NagaraPazhama

രസകരമായ ചില അറിയിപ്പുകള്‍

Posted on: 25 Jul 2013

അഡ്വ. ടി.ബി. സെലുരാജ്‌




മ്യഖവുരയില്ലാതെതന്നെ വിഷയത്തിലേക്ക് കടക്കട്ടെ. നാമിന്ന് കുറച്ച് പരസ്യങ്ങളിലൂടെ കടന്നുപോവുകയാണ്. 1873-75 കാലഘട്ടത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഡിസ്ട്രിക്ട് ഗസറ്റിലൂടെ പരസ്യപ്പെടുത്തിയ ചില അറിയിപ്പുകള്‍. ഒപ്പം ചില സ്വകാര്യകമ്പനികളുടെയും. ഈ പരസ്യങ്ങളെ നിസ്സാരമായി നമുക്ക് കരുതാവുന്നതല്ല. കാരണം, അവ ഒരു കാലഘട്ടത്തിന്റെ ചരിത്രംതന്നെയാണ്.
തീക്കപ്പല്‍

''വടകരനിന്നും ബോംബെയ്ക്കും ബംഗാളത്തേക്കും തീക്കപ്പല്‍ സഞ്ചരിക്കുന്നതിനെപ്പറ്റി അറിയിക്കുന്നതെന്തെന്നാല്‍ ബ്രിട്ടീഷ് ഇന്ത്യ കമ്പനി വഹ തീക്കപ്പല്‍ മാസത്തില്‍ രണ്ടുപ്രാവശ്യം സാമാനങ്ങളെയും ആളുകളെയും കയറ്റി കൊണ്ടുപോകാനായി വടകര വരുന്നതും ഇതിലൊന്ന് ബംഗാളത്തേക്കും ഒന്ന് ബോംബെയ്ക്കും പോകുന്നതുമാകുന്നു. ബാഗ്ദാദ് എന്ന തീക്കപ്പല്‍ ബംഗാളിലേക്ക് ഈ മാസം 15-നായിരിക്കും പുറപ്പെടുക. എസ്.എസ്. സത്താറ എന്ന തീക്കപ്പലാണ് ബോംബെയ്ക്ക് പോകുന്നത്. തിയ്യതി പിന്നീട് അറിയിക്കും. ഷിപ്പിങ് ഓര്‍ഡറുകളും ബില്ലടികളും മേപ്പടി ബന്ദറില്‍ കമ്പനിക്കാര്‍ നിയോഗിക്കപ്പെട്ട ഏജന്റായ ബ്രൗണ്‍ വശം കൊടുക്കുകയാവാം.'' ഷിപ്പിങ് ഏജന്റായ ബ്രൗണിന്റെ പരസ്യത്തില്‍നിന്നും വടകര തീക്കപ്പല്‍ അടുക്കാറുണ്ടായിരുന്ന നല്ലൊരു തുറമുഖമായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. 1874-ലാണ് ഇത് പരസ്യംചെയ്ത് കാണുന്നത്.

ഭ്രാന്താസ്പത്രി

1873 മാര്‍ച്ച് 5-ന് പരസ്യപ്പെടുത്തിയ മറ്റൊരറിയിപ്പ് ഇങ്ങനെ: ''ഇതിനാല്‍ അറിയിക്കുന്നതെന്തെന്നാല്‍, കോഴിക്കോട്ട് ഭ്രാന്തന്മാരെ പാര്‍പ്പിക്കുവാനുള്ള ശാല എല്ലാവിധ ഭ്രാന്തന്മാരെയും പാര്‍പ്പിച്ച് ചികിത്സിക്കുവാനൊരുക്കമായിരിക്കുന്നു. അതുകൊണ്ട് താന്താങ്ങളെ സംരക്ഷണം ചെയ്യുവാന്‍ പാടില്ലാത്തവരോ, ജനങ്ങള്‍ക്ക് അപകടകരമായോ ആയ എല്ലാ ഭ്രാന്തന്മാരെയും മേപ്പടി ശാലയിലേക്ക് സ്വീകരിക്കപ്പെടുന്നതാകുന്നു എന്ന് ഇതിനാല്‍ എല്ലാവരെയും അറിയിക്കുന്നു. ഭ്രാന്തന്മാരെ അതാതു സ്ഥലത്തെ മജിസ്‌ട്രേറ്റിന്റെയോ അടുത്ത പോലീസ് സ്റ്റേഷന്‍ ആഫ്‌സറുടെയോ മുമ്പാകെ ഹാജരാക്കപ്പെടേണ്ടതും ആ ഉദ്യോഗസ്ഥന്‍ ക്രമപ്രകാരം പ്രവര്‍ത്തിക്കേണ്ടതുമാകുന്നു.'' കോഴിക്കോട്ട് ഭ്രാന്താസ്പത്രിയുടെ ആരംഭത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് ഈ അറിയിപ്പ്.
മുതലപിടിത്തം

