സിയുടെ മനസ്സില്‍ തന്നെയായിരുന്നു. പിറന്നാളിന്റെ പിറ്റേദിവസം മുതല്‍ ഭക്ഷണപ്പൊതിയുമായി നിര്‍ധനരായ ആളുകള്‍ക്കൊപ്പം ചേര്‍ന്നു. കേക്ക് മുറിച്ച് ആഘോഷിക്കുന്നതിനപ്പുറം സമൂഹത്തില്‍ നടക്കുന്നതിനെ കുറിച്ച് ഒരു സന്ദേശം മകന് പിറന്നാള്‍ ദിനത്തില്‍ നല്‍കണമെന്ന ആഗ്രഹമായിരുന്നു എല്‍സിക്ക്.

എന്തായാലും അത് വിജയം കണ്ടു. 25 പേര്‍ക്ക് ഇഡ്ഡലിയും സാമ്പാറും കൊടുത്തുകൊണ്ട് വീട്ടില്‍ നിന്നായിരുന്നു തുടക്കം. പിന്നീട്, പുറമെയുള്ള വീടുകളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. സാധനങ്ങള്‍ മേടിച്ചുകൊടുത്താല്‍ കറികളും മറ്റും വച്ച് മറ്റുള്ളവരും കൂടി. കൂടെ നില്‍ക്കുന്നവരുടെ എണ്ണം കൂടിയപ്പോള്‍ വീട്ടില്‍ നിന്നും തെരുവോരങ്ങളിലേക്കും അഗതിമന്ദിരങ്ങളിലേക്കും അനാഥലയങ്ങളിലേക്കും എല്‍സി കടന്നുചെന്നു.

എല്‍സി സാബുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ജില്ലയ്ക്ക് പുറത്തേക്കും ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഭക്ഷണപ്പൊതികള്‍ ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സാജു സണ്ണി, മിനി ഡേവിസ്, തോമസ് എന്നിവര്‍ സഹായത്തിന് ഒപ്പമുണ്ട്. കനത്ത മഴയെ പ്പോലും അവഗണിച്ച് ലക്ഷ്യസ്ഥാനങ്ങളില്‍ എല്‍സി എത്തും. ഓണത്തിന് കിറ്റ് നല്‍കാറുണ്ട്.

സെന്റ് ആല്‍ബര്‍ട്‌സ്, മഹാരാജാസ്, ഭാരതമാതാ, തേവര എസ്.എച്ച്, രാജഗിരി തുടങ്ങി എട്ടോളം കോളേജുകള്‍ ഭക്ഷണപ്പൊതികള്‍ നല്‍കുന്നുണ്ട്. അരി, പരിപ്പ്, പച്ചക്കറി തുടങ്ങിയ സാധനങ്ങളായും ആളുകള്‍ നല്‍കുന്നുണ്ട്.

ഹര്‍ത്താലും സമരങ്ങളുമൊന്നും എല്‍സിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ല. രാവിലെയും ഉച്ചയ്ക്കുമുള്ള ഭക്ഷണമാണ് നല്‍കിവരുന്നത്. പല സ്ഥലങ്ങളിലേക്കുമുള്ള യാത്രകള്‍ അനിവാര്യമായി വന്നപ്പോള്‍, വാഹനം ഓടിക്കാന്‍ പേടിയായിരുന്ന എല്‍സി അതും പഠിച്ചെടുത്തു. ഹൈക്കോര്‍ട്ട് കേന്ദ്രീകരിച്ചും മറ്റുമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.

പാലാരിവട്ടത്താണ് വീട്. വയനാടാണ് സ്വദേശം. വ്യക്തിപരമായ ആവശ്യങ്ങള്‍ വന്നാല്‍ ഭക്ഷണം എത്തിച്ച ശേഷമേ തന്റെ കാര്യങ്ങള്‍ക്കു പോലും സമയം കണ്ടെത്തൂ. ഭര്‍ത്താവ് സാബുവിന്റെയും മക്കളായ അമല്‍ സാബുവിന്റെയും എയ്ഞ്ചല്‍ സാബുവിന്റെയും പൂര്‍ണപിന്തുണ എല്‍സിക്ക് ഈ യാത്രയില്‍ ഉണ്ട്.

 

 




MathrubhumiMatrimonial