
'ഭാര്യയ്ക്കു പകരം എനിക്കൊരു കാറ് തരൂ'
Posted on: 20 Jul 2013
അഡ്വ. ടി.ബി. സെലുരാജ്

സമര്‍ഥരും കര്‍മനിരതരുമായ ഒട്ടനവധി കളക്ടര്‍മാര്‍ നമുക്കുണ്ടായിരുന്നു. കനോലി, റോബിന്‍സണ്‍, വില്യം ലോഗന്‍, ഇവാന്‍സ്, ഇന്‍സ്, ഫ്രാന്‍സിസ് അങ്ങനെ പോകുന്നു ആ പ്രതിഭകളുടെ പട്ടിക. ഇവരൊക്കെ നമ്മുടെ ഓര്‍മകളില്‍ ജീവിക്കുന്നത് അവരുടെ സേവനങ്ങളുടെ ബാക്കിപത്രങ്ങള്‍കൊണ്ടുമാത്രം. ലോഗനെ മലബാര്‍ മാന്വലിലൂടെയും കനോലിയെ കനോലി കനാല്‍ വഴിയും നാം സ്മരിക്കുന്നു. റോബിന്‍സണെയും ഫ്രാന്‍സിസിനെയും അതേ പേരിലുള്ള റോഡുകളിലൂടെ നാം ഓര്‍ക്കുന്നു. ഇവാന്‍സും ഇന്‍സുമാകട്ടെ, അവരുടെ സൃഷ്ടിയായ മലബാര്‍ ഗസറ്റിയറില്‍ക്കൂടി ഇന്നും നമ്മുടെ മനസ്സില്‍ നിലനില്ക്കുന്നു. ഇവാന്‍സ് എന്ന കളക്ടറെ സ്മരിക്കാന്‍ മലബാര്‍ ഗസറ്റിയറിനും പുറമേ അദ്ദേഹത്തിന്റെ പേരില്‍ ഒരു റോഡും നഗരത്തിലുണ്ടായിരുന്നു. ഇത്രയും വായിച്ചുകഴിയുമ്പോള്‍ത്തന്നെ നിങ്ങളില്‍ അക്ഷമ തലപൊക്കുകയായി. കാരണം, നിങ്ങള്‍ക്കറിയേണ്ടത് ഭാര്യയ്ക്കു പകരം കാറ് ചോദിച്ച രസികന്‍ ആരാണെന്നാണല്ലോ. അങ്ങോട്ടുതന്നെയാണ് നാം എത്തിച്ചേരുന്നത്. അതുകൊണ്ട് ഒരല്പംകൂടി ക്ഷമിക്കുക. ഇത്രയുമൊക്കെ എഴുതിയത് കോഴിക്കോട് നഗരത്തിലെ വിസ്മൃതിയിലാണ്ട രണ്ടു റോഡുകളെക്കുറിച്ച് പറയാനാണ്.
ആദ്യമായി നമുക്ക് ഇവാന്‍സ് റോഡിനെക്കുറിച്ച് മനസ്സിലാക്കാം. നിങ്ങളുടെ ആകാംക്ഷയുടെ മുള്‍മുന ഒടിക്കുകയുമാവാം. ഇവാന്‍സ് റോഡെന്നു പറഞ്ഞാല്‍ ഇന്നതെവിടെയാണെന്ന് മനസ്സിലാകില്ല. അതിനാല്‍ മനസ്സിലാകുന്ന രീതിയില്‍ത്തന്നെ പറയാം. ഇന്നത്തെ ഗാന്ധിറോഡായിരുന്നു ഒരുകാലത്ത് കോഴിക്കോട്ടുകാര്‍ ഇവാന്‍സ് റോഡെന്ന് വിളിച്ചിരുന്ന റോഡ്. ഇവാന്‍സ് മലബാറിലെ കളക്ടറായിരുന്നു. വളരെ കര്‍മനിരതനായിരുന്ന ഇദ്ദേഹത്തിനു ജോലി എന്നത് ഒരാവേശമായിരുന്നു. പോരാ, അമിതാവേശമായിരുന്നു എന്നുതന്നെ വേണം പറയാന്‍. അക്കാലത്ത് കളക്ടര്‍മാര്‍ നടത്താറുണ്ടായിരുന്ന ഡിന്നര്‍ പാര്‍ട്ടികളിലും മറ്റും അദ്ദേഹം പറയുമായിരുന്നത്രേ: 'ഭാര്യയ്ക്കു പകരം എനിക്കൊരു കാറ് തരൂ, ഞാന്‍ രണ്ട് ജില്ലകള്‍ ഭരിച്ചോളാം.' അമിതാവേശമല്ലതെ ഭാര്യയോടുള്ള പിണക്കമൊന്നുമായിരുന്നില്ല ഇവാന്‍സിനെക്കൊണ്ടിത് പറയിച്ചത്.
