
കൂട്ടുകാരന് വീടുവെക്കാന്‍ ഗിരീഷ് ഭൂമി നല്‍കുന്നു
Posted on: 08 Aug 2013
പ്രശാന്ത് കലഞ്ഞൂര്‍

പറക്കോട് പി.ജി.എം.ബോയ്‌സ് സ്‌കൂളിലെ (അമൃത സ്‌കൂള്‍) പത്താംക്ലാസ് വിദ്യാര്‍ഥിയായ ഗിരീഷ് മാതൃഭൂമി സീഡ് ക്ലബ് യൂണിറ്റ് പ്രസിഡന്റുമാണ്.
ഒരാള്‍ അഞ്ച് സെന്റ് വസ്തു ദാനംചെയ്യുന്നത് പുതുമയല്ല. എന്നാല്‍, പതിറ്റാണ്ടുകളായി വാടകവീട്ടില്‍ കഴിയുന്ന കുടുംബമാണ് ഗിരീഷിന്റേതെന്നുകൂടി അറിയുമ്പോള്‍ ഇത് മഹാദാനമാകുന്നു. പതിനേഴ് വര്‍ഷം വ്യവഹാരം നടത്തിയതിനെ തുടര്‍ന്ന് കിട്ടിയ 22.5 സെന്റ് വസ്തുവില്‍നിന്നാണ് അഞ്ച് സെന്റ് സ്ഥലം സുഹൃത്തായ എട്ടാംക്ലാസ് വിദ്യാര്‍ഥി കണ്ണന് നല്‍കുന്നത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് ജോലിതേടി തമിഴ്‌നാട്ടില്‍നിന്നു വന്നതാണ് കണ്ണന്റെ കുടുംബം. അച്ഛന്‍ ഉപേക്ഷിച്ചുപോയതോടെ അമ്മയും അനിയനും ഉള്‍പ്പെടുന്ന കുടുംബം ഏഴംകുളത്തിനുസമീപം ഒരു വീട്ടിലെ കാലിത്തൊഴുത്തില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അമ്മ കൃഷ്ണമ്മ വീട്ടുജോലിക്ക് പോയാണ് ഇവരെ പോറ്റുന്നത്.
പതിനേഴുവര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഗിരീഷിന്റെ അമ്മൂമ്മ രമണിക്ക് ഓഹരിയായ വസ്തു വീണ്ടുകിട്ടിയത്. വസ്തു ലഭിച്ചപ്പോള്‍ രമണിയും ഭര്‍ത്താവ് ബാലനും മകള്‍ അനിത, മരുമകന്‍ ഹരിദാസ്, കൊച്ചുമകനായ ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് എന്തെങ്കിലും ഒരുനല്ലകാര്യത്തിനായി വസ്തുവിന്റെ ഒരുഭാഗം വിനിയോഗിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതേ സമയത്താണ് കണ്ണന്റെ വീട് സന്ദര്‍ശിച്ച മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്ററായ സ്‌കൂള്‍ അധ്യാപകന്‍ ജി.മനോജ് ഇവരുടെ താമസത്തിന്റെ ദുരിതങ്ങളെപ്പറ്റി ഗിരീഷിനോട് പറഞ്ഞത്. ഈ വിവരം ഗിരീഷും ജി.മനോജും ചേര്‍ന്ന് രമണിയെയും ബാലനെയും അറിയിച്ചു. കൊച്ചുമകന്റെ ആഗ്രഹത്തിനുമുന്നില്‍ യാതൊരു എതിര്‍പ്പുമില്ലാതെ തനിക്കുകിട്ടിയ വസ്തുവിന്റെ ഏറ്റവും കണ്ണായ ഭാഗം തന്നെ കണ്ണന് വീടുവയ്ക്കാന്‍ നല്കാന്‍ ഇവര്‍ തീരുമാനിച്ചു.
ഗിരീഷിന്റെ തീരുമാനത്തിന് പൂര്‍ണപിന്തുണയുമായി സ്‌കൂള്‍ പ്രഥമാധ്യാപിക എ.ജയലക്ഷ്മിയും മറ്റ് അധ്യാപകരും ഒപ്പമുണ്ട്. വസ്തു കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ സ്‌കൂള്‍ അധ്യാപികയായ വെട്ടൂര്‍ സ്വദേശി വി.ടി.ജയശ്രീ അയല്‍വാസിയെക്കൊണ്ട് വീട് നിര്‍മ്മാണത്തിനുള്ള കുറച്ച്തുക നല്‍കാമെന്ന് സമ്മതിപ്പിച്ചിട്ടുണ്ട്.
ഗിരീഷിന്റെ സ്‌നേഹത്തിന്റെ ആഴം കണ്ണന്‍ മാത്രമല്ല അറിഞ്ഞിട്ടുള്ളത്. കഴിഞ്ഞ അധ്യയനവര്‍ഷം ഈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി സാം ഹൃദയ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടിയപ്പോള്‍ പണം സംഘടിപ്പിക്കാനുള്ള ചുമതല ഗിരീഷ് സ്വയം ഏറ്റെടുത്തു. തിരുവനന്തപുരത്തുള്ള ഗായകസംഘത്തെ വരുത്തി ഗാനമേള നടത്തിച്ചും നാട്ടിലുടനീളം സുമനസ്സുകളെ കണ്ടും ഒരുലക്ഷത്തോളം രൂപ പിരിച്ചുനല്‍കി.
കൊടുമണ്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ പുതുമലയിലാണ് വസ്തുനല്‍കുന്നത്.
കൊടുമണ്‍ ഗ്രാമപ്പഞ്ചായത്ത് അധികൃതരും ഇവര്‍ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. സുമനസ്സുകളുടെ സഹായത്തോടെ വീട് പൂര്‍ത്തീകരിച്ചുനല്‍കാനാണ് സ്‌കൂളധികൃതര്‍ ശ്രമിക്കുന്നത്. 14 ന് വസ്തുദാനത്തിന്റെ സമ്മതപത്രം ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ ഗിരീഷിന്റെ കുടുംബം കണ്ണന് കൈമാറും.
