goodnews head

സുധാകരന്റെ സത്യസന്ധതയ്ക്ക് കോടിയേക്കാള്‍ വില

Posted on: 14 Jul 2013


നന്മയുടെ മധുരം: സുധാകരന്‍ അശോകന് മധുരം നല്കുന്നു


കാഞ്ഞങ്ങാട്: കേരള ഭാഗ്യക്കുറിയുടെ ഒരു കോടി ലഭിച്ചത് കാഞ്ഞങ്ങാട്ടെ ബാങ്ക് ജീവനക്കാരന്‍ അശാകന്. എന്നാല്‍ , ഈ കോടിയുടെ ഇരട്ടി മൂല്യമുണ്ട് അശോകന് ഭാഗ്യക്കുറി ടിക്കറ്റു വിറ്റ സുധാകരന്‍ എന്ന കച്ചവടക്കാരന്റെ സത്യസന്ധതയ്ക്ക്. ആശോകന്‍ ഫോണിലൂടെ ആവശ്യപ്പെട്ടതനുസരിച്ച് താന്‍ മാറ്റിവെച്ച ടിക്കറ്റിനാണ് ഒരു കോടി രൂപയുടെ സമ്മാനമടിച്ചതെന്ന് അറിഞ്ഞിട്ടും സുധാകരന്‍ അത് സ്വന്തമാക്കിയില്ല. ടിക്കറ്റിന്റെ കാശുപോലും കിട്ടിയില്ലെങ്കിലും പിറ്റേന്നുതന്നെ സമ്മാനമടിച്ച ടിക്കറ്റുമായി സുധാകരന്‍ അശോകനെ തേടിയെത്തി.

കാഞ്ഞങ്ങാട്ടെ മൂകാംബിക ലോട്ടറി സ്റ്റാള്‍ ഉടമയാണ് കെ.സുധാകരന്‍ . രാവിലെ ഫോണ്‍ചെയ്ത് പറഞ്ഞ ആള്‍ക്കായി മാറ്റിവെച്ച 10 ലോട്ടറി ടിക്കറ്റുകളിലൊന്നിലാണ് 'കാരുണ്യ'യുടെ ഒരുകോടി അടിച്ചതെന്ന് സുധാകരന് മനസ്സിലായി. ലോട്ടറി ടിക്കറ്റിന്റെ തുകപോലും ലഭിക്കാതെയാണ് ആ ടിക്കറ്റുകള്‍ മാറ്റിവെച്ചത്. അതിലെ നമ്പറുകള്‍ വിളിച്ചുപറഞ്ഞയാള്‍ക്ക് കൈമാറിയിട്ടുമില്ല. തന്റെ ജീവിതം സമ്പന്നതയിലേക്ക് മാറാനുള്ള വലിയ അവസരം ലഭിച്ചിട്ടും, അതൊന്നുമല്ല സത്യമാണ് വലുതെന്ന് വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു ഈ 44കാരന്‍.

കോടിഭാഗ്യത്തിനുടമയായ കാഞ്ഞങ്ങാട് കുന്നുമ്മല്‍ പാറക്കാട് ഹൗസിലെ പി.അശോകന്‍ ബാങ്ക് ജീവനക്കാരനാണ്. എല്ലാ ദിവസവും അശോകന്‍ സുധാകരനെ വിളിച്ച് ആ ദിവസത്തെ ലോട്ടറി ടിക്കറ്റുകള്‍ അഞ്ചോ പത്തോ എണ്ണം എടുത്ത് മാറ്റിവെക്കാന്‍ ആവശ്യപ്പെടും. ദിവസങ്ങള്‍ക്കുശേഷമാണ് ടിക്കറ്റിന്റെ തുക നല്കാറ്. ശനിയാഴ്ചയും പതിവുരീതി ആവര്‍ത്തിച്ചു. രാവിലെ 11ന് അശോകന്‍ വിളിച്ച് പറഞ്ഞതനുസരിച്ച് 95-ാമത് 'കാരുണ്യ'യുടെ 10 ടിക്കറ്റുകള്‍ മാറ്റിവെച്ചു. വൈകിട്ട് റിസള്‍ട്ട് വന്നപ്പോള്‍ തന്റെ വില്‍്പന സ്റ്റാളിലാണ് ഒരുകോടിയുടെ ഭാഗ്യം ലഭിച്ചതെന്ന് സുധാകരന് മനസ്സിലായി. അശോകനുവേണ്ടി മാറ്റിവെച്ച 10 എണ്ണത്തില്‍ നോക്കിയപ്പോള്‍ ഒന്നാംസമ്മാന നമ്പറായ കെ.ടി. 293291 ടിക്കറ്റ് അതിലുണ്ടെന്നറിഞ്ഞു. ഉടന്‍ സുധാകരന്‍ അശോകനെ ഫോണ്‍ചെയ്തു.