ഇനി നമുക്ക് ചെറിയങ്ങാടി റോഡിനെക്കുറിച്ച് മനസ്സിലാക്കാം. വലിയങ്ങാടി (Big Bazar) കോഴിക്കോട്ടുകാര്‍ക്ക് സുപരിചിതമാണല്ലോ. വലുതുണ്ടെങ്കില്‍ ചെറുതുണ്ടാകണമല്ലോ. ഈയൊരന്വേഷണത്തിനൊടുവിലാണ് ചെറിയങ്ങാടി റോഡ് (Little Bazar Road)നെക്കുറിച്ചുള്ള രേഖകള്‍ കാണുവാനിടയായത്. ചെറിയങ്ങാടി റോഡും ടെലിഗ്രാഫ് ഓഫീസ് റോഡും കൂട്ടിമുട്ടുന്ന കവല വീതികൂട്ടുവാന്‍ നടത്തിയ ഒരക്വിസിഷന്‍ നടപടിയെക്കുറിച്ചുള്ള രേഖകളായിരുന്നു ഇത്. ടെലിഗ്രാഫ് റോഡെന്ന് പറഞ്ഞാല്‍ ബീച്ചിലെ രക്തസാക്ഷിമണ്ഡപത്തിനടുത്തുള്ള ടെലിഗ്രാഫ് ഓഫീസില്‍നിന്നും ഇന്നത്തെ ബോംബെ ഹോട്ടലിന്റെ മുമ്പില്‍ക്കൂടി പോകുന്ന റോഡായിരുന്നു. ഇതില്‍ വടക്കുനിന്നും വന്നുചേരുന്ന റോഡാണ് ചെറിയങ്ങാടി റോഡ്. നഗരം അംശം ദേശത്തില്‍ എസ്. നമ്പര്‍ 12/2 ലും 14/3 ലും ഉള്‍പ്പെട്ട സ്ഥലമാണ് ഇതിനായി അക്വയര്‍ ചെയ്യപ്പെട്ടത്. പക്ഷേ, ഇതത്ര എളുപ്പമായിരുന്നില്ല. പരാതിയുമായി ആദ്യമായെത്തിയത് 12/2 ന്റെ ഉടമയായ നറോജി രതന്‍ജിയായിരുന്നു. പരാതിയിങ്ങനെ: 'ടെലിഗ്രാഫ് ഓഫീസിലേക്ക് പോകുന്ന റോഡിലായിട്ടാണ് എന്റെ വീട്. ചെറിയങ്ങാടി റോഡ് വീതികൂട്ടുവാനായി എന്റെ ഉടമസ്ഥതയിലുള്ള 40 സെന്റ് സ്ഥലത്തിന്റെ മുക്കാല്‍ ഭാഗവും അക്വയര്‍ ചെയ്യുവാന്‍ പോവുകയാണ്. ഇത് ശരിയായ നടപടിയല്ല. റോഡിനാവശ്യമായ കുറച്ചു സ്ഥലം മാത്രമെടുക്കുക. എന്റെ ചുറ്റുമതില്‍ കെട്ടിത്തരികയും വേണം. മേയറും ഡിവിഷണല്‍ ഓഫീസറും സ്ഥലം പരിശോധിച്ചെങ്കിലും മുഴുവന്‍ സ്ഥലവും വേണമെന്ന നിലപാടിലാണവര്‍. ആയതിനാല്‍ കളക്ടര്‍ സാഹിബ് ഇതില്‍ വേണ്ടത് ചെയ്തുതരിക. ഒരു ഇരുനിലക്കെട്ടിടവും ഔട്ട്ഹൗസും സോഡാ വാട്ടര്‍ കമ്പനിയുമാണ് ഇതിലുള്ളത്. 50 വര്‍ഷമായി ഞാന്‍ കോഴിക്കോട്ട് താമസിക്കുന്നു. എന്റെ ഭര്‍ത്താവ് മരിച്ചുപോയിരിക്കുന്നു. ആണുങ്ങളാരും തുണയ്ക്കായില്ല. അതിനാല്‍ എന്നെ സഹായിക്കുക.' 30. 08. 1918 നാണ് ഈ കത്തെഴുതിയിട്ടുള്ളത്. ജെ.എഫ്. ഹോളായിരുന്നു അക്കാലത്തെ കളക്ടര്‍. അദ്ദേഹത്തിന് ഈ വിധവയോടെന്തോ ഒരല്പം സഹതാപം തോന്നി. മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാനായിരുന്ന അപ്പുനെടുങ്ങാടിയോട് ഇക്കാര്യത്തിലെന്തെങ്കിലും ചെയ്യുവാന്‍ പറ്റുമോ എന്നദ്ദേഹം ചോദിക്കുന്നുണ്ട്. അപ്പുനെടുങ്ങാടി കളക്ടര്‍ക്ക് 11. 02. 