goodnews head

സഹപാഠികള്‍ക്കായി 'സ്‌നേഹാര്‍ദ്രം'

Posted on: 12 Jul 2013



ചളവറ: പാഠപുസ്തകത്തിലെ ആര്‍ദ്രമെന്ന വാക്കിന്റെ അര്‍ഥം ജീവിതത്തില്‍ നിറയുമ്പോള്‍ അംബികയും തുളസിയും ശനിയാഴ്ച വീടിന് പാലുകാച്ചും. നാലുകാലില്‍ ടാര്‍പോളിന്‍ കൊണ്ടുമറച്ച കൂരയില്‍നിന്ന് അംബികയ്ക്കും തുളസിക്കുമൊപ്പം അമ്മ ശ്രീദേവിയും ശനിയാഴ്ച രാവിലെ വലതുകാല്‍വെച്ച് കയറുന്നത് പുതിയ വീട്ടിലേക്ക് മാത്രമല്ല പ്രതീക്ഷകള്‍നിറയുന്ന പുതുജീവിതത്തിലേക്കുകൂടിയാണ്. ഇതിന് അവര്‍ക്ക് തുണയായതാവട്ടെ ചെര്‍പ്പുളശ്ശേരി, ചളവറ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ സ്‌നേഹവും നാടിന്റെ കരുതലുമാണ്.

ടാര്‍പോളിന്‍കൊണ്ട് മറച്ചുകെട്ടിയ ഇത്തിരിപ്പോന്ന ഒരുഷെഡ്ഡിലാണ് അംബികയും തുളസിയും അമ്മയുമടങ്ങുന്ന മൂന്നംഗ കുടുംബം കഴിഞ്ഞിരുന്നത്. മഴയും വെയിലും നേരിട്ടിറങ്ങിവരുന്ന, സൗകര്യങ്ങളൊന്നുമില്ലാത്ത ഈ കൂരയായിരുന്നു ഈ കുടുംബത്തിന്റെ ആകെയുള്ള സ്വത്ത്. ചളവറ പഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ അമ്മ ശ്രീദേവിയുടെ പേരിലുള്ള മൂന്നുസെന്‍റ് സ്ഥലത്തായിരുന്നു ടാര്‍പോളിന്‍ ഷെഡ്ഡില്‍ ഇവര്‍ കഴിഞ്ഞിരുന്നത്. ഇവരുടെ കാര്യം സഹപാഠികള്‍ അധ്യാപകരെ അറിയിച്ചതോടെയാണ് അധ്യാപകരും മറ്റുള്ളവരും കാര്യമറിയുന്നത്. തുടര്‍ന്ന്, അംബിക പഠിച്ചിരുന്ന ചെര്‍പ്പുളശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സഹപാഠികളുടെയും അധ്യാപകരുടെയും തുളസി പഠിച്ചിരുന്ന ചളവറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സഹപാഠികളുടെയും നാട്ടുകാരുടെയും കൂട്ടായ്മ ഉണര്‍ന്നു.

അംബിക ചെര്‍പ്പുളശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടുവിനും തുളസി ചളവറ ഹയര്‍സെക്കന്‍ഡറിയില്‍ പത്താംക്ലാസിലും പഠിക്കുമ്പോഴായിരുന്നു ഇത്. തുടര്‍ന്ന്, അഞ്ചുലക്ഷം രൂപ ചെലവില്‍ 500 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മാര്‍ച്ചില്‍ തറക്കല്ലിട്ടു. ചെര്‍പ്പുളശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെയും ചളവറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെയും ചളവറ ഗ്രാമപ്പഞ്ചായത്തിന്റെയും നേതൃത്വത്തിലായിരുന്നു പണി.

ചളവറ കടുമ്പിടിപ്പാറയില്‍ പരേതനായ ലക്ഷ്മണന്റെ മക്കളാണ് അംബികയും തുളസിയും. എട്ടുവര്‍ഷംമുമ്പുണ്ടായ അപകടത്തില്‍ ലക്ഷ്മണന്‍ മരിച്ചു. പിന്നീട് അമ്മ ശ്രീദേവിയുടെ തുച്ഛമായ വരുമാനത്തിലാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്.

ഇവര്‍ക്കായി നിര്‍മിച്ചുനല്‍കിയ 'ആര്‍ദ്രം' ഭവനം ശനിയാഴ്ച രാവിലെ 9ന് എം.ബി. രാജേഷ് എം.പി. ഉദ്ഘാടനംചെയ്യും. കളക്ടര്‍ അലി അസ്ഗര്‍ പാഷ താക്കോല്‍ദാനം നിര്‍വഹിക്കും. ദുരിതങ്ങള്‍ക്കിടയിലും അംബിക പ്ലസ്ടുപരീക്ഷയും തുളസി പത്താംതരംപരീക്ഷയും പാസായി. ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും.

 

 




MathrubhumiMatrimonial