
കരുണയുടെ കര്‍മവീഥിയില്‍
Posted on: 29 Jul 2013
ഉണ്ണികൃഷ്ണന്‍ പനങ്ങാട്

മരട്: കഴിഞ്ഞ ദിവസം അരൂര്‍-വൈറ്റില ദേശീയ പാതയില്‍ നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷന്‍ റോഡിലെ കുഴിയില്‍ വീഴാതിരിക്കുവാന്‍ വെട്ടിച്ച കാര്‍ സമീപത്ത് നിന്നിരുന്ന നായയെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ നായയുടെ നട്ടെല്ലു തകര്‍ന്നു. മീഡിയനിലേക്ക് തെറിച്ച് വീണ നായയ്ക്ക് ശരീരം ഒന്ന് അനക്കാന്‍ പോലും കഴിഞ്ഞില്ല. എങ്കിലും തല അല്പം ഉയര്‍ത്തി ഉച്ചത്തില്‍ കരഞ്ഞുകൊണ്ടിരുന്നു.
മൂന്നു ദിവസം വെയിലും മഴയുമേറ്റ് നായ അവശ നിലയിലായി. സംഭവം ശ്രദ്ധയില്‍പ്പെട്ട കാര്‍ യാത്രികന്‍ വാഹനം നിര്‍ത്തി സമീപത്തെ കടക്കാരന്റെ കൈയില്‍ ഒരു മൊബൈല്‍ നമ്പര്‍ കുറിച്ചു കൊടുത്തു. 9447113600. ഈ നമ്പറില്‍ വിവരം അറിയിക്കുവാന്‍ ആവശ്യപ്പെട്ടു. ഫോണില്‍ ബന്ധപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കാറില്‍ ഒരു യുവാവെത്തി. വായ മൂടിക്കെട്ടി അവശനിലയിലായ നായയെ തന്റെ കാറിന്റെ പിന്‍ സീറ്റില്‍ കിടത്തി അയാള്‍ പോയി. അല്പം കഴിഞ്ഞ് കടക്കാരന്‍ നമ്പറില്‍ ബന്ധപ്പെട്ടു.
വാഹനാപകടത്തില്‍ നായയുടെ നട്ടെല്ല് തകര്‍ന്നിട്ടുണ്ട്. മഴയും വെയിലുമേറ്റതിനാല്‍ ശ്വാസകോശത്തില്‍ നീര് കെട്ടിയിട്ടുണ്ട്. നട്ടെല്ലില്‍ പഴുപ്പ് കേറിയിട്ടുണ്ടോ എന്നറിയില്ല. സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടക്കാരന്‍ ചോദിച്ചു. ചികിത്സയ്ക്ക് ചെലവെത്ര വരും. യുവാവ് പറഞ്ഞു. പതിനായിരം വരുമെന്ന് പ്രതീക്ഷിക്കുന്നു. കടക്കാരന്റെ സംശയം തീര്‍ന്നില്ല. തുക ആര് മുടക്കും? ഞാന്‍ മുടക്കും? യുവാവ് പറഞ്ഞതുകേട്ട് ഞെട്ടിയത് കടക്കാരനാണ്.
ആ യുവാവിന്റെ പേരാണ് വി. പ്രദീപ് കുമാര്‍. അപകടത്തില്‍പ്പെടുന്നതും, രോഗം ബാധിച്ചതും, ഉടമസ്ഥര്‍ ഉപേക്ഷിക്കുന്നതുമായ തെരുവുനായ്ക്കളുള്‍പ്പെടെയുള്ളവയെ സംരക്ഷിച്ച് കര്‍മ പുണ്യം തേടുകയാണ് ഈ തൃക്കാക്കര സ്വദേശി. 97 ല്‍ തുടങ്ങിയതാണ് ഇദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തനം.
ആപത്ഘട്ടങ്ങളില്‍ മനുഷ്യനെ രക്ഷിക്കുന്നതിനും, അന്ധന്മാര്‍ക്ക് വഴികാട്ടുന്നതിനുമൊക്കെ നായകള്‍ സഹായിക്കുന്നു. എന്നാല്‍ ആപത്തില്‍പ്പെടുന്ന അവസരങ്ങളില്‍ ഈ മിണ്ടാപ്രാണിയെ രക്ഷിക്കാന്‍ ആരും മുതിരാറില്ല. - പ്രദീപ് പറയുന്നു.
ഒരു ദിവസം എട്ടും പത്തും നായ്ക്കളെ വരെ ഇത്തരത്തില്‍ രക്ഷിക്കുന്നുണ്ട് ഇദ്ദേഹം. ചികിത്സ നല്‍കിയശേഷം ചിലതിനെ ഉടമസ്ഥര്‍ ഏറ്റുവാങ്ങും. ബാക്കിയുള്ളതിനെ സ്വന്തം പണം മുടക്കി തീറ്റി പോറ്റും.
ഇപ്പോള്‍ കര്‍മ എന്ന സംഘടന രൂപവത്കരിച്ച് പ്രവര്‍ത്തിച്ചു വരുന്നു. 300 ഓളം പേര്‍ കര്‍മയില്‍ അംഗങ്ങളാണ്.
മുന്തിയ ഇനം നായകളെ ചികിത്സക്കു ശേഷം ആരെങ്കിലും ദത്തെടുക്കാനെത്താറുണ്ട്. എന്നാല്‍ നാടന്‍ ഇനത്തില്‍പ്പെട്ടവരെ താന്‍ തന്നെ തീറ്റി പോറ്റേണ്ട അവസ്ഥയാണെന്നും പ്രദീപ് പറയുന്നു.
ഇടപ്പള്ളിയില്‍ യുപിവിഎസ്സിന്റെ വാതിലുകളുടേയും ജനലുകളുടേയും ബിസിനസ്സ് നടത്തുന്ന പ്രദീപിന്റെ വരുമാനത്തിന്റെ ഏറിയപങ്കും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വയ്ക്കുകയാണ്. ഭാര്യയും തൃക്കാക്കര എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനിയായ മകളുമാണ് സഹായവുമായി തന്നോടൊപ്പമുള്ളതെന്നും പ്രദീപ് പറയുന്നു.തന്റെ പ്രവര്‍ത്തനം കേട്ടറിഞ്ഞ് ഒട്ടേറെ സുമനസ്സുകള്‍ സഹായവാഗ്ദാനങ്ങളുമായി തന്നെ സഹായിക്കാറുണ്ടെന്നും പ്രദീപ് പറയുന്നു.