കോഴിക്കോട്ട് മുതലയോ? ഏയ്, അങ്ങനെയൊന്നുമില്ല എന്നുപറയുന്നവര്‍ മലബാര്‍ കളക്ടറുടെ ഈ പരസ്യം കാണുക. ''കൊന്നുകൊണ്ടുവരുന്ന മുതലകള്‍ക്ക് ഇനാം കിട്ടാനായി അപേക്ഷിക്കുമ്പോള്‍ വെടിവെച്ച ദിക്കിലെ അംശം അധികാരിയുടെ റിപ്പോര്‍ട്ടോടുകൂടി ആ കൊന്ന മുതലയെയും ഇനാം കൊടുക്കുന്ന ആഫ്‌സറുടെ മുമ്പാകെ ഹാജരാക്കി അപേക്ഷിക്കേണ്ടതാകുന്നു. ഇനാം കൊടുത്താല്‍ ആ ആഫ്‌സര്‍ ആ മുതലയുടെ കഴുത്തിനും അരയ്ക്കും വാലിന്റെ നടുക്കും കഠിനമായി മൂന്ന് മുറിവേല്‍പ്പിച്ച് കുഴിച്ചിടുകവേണം.'' ഒരു മുതലയെത്തന്നെ വീണ്ടും വീണ്ടും ഹാജരാക്കി പണം തട്ടാതിരിക്കാനാണ് കൊണ്ടുവരുന്ന മുതലയ്ക്കുമേല്‍ പറഞ്ഞ പ്രകാരം മുറിവുകളേല്പിക്കുന്നത്.

മദ്യശാലകള്‍

രാത്രിയായാല്‍ കുടിച്ച് കരണംമറിയുന്ന കൂട്ടര്‍ പണ്ടും കോഴിക്കോട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് രാത്രി 9 മണി കഴിഞ്ഞാല്‍ കോഴിക്കോട് മുനിസിപ്പാലിറ്റിയില്‍ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് മലബാര്‍ കളക്ടര്‍ തീരുമാനിക്കുന്നത്.

1873 മെയ് മാസം 15-ലെ നഗരസഭയുടെ തീരുമാനം ഇങ്ങനെ ഗസറ്റില്‍ പരസ്യപ്പെടുത്തിയതായി കാണുന്നു: ''രാത്രി 9 മണിക്ക് ശേഷം കോഴിക്കോട് മുനിസിപ്പാലിറ്റിയിലെ മദ്യം വില്‍ക്കുന്ന പീടികകള്‍ തുറന്നുവെയ്ക്കുന്നത് അനാവശ്യമെന്ന കളക്ടറുടെ തീരുമാനത്തോട് ഈ കമ്മീഷണര്‍മാരും ഏകമനസ്സായി ശരിവെക്കുന്നു. ഇപ്പോള്‍ രാത്രിയില്‍ അധികനേരം മദ്യപീടികകള്‍ തുറന്നുവെയ്ക്കുന്ന പതിവ് നിര്‍ത്തല്‍ ചെയ്യാനായി കല്പനകൊടുക്കേണ്ടതിന് കളക്ടര്‍ അവര്‍കളോട് അപേക്ഷിക്കുവാന്‍ തീരുമാനിച്ചു.'' മറ്റൊരു പരസ്യംകൂടി ഇതേ തിയ്യതിയില്‍ കാണുന്നു: ''എല്ലാ കട്ടവണ്ടികള്‍ക്കും മാറിപ്പോകാതിരിപ്പാന്‍ നടക്കുന്ന ആറുമാസത്തേക്ക് F എന്ന അക്ഷരത്തോടുകൂടിയും പിന്നത്തെ ആറുമാസത്തേക്ക് G എന്ന അക്ഷരത്തോടുകൂടിയും നമ്പര്‍ പതിപ്പാന്‍ കമ്മീഷണര്‍മാര്‍ കല്പിച്ചിരിക്കുന്നു.''