1919 ന് അയച്ചതായ കത്തിങ്ങനെ: 'താങ്കളുടെ കത്ത് കൈപ്പറ്റി. ഞാനത് യോഗത്തില്‍ വായിക്കുകയും അനുകമ്പാര്‍ഹമായ രീതിയിലൊരു തീരുമാനമെടുക്കണമെന്ന് അംഗങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാല്‍ അംഗമായ കെ.പി. രാമന്‍ മേനോന്‍ ഇതിനെതിരായി ശക്തമായി വാദിച്ചിരിക്കുന്നു. ചെറിയങ്ങാടി റോഡ് വീതികൂട്ടുവാന്‍ ഈ സ്ഥലം വേണമെന്നും ഇപ്പോള്‍ എടുത്തില്ലെങ്കില്‍ ഭാവിയില്‍ ഇതേ സ്ഥലംതന്നെ ഉയര്‍ന്ന വിലകൊടുത്ത് വാങ്ങിക്കേണ്ടിവരുമെന്നും അദ്ദേഹം വാദിച്ചു. മറ്റുള്ള അംഗങ്ങളും രാമന്‍ മേനോനെ പിന്താങ്ങുകയാണ് ചെയ്തത്. തുടര്‍ന്ന് ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തോടെ പ്രമേയം പാസ്സാവുകയും ചെയ്തു.' ഈ എഴുത്തില്‍നിന്ന് ചെയര്‍മാന്‍ അപ്പുനെടുങ്ങാടിയുടെ നിസ്സഹായത മുഴുവനായി നമുക്ക് മനസ്സിലാകുമല്ലോ. 14/3 ല്‍പ്പെട്ട സ്ഥലം മുഗസേത്തിന്റെ ഭാര്യയുടേതായിരുന്നു. അവര്‍ മരിക്കുന്നതിനുമുന്‍പായി സ്ഥലം രണ്ടു പെണ്‍മക്കള്‍ക്കായി ഒസ്യത്തെഴുതിവെച്ചിരുന്നു. (ചില സ്ത്രീകള്‍ക്ക് ബുദ്ധിയേറും) ആയതിനാല്‍ മുഗസേത്ത് വെറും മാനേജര്‍ മാത്രമായിരുന്നു. അദ്ദേഹത്തിനാകട്ടെ, അക്വിസിഷനെതിരേ അഭിപ്രായമൊന്നുമില്ലായിരുന്നു. വിലയുടെ കാര്യത്തില്‍ മാത്രം ചെറിയൊരു പ്രതിഷേധം. അങ്ങനെ ഒടുവില്‍ ചെറിയങ്ങാടിക്കുവേണ്ടി നഗരം അംശം ദേശത്തെ 12/2 ലെ സ്ഥലവും 14/3 ലെ സ്ഥലവും യഥാക്രമം 1,090 രൂപയ്ക്കും 148 രൂപയ്ക്കും അക്വയര്‍ ചെയ്തതായി കാണുന്നു.
കോഴിക്കോട് വലിയങ്ങാടി മാത്രമല്ല, ഒരു ചെറിയങ്ങാടിയുമുണ്ടായിരുന്നുവെന്ന് മനസ്സിലായല്ലോ. റോഡുകള്‍ക്ക് വ്യക്തികളുടെയും മറ്റും പേരിടുന്നത് അവരെ എക്കാലത്തും ഓര്‍മിക്കുവാനാണ്. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, അധികാരികള്‍ ഇക്കാര്യം മറന്നുകൊണ്ട് പഴയ പേരുകള്‍ മാറ്റി പുതിയ പേരുകള്‍ നല്കുകയാണ് ചെയ്യാറ്. റോഡ് നാമങ്ങള്‍ എപ്പോഴും ചരിത്രത്തിന്റെ ബാക്കിപത്രങ്ങളാണ്. അതുകൊണ്ടുതന്നെ ഈ ദുഷ്പ്രവണതയില്‍നിന്ന് അടുത്ത തലമുറയ്ക്കുവേണ്ടിയെങ്കിലും അധികാരികള്‍ മാറിനില്‌ക്കേണ്ടതാണ്. കോഴിക്കോടിന് ഫ്രാന്‍സിസ് റോഡും റോബിന്‍സണ്‍ റോഡും ഇവാന്‍സ് റോഡുമൊക്കെ നിലനില്‌ക്കേണ്ടത് ഒരാവശ്യമാണ്. കോഴിക്കോടിനു മാത്രമല്ല, ചരിത്രത്തിനും.
( കോഴിക്കോടിന്റെ പൈതൃകം എന്ന പുസ്തകത്തില്‍ നിന്ന്)
പുസ്തകം വാങ്ങാം