ആദ്യം വിശ്വസിച്ചില്ലെങ്കിലും പിന്നീട് സത്യമാണെന്ന് തെളിഞ്ഞതോടെ ഭാര്യ ഉദയകുമാരിയെയും കൂട്ടി അശോകന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള സുധാകരന്റെ മൂകാംബിക ലോട്ടറി സ്റ്റാളിലെത്തി. സ്‌നേഹവും സൗഹാര്‍ദവും നിറഞ്ഞ അന്തരീക്ഷത്തില്‍ സുധാകരന്‍ അശോകന് ടിക്കറ്റ് കൈമാറി. ഇത് പിന്നീട് കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ഗോകുലം ടവറിലെ സായാഹ്ന ശാഖയില്‍ ഏല്പിച്ചു.

കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ അശോകന്‍ കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ലോട്ടറി ടിക്കറ്റ് എടുക്കുന്നുണ്ട്. ഇതിനായി വലിയ തുകതന്നെയാണ് ഓരോ മാസവും നീക്കിവെക്കുക. ഇടയ്ക്കിടെ 10,000 രൂപ വരെ അടിക്കാറുണ്ട്. അങ്ങനെ അടിക്കുമ്പോള്‍ കൂടുതല്‍ ലോട്ടറി എടുക്കും. ഏറ്റവുമൊടുവില്‍ കഴിഞ്ഞദിവസം ഈ രീതിയില്‍ 10,000 രൂപ അടിച്ചപ്പോള്‍ സുധാകരന്‍തന്നെ പറഞ്ഞു-'അശോകേട്ടന് ഇനിയടിക്കുന്നത് ഒന്നാം സമ്മാനമായിരിക്കും'. ജയദേവന്‍, ജയശ്രീ എന്നിവരാണ് അശോകന്റെ മക്കള്‍. വീടുപണി പൂര്‍ത്തിയാക്കുക മാത്രമാണ് 57കാരനായ അശോകന്റെ ദൗത്യം.

കാഞ്ഞങ്ങാട് ടൗണില്‍ നാല് പതിറ്റാണ്ടായി ലോട്ടറി ടിക്കറ്റ് വില്ക്കുന്ന ഗോപാലസ്വാമിയുടെ മകനാണ് സുധാകരന്‍. 20 വര്‍ഷത്തോളമായി സുധാകരന്‍ കാഞ്ഞങ്ങാട്ട് ലോട്ടറി വില്ക്കാന്‍ തുടങ്ങിയിട്ട്. കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ പുഴാതിയിലാണ് താമസം. കഴിഞ്ഞവര്‍ഷം ഇതേദിവസം സുധാകരന്‍ വിറ്റ പ്രതീക്ഷ ലോട്ടറിക്ക് ഒന്നാം സമ്മാനമായ 75 ലക്ഷം അടിച്ചിരുന്നു. കാഞ്ഞങ്ങാട് ദുര്‍ഗ സ്‌കൂളിനടുത്ത കൂലിപ്പണിക്കാരന്‍ മദനനാണ് അന്ന് ലോട്ടറിയടിച്ചത്.

 

 




MathrubhumiMatrimonial