തീവണ്ടിത്തപാല്‍

ഇനി നമുക്ക് തപാല്‍വകുപ്പിന്റെ ഒരു പരസ്യം ശ്രദ്ധിക്കാം: ''തീവണ്ടി തപാല്‍ വഴിയായി അയപ്പാനുള്ള കത്തുകളും വര്‍ത്തമാന കടലാസ്സുകളും ഈ മാസം 20-ാം തിയ്യതി വരെയും അതിനുശേഷം രണ്ടാമത് പരസ്യപ്പെടുത്തുന്നതുവരെയും തപാലിലിടുവാനുള്ള മണിക്കൂര്‍ താഴെ പറയുന്നപ്രകാരമാകുന്നു. രാവിലെ ഏഴര മണിക്ക് - കോഴിക്കോട് തപാല്‍ ഓഫീസില്‍, ആറര മണിക്ക് - പടിഞ്ഞാറെ മലയിലെ റിസീവിംഗ് ഹൗസിലും ബേപ്പൂര്‍ നിരത്തിന്മേലുള്ള ഇരുമ്പ് പെട്ടിയിലും പഴയ ചുങ്കത്തിനരികെയുള്ള ഇരുമ്പ് തൂണ്‍പെട്ടിയില്‍ രാവിലെ ഏഴുമണിക്ക്.'' 1875 ജൂണ്‍ 16-നാണ് പോസ്റ്റ്മാസ്റ്ററായ ബുഷ് ഈ പരസ്യംചെയ്ത് കാണുന്നത്. തീവണ്ടിത്തപാലിന് പെട്ടിയില്‍ നിക്ഷേപിക്കുന്നതിനും ഒരു സമയമുണ്ടായിരുന്നുവെന്ന് ചുരുക്കം. ഇതില്‍ പറയുന്ന പടിഞ്ഞാറെമല ഏതാണെന്ന് തല പുണ്ണാക്കേണ്ട. നമ്മുടെ വെസ്റ്റ്ഹില്‍തന്നെ. ആംഗലേയം മലയാളമാക്കി സായ്‌വ് പരസ്യം ചെയ്തുവെന്നുമാത്രം.

പേര്‍ഷ്യന്‍ പൂച്ച

കണ്ടവരുണ്ടോ? കിട്ടിയവരുണ്ടോ? എന്നീ തലക്കെട്ടിലുള്ള പരസ്യങ്ങള്‍ ഇന്നത്തെപ്പോലെ അന്നുമുണ്ടായിരുന്നു. 1874 ഡിസംബര്‍ 19-ന് കോഴിക്കോട്ടെ ബാരിസ്റ്ററായിരുന്ന ലന്തോസ് സായ്‌വിന്റെ ഒരു പരസ്യം നോക്കുക: ''കോഴിക്കോട് ബാരിസ്റ്ററായ ലന്തോസ് സായ്‌വിന്റെ ഒരു കൗതുകമുള്ള വെളുത്ത പാണ്ടുകളുള്ള കറുത്ത നിറവും മുഖത്തെ ത്രികോണവരിയില്‍ ഒരു വെള്ള അടയാളവും താടിയില്‍ വൃത്താകാരമായ കറുത്ത പുള്ളിയും ചങ്കിലും നെഞ്ചത്തും വെളുപ്പും നീണ്ടുവെളുത്ത രോമമുള്ള വാലും 'ബ്യൂട്ടി' എന്നുവിളിച്ചാല്‍ അറിയുന്നതുമായ പേര്‍ഷ്യന്‍ ആണ്‍പൂച്ചയെ കാണാതെ പോകയോ കട്ടുകൊണ്ടുപോകയോ തെരോട് പോവുകയോ ചെയ്തിരിക്കുന്നു. ഇതിനെ തിരഞ്ഞുകൊണ്ടുവരുന്നവര്‍ക്ക് അഞ്ചുറുപ്പിക ഇനാം കൊടുക്കുന്നതാണ്.''

കണ്ടവരുണ്ടോ?

പൂച്ചയെ മാത്രമല്ല, മനുഷ്യരെയും അന്വേഷിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ കാണാം. 1874 നവംബര്‍ 24-ാം തീയതി ഗസറ്റില്‍ക്കണ്ട ഒരു പരസ്യമിങ്ങനെ: ''ബട്‌ലര്‍ കൊളിക്കുഴിയില്‍ അയ്യസ്വാമി എന്നവര്‍ തപാലില്‍ ഇടുവാനായി ഏല്‍പ്പിച്ചുകൊടുത്ത പത്തുറുപ്പികയുടെ ഒരു കറന്‍സി നോട്ട് അടക്കംചെയ്ത ഒരു ലക്കോട്ടും അത് രജിസ്റ്റര്‍ചെയ്യുവാനായി കൊടുത്ത ഒരുറുപ്പികയും വഞ്ചിച്ച് കൊണ്ടുപോയി കളഞ്ഞ തിയ്യന്‍ കണാരന്‍ എന്നവന്റെ അടയാള വിവരപ്പട്ടിക. കുറ്റക്കാരന്റെ പേര്‍: കണാരന്‍. ശരീര അടയാളം: കുറിയ ആള്‍, വെളുത്ത നിറം, കോന്ത്രംപല്ല്, ദീനക്കാരന്‍, പതുക്കെ നടക്കുന്നവന്‍, നടക്കുമ്പോള്‍ മുട്ടുകള്‍ കൂട്ടിയിടിക്കും.''

