
കോര്‍പ്പറേഷന്‍ അവഗണിച്ച റോഡ് നാട്ടുകാര്‍ കോണ്‍ക്രീറ്റ് ചെയ്തു
Posted on: 08 Aug 2013

അരീക്കാട് പുതുകുറ്റിപ്പാടം റോഡാണ് ബുധനാഴ്ച നാട്ടുകാര്‍ ചേര്‍ന്ന് കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. കോര്‍പ്പറേഷന്‍ അധികൃതരോടും വാര്‍ഡ് കൗണ്‍സിലറോടും നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത്.
മഴപെയ്താല്‍ മുട്ടിന് മുകളില്‍ റോഡില്‍ വെള്ളമുയരും. അരീക്കാട് റോഡിലൂടെയുള്ള ഓവുചാലിലെ മലിനജലവും ഇതിനൊപ്പം കലരുന്നതിനാല്‍ നാട്ടുകാര്‍ പകര്‍ച്ചവ്യാധി ഭീഷണിയിലുമാണ്. ഓവുചാലില്‍ നിന്നുള്ള മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ പ്രദേശത്ത് കൊതുകുശല്യവും വര്‍ധിച്ചു. റോഡ് അറ്റകുറ്റപ്പണിക്കൊപ്പം ഓവുചാലും വൃത്തിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഒന്നരലക്ഷത്തോളം രൂപയാണ് റോഡിന്റെ അറ്റകുറ്റപ്പണിക്ക് ചെലവായത്. പരിസരവാസികളില്‍ നിന്ന് പിരിവെടുത്താണ് ഇത്രയും തുക സംഭരിച്ചത്. പ്രവര്‍ത്തനത്തിന് കെ.പി. ആലിക്കോയ, പി.പി. ഗഫൂര്‍, കെ. മുഹമ്മദ് ഇല്യാസ്, വി. സാദിഖ്, എ. മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഡിവിഷനില്‍ അടിയന്തര പ്രാധാന്യമുള്ള മറ്റു റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനുള്ളതിനാലാണ് ഈവര്‍ഷത്തെ പദ്ധതിയില്‍ റോഡ് ഉള്‍പ്പെടുത്താതിരുന്നതെന്നും അടുത്ത പദ്ധതിയില്‍ അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനിച്ചിരുന്നതായും കൗണ്‍സിലര്‍ നബീസ സെയ്തു പറയുന്നു.