നടപ്പുദീനം

പ്രിന്‍സ് ഓഫ് വെയ്ല്‍സ് രാജകുമാരന്റെ കോഴിക്കോട് സന്ദര്‍ശനത്തെത്തുടര്‍ന്ന് 1875 നവംബര്‍ 12-ന് കണ്ടൊരു പരസ്യമിങ്ങനെ: ''പ്രിന്‍സ് ഓഫ് വെയ്ല്‍സ് എന്ന യുവരാജാവ് അവര്‍കള്‍ നവംബര്‍ 20 ശനിയാഴ്ച ബേപ്പൂരില്‍ വന്ന് ഇറങ്ങുന്നതാണെന്ന് ഇതിനാല്‍ അറിയിക്കുന്നു. ഗവണ്‍മെന്റില്‍നിന്നുണ്ടായ കല്പനയിലെ താല്പര്യപ്രകാരം മലയാംജില്ല കല്‍ക്കട്ടര്‍ ലോഗന്‍ ഇതിനാല്‍ അറിയിക്കുന്നതെന്തെന്നാല്‍, പ്രിന്‍സ് ഓഫ് വെയ്ല്‍സ് യുവരാജാവ് ഈ മലയാംജില്ലയില്‍ വന്നിറങ്ങേണ്ടതിലേക്ക് ബഹുമാനമായിട്ട് ഈ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ കച്ചേരികളും നവംബര്‍ 18, 19, 20 തിയ്യതികളില്‍ പൂട്ടിയിരിക്കുന്നതാകുന്നു. യുവരാജാവ് ബേപ്പൂരില്‍ വന്നിറങ്ങുമ്പോള്‍ ബേപ്പൂര്‍ റെയില്‍വേസ്റ്റേഷനിലേക്ക് പോകാന്‍ വേണ്ടി ടിക്കറ്റുകള്‍ കോഴിക്കോട് കല്‍ക്കട്ടര്‍ കച്ചേരിയില്‍വെച്ച് കൊടുക്കപ്പെടുന്നതാകുന്നു. മേപ്പടി ടിക്കറ്റുകളുടെ സംഖ്യക്ക് ക്ലിപ്തത ഉള്ളതാകക്കൊണ്ട് അതുകള്‍ കിട്ടുവാന്‍ വേണ്ടിയുള്ള അപേക്ഷകള്‍ താമസിയാതെ ബോധിപ്പിക്കേണ്ടതാകുന്നു.'' ഈ പരസ്യത്തില്‍ പറഞ്ഞതുപോലെ യുവരാജാവ് നവംബര്‍ 20-ന് കോഴിക്കോട്ട് എത്തുകയുണ്ടായില്ലെന്നുവേണം കരുതാന്‍. നവംബര്‍ 17-ന് പ്രത്യക്ഷപ്പെട്ട മറ്റൊരു പരസ്യം ഇങ്ങനെ: ''എല്ലാവരും അറിവാനായി കല്‍ക്കട്ടര്‍ ലോഗന്‍ സായ്‌വ് ഇതിനാല്‍ പ്രസിദ്ധപ്പെടുത്തുന്നതെന്തെന്നാല്‍ ഈ ജില്ലയില്‍ നടപ്പുദീനം (വസൂരി) ഉണ്ടായ കാരണത്താല്‍ യുവരാജാവ് ബേപ്പൂരില്‍ ഇറങ്ങുവാനുള്ള നിശ്ചയം ഉപേക്ഷിച്ചിരിക്കുന്നു. ബേപ്പൂരില്‍ വന്ന് കൈക്കൊള്ളുവാനുള്ള തീരുമാനം ഇതിനാല്‍ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. മദിരാശിയില്‍ വന്നുകാണുവാന്‍ പ്രത്യേകം ക്ഷണിച്ചിട്ടുള്ളവര്‍ക്ക് പ്രത്യേകം നോട്ടീസ് അയയ്ക്കുന്നതാകുന്നു. ബഹുമാനപ്പെട്ട യുവരാജാവിനെ കൈക്കൊള്ളുവാന്‍ അവിടെ കൂടിയ എല്ലാവരും അവിടംവിട്ട് പിരിഞ്ഞുപോകുന്നതിനായിട്ട് താല്പര്യപ്പെടുന്നു.''

seluraj@yahoo.com





MathrubhumiMatrimonial